ആറ്റിങ്ങൽ സപ്ളൈ ഓഫീസിലേക്ക് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി മാർച്ച് നടത്തി

ആറ്റിങ്ങൽ സപ്ളൈ ഓഫീസിലേക്ക് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി മാർച്ച് നടത്തി

റേഷൻ കടകളിലെ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യതക്കുറവിനും പൊതുവിതരണ സംവിധാനം തകർത്ത സംസ്ഥാന സർക്കാരിന്റെ നയ വൈകലയങ്ങൾക്കുമെതിരെ കേരളത്തിലുടനീളമുള്ള സപ്ളൈ ഓഫീസുകളിലേക്ക് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റികൾ മാർച്ച് നടത്തുന്നതിന്റെ ഭാഗമായി ആറ്റിങ്ങൽ സപ്ളൈ ഓഫീസിലേക്ക് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി മാർച്ച് നടത്തി.

ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ ബിഷ്ണു സമരപരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ നിയോജകമണ്ഡലം യൂ ഡി എഫ് ചെയർമാൻ അഡ്വ.വി ജയകുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറി ജോസഫ് പെരേര, ബ്ളോക്ക് വൈസ് പ്രസിഡന്റ് പ്രിൻസ് രാജ്, തോട്ടവാരം ഉണ്ണികൃഷ്ണൻ,
ഡിസിസി ഭാരവാഹികൾ, ബ്ളോക്ക് ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റമാർ, പഞ്ചായത്ത് പ്രസിഡന്റ്മാർ, പഞ്ചായത്ത് അംഗങ്ങൾ, പോഷകസംഘടനാ നേതാക്കൾ എന്നിവർ ധർണ്ണക്ക് നേതൃത്വം നൽകി.

ആളുമാറി തല്ലൽ; വിവാദമായതോടെ പൊലീസുകാർക്ക് സസ്പെൻഷൻ

ആളുമാറി തല്ലൽ; വിവാദമായതോടെ പൊലീസുകാർക്ക് സസ്പെൻഷൻ

ആളുമാറി തല്ലിയ സംഭവത്തിൽ പൊലീസുകാ‍ർക്കെതിരെ നടപടി. ബാറിന് മുന്നിൽ സംഘർഷമുണ്ടാക്കിയവരാണെന്ന് കരുതി വിവാഹസംഘത്തെ മർദ്ദിച്ച പൊലീസുകാരെ സസ്പെൻഡ് ചെയ്തു. വിമർശനം ശക്തമായതോടെയാണ് എസ്ഐ ജിനു അടക്കം 2 പൊലീസുകാ‍ർക്കെതിരെ നടപടിയെടുത്തത്. റേഞ്ച് ഡിഐജി അജിത ബീ​ഗമാണ് ഇരുവരെയും സസ്പെൻഡ് ചെയ്തത്.

എസ്ഐയെ സ്ഥലംമാറ്റി വിവാ​ദം തണുപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും മർദ്ദനമേറ്റവ‍ർ ഇതിനെതിരെ രം​ഗത്തുവന്നു. പൊലീസുകാ‍ർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്നും സ്ഥലംമാറ്റം നൽകി വിഷയം ഒതുക്കിതീർക്കാനാണ് ശ്രമിക്കുന്നതെന്നും പരാതിക്കാ‍ർ ആരോപിച്ചു. ഇതിന് പിന്നാലെ വിഷയത്തിൽ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ പത്തനംതിട്ട എസ്ഐയോട് ഡിഐജി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസുകാരെ സസ്പെൻഡ് ചെയ്തത്. വകുപ്പുതല നടപടിക്കൊപ്പം പൊലീസുകാർക്കെതിരെ കേസെടുത്തുള്ള അന്വേഷണവുമുണ്ടാകും.

കയ്യിൽ വിലങ്ങും കാലിൽ ചങ്ങലയും ഇട്ടാണ് അമേരിക്ക നാടുകടത്തിയതെന്ന് മടങ്ങിയെത്തിയ ഇന്ത്യക്കാരന്‍റെ വെളിപ്പെടുത്തൽ

കയ്യിൽ വിലങ്ങും കാലിൽ ചങ്ങലയും ഇട്ടാണ് അമേരിക്ക നാടുകടത്തിയതെന്ന് മടങ്ങിയെത്തിയ ഇന്ത്യക്കാരന്‍റെ വെളിപ്പെടുത്തൽ

ദില്ലി: കയ്യിൽ വിലങ്ങും കാലിൽ ചങ്ങലയും ഇട്ടാണ് അമേരിക്ക നാടുകടത്തിയതെന്ന് മടങ്ങിയെത്തിയ ഇന്ത്യക്കാരന്‍റെ വെളിപ്പെടുത്തൽ. അമൃത്സറിൽ എത്തിയ ശേഷമാണ് ഇവ അഴിച്ചതെന്ന് യുഎസ് സൈനിക വിമാനത്തിൽ നാട്ടിൽ തിരിച്ചെത്തിയ ജസ്പാൽ സിങ് പറഞ്ഞു. അതേസമയം വിലങ്ങു വച്ചതായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ചിത്രങ്ങൾ ഇന്ത്യക്കാരുടേതല്ലെന്ന് സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ടവരിൽ ഒരാളാണ് പഞ്ചാബിലെ ഗുരുദാസ്പൂരിൽ നിന്നുള്ള 36കാരനായ ജസ്പാൽ സിങ്. അമൃത്സറിൽ ഇറങ്ങിയതിന് ശേഷം മാത്രമാണ് വിലങ്ങ് അഴിച്ചുമാറ്റിയതെന്ന് ജസ്പാൽ പറഞ്ഞു. 19 സ്ത്രീകളും 13 പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടെ 104 ഇന്ത്യക്കാരുമാണ് യുഎസ് സൈനിക വിമാനം ബുധനാഴ്ച അമൃത്സർ വിമാനത്താവളത്തിൽ ഇറങ്ങിയത്.

സൈനിക വിമാനത്തിൽ ഇന്ത്യക്കാരെ എത്തിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ട്രംപ് സ്വന്തം ശക്തി കാണിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് വിമർശനം. അത് ഇന്ത്യ വകവച്ചു കൊടുക്കേണ്ടതില്ല എന്നാണ് പ്രതിപക്ഷം പറയുന്നത്. വിഷയം പാർലമെൻറിൽ ഉന്നയിക്കാൻ നോട്ടീസ് നൽകുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഇന്ത്യാക്കാരെ വിമാനത്തിൽ വിലങ്ങ് വച്ചാണോ കൊണ്ടുവന്നതെന്ന് കാര്യത്തിൽ കേന്ദ്ര സർക്കാരാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും കേന്ദ്രം മറുപടി പറയണമെന്നുമാണ് കോൺഗ്രസിന്‍റെ ആവശ്യം.
അതേസമയം അമേരിക്കൻ സൈനിക വിമാനത്തിൽ മടങ്ങി എത്തിയവരെ വിലങ്ങുവച്ചാണ് കൊണ്ടുവന്നതെന്ന വാദം പ്രസ് ഇൻഫർമേഷൻ ബ്യൂറോ തള്ളിക്കളഞ്ഞു. ഗ്വാട്ടിമാലയിലേക്ക് അയച്ച അനധികൃത കുടിയേറ്റക്കാരുടെ ദൃശ്യമാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച അനധികൃത കുടിയേറ്റക്കാരുടേതെന്ന നിലയിൽ പ്രചരിക്കുന്നതെന്ന് കേന്ദ്ര സ‍ർക്കാ‍രിന് കീഴിൽ പ്രവ‍ർത്തിക്കുന്ന പിഐബി വിശദീകരിച്ചു.

ഇന്ത്യൻ സമയം ഇന്നലെ ഉച്ചയ്ക്ക് 2.05 ഓടെയാണ് അമേരിക്കൻ സൈനിക വിമാനം അമൃത്സറിൽ ഇറങ്ങിയത്. സി – 17 യു എസ് സൈനിക ട്രാൻസ്പോർട്ട് വിമാനത്തിലാണ് നാടുകടത്തിയത്. അമേരിക്ക – മെക്സിക്കോ അതിർത്തി വഴി അമേരിക്കയിലേക്ക് എത്തിയവരെയാണ് പിടികൂടി തിരിച്ചയച്ചതെന്ന് പഞ്ചാബ് സർക്കാർ സ്ഥിരീകരിച്ചു. സാൻ ഡീഗോ മറീൻ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട പരിമിത സൗകര്യങ്ങളുള്ള സൈനിക വിമാനത്തിൽ 40 മണിക്കൂ‍ർ യാത്ര ചെയ്ത ശേഷമാണ് ഇവർ അമൃത്സറിൽ ഇറങ്ങിയത്.

വർക്കലയിൽ നോർക്ക എസ്.ബി.ഐ പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് സ്പോട്ട് രജിസ്ട്രേഷനും അവസരം

വർക്കലയിൽ നോർക്ക എസ്.ബി.ഐ പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് സ്പോട്ട് രജിസ്ട്രേഷനും അവസരം

പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും എസ്.ബി.ഐയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് ഇന്ന് (ഫെബ്രുവരി 06 ന്) വര്‍ക്കലയില്‍. വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ (ചെറുന്നിയൂര്‍) നടക്കുന്ന ക്യാമ്പില്‍ രാവിലെ 09.30 മുതല്‍ സ്പോട്ട് രജിസ്ട്രേഷനും അവസരമുണ്ടാകും. ക്യാമ്പിന്റെ ഉദ്ഘാടനം രാവിലെ 10.30 ന് വര്‍ക്കല നഗരസഭ ചെയര്‍മാന്‍ കെ.എം ലാജി നിര്‍വഹിക്കും. ചടങ്ങില്‍ നോർക്ക റൂട്ട്സ് റസിഡൻറ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷത വഹിക്കും. വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിത സുന്ദരേശന്‍ മുഖ്യാതിഥിയാകും. നോര്‍ക്ക പദ്ധതികള്‍ സേവനങ്ങള്‍ എന്നിവയുടെ അവതരണം നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയും , എസ്.ബി.ഐ ലോണ്‍ സ്കീം വിശദീകരണം ചീഫ് മാനേജര്‍ (ക്രെഡിറ്റ്) അമൃത വ്യാസും നിര്‍വ്വഹിക്കും. ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ രശ്മി.റ്റി സ്വാഗതം പറയും.

നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രകാരമാണ് ക്യാമ്പ്. രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും പ്രയോജനപ്പടുത്താം. പാസ്സ്‌പോർട്ട്, ആധാർ, പാൻകാർഡ്, ഇലക്ഷൻ ഐ.ഡി, റേഷൻ കാർഡ് എന്നിവയുടെ ഒറിജിനലും പകര്‍പ്പുകളും, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകള്‍ പദ്ധതി-വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകൾ എന്നിവ സഹിതമാണ് പങ്കെടുക്കേണ്ടത്. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും പങ്കെടുക്കാവുന്നതാണ്.

മകൻ അച്ഛനെ വെട്ടിക്കൊന്നു; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

മകൻ അച്ഛനെ വെട്ടിക്കൊന്നു; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

വെള്ളറട കിളിയൂരിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു. ബുധനാഴ്ച രാത്രി 10 മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. കിളിയൂർ സ്വദേശി ജോസ് (70) ആണ് കൊല്ലപ്പെട്ടത്. മകൻ പ്രജിൻ ജോസ് വെള്ളറട പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പോലീസ് സംഘം സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

സംഭവ സമയത്ത് പ്രജിൻ്റെ അമ്മ സുഷമ കുമാരി വീട്ടിലുണ്ടായിരുന്നു. ബോധരഹിതയായ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൈനയിൽ മെഡിസിൻ പഠിക്കുകയായിരുന്നു പ്രജിൻ. കൊവിഡിനെ തുടർന്ന് പഠനം നിർത്തി നാട്ടിൽ എത്തി. സ്വതന്ത്രമായി ജീവിക്കാൻ വീട്ടുകാർ അനുവദിക്കുന്നില്ലെന്നാണ് പ്രതിയുടെ മൊഴി. പ്രജിനെ വെള്ളറട പൊലീസ് ചോദ്യം ചെയ്യുകയാണ്. ജോസിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.