മാധ്യമ പ്രവർത്തകൻ വിജേഷ് അന്തരിച്ചു

മാധ്യമ പ്രവർത്തകൻ വിജേഷ് അന്തരിച്ചു

ആറ്റിങ്ങൽ: കുറക്കട മരങ്ങാട്ടു വിജേഷ് മന്ദിരത്തിൽ വിജേഷ് (40) നിര്യാതനായി. നിരവധി മാധ്യമ സ്ഥാപനങ്ങളിൽ ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവിവാഹിതനാണ്.
അച്ഛൻ: വിക്രമൻ നായർ.
അമ്മ: ശ്യാമള.
സഹോദരിമാർ: ശാരി, ആതിര, അരിത.

വീണ്ടും തിയറ്ററുകൾ കീഴടക്കാൻ തലയും പിള്ളേരും വരുന്നു

വീണ്ടും തിയറ്ററുകൾ കീഴടക്കാൻ തലയും പിള്ളേരും വരുന്നു

മോഹൻലാൽ നായകനായെത്തി സൂപ്പർ ഹിറ്റായി മാറിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 2007 ൽ പുറത്തിറങ്ങിയ ചിത്രം റീ റിലീസിനൊരുങ്ങുകയാണ്. അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രം ഒരു കോമഡി ആക്ഷനായാണ് പ്രേക്ഷകരിലേക്കെത്തിയത്. മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജ് ആണ് റീ റിലീസ് വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. വസ്കോഡ ഗാമയായി മോഹൻലാൽ നിറഞ്ഞാടിയ ചിത്രം ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്.

നിരഞ്ജിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ ഛോട്ടാ മുംബൈ’ 4 കെ യിൽ റീ റിലീസ് ചെയ്യുമോ എന്ന ആരാധകന്റെ കമ്മന്റിനാണ് നടൻ മറുപടി നൽകിയത്. ഇതിന്റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ് എന്നീ ചിത്രങ്ങൾക്ക് ശേഷം വീണ്ടും റീ റിലീസ് ചെയ്യുന്ന മോഹൻലാൽ ചിത്രമാണ് ഛോട്ടാ മുംബൈ. ചിത്രത്തിന്റെ റീ റിലീസിങ് വാർത്തയും ആരാധകർ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

‘റീ റിലീസിങ് കിങ് ലാലേട്ടൻ തന്നെ’യെന്നാണ് സോഷ്യൽ മീ‍ഡിയയിൽ നിറയുന്ന കമന്റുകൾ. മണിയൻ പിള്ള രാജു ആണ് ഛോട്ടാ മുംബൈ നിർമിച്ചത്. മോഹൻലാലിന് പുറമേ ഭാവന, കലാഭവൻ മണി, വിനായകൻ, ജഗതി, രാജൻ പി ദേവ്, സിദ്ദിഖ്, ബിജുക്കുട്ടൻ, മണിക്കുട്ടൻ, സായ്കുമാർ തുടങ്ങിയവരും പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരുന്നു. സിനിമയിലെ പാട്ടുകളും ഡയലോഗുകളുമെല്ലാം ഇപ്പോഴും ട്രെൻഡിങ് ആണ്. രാഹുൽ രാജായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകൻ.

‘സഞ്ജുവിന് ഈ​ഗോ, തിരുത്തിയില്ലെങ്കിൽ ടീമിൽ നിന്നു പുറത്ത്’

‘സഞ്ജുവിന് ഈ​ഗോ, തിരുത്തിയില്ലെങ്കിൽ ടീമിൽ നിന്നു പുറത്ത്’

ചെന്നൈ: ഇം​ഗ്ലണ്ടിനെതിരായ ടി20 പോരാട്ടത്തിൽ പോസർമാരുടെ ഷോർട്ട് പന്തുകളിൽ തുടർച്ചയായി പുറത്താകാൻ കാരണം സഞ്ജു സാംസണിന്റെ ഈ​ഗോ തന്നെയാണെന്നു മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. ഇതേ രീതിയിൽ പോകുകയാണെങ്കിൽ ടീമിലെ സ്ഥാനം നഷ്ടമാകും. ആ സ്ഥാനം യുവ താരം യശസ്വി ജയ്സ്വാൾ സ്വന്തമാക്കുമെന്നും ശ്രീകാന്ത്. യുട്യൂബ് വിഡിയോയിലാണ് മുൻ ചീഫ് സെലക്ടർ കൂടിയായ ശ്രീകാന്തിന്റെ വിമർശനം.

‘എത്ര ഷോർട്ട് ബോളുകൾ എറിഞ്ഞാലും അതെല്ലാം അടിക്കുമെന്ന ഈ​ഗോയാണ് സഞ്ജുവിന്. അതു കാരണമാണ് അദ്ദേഹം തുടരെ ഒരേ രീതിയിൽ പുറത്തായത്. ക്രിക്കറ്റ് അറിയാത്തവർ പോലും താരത്തിന്റെ ബാറ്റിങ് കണ്ടാം ചോദ്യം ചെയ്യും. ചാംപ്യൻസ് ട്രോഫി പോരാട്ടത്തിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തണമെന്ന ചർച്ചകൾ നടക്കുമ്പോഴാണ് അദ്ദേഹം ഓരേ രീതിയിൽ പുറത്താകുന്നത്-‘ ശ്രീകാന്ത് വ്യക്തമാക്കി.

സൂര്യകുമാർ യാദവിന്റെ ഫോം ഇല്ലായ്മയേയും ശ്രീകാന്ത് വിമർശിച്ചു. സൂര്യ തുടരെ പന്ത് ഫ്ലിക്ക് ചെയ്യാൻ ശ്രമിച്ചാണ് പുറത്തായത്. ഇരു താരങ്ങളും ബാറ്റിങിൽ തിരുത്തൽ വരുത്തണം. ഐപിഎല്ലിൽ സൂര്യ ഇത്തരം ഷോക്കുൾ കളിക്കുന്നുണ്ട്. പരമ്പര ജയിച്ചതാണ് സൂര്യക്കെതിരെ ആരും വിമർശനം ഉന്നയിക്കാതിരിക്കുന്നതിന്റെ കാരണം. മറിച്ചായിരുന്നെങ്കിൽ സ്ഥിതി മാറുമായിരുന്നുവെന്നും ശ്രീകാന്ത്.

ഡല്‍ഹി തെരഞ്ഞെടുപ്പിനിടെ നാളെ നരേന്ദ്രമോദി ത്രിവേണിയില്‍ പുണ്യസ്‌നാനം ചെയ്യും

ഡല്‍ഹി തെരഞ്ഞെടുപ്പിനിടെ നാളെ നരേന്ദ്രമോദി ത്രിവേണിയില്‍ പുണ്യസ്‌നാനം ചെയ്യും

ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പ് നടക്കുന്ന ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി മഹാകുംഭമേളയ്‌ക്കെത്തി ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തും. ബുധനാഴ്ച രാവിലെ പതിനൊന്നിനും പതിനൊന്നരയ്ക്കും ഇടയിലാണ് പുണ്യസ്‌നാനം നടത്തുക. ഇതിന്റെ ഭാഗമായി രാവിലെ പത്തുമണിയോടെ പ്രധാനമന്ത്രി പ്രയാഗ് രാജ് വിമാനത്താവളത്തിലെത്തും.

മൗനി അമാവാസിയോടനുബന്ധിച്ച് അമൃത് സ്‌നാനിനിടെ തിക്കിലും തിരക്കിലുംപെട്ട് 30 പേര്‍ മരിക്കുകയും 60 ഭക്തര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് മോദിയുടെ സന്ദര്‍ശനം.

പ്രയാഗ് രാജ് വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം നരേന്ദ്ര മോദി അറെയില്‍ ഘാട്ടിലെത്തും. അവിടെ നിന്ന് മഹാകുംഭമേളയില്‍ പങ്കെടുക്കാനായി ബോട്ടില്‍ യാത്രതിരിക്കും. ത്രിവേണിസംഗമത്തില്‍ പുണ്യസ്‌നാനം നടത്തി അവിടെനിന്ന് 10.45ന് മടങ്ങും. പന്ത്രണ്ടരയ്ക്ക് മോദി പ്രയാഗ് രാജ് വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങും. സന്ദര്‍ശനത്തിനിടെ, പ്രധാനമന്ത്രി മോദി സന്യാസിമാരുമായി സംവദിക്കുമെന്നും, മഹാകുംഭമേളയ്ക്കായി ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങള്‍ അവലോകനം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര മന്ത്രി കിരണ്‍ റിജിജു, മുന്‍ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി നിരവധി പേരാണ് ഇതിനകം ത്രിവേണിയില്‍ പുണ്യസ്‌നാനം നടത്തിയത്.

കടക്കെണി: കര്‍ണാടകയില്‍ ഒറ്റ ദിവസം നാലു കര്‍ഷകര്‍ ജീവനൊടുക്കി

കടക്കെണി: കര്‍ണാടകയില്‍ ഒറ്റ ദിവസം നാലു കര്‍ഷകര്‍ ജീവനൊടുക്കി

ബംഗലൂരു: കര്‍ണാടകയില്‍ കടക്കെണിയില്‍പ്പെട്ട് നാലു കര്‍ഷകര്‍ ജീവനൊടുക്കി. ചിക്കബല്ലാപൂര്‍, ഹാസന്‍, ദേവന്‍ഗരെ എന്നിവിടങ്ങളിലുള്ളവരാണ് മരിച്ചത്. മൈക്രോഫിനാന്‍സ് കമ്പനികളില്‍ നിന്നും ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത നാല് കര്‍ഷകരാണ് ഒറ്റ ദിവസം ആത്മഹത്യ ചെയ്തത്.

ഹാസനില്‍ കെ ഡി രവി എന്ന 50 കാരനായ കര്‍ഷകനാണ് വിഷം കഴിച്ച് മരിച്ചത്. മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളില്‍ നിന്നും, ഒരു ബാങ്കില്‍ നിന്നും എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് രവി ജീവനൊടുക്കിയതെന്ന് വീട്ടുകാര്‍ പറഞ്ഞു.

അര്‍ക്കല്‍ഗുഡ് താലൂക്കിലെ കാന്തനഹള്ളി സ്വദേശിയായ രവി മൂന്ന് ഏക്കറിലധികം സ്ഥലത്ത് ഇഞ്ചി കൃഷി ചെയ്യാന്‍ 9 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. എന്നാല്‍ വിളയ്ക്ക് രോഗങ്ങള്‍ പിടിപെട്ടതും വിലയിടിവും കനത്ത തിരിച്ചടിയായി. വില ക്വിന്റലിന് 3,000 രൂപയില്‍ നിന്ന് 900 രൂപയായി കുറഞ്ഞതോടെ കനത്ത നഷ്ടമാണ് നേരിട്ടത്. ഇതോടെ വ്യാപ തിരിച്ചടവും പ്രതിസന്ധിയിലായി.

വായ്പ തിരിച്ചടവ് മുടങ്ങിയതോടെ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ ഇയാളെ നിരന്തരം ശല്യം ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് രവി കടുത്ത അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. കൃഷിക്കായി വായ്പയെടുത്ത് ട്രാക്ടര്‍ വാങ്ങിയ ചിക്കബല്ലാപൂര്‍ സ്വദേശി ഗിരീഷ് ആണ് ജീവനൊടുക്കിയ മറ്റൊരു കര്‍ഷകന്‍.

തിരിച്ചടവു മുടങ്ങിയതോടെ സ്വകാര്യ സാമ്പത്തിക കമ്പനിക്കാര്‍ ട്രാക്ടര്‍ പിടിച്ചെടുത്തിരുന്നു. ഇതോടെ അവശേഷിക്കുന്ന മാര്‍ഗവും അടഞ്ഞുപോയതായി ഗിരീഷിന്റെ ഭാര്യ പറഞ്ഞു. ഗൗരിബിഡന്നൂര്‍ സ്വദേശി നരസിംഹയ്യ, ദീതുരു ഗ്രാമവാസി എല്‍ കെ സുരേഷ് (42) എന്നിവരാണ് കടം തിരിച്ചടക്കാന്‍ മാര്‍ഗമില്ലാത്തതിനെത്തുടര്‍ന്ന് ജീവനൊടുക്കിയ മറ്റുള്ളവര്‍. സുരേഷ് 21 ലക്ഷം രൂപയാണ് വായ്പയെടുത്തിരുന്നത്.