by Midhun HP News | Jan 17, 2025 | Latest News, കേരളം
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 13-ാം സമ്മേളനത്തിന് ഇന്ന് തുടക്കം. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കുക. മാര്‍ച്ച് 28 വരെ ആകെ 27 ദിവസം സഭ ചേരുന്നതിനാണ് നിശ്ചയിച്ചിട്ടുള്ളത്. ഗവര്‍ണറായി രാജേന്ദ്ര ആര്‍ലേക്കര്‍ ചുമതലയേറ്റ ശേഷമുള്ള ആദ്യ നയപ്രഖ്യാപന പ്രസംഗമാണ് ഇന്നു നടക്കുക.
ഉരുള്‍ പൊട്ടല്‍ ദുരന്തമുണ്ടായ വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിന് നയപ്രഖ്യാപന പ്രസംഗത്തില്‍ മുന്‍ഗണന നല്‍കും. യുജിസിയുടെ കരട് ഭേദഗതിയെയും വിമര്‍ശിക്കാനിടയുണ്ട്. ഉപതെരഞ്ഞെടുപ്പുകളില്‍ ജയിച്ച രാഹുല്‍ മാങ്കൂട്ടത്തിലും യു ആര്‍ പ്രദീപും എംഎല്‍എമാരായി ഇന്ന് സഭയിലെത്തും. അതേസമയം രാജിവെച്ച പി വി അന്‍വര്‍ സഭയിലുണ്ടാകില്ല എന്നതും പ്രത്യേകതയാണ്.
ഈ മാസം 20 മുതല്‍ 22 വരെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയാകും നടക്കുക. ഫെബ്രുവരി ഏഴിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി 10 മുതല്‍ 12 വരെ ബജറ്റിലുള്ള പൊതു ചര്‍ച്ച നടക്കും. നടപ്പു സാമ്പത്തിക വര്‍ഷത്തെ അവസാന ഉപധനാഭ്യര്‍ഥനകള്‍ 13നു പരിഗണിക്കും. 14 മുതല്‍ മാര്‍ച്ച് 2 വരെ സഭ ചേരുന്നതല്ല. ഇക്കാലയളവില്‍ വിവിധ സബ്ജക്ട് കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് ധനാഭ്യര്‍ഥനകളുടെ സൂക്ഷ്മ പരിശോധന നടത്തും. മാര്‍ച്ച് നാല് മുതല്‍ 26 വരെ 2025-26 വര്‍ഷത്തെ ധനാഭ്യര്‍ത്ഥനകള്‍ സഭ ചര്‍ച്ച ചെയ്തു പാസ്സാക്കും. മാര്‍ച്ച് 28 ന് സഭ പിരിയാനുമാണ് തീരുമാനിച്ചിട്ടുള്ളത്.
by Midhun HP News | Jan 17, 2025 | Latest News, കേരളം
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഗോപന്‍ സ്വാമിയെ സമാധിയിരുത്തുന്നതിനായി കുടുംബം പുതിയ കല്ലറ ഒരുക്കി. നേരത്തെ പൊലീസ് പൊളിച്ച കല്ലറയ്ക്ക് സമീപമാണ് പുതിയ സമാധി സ്ഥലം ഒരുക്കിയിട്ടുള്ളത്. കല്ലറയ്ക്കുള്ളില്‍ സമാധി ഇരുത്തുന്നതിനായി കല്ലും സജ്ജീകരിച്ചിട്ടുണ്ട്. ഋഷിപീഠം എന്നാണ് പുതിയ സമാധിക്ക് നാമകരണം ചെയ്തിട്ടുള്ളത്.
ഉച്ചയ്ക്ക് 12 മണിയോടെ ഗോപന്‍സ്വാമിയുടെ മൃദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ നിന്നും നാമജപഘോഷയാത്രയായി വീട്ടിലെത്തിക്കും. തുടര്‍ന്ന് പൊതു ദര്‍ശനത്തിന് ശേഷം വൈകീട്ട് മൂന്നിനും നാലിനും ഇടയ്ക്ക് മതാചാര്യന്മാരുടെ സാന്നിധ്യത്തില്‍ മഹാസമാധിയായി സംസ്‌കാരം നടത്തുമെന്നാണ് കുടുംബം അറിയിച്ചിട്ടുള്ളത്. വിഎസ്ഡിപി നേതാക്കളെല്ലാം ചടങ്ങില്‍ സംബന്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ഗോപന്‍ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബത്തെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. നേരത്തെ നല്‍കിയ മൊഴിയിലെ വൈരുധ്യങ്ങള്‍ ദുരീകരിക്കുകയാണ് പൊലീസ് ലക്ഷ്യമിടുന്നത്. അതേസമയം ഫൊറന്‍സിക് ലാബ്, കെമിക്കല്‍ ലാബ് തുടങ്ങിയ രാസപരിശോധനാ ഫലങ്ങള്‍ കൂടി ലഭിച്ചാലേ മരണം സംബന്ധിച്ചുള്ള അവ്യക്തതകള്‍ പൂര്‍ണമായി നീങ്ങൂവെന്ന് പൊലീസ് അറിയിച്ചു.
by Midhun HP News | Jan 17, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. 60,000 കടന്നും കുതിക്കുമെന്ന സൂചന നല്‍കി സ്വര്‍ണവില ഇന്ന് 480 രൂപയാണ് വര്‍ധിച്ചത്. 59,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. 7450 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണവില.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. ഇത് കടന്നും കുതിക്കുമെന്നാണ് സൂചന. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ച കൊണ്ട് 1500 രൂപയിലേറെ വര്‍ധിച്ച ശേഷം കഴിഞ്ഞ ദിവസം വില ഇടിഞ്ഞിരുന്നു.എന്നാല്‍ ഇത് താത്കാലികം മാത്രമാണെന്ന് സൂചന നല്‍കിയാണ് കഴിഞ്ഞ മൂന്ന് ദിവസമായി വില ഉയര്‍ന്നത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ആഗോള വിപണിയിലെ ചലനങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
by Midhun HP News | Jan 16, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വർക്കലയിൽ വീട്ടിൽ അതിക്രമിച്ചുകയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല ആറാട്ട് റോഡ് പുതുവൽ വീട്ടിൽ സന്തോഷ് (33) ആണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 10.30-ഓടെ വീടിന്റെ കതക് ചവിട്ടിത്തുറന്ന് അകത്തുകയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇവരുടെ നിലവിളികേട്ട് മറ്റുള്ളവർ ഓടിയെത്തി രക്ഷിക്കുകയായിരുന്നു. ഇറങ്ങിയോടിയ യുവാവിനെ പിന്തുടർന്ന പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വർക്കല ഡിവൈ.എസ്.പി. ബി.ഗോപകുമാറിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ജെ.എസ്.പ്രവീൺ, ജി.എസ്.ഐ. ബിജിരാജ്, സലിം, സി.പി.ഒ. ഷംനാദ്, ഷൈൻരാജ് എന്നിവർചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
by Midhun HP News | Jan 16, 2025 | Latest News, കേരളം
കൊച്ചി: സൈബര്‍ തട്ടിപ്പില്‍ കുടുങ്ങി ഹൈക്കോടതി മുന്‍ ജഡ്ജിയും. ഓഹരിവിപണിയില്‍ വന്‍തുക ലാഭം വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ ജസ്റ്റിസ് എ ശശിധരന്‍ നമ്പ്യാര്‍ക്ക് 90 ലക്ഷം രൂപയാണ് നഷ്ടമായത്. ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ജഡ്ജിയുടെ പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറിലാണ് സംഭവം. നാലാംതീയതി മുതല്‍ 30-ാം തീയതി വരെ പലതവണകളായാണ് തട്ടിപ്പുസംഘം ജഡ്ജിയില്‍നിന്ന് പണം തട്ടിയത്. വാട്സ്ആപ്പ് വഴിയാണ് തട്ടിപ്പുസംഘം ജഡ്ജിയെ പരിചയപ്പെട്ടത്. ആദിത്യബിര്‍ള ഇക്വിറ്റി ഗ്രൂപ്പിന്റെ പേരിലായിരുന്നു തട്ടിപ്പ്. ആദിത്യബിര്‍ള ഇക്വിറ്റി ഗ്രൂപ്പിന്റെ പ്രതിനിധികള്‍ എന്ന് പറഞ്ഞ് പരിചയപ്പെട്ടവരാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് 850 ശതമാനം വരെ ലാഭം വാഗ്ദാനംചെയ്ത് ഓഹരിവിപണിയില്‍ നിക്ഷേപിക്കാന്‍ പ്രലോഭിപ്പിച്ചു. പിന്നാലെയാണ് പണം തട്ടിയതെന്നും പരാതിയില്‍ പറയുന്നു. അയാന ജോസഫ്, വര്‍ഷ സിങ് എന്നീ പേരുകളില്‍ പരിചയപ്പെട്ടവരാണ് തട്ടിപ്പിന് പിന്നില്‍. സംഭവത്തില്‍ ഇരുവരെയും പ്രതിചേര്‍ത്ത്് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Recent Comments