സുഹൃത്തുക്കളുമായി സംസാരിച്ച് മടങ്ങിയ മദ്ധ്യവയസ്കൻ വഴിയിൽ കുഴഞ്ഞുവീണു മരിച്ചു

സുഹൃത്തുക്കളുമായി സംസാരിച്ച് മടങ്ങിയ മദ്ധ്യവയസ്കൻ വഴിയിൽ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം: സുഹൃത്തുക്കളുമായി സംസാരിച്ച ശേഷം നടക്കുന്നതിനിടെ മദ്ധ്യവയസ്കൻ കുഴഞ്ഞു വീണു മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞം മുക്കോല മുക്കുവൻ കുഴിയായ വട്ടവിള വീട്ടിൽ തുളസീധരൻ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി മുക്കോല ജംഗ്ഷനിലെ പഴയ വില്ലേജ് ഓഫിസ് കെട്ടിടത്തിനു സമീപത്താണ് വീണുകിടന്നത്. രാത്രി സംഭവത്തിന് തൊട്ട് മുമ്പ് ഇയാൾ സുഹൃത്തുക്കളുമായി സംസാരിച്ച് മടങ്ങുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ബോധം കെട്ടു വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയ തുളസീധരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ – ലത, മക്കൾ – മനോജ്, മനു, മഹേഷ്.

മാഞ്ചസ്റ്ററില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം;ആരോഗ്യ നില ഗുരുതരം

മാഞ്ചസ്റ്ററില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം;ആരോഗ്യ നില ഗുരുതരം

ലണ്ടന്‍: യുകെയിലെ മാഞ്ചസ്റ്ററില്‍ മലയാളി നഴ്‌സിന് രോഗിയില്‍നിന്ന് കുത്തേറ്റു. മാഞ്ചസ്റ്ററിലെ ഓള്‍ഡ്ഹാം റോയല്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന അച്ചാമ്മ ചെറിയാനാണ് (57) കത്രിക കൊണ്ട് കുത്തേറ്റത്. സംഭവത്തില്‍ മുഹമ്മദ് റോമന്‍ ഹക്ക് എന്നയാളെ പൊലീസ് അറസ്റ്റുചെയ്തു. പ്രതിയെ മാഞ്ചസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയതിന് ശേഷം റിമാന്‍ഡിലായി. ഫെബ്രുവരി 18ന് ഇയാളെ മിന്‍ഷൂള്‍ സ്ട്രീറ്റ് ക്രൗണ്‍ കോടതിയില്‍ ഹാജരാക്കും.

ആശുപത്രിയില്‍ എത്തിയപ്പോള്‍ പരിശോധനയ്ക്ക് ഏറെ നേരം കാത്തിരിക്കേണ്ടി വന്നെന്നും തുടര്‍ന്നുണ്ടായ ദേഷ്യത്തിലാണ് അച്ചാമ്മ ചെറിയാനെ ആക്രമിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. കഴുത്തിന്റെ പിന്നിലാണ് കുത്തേറ്റത്. അച്ചാമ്മയുടെ നില ഗുരുതരമായി തുടരുകയാണ്.

നഴ്‌സിന് നേരെയുണ്ടായ ആക്രമണത്തെ ആരോഗ്യവകുപ്പ് അധികൃതര്‍ അപലപിച്ചു. നഴ്‌സുമാര്‍ പ്രിയപ്പെട്ടവരാണെന്നും അക്രമത്തെ ഭയപ്പെടാതെ രോഗികളെ പരിചരിക്കാന്‍ അവര്‍ക്ക് കഴിയണമെന്നും യുകെ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ് പറഞ്ഞു. നഴ്‌സുമാര്‍ ആരോഗ്യ മേഖലയുടെ നട്ടെല്ലാണന്നും ആക്രമണത്തെ ഗൗരവമായി കാണുന്നുവെന്നും ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിങ് എക്‌സില്‍ കുറിച്ചു. അച്ചാമ്മ പത്തുവര്‍ഷമായി ഓള്‍ഡ്ഹാം റോയല്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുകയാണ്. ഇന്ത്യന്‍ അസോസിയേഷന്‍ ഓള്‍ഡ്ഹാം (ഐഎഒ), കമ്മ്യൂണിറ്റി സെന്റര്‍ എന്നിവയുടെ സജീവ പ്രവര്‍ത്തകയാണ് അച്ചാമ്മ.

കല്ലറ തുറക്കുന്നതില്‍ പേടി എന്തിനെന്ന് നെയ്യാറ്റിന്‍കര ഗോപന്റെ കുടുംബത്തോട് ഹൈക്കോടതി

കല്ലറ തുറക്കുന്നതില്‍ പേടി എന്തിനെന്ന് നെയ്യാറ്റിന്‍കര ഗോപന്റെ കുടുംബത്തോട് ഹൈക്കോടതി

തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ വിവാദ സമാധിക്കല്ലറ കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി. നെയ്യാറ്റിന്‍കര ഗോപന്റെ മരണസര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് ഹൈകോടതി ചോദിച്ചു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കും എന്നും കോടതി വ്യക്തമാക്കി.

കല്ലറ പരിശോധിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ആര്‍ഡിഒ ഒരു ഉത്തരവിട്ടിരുന്നു. ആ ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ചിലേക്കാണ് ഈ ഹര്‍ജി വന്നത്. ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെ എന്ന് കോടതി ചോദിച്ചു. അന്വേഷണം തടയാനാകില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണ്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ട്. അസ്വാഭാവിക മരണമാണോ സ്വാഭാവിക മരണമാണോ എന്ന് തിരിച്ചറിയേണ്ടതുണ്ട് – കോടതി നിരീക്ഷിച്ചു. എങ്ങനെ മരിച്ചുവെന്ന് പറയാന്‍ കുടുംബത്തോട് കോടതി ആവശ്യപ്പെട്ടു. മരണം എവിടെ അംഗീകരിച്ചു എന്നത് കൂടി വ്യക്തമാക്കണം. സ്വാഭാവിക മരണമാണെങ്കില്‍ അംഗീകരിക്കാം. കല്ലറ തുറന്ന് പരിശോധിക്കുന്നതിനെ എന്തിനാണ് പേടിക്കുന്നത് എന്നും സി എസ് ഡയസ് ചോദിക്കുന്നുണ്ട്. ജില്ലാ കലക്ടര്‍ക്ക് വിഷയത്തില്‍ നോട്ടീസ് അയച്ചു. കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കണം. ഹര്‍ജി അടുത്തയാഴ്ചത്തേക്ക് മാറ്റി.

മരണശേഷമുള്ള 41 ദിവസത്തെ പൂജ മുടങ്ങാതെ ചെയ്യാന്‍ കഴിയണമെന്ന് കൂടിയാണ് കുടുംബം ആവശ്യപ്പെടുന്നത്. കല്ലറ പൊളിക്കാനുള്ള ആര്‍ഡിഒയുടെ ഉത്തരവ് റദ്ദാക്കണമെന്നും കുടുംബം ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. സ്വാമി സമാധിയായത് തന്നെയാണെന്ന് ഭാര്യ ആവര്‍ത്തിച്ചു. എന്നാല്‍ സമാധിയായെന്ന നോട്ടീസ് നേരത്തെ അച്ചടിച്ചതാണോ എന്നതിലടക്കം പൊലീസിന് സംശയമുണ്ട്.

കാട്ടാക്കട അശോകൻ വധക്കേസ്; പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി

കാട്ടാക്കട അശോകൻ വധക്കേസ്; പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി

തിരുവനന്തപുരം: കാട്ടാക്കട അശോകൻ വധക്കേസിൽ ആർഎസ്എസ് പ്രവർത്തകരായ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. 1 മുതൽ 5 വരെയുള്ള പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും, 7, 10,12 പ്രതികൾക്ക് ജീവപര്യന്തവും 50,000 പിഴയുമാണ് കോടതി വിധിച്ചത്. കേസിലെ 8 പ്രതികളും ആർഎസ്എസ് പ്രവർത്തകരാണ്. ശംഭു, ശ്രീജിത്ത്, ഹരികുമാർ, ചന്ദ്രമോഹൻ, സന്തോഷ്, അഭിഷേക്, പ്രശാന്ത്, സജീവ് എന്നിവരാണ് പ്രതികൾ. നേരത്തെ, കേസിലെ മറ്റ് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. 2013 ലാണ് സിപിഎം പ്രവർത്തകനായ അശോകനെ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടിക്കൊന്നത്. നീണ്ട 9 വർഷത്തിന് ശേഷമാണ് േകസിൽ വിധി വരുന്നത്.

വിവാഹം റജിസ്റ്റ‍ർ ചെയ്യാനിരുന്ന ദിവസം യുവതിയുടെ മരണം; ദുരൂഹതയുണ്ടെന്ന് മംഗലപുരം പൊലീസ്

വിവാഹം റജിസ്റ്റ‍ർ ചെയ്യാനിരുന്ന ദിവസം യുവതിയുടെ മരണം; ദുരൂഹതയുണ്ടെന്ന് മംഗലപുരം പൊലീസ്

പോത്തൻകോട്: കണ്ടൽ നിയാസ് മൻസിലിൽ വാടകയ്ക്കു താമസിച്ചിരുന്ന കണിയാപുരം കരിച്ചാറ കുളവരമ്പത്തു വീട്ടിൽ ഷാനുവിന്റെ (വിജി–33) മരണത്തിൽ ദുരൂഹതയുണ്ടെന്നും പോസ്റ്റ്മോർട്ടം സംബന്ധിച്ച വിവരങ്ങൾ ഇന്നു ലഭിക്കുമെന്നും മംഗലപുരം പൊലീസ്. ഇതിനുശേഷമേ സംഭവത്തിൽ വ്യക്തത പറയാനാകൂ. യുവതിക്കൊപ്പം താമസിച്ചിരുന്ന സുഹൃത്ത്, തമിഴ്നാട് തിരുനെൽവേലി സ്വദേശി രംഗനു(33) വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് 5ന് ഷാനുവിന്റെ മക്കൾ സ്കൂളിൽനിന്നു വീട്ടിലെത്തിയപ്പോഴാണ് ഹാളിൽ മൃതദേഹം കണ്ടത്.

ഷാനുവിന്റെ 2 പവന്റെ സ്വർണമാലയും കമ്മലും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടിരുന്നു. ഇന്നലെ രാവിലെ തിരുവനന്തപുരം താലൂക്ക് തഹസിൽദാർ എം.എസ്.ഷാജുവിന്റെ സാന്നിധ്യത്തിൽ പൊലീസ് മഹസർ തയാറാക്കി. ഫൊറൻസിക്, സയന്റിഫിക് വിദഗ്ധർ സ്ഥലത്തെത്തി. മൃതദേഹത്തിനു സമീപം ചെറിയ, കനംകുറഞ്ഞ കയറിന്റെ കഷണം ഉണ്ടായിരുന്നു.

വിവാഹം റജിസ്റ്റ‍ർ ചെയ്യാനിരുന്ന ദിവസം മരണം

നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ തിങ്കളാഴ്ച വിവാഹം റജിസ്റ്റ‍ർ ചെയ്യാനിരിക്കെയാണ് ഷാനുവിന്റെ അപ്രതീക്ഷിത മരണമെന്ന് ബന്ധുക്കൾ. ഇതേ ദിവസം രംഗന്റെ ജന്മദിനവുമായിരുന്നു. വൈകിട്ട് കേക്കു മുറിച്ച് ആഘോഷിക്കാമെന്നു മക്കളോടും പറഞ്ഞിരുന്നു. 8 വ‍ർഷം മുൻപ് കണിയാപുരത്തിനു സമീപത്തെ ഹോട്ടലിൽ വച്ചായിരുന്നു രംഗനെ ഷാനു പരിചയപ്പെട്ടത്. എന്നാൽ, ഇടയ്ക്ക് ഇരുവരും അകന്നിരുന്നു. 6 മാസം മുൻപ് ഇവർ കരിച്ചാറയിലെ വാടകവീട്ടിൽ ഒരുമിച്ചു താമസം തുടങ്ങി. കഠിനംകുളത്ത് ക്ഷേത്രത്തിൽ വച്ച് താലികെട്ടും നടത്തി. എന്നാൽ റജിസ്റ്റർ ചെയ്തിരുന്നില്ല. വീട്ടിൽ കലഹം പതിവായിരുന്നെന്നും മക്കൾ പറഞ്ഞു.

ഷാനുവിന്റെ ഭർത്താവ് ചിറയിൻകീഴ് ചെറുവള്ളിമുക്ക് സ്വദേശി ബിനു 8 വർഷം മുൻപ് മരിച്ചിരുന്നു. അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികൾ ഇപ്പോൾ അനാഥത്വത്തിന്റെ വക്കിലാണ്. ബന്ധുക്കളും നിസ്സഹായരാണ്. ബന്ധുവീട്ടിലേക്കാണു താൽക്കാലികമായി ഇവരെ മാറ്റിയത്.

സംരക്ഷണ ചുമതല ഏറ്റെടുക്കും

കുട്ടികളുടെ താമസവും വിദ്യാഭ്യാസവും തുടർപഠനവും ഉൾപ്പെടെ സംരക്ഷണച്ചുമതല സിഡബ്ല്യുസി ഏറ്റെടുക്കാൻ തയാറെന്ന് ജില്ലാ അധ്യക്ഷ എ.ഷാനിബാബീഗം അറിയിച്ചു.