തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും; ചൊവ്വാഴ്ച ശബരിമലയിൽ

തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും; ചൊവ്വാഴ്ച ശബരിമലയിൽ

പത്തനംതിട്ട: മകരസംക്രമ സന്ധ്യയില്‍ ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് ഉച്ചയോടെ പന്തളത്ത് നിന്ന് പുറപ്പെടും. കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവാഭരണങ്ങൾ ശിരസ്സിലേറ്റി ഘോഷയാത്രാ സംഘം മണികണ്ഠനാൽത്തറയിലേക്ക് നീങ്ങും.

ആദ്യ ദിവസം അയിരൂർ പുതിയകാവ് ദേവി ക്ഷേത്രത്തിൽ വിശ്രമിക്കും. രണ്ടാം ദിവസം ളാഹ സത്രത്തിലാണ് താവളം. ചൊവ്വാഴ്ച വൈകുന്നേരം ശബരിമലയിൽ എത്തിച്ചേരും. ഇത്തവണ രാജപ്രതിനിധിയായി തൃക്കേട്ടനാൾ രാമ വർമ്മരാജയാണ് ഘോഷയാത്രയെ നയിക്കുന്നത്. 26 പേരാണ് സംഘത്തില്‍ ഉള്ളത്. 14ന് വൈകിട്ട് അഞ്ചിന്‌ ശരംകുത്തിയിൽ എത്തിച്ചേരുന്ന ഘോഷയാത്രയെ ദേവസ്വം പ്രതിനിധികളും സർക്കാർ പ്രതിനിധികളും ചേർന്ന് സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും.

വൈകിട്ട്‌ 6.15ന് കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി, ദേവസ്വം ബോർഡ് പ്രസിഡന്റ്‌, അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരണം നൽകും. തന്ത്രിയും മേൽശാന്തിയും ചേർന്ന് തിരുവാഭരണം ഏറ്റുവാങ്ങി വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തും. തുടർന്ന് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിക്കും. 14ന് രാവിലെ 8.45നാണ് മകരസംക്രമപൂജ.

15, 16, 17, 18 തീയതികളിൽ നെയ്യഭിഷേകത്തിന് ശേഷം തിരുവാഭരണം ചാർത്തിയ അയ്യപ്പനെ ദർശിക്കാം. പതിനെട്ടാം തീയതിവരെയാണ് നെയ്യഭിഷേകവും കളഭാഭിഷേകവും നടക്കുന്നത്. മകരവിളക്ക് ദിവസം മുതൽ മണിമണ്ഡപത്തിൽനിന്നും പതിനെട്ടാംപടിയിലേക്കുള്ള എഴുന്നള്ളത്ത് ആരംഭിക്കും. 18ന് ശരംകുത്തിയിലേക്കാണ് എഴുന്നള്ളത്ത്. 20ന് ശബരിമല നട അടക്കും. പന്തളരാജ പ്രതിനിധിക്ക് മാത്രമാണ് 20ന് ദർശനത്തിന് അവസരം.

താപനില മുന്നറിയിപ്പ്

താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും താപനില മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെ ശരീരത്തില്‍ കൂടുതല്‍ സമയം നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കില്‍ ധാരാളം വെള്ളം കുടിക്കുന്നത് നിര്‍ജലീകരണം ഒഴിവാക്കാന്‍ സഹായിക്കും. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്.

കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു

കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു

തിരുവനന്തപുരം: കഴക്കൂട്ടം – കാരോട് ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ബംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോഴായിരുന്നു അപകടം. പതിനെട്ടോളം യാത്രക്കാര്‍ അപകടസമയത്ത് ബസിലുണ്ടായിരുന്നു. മുഴുവന്‍ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.

തിരുപുറം ആര്‍സി ചര്‍ച്ചിന് സമീപം എത്തിയപ്പോഴാണ് ബസിന്റെ മുന്നില്‍നിന്നും തീ പടര്‍ന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ബസ് സമീപത്ത് ഒതുക്കിനിര്‍ത്തുകയും യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബസ് മുഴുവന്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു.

നെയ്യാറ്റിന്‍കരയില്‍നിന്നും പൂവാറില്‍നിന്നും രണ്ട് ഫയര്‍ ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ഡ്രൈവര്‍ ക്യാബിനും യാത്രക്കാരുടെ രണ്ട് ക്യാബിനും പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആവാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

മാസ്റ്റേഴ്സ് മെഗാ ഇവെന്റ്റ് നാളെ

മാസ്റ്റേഴ്സ് മെഗാ ഇവെന്റ്റ് നാളെ

മാസ്റ്റേഴ്‌സിന്റെ 22-ാം വാർഷിക ആഘോഷങ്ങൾ ‘മാസ്റ്റേഴ്സ് മെഗാ ഇവെന്റ്റ് 2025’ എന്ന പേരിൽ നാളെ അവനവഞ്ചേരി ശിവശക്തി ആഡിറ്റോറിയത്തിൽ വച്ച് നടത്തുന്നു. വാർഷികാഘോഷങ്ങളുടെ ഭാഗമായി കലാസാംസ്‌കാരിക മേഖലകളിൽ സേവനമനുഷ്‌ഠിച്ച പ്രമുഖ വ്യക്തികളെ പുരസ്‌കാരം നൽകി ആദരിക്കും. ഒപ്പം കുട്ടികളുടെ കലാപരിപാടികളൂം അനുമോദനചടങ്ങും സംഘടിപ്പിക്കും. വൈകുന്നേരം 3 മണിക്കാണ് പുരസ്‌കാര വിതരണവും സമ്മാനദാനവും നടക്കുന്നത്.

ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭ കൗൺസിലർ ആർ എസ് അനൂപ് നിർവഹിക്കും. ചടങ്ങിൽ മറ്റു വിശിഷ്ടാതിഥികളും പങ്കെടുക്കും.

യുജിസി ചട്ട ഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസാക്കണം, മുഖ്യമന്ത്രിക്ക്‌ കത്തയച്ച് പ്രതിപക്ഷനേതാവ്

യുജിസി ചട്ട ഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസാക്കണം, മുഖ്യമന്ത്രിക്ക്‌ കത്തയച്ച് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: രാജ്യത്തെ വിവിധ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെയും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തില്‍ യുജിസി കൊണ്ടുവന്ന ചട്ട ഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട സര്‍വകലാശാലകളെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വേണ്ടി ദുരുപയോഗിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുജിസി കരട് ചട്ടങ്ങള്‍ പുതുക്കിയത്. സ്വതന്ത്രവും നിക്ഷ്പക്ഷവുമായി വിസിമാരെ കണ്ടെത്തനാകില്ലെന്നു വ്യക്തമാക്കുന്നതാണ് യുജിസി ഭേദഗതി. ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതികൂലമായി ബാധിക്കുന്ന നടപടിയെയും ശക്തമായി എതിര്‍ക്കണം. ഇതിനായി വിസിമാരെ കണ്ടെത്താനുള്ള ബദല്‍ മാര്‍ഗത്തെ കുറിച്ചും കേരളം ആലോചിക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണരൂപം

രാജ്യത്തെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെയും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമുള്ള പരിഷ്‌കരിച്ച കരട് ചട്ടങ്ങള്‍ യുജിസി. പുറത്തിറക്കിയത് അങ്ങയുടെ ശ്രദ്ധയില്‍പ്പെട്ടു കാണുമല്ലോ. വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റി ചെയര്‍മാനെ അടക്കം നിയമിക്കാനുള്ള അധികാരം ചാന്‍സലറില്‍ നിക്ഷിപ്തമാക്കുന്നതാണ് ഈ ഭേദഗതി.

വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റി രൂപീകരണത്തില്‍ ചാന്‍സലര്‍ക്ക് അമിതാധികാരം നല്‍കുന്നത് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ പ്രതിനിധികളെ കേരളത്തില്‍ വൈസ് ചാന്‍സലര്‍മാരായി നിയമിക്കാന്‍ കാരണമാകുമെന്നതില്‍ സംശയമില്ല. ഇത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിക്ക് ആക്കം കൂട്ടും.

സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട സര്‍വകലാശാലകളെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വേണ്ടി ദുരുപയോഗിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുജിസി കരട് ചട്ടങ്ങള്‍ പുതുക്കിയത്. സ്വതന്ത്രവും നിക്ഷ്പക്ഷവുമായി വിസിമാരെ കണ്ടെത്തനാകില്ലെന്നു വ്യക്തമാക്കുന്നതാണ് യുജിസി ഭേദഗതി. ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതികൂലമായി ബാധിക്കുന്ന ഏതൊരു നടപടിയെയും ശക്തമായി എതിര്‍ക്കേണ്ടത് നമ്മുടെ കടമയാണ്. വിസിമാരെ കണ്ടെത്താനുള്ള ബദല്‍ മാര്‍ഗത്തെ കുറിച്ചും കേരളം ആലോചിക്കണം. ഈ സാഹചര്യത്തില്‍ യുജിസി യുടെ ഈ കരട് ചട്ടങ്ങള്‍ക്കെതിരെ നിയമസഭ ഒരു പ്രമേയം പാസാക്കിയാല്‍ ഉചിതമായിരിക്കും. ഇതിന് മുന്‍കൈ എടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.