ബഹിരാകാശത്ത് വ്യത്യസ്ത പുതുവർഷാഘോഷവുമായി സുനിത വില്യംസ്

ബഹിരാകാശത്ത് വ്യത്യസ്ത പുതുവർഷാഘോഷവുമായി സുനിത വില്യംസ്

ന്യൂയോര്‍ക്ക്: ബഹിരാകാശത്ത് സുനിത വില്യംസ് ഇത്തവണ പുതുവർഷത്തെ വരവേൽക്കുക 16 തവണ. ബഹിരാകാശത്ത് സുനിത ഉൾപ്പടെ 72 പേരാണ് നിലവിലുള്ളത്. ഇവർ ഓരോ തവണ ഭൂമിയെ ഭ്രമണം ചെയ്യുമ്പോഴും 16 സൂര്യോദയവും 16 സൂര്യാസ്തമനവും ആണ് കാണാനാവുക.

ഭൂമിയില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ ഉയരത്തിലാണ് ഐഎസ്എസ് (അന്താരാഷ്ട്ര ബഹിരാകാശ നിലയം). ഒരു ദിവസം 16 തവണയാണ് ഈ ബഹിരാകാശ പരീക്ഷണശാല ഭൂമിയെ ചുറ്റുന്നത്. ഒരു പരിക്രമണത്തിന് 90 മിനിറ്റെടുക്കും. മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചാരം. അതിനാല്‍ ഐഎസ്എസിലുള്ളവര്‍ എന്നും കാണുന്നതാണ് 16 ഉദയാസ്തമയം. ബഹിരാകാശത്ത് ക്രിസ്മസ് ആഘോഷിക്കുന്ന സുനിതയുടെ വിഡിയോയും മുൻപ് നാസ പുറത്തുവിട്ടിരുന്നു.

2024 ജൂണിലായിരുന്നു സുനിത വില്യംസ് ബഹിരാകാശത്ത് എത്തിയത്. എട്ട് ദിവസത്തെ ദൗത്യത്തിനായി ബോയിങ് സ്റ്റാർലൈനർ സ്പേസ്ക്രാഫ്റ്റിൽ ഭൂമിയിൽ നിന്നു പോയ സുനിതയും സഹപ്രവർത്തകനും സാങ്കേതിക കാരണങ്ങളാൽ കുടുങ്ങിപ്പോവുകയായിരുന്നു. 2025 മാർച്ചിൽ സുനിത ഭൂമിയിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊലപാതകം നടത്തിയത് 14 കാരന്‍; പ്രതികള്‍ ലഹരിക്ക് അടിമകളെന്നു പോലീസ്

കൊലപാതകം നടത്തിയത് 14 കാരന്‍; പ്രതികള്‍ ലഹരിക്ക് അടിമകളെന്നു പോലീസ്

തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമെന്ന് പൊലീസ്. കൊല്ലപ്പെട്ട ലിവിനെ പിടിയിലായ 14 കാരനാണ് കുത്തിയത്. ഒറ്റക്കുത്തിലാണ് യുവാവിനെ കൊന്നത്. കത്തി പൊലീസ് കണ്ടെടുത്തു. തര്‍ക്കത്തിനിടെ 14 കാരന്‍ ലിവിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു.

സംഭവത്തില്‍ പതിനാലും പതിനാറും വയസ്സുള്ള രണ്ടുപേരാണ് പിടിയിലായത്. പ്രതികള്‍ ലഹരിക്ക് അടിമകളാണെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിന് തൊട്ടുമുമ്പ് പ്രതികള്‍ കഞ്ചാവ് വലിക്കുകയായിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച കത്തി പിടിയിലായ 14 കാരന്റേത് തന്നെയാണെന്ന് പൊലീസ് കണ്ടെത്തി.

പ്രതികള്‍ക്ക് മുമ്പും ക്രിമിനല്‍ പശ്ചാത്തലമുണ്ട്. മോഷണക്കേസില്‍ ഇരുവരും പിടിയിലായിട്ടുണ്ട്. അന്ന് പ്രായത്തിന്റെ ആനുകൂല്യത്തില്‍ രക്ഷപ്പെടുകയായിരുന്നു എന്നാണ് വിവരം. ഒമ്പതാം ക്ലാസിൽ വച്ച് മുമ്പ് സ്കൂളിൽ നിന്നും പുറത്താക്കിയിരുന്നു. സഹപാഠിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിന്റെ പേരിലായിരുന്നു നടപടി. തൃശൂർ വടക്കെ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന ലിവിൻ (30) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 8:45 നായിരുന്നു സംഭവം. തൃശ്ശൂർ ജില്ലാ ആശുപത്രിക്ക് മുന്നിൽ തേക്കിൻകാട് മൈതാനിയിൽ ഇരിക്കുകയായിരുന്ന കുട്ടികളുമായി ലിവിൻ തർക്കത്തിൽ ഏർപ്പെട്ടു. രണ്ട് പെണ്‍കുട്ടികള്‍ക്കൊപ്പം എത്തിയത് ലിവിന്‍ ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

നിയുക്ത ​ഗവർണർ രാജേന്ദ്ര ആർലേക്കർ ഇന്ന് സംസ്ഥാനത്തെത്തും; സത്യപ്രതിജ്ഞ നാളെ

നിയുക്ത ​ഗവർണർ രാജേന്ദ്ര ആർലേക്കർ ഇന്ന് സംസ്ഥാനത്തെത്തും; സത്യപ്രതിജ്ഞ നാളെ

തിരുവനന്തപുരം: കേരളത്തിന്റെ നിയുക്ത ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് സംസ്ഥാനത്തെത്തും. വൈകീട്ട് അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാജേന്ദ്ര ആർലേക്കറെ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും. നാളെയാണ് ​ഗവർണർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക.

വ്യാഴാഴ്ച രാവിലെ 10.30 ന് രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാം​ദാറിന് മുമ്പാകെയാണ് രാജേന്ദ്ര ആർലേക്കർ സത്യപ്രതിജ്ഞ നടത്തുക. ബിഹാറിൽ നിന്നാണ് രാജേന്ദ്ര ആർലേക്കറെ കേരള ​ഗവർണറായി മാറ്റി നിയമിച്ചത്.

ആര്‍എസ്എസിലൂടെ വളര്‍ന്നു വന്ന നേതാവാണ് ​ഗോവ സ്വദേശിയായ 70 കാരൻ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍. ​ ദീര്‍ഘകാലം ആര്‍എസ്എസ് ചുമതലകള്‍ വഹിച്ച ശേഷം 1989ലാണ് ആര്‍ലേകര്‍ ബിജെപിയില്‍ അംഗത്വമെടുക്കുന്നത്. ഗോവയില്‍ സ്പീക്കര്‍, മന്ത്രി എന്നീ നിലകളില്‍ തിളങ്ങിയിരുന്നു. ആര്‍ലേകര്‍ സ്പീക്കറായിരുന്ന വേളയിലാണ് രാജ്യത്തെ ആദ്യ കടലാസ് രഹിത നിയമസഭയായി ഗോവ മാറിയത്.

ഡിസംബര്‍ മാസത്തെ റേഷന്‍ നാളെ വരെ കിട്ടും

ഡിസംബര്‍ മാസത്തെ റേഷന്‍ നാളെ വരെ കിട്ടും

തിരുവനന്തപുരം: ഡിസംബര്‍ മാസത്തെ റേഷന്‍ നാളെ വരെ ലഭിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ചില പ്രദേശങ്ങളില്‍ റേഷന്‍ സാധനങ്ങള്‍ എത്താന്‍ വൈകിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ കടകള്‍ മൂന്നാം തീയതി ( വെള്ളിയാഴ്ച) അവധിയായിരിക്കും.

ജനുവരി മാസത്തെ റേഷന്‍ വിതരണം ശനിയാഴ്ച മുതല്‍ ആരംഭിക്കും. ജനുവരിയില്‍ വെള്ള കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ വിഹിതമായി 6 കിലോ അരി ലഭിക്കും. കിലോയ്ക്ക് 10.90 രൂപ നിരക്കിലാണ് വിതരണം.നീല കാര്‍ഡ് ഉടമകള്‍ക്ക് അധിക വിഹിതമായി മൂന്നു കിലോ അരിയും ലഭിക്കും. 10.90 രൂപ നിരക്കിലാകും ഇതു ലഭിക്കുക. നീല കാര്‍ഡിലെ ഓരോ അംഗത്തിനും 2 കിലോഗ്രാം അരി വീതം കിലോയ്ക്ക് നാലു രൂപ നിരക്കില്‍ സാധാരണ വിഹിതമായും ലഭിക്കും.

സസ്യ ശാസ്ത്രജ്ഞൻ ഡോ. കെ എസ് മണിലാൽ അന്തരിച്ചു

സസ്യ ശാസ്ത്രജ്ഞൻ ഡോ. കെ എസ് മണിലാൽ അന്തരിച്ചു

തൃശൂർ: സസ്യ ശാസ്ത്രജ്ഞനും പത്മശ്രീ ജേതാവും കാലിക്കറ്റ് സർവകലാശാല ബോട്ടണി വകുപ്പ് മുൻ മേധാവിയുമായ ഡോ. കെ എസ് മണിലാൽ (86) അന്തരിച്ചു. തൃശൂരിൽ വച്ചായിരുന്നു അന്ത്യം. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള ഹോർത്തൂസ് മലബാറിക്കൂസ് എന്ന ലാറ്റിൻ ​ഗ്രന്ഥം ഇം​ഗ്ലീഷിലും മലയാളത്തിലും ആദ്യമായി എത്തിച്ച ​ഗവേഷകൻ കൂടിയാണ് പ്രൊഫ മണിലാൽ.

പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ട്രിക് ആഡ്രിയാന്‍ വാന്‍ റീഡ് ആണ് കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് 12 വോള്യങ്ങളുള്ള ഹോര്‍ത്തൂസ് മലബാറിക്കൂസ് തയ്യാറാക്കിയത്. ഡച്ച് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ നിന്ന് പ്രസിദ്ധീകരിച്ച ആ ലാറ്റിന്‍ ഗ്രന്ഥം, മൂന്നു നൂറ്റാണ്ടിന് ശേഷം മണിലാലിന്റെ പ്രവര്‍ത്തനഫലമായാണ് ആദ്യമായി ഇംഗ്ലീഷിലും മലയാളത്തിലും എത്തിയത്.

1958 മുതല്‍ അദ്ദേഹം നടത്തിയ നിരന്തര ശ്രമത്തിന്റെ ഫലമാണ് 2003 ൽ ഹോർത്തൂസിന്റെ ഇം​​ഗ്ലീഷ് പതിപ്പിന്റെയും 2008 ൽ മലയാളം പതിപ്പിന്റെയും പ്രസിദ്ധീകരണത്തിലേക്ക് നയിച്ചത്. കോഴിക്കോട്ടെയും സൈലന്റ് വാലിയിലെയും സസ്യ വൈവിധ്യത്തെക്കുറിച്ച് മണിലാലിന്റെ നേതൃത്വത്തിൽ നടന്ന വർഷങ്ങൾ നീണ്ട പഠനങ്ങളും ശ്രദ്ധേയമാണ്. റോയല്‍ സൊസൈറ്റി നഫീല്‍ഡ് ഫൗണ്ടേഷന്‍ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ട മണിലാല്‍ 1971 ല്‍ ബ്രിട്ടനില്‍ സസ്യശാസ്ത്ര ഗവേഷണം നടത്തി.

ഹോര്‍ത്തൂസ് ഇംഗ്ലീഷ്, മലയാളം പതിപ്പുകള്‍ ഉള്‍പ്പടെ ഒട്ടേറെ ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഫ്ലോറ ഓഫ് കാലിക്കറ്റ്(1982), ഫ്ലോറ ഓഫ് സൈലന്റ് വാലി(1988), ബോട്ടണി ആന്‍ഡ് ഹിസ്റ്ററി ഓഫ് ഹോര്‍ത്തൂസ് മലബാറിക്കൂസ് (1980), ആന്‍ ഇന്റര്‍പ്രട്ടേഷന്‍ ഓഫ് വാന്‍ റീഡ്‌സ് ഹോര്‍ത്തൂസ് മലബാറിക്കൂസ്(1988), ഹോര്‍ത്തൂസ് മലബാറിക്കൂസ് ആന്‍ഡ് ദി സോഷ്യോ-കള്‍ച്ചറല്‍ ഹെറിറ്റേജ് ഓഫ് ഇന്ത്യ (2012) എന്നീ ഗ്രന്ഥങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നു. 200 ലേറെ ഗവേഷണപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മണിലാല്‍, 19 പുതിയ സസ്യയിനങ്ങളെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്തു. നാല് സസ്യയിനങ്ങള്‍ മണിലാലിന്റെ പേരിലും അറിയപ്പെടുന്നു.

സസ്യവര്‍ഗീകരണ ശാസ്ത്രത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ മുന്‍നിര്‍ത്തി കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ള ഇകെജാനകി അമ്മാള്‍ പുരസ്‌കാരം 2003 ല്‍ മണിലാലിന് ലഭിച്ചു. ശാസ്ത്രമേഖലയില്‍ നല്‍കിയ സംഭാവനകളെ പരിഗണിച്ച്, 2020 ല്‍ രാഷ്ട്രം പത്മശ്രീ ബഹുമതി നല്‍കി പ്രൊഫ മണിലാലിനെ ആദരിച്ചു. ഡച്ച് രാജ്ഞി ബിയാട്രിക്‌സിന്റെ ശുപാര്‍ശ പ്രകാരം നല്‍കപ്പെടുന്ന നെതര്‍ലന്‍ഡ്‌സിന്റെ ഉന്നത സിവിലിയന്‍ പുരസ്‌കാരമായ ഓഫീസര്‍ ഇന്‍ ദ ഓര്‍ഡര്‍ ഓഫ് ഓറഞ്ച്‌നാസ്സൗ 2012 ല്‍ മണിലാലിനെ തേടിയെത്തി. ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഏഷ്യക്കാരനാണ് മണിലാല്‍.

കാട്ടുങ്ങല്‍ എ സുബ്രഹ്‌മണ്യത്തിന്റെയും കെകെ ദേവകിയുടെയും മകനായി 1938 സെപ്റ്റംബർ 17ന് പറവൂര്‍ വടക്കേക്കരയിലാണ് മണിലാല്‍ ജനിച്ചത്. എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷം മധ്യപ്രദേശിലെ സാഗര്‍ സര്‍വകലാശാലയില്‍ തുടര്‍പഠനം നടത്തി. ജ്യോത്സ്‌നയാണ് ഭാര്യ, അനിതയാണ് മകൾ.