ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവച്ചു; ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവച്ചു; ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമര്‍ രാജിവച്ചു. പ്രധാനമന്ത്രി സ്ഥാനത്തുനിന്നും ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിന്നുമാണ് സ്റ്റാര്‍മര്‍ രാജിവച്ചത്. പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള നാമനിർദേശങ്ങൾ ക്ഷണിക്കാൻ ലേബർ പാർട്ടി എക്‌സിക്യൂട്ടീവ് കമ്മിറ്റിയോട് അദ്ദേഹം നിർദേശിച്ചിട്ടുണ്ട്. സെപ്റ്റംബറിനുള്ളിൽ അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതുവരെ ഇടക്കാല പ്രധാനമന്ത്രിയായി സ്റ്റാർമർതന്നെ തുടരും.

കഴിഞ്ഞ കുറച്ചുമാസങ്ങളായി കെയ്ര്‍ സ്റ്റാര്‍മറുടെ നേതൃത്വത്തിനെതിരെ പാര്‍ട്ടിയില്‍ അതൃപ്തി ശക്തമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന മേക്കര്‍ഫീല്‍ഡ് ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെയാണ് വലിയ അടി കിട്ടിയത്. സ്റ്റാര്‍മറുടെ പ്രധാന രാഷ്ട്രീയ എതിരാളിയും ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയറുമായിരുന്ന ആന്‍ഡി ബേണ്‍ഹാം 55 ശതമാനം വോട്ട് നേടി വന്‍ ഭൂരിപക്ഷത്തോടെ ഈ സീറ്റില്‍ വിജയിച്ചു.

2024ലെ പൊതുതെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി അധികാരത്തിലെത്തിയ സ്റ്റാര്‍മര്‍, രണ്ടുവര്‍ഷം തികയുന്നതിന് മുന്‍പേ രാജി പ്രഖ്യാപിച്ചിരിക്കുകയാണ്. പാര്‍ട്ടിക്കുള്ളിലെ അതൃപ്തി, ജനപ്രീതിയിലെ ഇടിവ്, അടുത്തകാല രാഷ്ട്രീയ സംഭവവികാസങ്ങള്‍ എന്നിവയാണ് അദ്ദേഹത്തിന് മേല്‍ സമ്മര്‍ദ്ദം വര്‍ധിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേതൃസ്ഥാനത്തേക്ക് ആന്‍ഡി ബേണ്‍ഹാമിന്റെ പേരാണ് പ്രധാനമായും ഉയരുന്നത്. സമീപകാല രാഷ്ട്രീയ വിജയങ്ങള്‍ അദ്ദേഹത്തിന്റെ സാധ്യത വര്‍ധിപ്പിച്ചതായാണ് വിലയിരുത്തല്‍. എന്നാല്‍ അന്തിമ തീരുമാനം പാര്‍ട്ടി നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് വരാനുണ്ട്.

തിങ്കളാഴ്ച രാവിലെ ഡൗണിങ് സ്ട്രീറ്റിന് മുന്നില്‍ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ നടന്നതോടെയാണ് രാജിയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമായത്. ബ്രിട്ടനില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ പല പ്രധാനമന്ത്രിമാരും കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് പദവി ഒഴിഞ്ഞ പശ്ചാത്തലത്തില്‍, പുതിയ രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഈ തീരുമാനം വഴിയൊരുക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. അതേസമയം, അധികാര കൈമാറ്റം കൃത്യമായ നടപടിക്രമങ്ങളിലൂടെ നടത്തുമെന്നും തന്റെ പിന്‍ഗാമിക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും സ്റ്റാര്‍മര്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചൈനയെ ‍ഞെട്ടിച്ച് ഇന്ത്യൻ വനിതകൾ; ഏഷ്യൻ റിലേ ചാംപ്യൻഷിപ്പിൽ സ്വർണം

ചൈനയെ ‍ഞെട്ടിച്ച് ഇന്ത്യൻ വനിതകൾ; ഏഷ്യൻ റിലേ ചാംപ്യൻഷിപ്പിൽ സ്വർണം

ബെയ്ജിങ്: കരുത്തരായ ചൈനയെ അട്ടിമറിച്ച് ഇന്ത്യൻ വനിതകൾ ഏഷ്യൻ റിലേ ചാംപ്യൻഷിപ്പ് പോരാട്ടത്തിൽ സ്വർണം പിടിച്ചെടുത്തു. 4×100 മീറ്റർ റിലേ ടീമിനാണ് നേട്ടം. കടുത്ത വെല്ലുവിളി ഉയർത്തിയ ചൈനയെ ഫൈനലിൽ 43.85 സെക്കൻഡിൽ മറികടന്നാണ് ഇന്ത്യൻ സംഘം സ്വർണം അണിഞ്ഞത്. ഈ സീസണിലെ തങ്ങളുടെ ഏറ്റവും മികച്ച സമയവും ഫൈനലിലെ പ്രകടനത്തിലൂടെ ഇന്ത്യ സ്വന്തമാക്കി.

ശ്രാബനി നന്ദ, എസ്എസ് സ്നേഹ, സുദേഷ്ണ ശിവങ്കർ, തമന്ന എന്നിവരടങ്ങുന്ന ഇന്ത്യൻ സഖ്യം കൃത്യതയാർന്ന ബാറ്റൺ കൈമാറ്റത്തിലൂടെയും അവസാന നിമിഷത്തെ വേഗതയിലൂടെയുമാണ് ചൈനയെ പിന്നിലാക്കിയത്. മത്സരത്തിൽ ചൈന വെള്ളിയും (44.09 സെക്കൻഡ്) തായ്‌ലൻഡ് വെങ്കലവും (44.11 സെക്കൻഡ്) നേടി. റിലയൻസ് ഫൗണ്ടേഷന്റെ മാർട്ടിൻ ഓവൻസ് ആണ് ഇന്ത്യൻ ടീമിന്റെ പരിശീലകൻ.

ടൂർണമെന്റിൽ ഇന്ത്യ ഒരു സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ മൂന്ന് മെഡലുകൾ സ്വന്തമാക്കി. മിക്സഡ് 4×400 മീറ്റർ റിലേയിലാണ് വെള്ളി നേട്ടം. തീർത്ഥേഷ് പി ഷെട്ടി, എംആർ പൂവമ്മ, ഭരത് ശ്രീധർ, നീരു പഥക് എന്നിവരടങ്ങിയ സഖ്യം 3.17.06 സെക്കൻഡിൽ ഓടിയെത്തിയാണ് വെള്ളി മെഡൽ നേടി. ഈ ഇനത്തിൽ വിയറ്റ്നാമിനാണ് സ്വർണം.

മിക്സഡ് 4×100 മീറ്റർ റിലേയിലാണ് വെങ്കല നേട്ടം. തമന്ന, സ്നേഹ ഷാനുവല്ലി, അനിമേഷ് കുജൂർ, പ്രണവ് ഗുരവ് എന്നിവരടങ്ങിയ ടീം 41.27 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് വെങ്കലം നേടിയത്. തായ്‌ലൻഡ് ഒന്നാമതും ചൈന രണ്ടാമതുമെത്തി.

അതേസമയം 4×400 മീറ്റർ പുരുഷ, വനിതാ മത്സരങ്ങളിൽ ഇന്ത്യയ്ക്ക് മെഡൽ പട്ടികയിൽ ഇടം നേടാനായില്ല. എംആർ പൂവമ്മ, രഷ്ദീപ് കൗർ, അൻസ ബാബു, സലോനി നഗർ എന്നിവരടങ്ങിയ വനിതാ 4×400 മീറ്റർ ടീം നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത് (3.34.88 സെക്കൻഡ്). പുരുഷന്മാരുടെ 4×400 മീറ്റർ റിലേയിൽ ഇന്ത്യൻ ടീം അഞ്ചാം സ്ഥാനത്താവുകയും ചെയ്തു (3.05.33 സെക്കൻഡ്). രണ്ട് ഇനങ്ങളിലും വിയറ്റ്നാമിനാണ് സ്വർണം.

പരിക്കുകൾ കാരണം ഇന്ത്യയ്ക്ക് പുരുഷന്മാരുടെ 4×100 മീറ്റർ റിലേ ടീമിനെ ഇറക്കാൻ സാധിക്കാതിരുന്നത് മെഡൽ സാധ്യതകളെ ബാധിച്ചു. വരാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ് എന്നിവയ്ക്ക് മുന്നോടിയായുള്ള പരിശീലനമായി ഈ ടൂർണമെന്റ് മാറി. 2027ലെ ഏഷ്യൻ റിലേ ചാംപ്യൻഷിപ്പിന് ഇന്ത്യയിലെ ചണ്ഡീഗഢാണ് ആതിഥേയത്വം വഹിക്കുന്നത്.

പിഡബ്ല്യുഡി ഓട നിർമ്മാണം ആരംഭിച്ചു

പിഡബ്ല്യുഡി ഓട നിർമ്മാണം ആരംഭിച്ചു

ചിറയിൻകീഴ് കണിയാപുരം റോഡിൽ മുരുക്കുംപുഴ തോപ്പ് മുക്ക് മുതൽ വരിക്കുമുക്ക് വരെയുള്ള പിഡബ്ല്യുഡി റോഡിൽ വർഷങ്ങളായി മഴക്കാലത്ത് വെള്ളം കെട്ടുകയും യാത്രക്കാർക്കും പരിസരവാസികൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തിരുന്നു.
ഇപ്പോൾ എംഎൽഎ രമ്യ ഹരിദാസിനെ നേരിൽ കാണുകയും നിവേദനങ്ങൾ കൊടുത്തതി ന്റെ ഫലമായി പിഡബ്ല്യുഡി ഓട നിർമ്മാണം ആരംഭിച്ചു.

എംഎൽഎ രമ്യ ഹരിദാസ്, ജില്ലാ പഞ്ചായത്ത് മെമ്പർ മിനിജയചന്ദ്രൻ, പഞ്ചായത്ത്പ്രസിഡൻറ് ശ്രീചന്ദ്, ബ്ലോക്ക് ഡിവിഷൻ മെമ്പർ അജിത, വാർഡ് മെമ്പർ കൂടിയായ വൈസ് പ്രസിഡൻറ് കവിത, കാരമൂട് വാർഡ് മെമ്പർ മൻസൂർ, ‘ജനകീയ കൂട്ടായ്മ’പ്രവർത്തകർ എന്നിവർ സന്നിഹിതർ ആയിരുന്നു.

ഇതിനോടനുബന്ധിച്ച് നിർമ്മിക്കേണ്ട ബാക്കി ഓടയുടെനിർമ്മാണ പ്രവർത്തനങ്ങൾ, ദേശായി ഫ്ലാറ്റിലെ മലിനജലം പുറത്തേയ്ക്ക് ഒഴുക്കുന്ന പ്രശ്നം, മംഗലപുരം പഴയ NH 47ലെ നാട്ടുകാരുടെയും കോർപ്പറേറ്റുകളുടേയും കൈയ്യേറ്റം, അങ്കണവാടികളിലെ നിയമനങ്ങളിലെ അപാകതകൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് തീരുമാനം ആക്കി നടപ്പിലാക്കണമെന്ന് സ്ഥലം എംഎൽഎയോട് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹ്യപ്രവർത്തകർ, ജനകീയകൂട്ടായ്മഉൾപ്പടെയുള്ളവർ ആവശ്യപ്പെട്ടു. അതിനെ തുടർന്ന് എംഎൽഎ അനുഭവപൂർവ്വം കാര്യങ്ങൾ നടപ്പിലാക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്.

നാസിക് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മഹായുതിക്ക് തിരിച്ചടി; ശിവസേന സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ച് ബിജെപി വിമതന്‍

നാസിക് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മഹായുതിക്ക് തിരിച്ചടി; ശിവസേന സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ച് ബിജെപി വിമതന്‍

മുംബൈ: മഹാരാഷ്ട്രയിലെ നാസിക് നിയമസഭാ കൗണ്‍സില്‍ (എംഎല്‍സി) തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ മഹായുതിക്ക് അപ്രതീക്ഷിത തിരിച്ചടി. ബിജെപി വിമതനായ ഗോകുല്‍ ഗിറ്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് മഹായുതിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയും ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം ശിവസേന നേതാവുമായ നരേന്ദ്ര ദരാഡെയെ തോല്‍പ്പിച്ചു. 109 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഗിറ്റെ വിജയിച്ചത്.

11 സീറ്റുകളിലേക്ക് ഈ മാസം 18നാണ് തെരഞ്ഞെടുപ്പ് നടന്നത്. തിങ്കളാഴ്ച വോട്ടെണ്ണിയപ്പോള്‍, സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഗിറ്റെക്ക് 357 വോട്ടും ദരാഡെയ്ക്ക് 248 വോട്ടുമാണ് കിട്ടിയത്. മഹായുതി നേതൃത്വത്തിന് വലിയ തിരിച്ചടിയായാണ് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത്. വിമത സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബിജെപിയുടെയും സഖ്യ നേതൃത്വത്തിന്റെയും ഭാഗത്ത് നിന്ന് ശക്തമായ ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍, ഗോകുല്‍ ഗിറ്റെ മത്സരത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറായില്ല.

നാസിക് മണ്ഡലത്തില്‍ സീറ്റ് വിഭജനത്തിന്റെ ഭാഗമായി ശിവസേനയ്ക്കാണ് സീറ്റ് അനുവദിച്ചിരുന്നത്. എന്നാല്‍ പ്രാദേശിക തലത്തില്‍ ബിജെപിയും ശിവസേനയും തമ്മിലുള്ള അസ്വാരസ്യവും നേതൃവിരുദ്ധ വികാരങ്ങളും തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പിന് മുമ്പേ സഖ്യത്തിനുള്ളിലെ ഭിന്നതകള്‍ തുറന്നുകാണപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ശിവസേന ഉദ്ധവ് വിഭാഗത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡെ സേനയുടെ ഭാഗമായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് നാസിക്കില്‍ മഹായുതിക്ക് തിരിച്ചടി നേരിട്ടത്. ഈ ഫലം മഹായുതിയുടെ ആഭ്യന്തര ഐക്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ശക്തമാക്കുന്നതോടൊപ്പം വരാനിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങളിലും പ്രതിഫലിക്കുമെന്ന സൂചനയാണ് നല്‍കുന്നത്.