ട്രഷറിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി

ട്രഷറിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് ട്രഷറിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. അരുവിക്കര സ്വദേശി രാജിനെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. 56 വയസായിരുന്ന രാജ് എആര്‍ ക്യാമ്പിലെ ഗ്രേഡ് എസ്ഐ ആയിരുന്നു. ഇന്നലെ രാത്രിയാണ് വെള്ളനാട് ട്രഷറിയിൽ ഡ്യൂട്ടിക്ക് എത്തിയത്.രാവിലെ ഇവിടെ ഡ്യൂട്ടിക്ക് എത്തിയ പൊലീസുകാരൻ മുറി തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആരോഗ്യ പരമായ പ്രശ്നങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നയാളാണെന്നും ഹൃദയാഘാതമാണെന്നാണ് കരുതുന്നതെന്നും പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി നടപടി സ്വീകരിച്ചു. കൂടുതൽ പരിശോധനയ്ക്കുശേഷമെ മരണ കാരണം വ്യക്തമാകുകയുള്ളുവെന്നും പൊലീസ് പറ‍ഞ്ഞു.

നിയമസഭ ജനങ്ങൾക്കായി തുറന്നിടുന്നു; റീലുമായി സ്പീക്കർ എ.എൻ ഷംസീർ

നിയമസഭ ജനങ്ങൾക്കായി തുറന്നിടുന്നു; റീലുമായി സ്പീക്കർ എ.എൻ ഷംസീർ

സോഷ്യൽ മീഡിയയിൽ വ്യത്യസ്തമായ പോസ്റ്റുമായി നിയമസഭ സ്പീക്കർ എ.എൻ ഷംസീർ. നിയമസഭയിലെ പുസ്തകോത്സവത്തോടനുബന്ധിച്ചാണ് സ്പീക്കർ റീൽ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. “അതിൻ്റെ അടുത്തേക്ക് പോയാൽ സീനാണ് ബ്രോ” എന്ന് പറയുന്നവരോട് “ഒരു സീനും ഇല്ല ബ്രോ നേരെ ഇങ്ങ് കേറിക്കോ” എന്ന തലക്കെട്ടോടെ പുതിയൊരു റീൽ പങ്കുവെച്ചിരിക്കുന്നത്.

നിയമസഭയെക്കുറിച്ചുള്ള ജനങ്ങളുടെ ഭയങ്ങളെ തകർക്കുന്ന തരത്തിലാണ് റീൽ. പോലീസ് കാവലിൽ ഒതുങ്ങിയ ഒരു സ്ഥലം എന്ന നിലയിൽ കണ്ടിരുന്ന നിയമസഭ ഇനി മുതൽ ജനങ്ങൾക്ക് തുറന്നിടുന്നു എന്നാണ് സ്പീക്കർ വ്യക്തമാക്കുന്നത്. ജനുവരി 7 മുതൽ 13 വരെ നിയമസഭയിൽ എല്ലാവർക്കും സ്വാഗതം എന്നും സ്പീക്കർ കൂട്ടിച്ചേർത്തു. യാതൊരു നിയന്ത്രണവും കൂടാതെ നിയമസഭയുടെ അകത്തളങ്ങളിലേക്ക് ആളുകൾക്ക് കയറാം എന്ന പ്രഖ്യാപനവുമായാണ് നിയമസഭാ സ്പീക്കർ എ. എൻ ഷംസീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പോസ്റ്റിന്റെ പൂർണ്ണ രൂപം

‘അതിൻ്റെ അടുത്തേക്ക് പോയാൽ സീനാണ് ബ്രോ.. ‘എന്ന് പറയുന്നവരോട് …. “ഒരു സീനും ഇല്ല ബ്രോ നേരെ ഇങ്ങ് കേറിക്കോ”

എന്തൊക്കെയാണ് നിയമസഭയെ കുറിച്ച് നമുക്ക് ഉണ്ടായിരുന്ന ഭയം? “അവിടെയൊക്കെ നമ്മൾക്ക് കയറാൻ പറ്റ്വോ ?”

“പോലീസ് തോക്കും പിടിച്ച് നിൽക്കും.”

പോലീസ് കാവലിൽ ഒതുങ്ങിയ ഒരു സ്ഥലം , എന്ന നിലകളിലായിരുന്നു നമ്മൾ അതിനെ കണ്ടിരുന്നത്. പക്ഷേ, ഇപ്പോൾ എല്ലാം മാറി!

ജനുവരി 7 മുതൽ 13 വരെ നിയമസഭ നിങ്ങളുടെ വീട് പോലെ തുറന്നിടുന്നു.

നമ്മുടെ ജനപ്രതിനിധികൾ തീരുമാനങ്ങൾ എടുക്കുന്ന സ്ഥലം, നമ്മുടെ നിയമങ്ങൾ രൂപപ്പെടുന്ന സ്ഥലം, ഇനി മുതൽ യാതൊരു ചെക്കിങ്ങോ , തടസ്സങ്ങളോ ഇല്ലാതെ നിങ്ങൾക്ക് നേരിട്ട് സന്ദർശിക്കാം…

ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയത് അരമണിക്കൂറോളം; രണ്ടുരോഗികള്‍ മരിച്ചു

ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയത് അരമണിക്കൂറോളം; രണ്ടുരോഗികള്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയില്‍ ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് രണ്ട് രോഗികള്‍ മരിച്ചു. രാമനാട്ടുകര കാക്കഞ്ചേരി ഭാഗത്ത് കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. അരമണിക്കൂറോളമാണ് രോഗികളുമായി പോകുകയായിരുന്ന ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടത്.

ഒരു സ്ത്രീയും ഒരു പുരുഷനുമാണ് മരിച്ചത്. എടരിക്കോട് സ്വദേശി സുലൈഖ (54)യാണ് മരിച്ച ഒരാള്‍. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോഴിക്കോട്ടെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. വള്ളിക്കുന്ന് സ്വദേശി ഷജില്‍ കുമാറാണ് മരിച്ച രണ്ടാമത്തെയാള്‍. ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു.

ഗതാഗതക്കുരുക്ക് ഒരുവിധം കടന്ന് രണ്ടുരോഗികളെയും ഫറോക്കിലെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അപ്പേഴേക്കും ഇരുവരും മരിച്ചിരുന്നു. അഞ്ചോ പത്തോ മിനിറ്റെങ്കിലും മുമ്പേ എത്തിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു.

ഉമാ തോമസിന്റെ തലയുടെ പരിക്ക് ഗുരുതരമല്ല; വെന്റിലേറ്ററില്‍ തുടരും; മെഡിക്കല്‍ ബുള്ളറ്റിന്‍

ഉമാ തോമസിന്റെ തലയുടെ പരിക്ക് ഗുരുതരമല്ല; വെന്റിലേറ്ററില്‍ തുടരും; മെഡിക്കല്‍ ബുള്ളറ്റിന്‍

കൊച്ചി: കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍നിന്ന് വീണ് അപകടം പറ്റിയ ഉമാ തോമസ് എംഎല്‍എയുടെ തലയുടെ പരിക്ക് ഗുരുതരമല്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. അപകടനില തരണം ചെയ്‌തെന്ന് ഇപ്പോഴും പറയാറായിട്ടില്ലെന്നും വെന്റിലേഷനില്‍ തുടരുമെന്നും പാലാരിവട്ടം റിനൈ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്നലത്തേതിനെ അപേക്ഷിച്ച് ഉമാ തോമസിന്റെ തലയുടെ പരിക്ക് ഗുരുതരമല്ലെന്ന് മെഡിക്കല്‍ ഡയറക്ടര്‍ കെ കൃഷ്ണനുണ്ണി പറഞ്ഞു. തലച്ചോറിനുണ്ടായ ക്ഷതത്തിന്റെ അവസ്ഥ കൂടുതല്‍ ഗുരുതരമായിട്ടില്ല. ആന്തരിക രക്തസ്രാവം കൂടിയിട്ടില്ലെന്നുംഅദ്ദേഹം പറഞ്ഞു.

ശ്വാസകോശത്തിലെ ചതവ് അല്‍പം കൂടിയിട്ടുണ്ട്. ചതവ് മാറാന്‍ കൂടുതല്‍ സമയമെടുക്കും. വരും ദിവസങ്ങളിലും വെന്റിലേഷനില്‍ തുടരും. ശ്വാസകോശത്തിലെ ഇന്‍ഫെക്ഷന്‍ മാറാനായി രണ്ടുതരം ആന്റി ബയോട്ടിക്കുകള്‍ കൊടുക്കുന്നുണ്ട്. അപകടനില തരണം ചെയ്‌തെന്ന് പറയാറിയിട്ടില്ല. ഇന്‍ഫെക്ഷന്‍ കൂടാനും സാധ്യതയുണ്ട്. ഇന്നത്തെ സ്‌കാനില്‍ അഡീഷണല്‍ ഇന്‍ജുറിയൊന്നുമില്ല. അതുതന്നെ നല്ല പുരോഗതിയാണ്.തടി കൂടതലായതിനാല്‍ റിക്കവറിക്ക് സാധാരണത്തിനേക്കാള്‍ സമയം എടുക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

അതേസമയം, അപകടംപറ്റിയ സംഭവത്തില്‍ സുരക്ഷാവീഴ്ചയുണ്ടായതായി എഫ്‌ഐആര്‍. സ്റ്റേജ് നിര്‍മിച്ചത് മതിയായ സുരക്ഷയില്ലാതെ അശ്രദ്ധമായാണെന്ന് എഫ്‌ഐആറില്‍ പറയുന്നു. സ്റ്റേജ് കെട്ടിയവര്‍ക്കും പരിപാടിയുടെ സംഘാടകര്‍ക്കും എതിരെ കേസെടുത്തിട്ടുണ്ട്. ബിഎന്‍സ് 125, 125 (ബി), 3 (5) എന്നിവ അനുസരിച്ചാണ് കേസ്. മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടത്തിലാക്കുന്നതിനെതിരെ നടപടിയെടുക്കുന്നതിനാണ് 125ാം വകുപ്പ്. പഴ്‌സനല്‍ സ്റ്റാഫിന്റെ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. സ്റ്റേജില്‍ വേണ്ടത്ര സ്ഥലമില്ലായിരുന്നെന്നും ബലമുള്ള കൈവരി സ്ഥാപിച്ചില്ലെന്നും എഫ്‌ഐആറിലുണ്ട്.

നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ടു 12,000 നര്‍ത്തകരുടെ ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഉമ തോമസ്. മന്ത്രി സജി ചെറിയാന്‍ ഉള്‍പ്പെടെ വേദിയിലിരിക്കെയാണ് അപകടം. വീഴ്ചയില്‍ തലയ്ക്കു പിന്നില്‍ ഗുരുതര ക്ഷതമേറ്റു. നട്ടെല്ലിനും പരുക്കുണ്ട്. വാരിയെല്ല് ഒടിഞ്ഞ് തറച്ചു കയറിയതിനെ തുടര്‍ന്ന് ശ്വാസകോശത്തിലും മുറിവുണ്ട്.

സി.വി മാധവൻ നായർ (83) അന്തരിച്ചു

സി.വി മാധവൻ നായർ (83) അന്തരിച്ചു

ആറ്റിങ്ങൽ: അവനവഞ്ചേരി നികുഞ്ജത്തിൽ റിട്ടയേർഡ് പോലീസ് കോൺസ്റ്റബിൾ സി.വി മാധവൻ നായർ (83) അന്തരിച്ചു.

ഭാര്യ: എം ചന്ദ്രിക.
മക്കൾ: എം.സി നിജു, എം.സി നിബു, എം.സി നുബിത.
മരുമക്കൾ: ജി.എസ് സുരേഷ്കുമാർ, എം.എസ് സുധീർ.
സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക്.