by Midhun HP News | Dec 30, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസിലെ പ്രതി കിരണിന് 30 ദിവസത്തെ പരോള്‍. പൊലീസ് റിപ്പോര്‍ട്ട് എതിരായിട്ടും ജയില്‍ മേധാവിയാണ് പരോള്‍ അനുവദിച്ചത്. 10 വര്‍ഷത്തെ തടവിനാണ് കിരണിനെ ശിക്ഷിച്ചത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കിരണ്‍ പരോളിന് ആദ്യം അപേക്ഷ നല്‍കിയെങ്കിലും പ്രൊബേഷന്‍ റിപ്പോര്‍ട്ടും പൊലീസ് റിപ്പോര്‍ട്ടും എതിരായതിനാല്‍ ജയില്‍ സൂപ്രണ്ട് അപേക്ഷ തള്ളുകയായിരുന്നു.
വീണ്ടും അപേക്ഷ നല്‍കിയപ്പോള്‍ പൊലീസ് റിപ്പോര്‍ട്ട് എതിരായിരുന്നു. പ്രൊബേഷന്‍ റിപ്പോര്‍ട്ട് അനുകൂലമായി വന്നു. സൂപ്രണ്ട് അപേക്ഷ ജയില്‍ മേധാവിയുടെ പരിഗണനയ്ക്ക് വിട്ടു. ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ 30 ദിവസത്തെ പരോള്‍ അനുവദിക്കുകയായിരുന്നു. കടുത്ത നിബന്ധനകളോടെയാണ് പരോള്‍ അനുവദിച്ചതെന്നാണ് ജയില്‍ ആസ്ഥാനത്തിന്റെ വിശദീകരണം.
കേസില്‍ പത്ത് വര്‍ഷത്തെ തടവാണ് കിരണിന് കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. സ്ത്രീധന മരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ഉപദ്രവിക്കല്‍, ഭീഷണിപ്പെടുത്തല്‍, സ്ത്രീധനം ആവശ്യപ്പെടല്‍ എന്നീ കുറ്റങ്ങള്‍ കിരണിനെതിരെ തെളിഞ്ഞതോടെയാണ് ശിക്ഷ വിധിച്ചത്. ആത്മഹത്യയിലേക്ക് തള്ളിവിടുകയെന്ന ലക്ഷ്യത്തോടെ കിരണ്‍ വിസ്മയയെ നിരന്തരം പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.
2021 ജൂണ്‍ 21നാണ് വിസ്മയയെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന കിരണ്‍ കുമാറിന്റെ വീടായ പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തിലെ കിടപ്പുമുറിയോട് ചേര്‍ന്നുള്ള ടോയ്ലെറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
by Midhun HP News | Dec 30, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-802 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ചിറ്റൂരിൽ വിറ്റ WM 655342 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ചുലക്ഷം രൂപ കൊല്ലത്ത് വിറ്റ WK 184493 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inൽ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.
by Midhun HP News | Dec 30, 2024 | Latest News, കായികം
മെല്‍ബണ്‍: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസിന് ജയം. 184 റണ്‍സിനാണ് ഇന്ത്യയെ തകര്‍ത്തത്. 340 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 155ന് എല്ലാവരും പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ 84 റണ്‍സ് നേടിയ യശ്വസിയാണ് ടോപ് സ്‌കോറര്‍. ഇതോടെ ഓസിസ് പരമ്പയില്‍ 2-1ന് മുന്നിലെത്തി. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെഅവസാന ടെസ്റ്റ് ജനുവരി മൂന്നിന് സിഡ്‌നിയില്‍ നടക്കും.
ഓസീസ് മുന്നോട്ടുവച്ച 340 റണ്‍സ് വിജയലക്ഷ്യം ലാക്കാക്കിയിറങ്ങിയ ഇന്ത്യയ്ക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (9), കെഎല്‍ രാഹുല്‍ (0), വിരാട് കോഹ്‌ലി (5) എന്നിവരെ 33 റണ്‍സിനിടെ നഷ്ടമായി. നാലാം വിക്കറ്റില്‍ യശസ്വി ജയ്‌സ്വാള്‍ – ഋഷഭ് പന്ത് സഖ്യം പ്രതീക്ഷ നല്‍കിയെങ്കിലും അതും നീണ്ടില്ല. പന്ത് മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ രവീന്ദ്ര ജഡേജ അതിവേഗം മടങ്ങി. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ അഭിമാനം കാത്ത നീതിഷ് റെഡ്ഡി പിടിച്ചുനില്‍ക്കുമെന്ന് കരുതിയെങ്കിലും അതും ഉണ്ടായില്ല. ഒരു റണ്‍സ് എടുത്ത റെഡ്ഡിയെ ലിയാണ്‍ മടക്കി. വാഷിങ് ടണ്‍ സുന്ദറുമായി ചേര്‍ന്ന് കരുതലോടെ ബാറ്റ് വീശിയ യശ്വസിയെ പാറ്റ് കമ്മിന്‍സ് വീഴ്ത്തിയതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ പൂര്‍ണമായി അസ്തമിച്ചു. ആകാശ് ദീപ്, ജസ്പ്രീത് ബുംറ മുഹമ്മദ് സിറാജ് എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
നേരത്തേ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെന്ന നിലയില്‍ അവസാന ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന് ആറു റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും അവസാന വിക്കറ്റ് നഷ്ടമായി. സ്‌കോര്‍ 234-ല്‍ നില്‍ക്കേ നതാന്‍ ലിയോണിന്റെ കുറ്റി തെറിപ്പിച്ച് ജസ്പ്രീത് ബുംറയാണ് ഓസീസ് ഇന്നിങ്സ് അവസാനിപ്പിച്ചത്. ബുംറ അഞ്ചു വിക്കറ്റെടുത്തു. 55 പന്ത് നേരിട്ട് അഞ്ച് ബൗണ്ടറിയടക്കം 41 റണ്‍സെടുത്താണ് ലിയോണ്‍ പുറത്തായത്. സ്‌കോട്ട് ബോളണ്ട് 15 റണ്‍സോടെ പുറത്താകാതെ നിന്നു.
അവസാന വിക്കറ്റില്‍ 61 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ലിയോണ്‍ – ബോളണ്ട് സഖ്യമാണ് നാലാം ദിനം ഇന്ത്യയെ വെള്ളംകുടിപ്പിച്ചത്. 173 റണ്‍സില്‍ ഓസീസിന്റെ ഒമ്പതാം വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയ്ക്ക് ലിയോണും അവസാനക്കാരന്‍ സ്‌കോട്ട് ബോളണ്ടും ചേര്‍ന്ന പത്താം വിക്കറ്റ് കൂട്ടുകെട്ട് പൊളിക്കാന്‍ അഞ്ചാം ദിനം വരെ കാത്തിരിക്കേണ്ടിവന്നു. നാലാം ദിനം അവസാന സെഷനിലെ 18 ഓവറുകളോളം പിടിച്ചു നിന്ന ഈ കൂട്ടുകെട്ടാണ് ഓസീസ് ലീഡ് 300 കടത്തിയത്. സിറാജ് മൂന്നു വിക്കറ്റ് വീഴ്ത്തി.139 പന്തില്‍ നിന്ന് 70 റണ്‍സെടുത്ത മാര്‍നസ് ലബുഷെയ്‌നും 90 പന്തില്‍ 41 റണ്‍സെടുത്ത ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും മികച്ച പ്രടനം നടത്തി. വേഗത്തില്‍ 200 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ പേസര്‍ എന്ന ബഹുമതിയും ബുംറ കരസ്ഥമാക്കി. മുഹമ്മദ് സിറാജിന് മൂന്ന് വിക്കറ്റുണ്ട്.
by Midhun HP News | Dec 30, 2024 | Latest News, കേരളം
കന്യാകുമാരി: ഇനി കടലിനുമീതെ ഗ്ലാസ് ബ്രിഡ്ജിലൂടെ നടക്കാം. കന്യാകുമാരി വിവേകാനന്ദ പാറയെയും തിരുവള്ളുവർ പ്രതിമയെയും ബന്ധിപ്പിച്ച് തമിഴ്നാട് സർക്കാർ സ്ഥാപിച്ച ഗ്ലാസ് ബ്രിഡ്ജ് ഇന്ന് തുറക്കും. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തിങ്കളാഴ്ച വൈകീട്ട് 05:30നാണ് കണ്ണാടിപ്പാലം ഉദ്ഘാടനം ചെയ്യുന്നത്. 37 കോടി രൂപ ചെലവഴിച്ചാണ് ത്രിവേണി സംഗമത്തിൽ വിവേകാനന്ദ സ്മൃതിമണ്ഡപത്തേയും തമിഴ് പ്രാചീന കവി തിരുവള്ളുവരുടെ പ്രതിമയേയും ബന്ധിപ്പിക്കുന്ന പാലം നിർമിച്ചത്.
വിവേകാനന്ദപ്പാറയിലേക്ക് എത്തുന്ന സഞ്ചാരികൾക്ക് കടലിലെ കാലാവസ്ഥാ വ്യതിയാനം കാരണം തിരുവള്ളുവർ പ്രതിമയ്ക്ക് അരികിലേയ്ക്ക് പോകാൻ പലപ്പോഴും കഴിയാറുണ്ടായിരുന്നില്ല. കാലാവസ്ഥ മോശമാകുന്നതോടെ വിവേകാനന്ദപ്പാറയിലെ ബോട്ട് ജെട്ടിയിൽ നിന്നുള്ള ബോട്ട് സർവീസ് തടസ്സപ്പെടുന്നതുകൊണ്ടായിരുന്നു ഇത്. ഇതിന് പരിഹാരമായാണ് ഗ്ലാസ് ബ്രിഡ്ജ് നിർമിച്ചത്.
തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചതിൻ്റെ രജതജൂബിലി ആഘോഷത്തിൻ്റെ ഭാഗമായാണ് ഗ്ലാസ് ബ്രിഡ്ജ് നിർമിച്ചത്. തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചതിൻ്റെ രജതജൂബിലി ആഘോഷവും മുഖ്യമന്ത്രി ഉദ്ഘാടനം എംകെ സ്റ്റാലിൻ ചെയ്യും. തുടർന്ന് സാംസ്കാരിക സമ്മേളനം, കവിയരങ്ങ് എന്നിവയും നടക്കും. 37 കോടി രൂപ ചെലവിൽ തമിഴ്നാട് പൊതുമരാമത്ത് വകുപ്പാണ് പാലം നിർമിച്ചത്.
പാലത്തിൻ്റെ മധ്യത്തിൽ കട്ടിയുള്ള കണ്ണാടി സ്ഥാപിച്ച് തൂക്കുപാലം മാതൃകയിലാണ് നിർമാണം. ചെന്നൈ ഐഐടി വിദഗ്ധരുടെ മേൽനോട്ടത്തിലാണ് പാലം നിർമാണം പൂർത്തിയാക്കിയത്. 37 കോടി ചെലവിൽ പണിത കണ്ണാടിപ്പാലത്തിൻ്റെ നീളം 77 മീറ്ററും വീതി 10 മീറ്ററുമാണ്. ഇതിൽ രണ്ടര മീറ്റർ വീതിയിൽ കണ്ണാടിപ്പാത ഉണ്ടാകും.രാജ്യത്ത് ഇതാദ്യമായാണ് കടലിനുമീതെ കണ്ണാടിപ്പാലം നിർമിക്കുന്നത്. പാലം തുറക്കുന്നതോടെ വിവേകാനന്ദ പാറയിൽ നിന്ന് തിരുവള്ളുവർ പ്രതിമയിലേക്കു നടന്ന് എത്തിച്ചേരാൻ സാധിക്കും.
മുകളിലൂടെ സന്ദർശകർ നടന്നുപോകുമ്പോൾ കടലിൻ്റെ സൗന്ദര്യം കാണുന്ന തരത്തിലാണ് പാലം. തിരുവള്ളുവർ പ്രതിമയുടെ സിൽവർ ജൂബിലി പരിപാടിയുടെ ആദ്യ ദിനമായ ഇന്ന് കന്യാകുമാരിയിലെത്തുന്ന മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വൈകിട്ട് 4:30ന് പൂമ്പുഹാർ ബോട്ട് ജെട്ടിയിലെത്തി അവിടെ സ്ഥാപിച്ചിരിക്കുന്ന മണൽ ശിൽപം സന്ദർശിക്കും. അതിനുശേഷം തിരുവള്ളുവർ വിഗ്രഹം സന്ദർശിച്ച് പുഷ്പാർച്ചന നടത്തും. നേരത്തെ പ്രധാനമന്ത്രി കന്യാകുമാരിയിൽ ധ്യാനത്തിനെത്തിയപ്പോൾ വിവേകാനന്ദ സ്മാരകത്തിൽ നിന്നു തിരുവള്ളുവർ പ്രതിമ സ്ഥാപിച്ച പാറയിലെത്താൻ താൽക്കാലിക നടപ്പാലം ഒരുക്കുകയായിരുന്നു
by Midhun HP News | Dec 30, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിവറേജസില്‍ വന്‍കവര്‍ച്ച. തിരുവനന്തപുരം ആര്യനാട് മദ്യവില്‍പനശാലയിലാണ് മോഷണം നടന്നത്. ഒരു ലക്ഷത്തോളം രൂപയുടെ മദ്യവും മുപ്പതിനായിരം രൂപയുമാണ് ഇവിടെ നിന്ന് മോഷണം പോയത്.
ഇന്നലെ പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം നടന്നത്. രണ്ടംഗ സംഘമാണ് കവർച്ച നടത്തിയതെന്നാണ് പ്രാഥമിക വിവരം. ഇവർ മുഖംമൂടി ധരിച്ചായിരുന്നു എത്തിയത്. മദ്യവില്‍പന ശാലയുടെ പൂട്ട് തകര്‍ത്ത് അകത്തുകയറിയാണ് മോഷണം നടത്തിയത്. സംഭവത്തെ തുടർന്ന് ആര്യനാട് പൊലീസും ഫോറന്‍സിക് സംഘവും പ്രദേശത്ത് പരിശോധന നടത്തി.
Recent Comments