by Midhun HP News | Dec 26, 2024 | Latest News, കേരളം
സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യതയാണ് എംടി വാസുദേവൻ നായരുടെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അദ്ദേഹത്തിന്‍റെ കഥകളെല്ലാം കേരളത്തിന്‍റെ സംസ്കാരവും മനുഷ്യ വികാരങ്ങളും നിറഞ്ഞുനിൽക്കുന്നവയായിരുന്നു. തലമുറകളെയാണ് അവ പ്രചോദിപ്പിച്ചത്.
അദ്ദേഹത്തിന്‍റെ കൃതികള്‍ ഇനിയും തലമുറകളെ പ്രചോദിപ്പിക്കും. സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യതയാണ് എംടി വാസുദേവൻ നായരുടെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കുടുംബത്തിന്‍റെ ദു:ഖത്തിൽ പങ്കുചേരുകയാണെന്നും രാഹുൽ ഗാന്ധി അനുസ്മരിച്ചു.
മനുഷ്യ വികാരങ്ങളുടെ ഗാഢമായ പര്യവേക്ഷണം ആയിരുന്നു എം ടിയുടെ കൃതികളെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. എംടിയുടെ കൃതികൾ തലമുറകളെ രൂപപ്പെടുത്തുകയും ഇനിയും പ്രചോദിപ്പിക്കുകയും ചെയ്യും.മലയാളത്തിലെ ഏറ്റവും ബഹുമാനിക്കപ്പെട്ട വ്യക്തിത്വം ആയിരുന്നു എംടി. ശബ്ദമില്ലാത്തവർക്കും പാർശ്വവൽകൃതർക്കും അദ്ദേഹം ശബ്ദമായി. തന്‍റെ ചിന്തകൾ കുടുംബത്തോടൊപ്പം എന്നും മോദി എക്സിൽ കുറിച്ചു.
ഇന്നലെ രാത്രി 10 മണിയോടെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു എം.ടി വാസുദേവൻ നായരുടെ അന്ത്യം. ഇന്ന് വൈകിട്ട് നാല് വരെ എം.ടിയുടെ വസതിയായ സിതാരയിൽ പൊതുദർശനമുണ്ടാകും. വൈകിട്ട് അഞ്ചിനാണ് സംസ്‌കാരം.
by Midhun HP News | Dec 26, 2024 | Latest News, ജില്ലാ വാർത്ത
വർക്കല താഴെ വെട്ടൂരിൽ വെട്ടി കൊലപ്പെടുത്തിയ ഗൃഹനാഥൻറെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും വർക്കല പോലീസ് സ്റ്റേഷന്റെ മുന്നിൽ പ്രതിഷേധവുമായി എത്തി. താഴെ വെട്ടൂർപ്രദേശത്ത് ലഹരിവസ്തുക്കളുടെയും , ലഹരി മാഫിയയുടെയും അഴിഞ്ഞാട്ടം ഉണ്ടെന്നുള്ള പരാതി നിരവധി തവണ ജമാഅത്തിന്റെ ഭാഗത്തുനിന്നും നൽകിയെങ്കിലും പോലീസ് ശക്തമായ നടപടികൾ സ്വീകരിച്ചില്ല എന്ന് ആരോപിച്ചാണ് നാട്ടുകാർ പ്രതിഷേധിച്ചത്.
പോലീസിന്റെ ശക്തമായ ഇടപെടലുകൾ ഉണ്ടായിരുന്നുവെങ്കിൽ ഇത്തരത്തിലുള്ള ഒരു അരുംകൊല വർക്കലയിൽ നടക്കില്ലായിരുന്നു എന്നും ബന്ധുക്കൾ ആരോപിച്ചു. കേസിലെ ഒന്നാം പ്രതിയായ വെട്ടൂർ ആശാൻമുക്ക് സ്വദേശിയായ ജാസിം ഇതിനോടകം വിദേശത്തേക്ക് കടന്നതായും ഇത് പോലീസിൻറെ പിടിപ്പുകേടാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
കേസിൽ പരാതിക്ക് പോകുന്നവരെയും സാക്ഷി പറയുന്നവരെയും വെട്ടി കൊന്നുകളയുമെന്ന് പ്രതികളുടെ നിരന്തരമായ ഭീഷണിയുണ്ടെന്നും ഇത് കാണിച്ച് പ്രതികളുടെ ഫോട്ടോ സഹിതം പോലീസിന് പരാതി നൽകിയിട്ടും പോലീസ് പ്രതികളെ അന്വേഷിക്കുന്നതിൽ ഊർജ്ജസ്വലത കാട്ടിയിരുന്നില്ല എന്നുമാണ് ആരോപണം.
എന്നാൽ എത്രയും വേഗം പ്രതികളെ പിടികൂടുമെന്ന് വർക്കല എസ് എച്ച് ഒ പ്രവീൺ സ്ഥലത്തെത്തി നാട്ടുകാർക്കും ബന്ധുക്കൾക്കും ഉറപ്പു നൽകിയതിനു ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
by Midhun HP News | Dec 26, 2024 | Latest News, കായികം
മെല്‍ബണ്‍: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് 6 വിക്കറ്റുകള്‍ നഷ്ടം. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ 6 വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെന്ന നിലയിലാണ്. അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റാസ്, ഉസ്മാന്‍ ഖവാജ, മര്‍നസ് ലാബുഷെയ്ന്‍ എന്നിവര്‍ക്കു പിന്നാലെ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും അര്‍ധ സെഞ്ച്വറി നേടി.
കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടി ഫോമിലേക്ക് മടങ്ങിയെത്തിയ സ്മിത്ത് 68 റണ്‍സുമായി ക്രീസില്‍ തുടരുന്നു. സ്മിത്തിനൊപ്പം 8 റണ്‍സുമായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും.
ടോസ് നേടി ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റാസ് (60), സഹ ഓപ്പണര്‍ ഉസ്മാന്‍ ഖവാജ (57), മര്‍നസ് ലാബുഷെയ്ന്‍ (72) എന്നിവര്‍ നേരത്തെ അര്‍ധ സെഞ്ച്വറി നേടി. അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റാസിന്റെ കന്നി അര്‍ധ സെഞ്ച്വറിയാണ് മെല്‍ബണില്‍ പിറന്നത്. പിന്നാലെ ഈ പരമ്പരയില്‍ ആദ്യമായി ഖവാജ ഫോമിലേക്ക് മടങ്ങിയെത്തുന്നതിന്റെ സൂചനയും നല്‍കി.
അര്‍ധ സെഞ്ച്വറിയുമായി അരങ്ങേറ്റം അവിസ്മരണീയമാക്കിയാണ് കോണ്‍സ്റ്റാസ് വരവറിയിച്ചത്. 65 പന്തില്‍ 6 ഫോറും 2 സിക്‌സും സഹിതം കോണ്‍സ്റ്റാസ് 60 റണ്‍സെടുത്തു. ആദ്യ മൂന്ന് ടെസ്റ്റുകളിലും തിളങ്ങാതെ പോയ ഓപ്പണര്‍ മാക്‌സ്വീനിയെ ഒഴിവാക്കിയാണ് കൗമാരക്കാരനായ കോണ്‍സ്റ്റാസിനെ പ്ലെയിങ് ഇലവനിലേക്ക് വിളിച്ചത്. ആ വിളിയെ പ്രകടന മികവിലൂടെ താരം ന്യായീകരിച്ചു.
മുതിര്‍ന്ന താരം ഉസ്മാന്‍ ഖവാജയുമായി ചേര്‍ന്നു ഓപ്പണിങില്‍ 89 റണ്‍സ് ചേര്‍ത്താണ് കോണ്‍സ്റ്റാസ് മടങ്ങിയത്. രവീന്ദ്ര ജഡേജ താരത്തെ വിക്കറ്റിനു മുന്നില്‍ കുരുക്കിയാണ് മടക്കിയത്. പിന്നാലെയാണ് ഖവാജയുടെ അര്‍ധ സെഞ്ച്വറി. താരം 57 റണ്‍സില്‍ നില്‍ക്കെ ജസ്പ്രിത് ബുംറയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി.
പിന്നാലെ ലാബുഷെയ്‌നിനെ വാഷിങ്ടന്‍ സുന്ദര്‍ മടക്കി. ഇന്ത്യക്ക് തലേദനയാകാറുള്ള ട്രാവിസ് ഹെഡ്ഡിനു ഇത്തവണ അക്കൗണ്ട് തുറക്കാനായില്ല. താരത്തെ ബുംറ മടക്കി. മിച്ചല്‍ മാര്‍ഷും തിളങ്ങിയില്ല. താരം 4 റണ്‍സില്‍ പുറത്ത്. വിക്കറ്റ് ബുംറയ്ക്ക് തന്നെ. അലക്‌സ് കാരി പിടിച്ചു നിന്നെങ്കിലും വലിയ സ്‌കോറിലെത്തിയത്. 31ല്‍ നില്‍ക്കെ കാരിയെ ആകാശ് ദീപ് പുറത്താക്കി.
ഇന്ത്യക്കായി ബുംറ വീണ്ടും തിളങ്ങി. താരം 3 വിക്കറ്റുകള്‍ വീഴ്ത്തി. ആകാശ് ദീപ്, ജഡേജ, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
by Midhun HP News | Dec 26, 2024 | Latest News, കേരളം
ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 553 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. 80 ലക്ഷം രൂപയാണ് കാരുണ്യ പ്ലസ് ഭാഗ്യക്കുറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനം 10 ലക്ഷവും, മൂന്നാം സമ്മാനം 12 ഭാഗ്യശാലികള്‍ക്ക് ഒരു ലക്ഷം രൂപ വീതവും ലഭിക്കും.
കാരുണ്യ പ്ലസ് ലോട്ടറിയിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയില്‍ കുറവാണെങ്കില്‍ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയില്‍ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയില്‍ കൂടുതലാണെങ്കില്‍ തിരിച്ചറിയല്‍ രേഖയും ടിക്കറ്റും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പ്പിക്കണം. ഒരു മാസത്തിനുള്ളിലാണ് ഇവ കൈമാറേണ്ടതുള്ളത്.
by Midhun HP News | Dec 26, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഇന്‍ഷുര്‍ ചെയ്യാത്ത വാഹനങ്ങളുമായി പൊതു ഇടങ്ങളിലേക്ക് ഇറങ്ങരുത് എന്നാണ് നിയമം. ഇന്‍ഷുര്‍ ചെയ്യാത്ത വാഹനവുമായി പുറത്തിറങ്ങിയാല്‍ വാഹന പരിശോധനയില്‍ പിഴ ഒടുക്കേണ്ടതായി വരും. എന്നാല്‍ ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ സാമ്പത്തിക അടിത്തറ തന്നെ തകര്‍ത്ത് തെരുവിലേക്ക് ഇറക്കാമെന്ന് കേരള മോട്ടോര്‍ വാഹനവകുപ്പ് ഫെയ്സ്ബുക്ക് വിഡിയോയിലൂടെ മുന്നറിയിപ്പ് നല്‍കി.
‘വാഹനം പൊതുസ്ഥലത്ത് ഉപയോഗിക്കാന്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. നമ്മുടെ വാഹനം മൂലം നമ്മുടെ വാഹനത്തിന് വെളിയിലുള്ള വ്യക്തികള്‍ക്കും വസ്തുവകകള്‍ക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനാണ് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്. എന്നാല്‍ നമ്മുടെ വാഹനത്തിനും അതില്‍ യാത്ര ചെയ്യുന്നവര്‍ക്കും നമ്മുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വഴി നഷ്ടപരിഹാരം കിട്ടില്ല. അതിന് വേറെ ചില കവറേജുകള്‍ കൂടി തേര്‍ഡ് പാര്‍ട്ടി പോളിസിക്ക് ഒപ്പം എടുക്കണം. അതിന് വഴിയുണ്ട്. പേഴ്‌സണല്‍ ആക്‌സിഡന്റ് കവര്‍ കൂടി എടുത്താല്‍ വാഹനത്തിലെ യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നു. പാസഞ്ചര്‍ ലയബിലിറ്റി കവര്‍ എടുത്താല്‍ വാഹനത്തിലെ യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും. ഓണ്‍ ഡാമേജ്/ സ്റ്റാന്‍ഡ് എലോണ്‍ പോളിസിയാണ് എടുക്കുന്നതെങ്കില്‍ നമ്മുടെ വാഹനത്തിന് ഉണ്ടാവുന്ന നാശനഷ്ടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് സംരക്ഷണം ലഭ്യമാക്കുന്നു. അപകടങ്ങള്‍ വഴി അല്ലാത്ത നഷ്ടങ്ങള്‍ കൂടി കവര്‍ ചെയ്യുന്നതാണ് ഈ പോളിസി.’- മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു.
‘ഇതിനെല്ലാം പുറമേ കോമ്പ്രിഹെന്‍സിവ് പോളിസി ഉണ്ട്. തേര്‍ഡ് പാര്‍ട്ടി പോളിസിയോട് ഒപ്പം ഓണ്‍ ഡാമേജ്, പേഴ്‌സണല്‍ ഇന്‍ഷുറന്‍സ്, പാസഞ്ചര്‍ ലയബിലിറ്റി തുടങ്ങിയ കവറേജുകള്‍ കൂടി ചേര്‍ത്ത് ഒറ്റ പോളിസിയായി ലഭിക്കുന്നതാണ് ഇതിന്റെ പ്രത്യേകത. തേര്‍ഡ് പാര്‍ട്ടി കാലാവധി നിലവിലുണ്ടെങ്കില്‍ ഓണ്‍ ഡാമേജ് പോളിസി ലഭിക്കുന്നതാണ്. തേര്‍ഡ് പാര്‍ട്ടി കാലാവധി തെറ്റായി രേഖപ്പെടുത്തി ഓണ്‍ ഡാമേജ് പോളിസി മാത്രം നല്‍കി കബളിപ്പിക്കപ്പെടരുത്. തേര്‍ഡ് പാര്‍ട്ടി പോളിസി വിവരങ്ങള്‍ വാഹന്‍ സൈറ്റില്‍ ലഭ്യമാകും. നിങ്ങളുടെ കൈയിലെ പോളിസി വിവരങ്ങള്‍ വാഹന്‍ സൈറ്റില്‍ ലഭ്യമല്ല എങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി ബന്ധപ്പെട്ട് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തുക. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ച് ഉണ്ടാകുന്ന എല്ലാ നഷ്ടങ്ങളും മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍ ബ്രേക്ക് ഡൗണ്‍, ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ച് ഉണ്ടാകുന്ന നഷ്ടങ്ങള്‍, നിയമപരമല്ലാതെ വാഹനം ഉപയോഗിച്ച് ഉണ്ടാക്കുന്ന നഷ്ടങ്ങള്‍, തേയ്മാനവും അറ്റകുറ്റ പണികളും ഇന്‍ഷുറന്‍സ് കവറേജില്‍ വരില്ല.’- മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കി.
Recent Comments