അവസാനമായി ഒരുനോക്ക് കാണാന്‍ സര്‍ഗ കേരളം; അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍

അവസാനമായി ഒരുനോക്ക് കാണാന്‍ സര്‍ഗ കേരളം; അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍

കോഴിക്കോട്: മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന് നാടിന്റെ വിട. അവസാനമായി ഒരു നോക്കുകാണാന്‍ കോഴിക്കോട് നടക്കാവിലെ കൊട്ടാരം റോഡിലെ ‘സിതാര’ വീട്ടിലേക്ക് നൂറ് കണക്കിനാളുകളാണ് എത്തി. ഇന്നലെ രാത്രി മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ അയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്.

പതിനൊന്ന് മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീട്ടിലെത്തി അദരാഞ്ജലി അര്‍പ്പിച്ചു. മന്ത്രിമാരായ മുഹമ്മദ് റിയാസ്, എകെശശീന്ദ്രന്‍, സജി ചെറിയാന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, വി അബ്ദുറഹിമാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍, ഇപി ജയരാജന്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി, എംകെ രാഘവന്‍, ഷാഫി പറമ്പില്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സുരേന്ദ്രന്‍ സംവിധായകന്‍ ഹരിഹരന്‍, സത്യന്‍ അന്തിക്കാട്, ലാല്‍ ജോസ്, നടന്‍ വിനീത്, എം മുകുന്ദന്‍, കെകെ ശൈജ, ജോയ് മാത്യു, കുട്ട്യേടത്തി വിലാസിനി തുടങ്ങി പ്രമുഖരുടെ വലിയ നിര തന്നെ എംടിയുടെ വീട്ടിലേക്കെത്തി. നടന്‍ മോഹന്‍ലാല്‍ പുലര്‍ച്ചെ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.

എംടിയുടെ അഭിലാഷപ്രകാരം പൊതുദര്‍ശനം ഒഴിവാക്കിയിരുന്നു. വൈകിട്ട് അഞ്ച് മണിയോടെ മാവൂര്‍ റോഡിലെ സ്മൃതിപഥമെന്ന പുതുക്കിപ്പണിത ശ്മശാനത്തില്‍ ആദ്യത്തേതായി എംടിയുടെ ശരീരം അഗ്‌നിനാളങ്ങള്‍ ഏറ്റുവാങ്ങും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം

എംടിയുടെ വേര്‍പാട് തീരാനഷ്ടമെന്ന് ഇപി ജയരാജന്‍ പറഞ്ഞു. വലിയ മനുഷ്യന്‍ നമ്മില്‍നിന്നു വേര്‍പെട്ടു. എല്ലാ രംഗങ്ങളിലും നിറഞ്ഞുനിന്ന പ്രതിഭയായിരുന്നു അദ്ദേഹം. വ്യക്തിപരമായി വലിയ ബന്ധമുണ്ട്. അദ്ദേഹത്തിന്റെ എഴുത്ത് ചെറുപ്പക്കാരെ വളരെയേറെ സ്വാധീനിച്ചു. മലയാളസാഹിത്യത്തിനു തീരാനഷ്ടമെന്നും അദ്ദേഹം പറഞ്ഞു.

കഥയിലും സാഹിത്യത്തിലും അല്ല സിനിമയേയും കീഴടക്കിയ വ്യക്തിയാണ് എംടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ നിര്‍മാല്യം എന്ന സിനിമ മാത്രം മതി എക്കാലവും ഓര്‍മിക്കാന്‍. അനീതിക്ക് നേരെ കാര്‍ക്കിച്ച് തുപ്പാന്‍ കരുത്തനായ കഥാപാത്രത്തെ സൃഷ്ടിക്കാന്‍ എംടിക്ക് പകരം മറ്റാരും ഇല്ല . എല്ലാവരില്‍ നിന്നും വേറിട്ട് എനിക്ക് ഒരു വഴി ഉണ്ട് എന്ന് അദ്ദേഹം കാട്ടി കൊടുത്തു. വര്‍ഗീയതയോട് വിട്ടുവീഴ്ച ചെയ്യാത്ത നിലപാട് എക്കാലവും അദ്ദേഹം എടുത്തു . അദ്ദേഹത്തിന്റെ വേര്‍പാട് ഒരു തരത്തിലും നികത്താന്‍ പറ്റില്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

നമ്മുടെ ലോകത്തെ ശൂന്യമാക്കിയാണ് എംടി വിടവാങ്ങുന്നതെന്ന് എംപി അബ്ദുള്‍ സമദ് സമദാനി പറഞ്ഞു. എല്ലാവര്‍ക്കും എല്ലാത്തിനും അതീതനായ പൊതു മനുഷ്യന്‍ ആയിരുന്നു എംടി. എഴുത്തിനും സാഹിത്യത്തിനും എംടി വസന്തമായിരുന്നു. കണ്ടാല്‍ സന്യാസി ആണെന്ന് തോന്നുന്ന, ആരെങ്കിലും ആക്ഷേപിച്ചാലും പുഞ്ചിരി മറുപടി നല്‍കുന്ന മനുഷ്യന്‍. സ്വത്വബോധത്തിന്റെ രാജശില്‍പ്പി ആയിരുന്നു അദ്ദേഹം. മാനുഷിക കാഴ്ചപ്പാട് ഇന്ത്യയ്ക്ക് നഷ്ടപ്പെടുന്നു എന്ന് പറഞ്ഞാണ് അദ്ദേഹം വിടവാങ്ങുന്നത്. ഇക്കാര്യം വരും കാലത്ത് നമ്മള്‍ കൂടുതല്‍ ചിന്തിക്കേണ്ടി വരുമെന്നും അദ്ദേഹം പപറഞ്ഞു.

മലയാളികള്‍ക്ക് നമ്മുടെ നാടിന്റെയും ഭാഷയുടെയും സിനിമയുടെയും സംസ്‌കാരത്തിന്റെയും അഭിമാനവും അടയാളവുമായ മഹത്വ്യക്തിത്വമാണ് എംടി സാറെന്ന് നടന്‍ സുരാജ് വെഞ്ഞാറമൂട് പറഞ്ഞു. സാഹിത്യലോകത്ത് മാത്രമല്ല സിനിമ എന്ന കലയുടെ എല്ലാമേഖലകളിലും അറിവും പ്രാവീണ്യവും അടയാളപ്പെടുത്തിയാണ് അദ്ദേഹം വിടപറയുന്നതെന്ന് സുരാജ് വെഞ്ഞാറമൂട് പറഞ്ഞു. പകരം വെക്കാന്‍ ആളില്ലാത്ത വ്യക്തി എന്ന് ഒട്ടും ആലങ്കാരികമല്ലാതെ നമുക്ക് പറയാന്‍ സാധിക്കുന്ന ആളാണ് എം.ടി. നിര്യാണത്തില്‍ കുടുംബത്തോടൊപ്പം ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സുരാജ് പറഞ്ഞു.

പ്ലസ് ടുക്കാര്‍ക്ക് ഫയര്‍മാന്‍ ആവാം: അപേക്ഷ ജനുവരി 15 വരെ

പ്ലസ് ടുക്കാര്‍ക്ക് ഫയര്‍മാന്‍ ആവാം: അപേക്ഷ ജനുവരി 15 വരെ

കേരളത്തില്‍ ഫയര്‍മാന്‍ ആവാം. കേരള ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ (ട്രെയിനി) റിക്രൂട്ട്‌മെന്റ് നടത്തുന്നു. കേരളത്തിൽ ഉടനീളം പ്രതീക്ഷിത ഒഴിവുകളാണ് ഉള്ളത്.

കേരള പി.എസ്.സിക്ക് നേരിട്ട് നടത്തുന്ന റിക്രൂട്ട്‌മെൻ്റ് ആണിത്. യോഗ്യരായവർക്ക് ജനുവരി 15ന് മുന്‍പായി അപേക്ഷ നല്‍കണം.

കാറ്റഗറി നമ്പര്‍: 471/2024. ശമ്പളം: 27,900 രൂപ മുതല്‍ 63,700 രൂപ വരെ. പ്രായപരിധി: 18നും 26നും ഇടയില്‍. ഉദ്യോഗാര്‍ഥികള്‍ക്ക് 02.01.1998നും 01.01.2006നും ഇടയില്‍ പ്രായം ഉള്ളവര്‍ക്കാണ് അവസരം.

യോഗ്യത: പ്ലസ് ടു വിജയം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ ഉള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. കൂടാതെ നീന്തല്‍ അറിയുന്നവരും ആയിരിക്കണം. ഉദ്യോഗാര്‍ഥികള്‍ ഫിസിക്കലി ഫിറ്റായിരിക്കണം.

സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ കാട്ടുപോത്ത് ആക്രമിച്ചു; രണ്ട് യുവാക്കൾക്ക് പരിക്ക്

സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ കാട്ടുപോത്ത് ആക്രമിച്ചു; രണ്ട് യുവാക്കൾക്ക് പരിക്ക്

തിരുവനന്തപുരം: സ്കൂട്ടർ യാത്രക്കാരെ കാട്ടുപോത്ത് ആക്രമിച്ചു. കള്ളിക്കാട് സ്വദേശികളായ സജീവ് കുമാർ,ചന്ദ്രൻ എന്നിവരെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. കള്ളിക്കാട് വിയ കോണത്തുനിന്ന് കള്ളിക്കാട് ജംഗ്ഷനിലേക്ക് സ്കൂട്ടറിൽ യാത്രചെയ്യവെ റോഡിൽനിന്ന കാട്ടുപോത്ത് ഇരുവരെയും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയികാട്ടുപോത്തിന്റെ ആക്രമണമുണ്ടായ സ്ഥലത്തു നിന്ന് അര കിലോമീറ്റര്‍ മാത്രം അകലെയാണ് നെട്ടുകാൽതേരി ഓപ്പൺ ജയിലിന്റെ റബ്ബർ തോട്ടം. യുവാക്കളെ ആക്രമിച്ച ശേഷം കാത്തുപോത്ത് നെയ്യാർ കനാൽ കടന്ന് ജയിൽ കോമ്പൗണ്ടിലേക്ക് കടന്നതായി നാട്ടുകാർ പറയുന്നു. അവിടേക്ക് പോകുന്ന വഴിയിലും കാൽനട യാത്രക്കാരനായ ഒരാളിനെ കാത്തുപോത്ത് ആക്രമിക്കാൻ ശ്രമിച്ചതായി ദൃക്സാക്ഷികൾ പറയുന്നു.

ഒറ്റയാൻ കാട്ടുപോത്താണ് നാട്ടിലിറങ്ങി ആക്രമണം നടത്തിയത്. ജയിൽ കോമ്പൗണ്ടിലെ റബ്ബർ തോട്ടം കാടുകയറി കിടക്കുന്നതിനാൽ വനത്തിൽ നിന്ന് കാട്ടുപോത്ത് ഇവിടെ എത്തി സ്ഥിരമായി തമ്പടിച്ച് കിടക്കുന്നുണ്ട്. ഇതിനെ ജയിൽ കോമ്പൗണ്ടിൽ നിന്ന് വനത്തിലേക്ക് തുരത്തിയില്ലെങ്കിൽ ഇനിയും അപകടങ്ങൾക്ക് സാധ്യതയുണ്ടെന്ന് കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ പറയുന്നു. ഗ്രാമ പഞ്ചായത്ത് ഭരണസമിതി വനം വകുപ്പിന് വിവരം ഇക്കാര്യത്തിൽ വിവരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

രൂപ റെക്കോര്‍ഡ് താഴ്ചയില്‍; ഓഹരി വിപണി നേട്ടത്തില്‍

രൂപ റെക്കോര്‍ഡ് താഴ്ചയില്‍; ഓഹരി വിപണി നേട്ടത്തില്‍

ഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ പത്തുപൈസയുടെ നഷ്ടം നേരിട്ടത്തോടെ രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി.ഒരു ഡോളറിന് 85.25 എന്ന നിലയിലേക്കാണ് രൂപ താഴ്ന്നത്.

വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതുമാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്. ഓഹരി വിപണി അനുകൂലമായിട്ടും രൂപയ്ക്ക് രക്ഷ ഉണ്ടായില്ല. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതിന് പുറമേ അസംസ്‌കൃത എണ്ണ വില കൂടുന്നതും രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായതായി വിപണി വിദഗ്ധര്‍ പറയുന്നു. ചൊവ്വാഴ്ച നാലു പൈസയുടെ നഷ്ടത്തോടെ 85.15 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്.

അതിനിടെ ഓഹരി വിപണി ഇന്നും നേട്ടത്തിലാണ്. 455 പോയിന്റിന്റെ നേട്ടത്തോടെ 78,800 പോയിന്റിന് മുകളിലാണ് സെന്‍സെക്‌സ്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി.

അഞ്ചുതെങ്ങ് കടലിൽ കാണാതായ കടയ്ക്കാവൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

അഞ്ചുതെങ്ങ് കടലിൽ കാണാതായ കടയ്ക്കാവൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

ക്രിസ്തുമസ് ആഘോഷങ്ങൾക്കിടെ അഞ്ചുതെങ്ങ് കടലിൽ കാണാതായ കടയ്ക്കാവൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കടയ്ക്കാവൂർ ആയാൻ്റവിള സ്വദേശി അരുൺ (അപ്പു) (21) ൻ്റെ മൃതദേഹമാണ് കോസ്റ്റ്ഗാർഡിന്റെ ഷിപ്പും, മറൈൻഎൻഫോഴ്‌സ്മെന്റിന്റെയും, അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിന്റെയും നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെയും നടത്തിയ തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്.

ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെ അഞ്ചുതെങ്ങ് പഞ്ചായത്ത് ഓഫിസിന് സമീപത്തെ കടലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ അഞ്ചുതെങ്ങ് പഞ്ചായത്ത്ഓഫീസ് – ഗ്രൗണ്ട് കടലിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ ശക്തമായ അടിയൊഴുക്കിൽപ്പെട്ടായിരുന്നു അപകടം സംഭവിച്ചത്.

മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം പോസ്റ്റ്മോർട്ടം നടപടികൾക്കായി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.