by Midhun HP News | Aug 17, 2026 | Latest News, കേരളം
സ്മാർട്ട്ഫോൺ, ലാപ്ടോപ്പ്, ടാബ്ലെറ്റ് തുടങ്ങിയവ ഇ.എം.ഐ വഴി വാങ്ങിയ ശേഷം തിരിച്ചടവ് മുടങ്ങിയാൽ അവയുടെ ഉപയോഗത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പുതിയ മാർഗ നിർദേശം ആർ.ബി.ഐ പുറത്തിറക്കി. വായ്പ തിരിച്ചടവ് മുടങ്ങുന്ന സാഹചര്യത്തിൽ ഉപകരണങ്ങൾ ലോക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വായദാതാക്കൾക്ക് ആർ.ബി.ഐ കർശനമായ വ്യവസ്ഥകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ ചട്ടക്കൂട് 2027 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.

വായ്പ തിരിച്ചടവ് ഈടാക്കുന്ന രീതികളെക്കുറിച്ച് ഉപഭോക്താക്കളിൽ നിന്ന് ഉയർന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് പുതിയ ചട്ടങ്ങൾ.
തിരിച്ചടവ് മുടങ്ങിയവരെ ഭീഷണിപ്പെടുത്തുക, സോഷ്യൽ മീഡിയയിലൂടെ സമ്മർദം ചെലുത്തുക, അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുക തുടങ്ങിയ രീതികൾക്കെതിരെ നേരത്തെ പരാതികൾ ഉയർന്നിരുന്നു.
ഇ.എം.ഐ മുടങ്ങിയാൽ ഫോൺ ലോക്ക് ചെയ്യാനാകുമോ?
സാധാരണ വ്യക്തിഗത വായ്‌പ, വാഹന വായ്പ, ഭവന വായ്‌പ തുടങ്ങിയവയുടെ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ വായ്‌പദാതാവിന് നിങ്ങളുടെ മൊബൈൽ ഫോൺ, ടാബ്ലെറ്റ്, ലാപ്ടോപ്പ് എന്നിവ പ്രവർത്തനരഹിതമാക്കാനോ ഉപയോഗം നിയന്ത്രിക്കാനോ കഴിയില്ല. എന്നാൽ, വായ്പ ഉപയോഗിച്ച് അതേ ഉപകരണം തന്നെയാണ് വാങ്ങിയതെങ്കിൽ ചില നിബന്ധനകൾക്ക് വിധേയമായി ഉപകരണത്തിൻ്റെ ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്താം.
ഉപകരണത്തിന്റെ ഇ.എം.ഐ തിരിച്ചടവ് മുടങ്ങിയാൽ നിയന്ത്രണം ഉടൻ ഏർപ്പെടുത്താൻ കഴിയില്ല. ഇതിനായി ഘട്ടംഘട്ടമായ നടപടിക്രമമാണ് ആർ.ബി.ഐ നിർദേശിച്ചിരിക്കുന്നത്.

ഇ.എം.ഐ കുടിശ്ശിക 30 ദിവസം തികഞ്ഞിട്ടില്ല എങ്കിൽ ഉപകരണത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ പാടില്ല. ഈ ഘട്ടത്തിൽ വായ്പ്‌പദാതാവ് ഉപഭോക്താവിന് ഔദ്യോഗികമായി നോട്ടീസ് നൽകണം. 30 മുതൽ 60 ദിവസം വരെ കുടിശ്ശിക തുടരുകയാണെങ്കിൽ ഉപകരണത്തിൽ ഘട്ടംഘട്ടമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്താം. 60 ദിവസത്തിലധികം കുടിശ്ശികയായാൽ മാത്രമേ പൂർണ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയൂ. ഉപകരണം ലോക്ക് ചെയ്യുന്നതിനോ നിയന്ത്രിക്കുന്നതിനോ സോഫ്റ്റ്വെയർ ഉപയോഗിക്കുന്നുണ്ടെങ്കിൽ, അത് ഉപകരണത്തിൻ്റെ യഥാർഥ നിർമാതാവോ ഓപ്പറേറ്റിങ് സിസ്റ്റം ദാതാവോ സാക്ഷ്യപ്പെടുത്തിയതായിരിക്കണമെന്നും ആർ.ബി.ഐ നിർദേശിക്കുന്നു.

by Midhun HP News | Aug 17, 2026 | Latest News, കേരളം
ഈ ചിങ്ങപിറവി ഇടുക്കിയിലെ ആ കുഞ്ഞു സഹോദരങ്ങളുടെ ജീവിതത്തിലും പുതിയ ചുവടുവയ്പ്പാണ്. ജന്മനാ കേൾവിശക്തിയില്ലാതിരുന്ന മിഖായേലിനും മിഹോക്കിനും ഇനി എല്ലാ കേൾക്കാം, ഇവരുടെ കുഞ്ഞുസ്വപ്നങ്ങൾക്ക് കൈത്താങ്ങായതാവട്ടെ മലയാളികളുടെ സ്വന്തം മമ്മൂക്കയും.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷനും ആലുവ രാജഗിരി ഹോസ്പിറ്റലും ചേർന്ന് നടപ്പിലാക്കുന്ന കാതോട് കാതോരം പദ്ധതിയിലൂടെയാണ് ഇരുവർക്കും കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ നടത്തിയത്. ഓണക്കോടിക്കൊപ്പം ഒറു റേഡിയോ കൂടി ഇരുവർക്കും സമ്മാനമായി മമ്മൂക്ക കൊടുത്തയച്ചു.

മമ്മൂക്ക മക്കൾക്ക് നൽകിയ കേൾവിയാണ് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഓണസമ്മാനം. മക്കളായ മിഖായേലിനേയും മിഹോക്കിനുേയും കസവ് മുണ്ട് ഉടുപ്പിക്കുന്ന സമയത്ത് അമ്മ ബോബിന പറഞ്ഞ വാക്കുകളാണിത്. ഇടുക്കി വണ്ടിപെരിയാർ സ്വദേശികളായ സോനു ബോബിന ദമ്പതികളുടെ മക്കളാണ് മിഖായേലും മിഹോക്കും. മൂത്തയാളായ മിഖേലിന് രണ്ടു വയസുള്ളപ്പോഴാണ് കേൾവി തകരാറുണ്ടെന്ന് തിരിച്ചറിയുന്നത്.

ആദ്യം കാണിച്ച ആശുപത്രിയിൽ നാക്കിന്റെ പ്രശ്നമാണെന്നും പറഞ്ഞ് തിരിച്ചയച്ചു. പിന്നീട് കടപ്പനയിലെ ആശുപത്രിയിലെ പരിശോധനക്ക് ശേഷം ഇയർഫോൺ വെച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെയാണ് രണ്ടാമത്തെ കുട്ടിയായ മിഹോക്കിനും കേൾവിക്കുറവുണ്ടെന്ന് തിരിച്ചറിഞ്ഞത്. ചെറിയ പ്രായത്തിൽ തന്നെ കോക്ലിയർ ഇംപ്ലാന്റേഷൻ ചെയ്യുന്നതാണ് നല്ലതെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു. എന്നാൽ, പണം കണ്ടെത്തുക സോനു ബോബിന ദമ്പതികളെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരുന്നു.
അതിനിടയിലാണ് സോനു കാതോട് കാതോരം പദ്ധതിയെക്കുറിച്ച് അറിയുന്നത്. ഉടനെ കെയർ ആൻഡ് ഷെയറിൽ അപേക്ഷ നൽകിയത്. ആ തീരുമാനമാണ് ജീവിതത്തിൽ വഴിത്തിരിവായത്. അങ്ങനെ മിഖായേലും മിഹോക്കും ഇനി ലോകത്തെ കേൾക്കും.

by Midhun HP News | Aug 17, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: വക്കം നടരാജൻ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്ന വിഷയത്തെ ആസ്പദമാക്കി എൻ.എസ് അനിൽ നയിച്ച പ്രശ്നോത്തരി മത്സരം നടന്നു.
ഒന്നാസ്ഥാനം എസ് വൈഷ്ണവ് ദേവിനും രണ്ടാം സ്ഥാനം അഭിനവ് ശേഖറിനും മൂന്നാം സ്ഥാനം കൃപക്കും ലഭിച്ചു. സമാപനസമ്മളനം പ്രശസ്ത തിരക്കഥാകൃത്തും നോവലിസ്റ്റുമായ ആര്യ ഭുവനേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻ്റ് അഡ്വ എസ് ലെനിൻ അധ്യക്ഷത വഹിച്ചു.

സാഹിത്യകാരൻ കെ രാമചന്ദ്രൻ, സ്കൂൾ ഹെഡ്മാസ്റ്റർ കെ അനിൽകുമാർ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എൻ സുരേഷ്, ഗ്രന്ഥശാല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എസ് സതീഷ് കുമാർ, അഡ്വ. എൻ മോഹനൻ നായർ എന്നിവർ സംസാരിച്ചു.
പ്രശ്നോത്തിരി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കുട്ടിക്ക് കെ എം വേലായുധൻ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും 3001/ രൂപയുടെ ക്യാഷ് അവാർഡും, രണ്ടാം സ്ഥാനം ലഭിച്ച കുട്ടിക്ക് 2001/രൂപയുടെ ക്യാഷ് അവാർഡും മൂന്നാം സ്ഥാനം ലഭിച്ച കുട്ടിക്ക് 1001/രൂപയുടെ ക്യാഷ് അവാർഡും നൽകി. തുടർന്ന് പ്രശസ്ത കവി കെ ദിവാകരൻ സ്വന്തം കവിതകളും അവതരിപ്പിച്ചു. യോഗത്തിന് ഗ്രന്ഥശാല സെക്രട്ടറി എം മുരളീധരൻ സ്വാഗതവും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ മീനാകുമാരി നന്ദിയും പറഞ്ഞു.


by Midhun HP News | Aug 17, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തിലെ പിഎസ്സി പരീക്ഷാക്രമക്കേടിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇടപെടൽ ശക്തമാക്കുന്നു. പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് നൂറോളം പരാതികൾ ഉയർന്ന സാഹചര്യത്തിൽ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകുന്നതിനുള്ള നീക്കമാണ് ഗവർണർ നടത്തുന്നത്.

പിഎസ്സി ഭരണഘടനാ സ്ഥാപനമായതിനാൽ അതിനെതിരായ നടപടികളുടെ നിയമസാധ്യത സംബന്ധിച്ചാണ് ഗവർണർ നിയമോപദേശം തേടിയതെന്നാണ് ലോക്ഭവൻ വൃത്തങ്ങൾ പറയുന്നത്. രാഷ്ട്രപതി വിഷയം സുപ്രീംകോടതിയുടെ അന്വേഷണത്തിന് റഫർ ചെയ്താൽ പിഎസ്സി ചെയർമാനെയും അംഗങ്ങളെയും സസ്പെൻഡ് ചെയ്യാൻ ഗവർണർക്ക് കഴിയുമോയെന്നതടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്.
സുപ്രീംകോടതിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രപതിക്ക് പിഎസ്സിയെ പിരിച്ചുവിടാൻ ഭരണഘടനാപരമായി സാധിക്കുമോയെന്നും ഗവർണർ പരിശോധിക്കുന്നുണ്ട്. നിലവിലെ സർക്കാർ നടപടികളിലും ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണത്തിലും ഗവർണർ തൃപ്തനല്ലെന്നാണ് ലോക്ഭവൻ വൃത്തങ്ങളുടെ വിശദീകരണം.
രണ്ടുമാസമായി വിവാദം തുടരുന്ന സാഹചര്യത്തിലും കേസിൽ കാര്യമായ വഴിത്തിരിവുണ്ടായിട്ടില്ലെന്നാണ് രാജ്ഭവന്റെ വിലയിരുത്തൽ. പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് നൂറോളം പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും നിലവിൽ പരീക്ഷാത്തട്ടിപ്പുമായി ബന്ധപ്പെട്ട ഒരു കേസിലാണ് അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്. മറ്റു പരാതികൾ പരിശോധിച്ചുവരികയാണെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നുമാണ് അന്വേഷണസംഘത്തിന്റെ നിലപാട്.
അതിനിടെ ചരിത്രത്തിലാദ്യമായി പോലീസ് പിഎസ്സിയുടെ പരീക്ഷാവിഭാഗത്തിലെത്തി രേഖകൾ പരിശോധിച്ചതും കേസിൽ നിർണായക നീക്കമായിരുന്നു. എന്നാൽ ഇതുവരെ സമഗ്രമായ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ഗവർണർ നേരിട്ട് ഇടപെടൽ ശക്തമാക്കുന്നത്.


by Midhun HP News | Aug 17, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ശക്തമായ മഴയ്ക്ക് സാധ്യത. നാളെ കോട്ടയം, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

നേരത്തെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കുള്ള സാധ്യതയാണ് നിലനിന്നിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ചാണ് നാളെ ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്.
കള്ളക്കടൽ ജാഗ്രത നിർദേശം
തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം FH മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ), മലപ്പുറം (കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല FH മുതൽ രാമനാട്ടുകര വരെ), കണ്ണൂർ (വളപട്ടണം മുതൽ ന്യൂ മാഹി വരെ), കാസർകോട് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളിൽ ചൊവ്വാഴ്ച രാത്രി 11.30 വരെ 0.9 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ (18/08/2026) രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് 1.3 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്.


Recent Comments