by Midhun HP News | Dec 19, 2024 | Latest News, കേരളം
കൊല്ലം: കൊല്ലം അഞ്ചൽ കുളത്തൂപ്പുഴ പാതയിൽ വാഹനാപകടത്തിൽ വയോധികൻ മരിച്ചു. ഏരൂര്‍ സ്വദേശി ബാലചന്ദ്രൻ ആണ് മരിച്ചത്. രാവിലെ നടക്കാനിറങ്ങിയ ബാലചന്ദ്രനെ മീന്‍ കയറ്റി വന്ന പിക്കപ്പ് വാൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.ആലഞ്ചേരി രാധാമാധവ ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ ബാലചന്ദ്രനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റോഡിന്‍റെ നടുഭാഗത്തായി ഉയർന്നു നിൽക്കുന്ന വാട്ടർ അതോറിറ്റിയുടെ ഇരുമ്പ് വാൽവാണ് അപകടത്തിന് കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു. വാൽവിൽ തട്ടാതിരിക്കാൻ വാഹനങ്ങള്‍ വെട്ടിച്ച് മാറ്റിയാണ് അപകടത്തിൽപ്പെടുന്നതെന്ന് നാട്ടുകാർ പറയുന്നു.
by Midhun HP News | Dec 19, 2024 | Latest News, കേരളം
കോട്ടയം: സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസില്‍ പ്രതി ജോര്‍ജ് കുര്യന്‍ കുറ്റക്കാരനെന്ന് കോടതി. കോട്ടയം അഡീഷണല്‍ ജില്ലാ കോടതി (2) നാളെ ശിക്ഷ വിധിക്കും. കഴിഞ്ഞദിവസമാണ് കേസില്‍ വാദം പൂര്‍ത്തിയായത്.
2022 മാര്‍ച്ച് ഏഴിനാണ് സംഭവം. കാഞ്ഞിരപ്പള്ളി കരിമ്പനാല്‍ വീട്ടില്‍ രഞ്ജു കുര്യന്‍ (50), മാതൃസഹോദരനും പ്ലാന്ററുമായ കാഞ്ഞിരപ്പള്ളി പൊട്ടംകുളം മാത്യു സ്‌കറിയ (78) എന്നിവരാണ് കൊല്ലപ്പെട്ടത്. അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ ജോര്‍ജ് കുര്യനാണ് പ്രതി എന്ന് കണ്ടെത്തുകയായിരുന്നു. സുപ്രീംകോടതിയടക്കം വിവിധ കോടതികളില്‍ ജാമ്യഹര്‍ജികള്‍ നല്‍കിയെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് വിചാരണ തടവുകാരനായി ഇയാള്‍ കോട്ടയം സബ് ജയിലില്‍ കഴിഞ്ഞുവരികയാണ്.
വിചാരണ ഘട്ടത്തിലും നിയമനടപടികള്‍ മുന്നോട്ടുപോകുമ്പോഴും നാടകീയ രംഗങ്ങളാണ് ഉണ്ടായത്. ദൃക്‌സാക്ഷികളായി പ്രോസിക്യൂഷന്‍ അവതരിപ്പിച്ച ഭൂരിഭാഗം ആളുകളും കൂറുമാറുന്ന സാഹചര്യം ഉണ്ടായി. എന്നാല്‍ ശാസ്ത്രീയ തെളിവുകള്‍ കേസില്‍ നിര്‍ണായകമാകുകയായിരുന്നു. വെടിവെയ്ക്കാന്‍ ഉപയോഗിച്ച തോക്ക് കണ്ടെത്തി കോടതിയില്‍ ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞത് കേസില്‍ വഴിത്തിരിവായി.
തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയാണ് ജോര്‍ജ് കുര്യനാണ് കൃത്യം നടത്തിയത് എന്ന കണ്ടെത്തലിലേക്ക് നയിച്ചത്. പ്രതി കുറ്റക്കാരനാണ് എന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിക്കുന്നതാണ് കോടതി ഉത്തരവ്. കൊലപാതകം, ആയുധം കൈവശം വെയ്ക്കല്‍, സാക്ഷികളെ ഭീഷണിപ്പെടുത്തല്‍, വീട്ടില്‍ അതിക്രമിച്ച് കയറല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
by Midhun HP News | Dec 19, 2024 | Latest News, ദേശീയ വാർത്ത
മുംബൈ: മുംബൈ ബോട്ടപകടത്തില്‍ കാണാതായെന്ന് സംശയിച്ച മലയാളി കുടുംബത്തെ കണ്ടെത്തി. പരിക്കേറ്റ് ചികിത്സയിലായിരുന്ന ആറു വയസ്സുകാരന്‍ ഏബിള്‍ മാത്യുവാണ് ഒപ്പമുണ്ടായിരുന്ന മാതാപിതാക്കളെ കാണാനില്ലെന്ന് അറിയിച്ചത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തുന്നത്.
പത്തനംതിട്ട സ്വദേശിയായ മാത്യു ജോര്‍ജ്, ഭാര്യ നിഷ മാത്യു ജോര്‍ജ് എന്നിവരെയാണ് കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയെ മഹാരാഷ്ട്രയിലുള്ള ബന്ധുക്കള്‍ക്കൊപ്പം വിടുകയും ചെയ്തു. ഉറാന്‍ പൊലീസാണ് മാതാപിതാക്കള്‍ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തി, കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചത്. മാതാപിതാക്കള്‍ മറ്റൊരു ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുമായി പൊലീസ് വീഡിയോ കോളിലൂടെ കുട്ടിയെ കാണിച്ചു. ഇതിനുശേഷമാണ് ബന്ധുക്കളുടെ കൂടെ കുട്ടിയെ വിട്ടയച്ചത്. ജെഎന്‍പിടി ആശുപത്രിയിലായിരുന്നു കുട്ടിയെ പ്രവേശിപ്പിച്ചിരുന്നത്. പത്തനംതിട്ട സ്വദേശികളായ ഇവര്‍ വിനോദസഞ്ചാരത്തിനാണ് മുംബൈയിലെത്തിയത്.
വിനോദസഞ്ചാര കേന്ദ്രമായ എലിഫന്റ് കേവ് ദ്വീപിലേക്ക് പോയ നീല്‍കമല്‍ എന്ന ബോട്ടിലേക്ക് നേവിയുടെ സ്പീഡ് ബോട്ട് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ യാത്രാബോട്ട് തലകീഴായി മറിയുകയും, പൂര്‍ണമായി മുങ്ങുകയുമായിരുന്നു. അപകടത്തില്‍ 13 പേർ മരിച്ചു.
by Midhun HP News | Dec 19, 2024 | Latest News, ജില്ലാ വാർത്ത
അനധികൃത ഫ്ലക്‌സ് ബോര്‍ഡുകള്‍ക്ക് പിഴ ചുമത്താത്ത പക്ഷം തദ്ദേശസ്ഥാപന സെക്രട്ടറിമാരില്‍നിന്ന് തുക ഈടാക്കണമെന്നു ഹൈക്കോടതി നിര്‍ദേശം. കേസെടുക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉത്തരവാദിയായിരിക്കുമെന്ന് വ്യക്തമാക്കി സംസ്ഥാന പോലീസ് മേധാവി ഏഴു ദിവസത്തിനകം സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. അനധികൃത ബോര്‍ഡുകളും കൊടികളും നീക്കം ചെയ്യുന്നതില്‍ കര്‍ശന നടപടി സ്വീകരിച്ച സര്‍ക്കാരിനെ കോടതി അഭിനന്ദിച്ചു.
കോടതി ഉത്തരവിനെത്തുടര്‍ന്ന് ഒരു ലക്ഷത്തോളം ബോര്‍ഡുകളും കൊടികളും നിരത്തില്‍നിന്നു നീക്കം ചെയ്തതായി ഓണ്‍ലൈനില്‍ ഹാജരായ തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫ് വിശദീകരിച്ചു. 5000 രൂപ വീതം പിഴ ചുമത്തിയിരുന്നെങ്കില്‍ സര്‍ക്കാരിന് കോടിക്കണക്കിന് രൂപ കിട്ടുമായിരുന്നു. അനധികൃത ബോര്‍ഡുകള്‍ക്ക് പിഴ ചുമത്തിയതിലൂടെ എത്ര രൂപ ലഭിച്ചുവെന്ന് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
by Midhun HP News | Dec 19, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ നഗരസഭ ജനകീയാസൂത്രണം 2025-26 വാർഷിക പദ്ധതി രൂപീകരണം വർക്കിംഗ് ഗ്രൂപ് നഗരാസഭാ ചെയർപേഴ്സൺ അഡ്വ എസ് കുമാരി ഉദ്ഘാടനം ചെയ്തു. വൈസ്ചെയർമാൻ ജി തുളസീധരൻ പിള്ള അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി കെ.എസ് അരുൺ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എസ് ഷീജ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ് ഗിരിജ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ രമ്യാസുധീർ, വർക്കിംഗ് ഗ്രൂപ് ചെയർമാൻ സുധീർ രാജ് ആർ എന്നിവർ പങ്കെടുത്തു.
തുടർന്ന് 16 ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ചയും ക്രോഡീകരണവും നടന്നു.
Recent Comments