by Midhun HP News | Apr 28, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോഗം ചേരും. അപ്രഖ്യാപിത ലോഡ്ഷെഡ്ഡിങ് സമയം കൂട്ടുന്നതടക്കം കടുത്ത തീരുമാനങ്ങളുണ്ടായേക്കും. ഊർജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെആർ ജ്യോതിലാൽ ഉൾപ്പെടെ യോഗത്തിൽ പങ്കെടുക്കും. ഇന്നലെ ബോർഡിന്റെ കോർ കമ്മിറ്റി യോഗം ചേർന്നു പ്രതിസന്ധി സംബന്ധിച്ച സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
പീക്ക് ലോഡ് മാനേജ്മെന്റ് രീതിയിലാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം നടപ്പാക്കുക. ബില്ല് കൂടുമോയെന്നു ഇപ്പോൾ ഉറപ്പ് പറയാനാകില്ലെന്നും ലോഡ് ഷെഡ്ഡിങ് ഉണ്ടാകില്ലെന്നുമാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെ പ്രതികരണം. ആറ് മണി മുതൽ വൈദ്യുതി ഉപയോഗം ക്രമാതീതമായി കൂടുന്ന സമയമാണ് പീക്ക് അവർ. ഈ സമയത്ത് 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ സംസ്ഥാനത്ത് വൈദ്യുതി മുടങ്ങാം.
ഓരോ പ്രദേശത്തും അതാത് ട്രാൻസ്ഫോർമറുകളുടെ അമിത ലോഡ് നിയന്ത്രിക്കാനാണ് വൈദ്യുതി ക്രമീകരണം. അല്ലെങ്കിൽ ലോഡ് തങ്ങാനാകാതെ വൈദ്യുതി വിതരണ ശൃംഖല തകരാറിലാകുമെന്നാണ് കെഎസ്ഇബി വിശദീകരിക്കുന്നത്. സാധ്യമായ സന്ദർഭങ്ങളിൽ ഇക്കാര്യം കെഎസ്ഇബി ഉപഭോക്താക്കളെ എസ്എംഎസ് വഴി മുൻകൂട്ടി അറിയിക്കും.

by Midhun HP News | Apr 28, 2026 | Latest News, കേരളം
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിനോടു ചേര്‍ന്നുള്ള ഹജ് ക്യാംപിന് നാളെ തുടക്കം. സിയാല്‍ എയ്‌റോപാര്‍ക്കിന് സമീപത്തായാണ് സിയാലിന്റെയും സംസ്ഥാന ഹജ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ഹജ് ക്യാംപ് സജ്ജമാക്കിയിരിക്കുന്നത്. സിയാല്‍ അക്കാദമിയിലെ കെട്ടിടങ്ങള്‍ക്ക് പുറമെ, 1.3 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ താല്‍ക്കാലിക പന്തല്‍ ഒരുക്കിയിട്ടുണ്ട്.
1200 പേര്‍ക്ക് ഒരേസമയം താമസിക്കാനുള്ള സൗകര്യവും ക്യാംപില്‍ സജ്ജമാക്കിയിട്ടുണ്ട്. അറുന്നൂറോളം പേര്‍ക്ക് നമസ്‌കരിക്കാനുള്ള സൗകര്യം, വിശാലമായ അസംബ്ലി ഹാള്‍, ഭക്ഷണശാല എന്നിവയുമുണ്ട്. സിയാല്‍ അക്കാദമി കെട്ടിടത്തിലാണ് ഹജ് സെല്‍, ഹജ് കമ്മിറ്റി ഓഫീസ്, അലോപ്പതി, ഹോമിയോ ആശുപത്രികള്‍ എന്നിവ പ്രവര്‍ത്തിക്കുന്നത്.
വ്യാഴാഴ്ചയാണ് തീര്‍ത്ഥാടകരമായുള്ള ആദ്യ വിമാനം കൊച്ചിയില്‍ നിന്നും പുറപ്പെടുന്നത്. ഈ വിമാനത്തില്‍ യാത്ര ചെയ്യുന്ന തീര്‍ത്ഥാടകര്‍ നാളെ ക്യാംപില്‍ എത്തിച്ചേരണം. 450 പേരാണ് ആദ്യ സംഘത്തിലുള്ളത്. രാജ്യാന്തര ടെര്‍മിനലായ ടി3യില്‍ എത്തിച്ചേരുന്ന തീര്‍ത്ഥാടകര്‍ അവിടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷമാണ് ഹജ് ക്യാംപിലേക്ക് എത്തിച്ചേരേണ്ടത്. തീര്‍ത്ഥാടകരുടെ ലഗേജുകള്‍ സ്വീകരിക്കുന്നതിനും രജിസ്‌ട്രേഷന്‍ നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തീകരിക്കുന്നതിനുമായി ഹജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഫ്‌ലൈനാസ് എയര്‍വേയ്‌സാണ് ഈ വര്‍ഷം കൊച്ചിയില്‍ നിന്നുള്ള ഹജ് സര്‍വീസുകള്‍ നടത്തുന്നത്. മെയ് 8 നാണ് അവസാന വിമാനം. ആകെ 8341 തീര്‍ത്ഥാടകരാണ് കൊച്ചിയില്‍ നിന്നും പുറപ്പെടുന്നത്.

by Midhun HP News | Apr 28, 2026 | Latest News, ദേശീയ വാർത്ത
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അത്താഴ വിരുന്നിനിടെ വെടിയുതിര്‍ത്ത അക്രമിക്കെതിരെ പ്രസിഡന്റിനെ വധിക്കാന്‍ ശ്രമിച്ചെന്ന കുറ്റം കൂടി ചുമത്തി. മൂന്ന് പ്രധാന കുറ്റങ്ങളാണ് അക്രമിയായ 31 കാരന്‍ കോള്‍ തോമസ് അലനെതിരെ ചുമത്തിയിട്ടുള്ളത്. ട്രംപിനെതിരെ വധശ്രമം, കുറ്റകൃത്യം ചെയ്യുക എന്ന ലക്ഷ്യത്തോടെ മാരകായുധങ്ങള്‍ കൈവശം വെച്ചു, അക്രമത്തിനിടെ വെടിയുതിര്‍ത്തു എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
കോടതിയില്‍ ഹാജരാക്കിയ കോള്‍ തോമസ് അലനെ ഫെഡറല്‍ കസ്റ്റഡിയില്‍ തുടരാന്‍ കോടതി നിര്‍ദേശിച്ചു. വ്യാഴാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും. അതേസമയം അക്രമവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ യുഎസ് അറ്റോര്‍ണി ജനറലിന്റെ ചുമതല വഹിക്കുന്ന ടോഡ് ബ്ലാഞ്ച് വെളിപ്പെടുത്തി. അക്രമിയെ കീഴ്‌പ്പെടുത്തിയത് ഡിന്നര്‍ വേദിയുടെ മുകളിലത്തെ നിലയില്‍ വെച്ചാണെന്നാണ് അറ്റോര്‍ണി ജനറല്‍ അറിയിച്ചിട്ടുള്ളത്.
സുരക്ഷാ ചെക്‌പോസ്റ്റുകള്‍ ഭേദിച്ചു കടക്കാന്‍ ശ്രമിച്ച കോള്‍ തോമസ് അലനെതിരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അഞ്ചു തവണ വെടിവെച്ചു. എന്നാല്‍ പരിക്കുകളൊന്നുമില്ലാതെ ഇയാളെ തന്ത്രപരമായി വീഴ്‌പ്പെടുത്താന്‍ സാധിച്ചു. അക്രമത്തിന് രണ്ടു ദിവസം മുമ്പ് തന്നെ വാഷിങ്ടണിലെ ഹോട്ടലില്‍ മുറിയെടുത്ത് ഇയാള്‍ താമസം തുടങ്ങി. ആക്രമണത്തിന് മുന്നൊരുക്കങ്ങള്‍ നടത്തി. താന്‍ ചെയ്യാന്‍ പോകുന്ന കൃത്യത്തെ സംബന്ധിച്ച് കുടുംബാംഗങ്ങള്‍ക്ക് ഇയാള്‍ ഇമെയില്‍ അയച്ചിരുന്നുവെന്നും അറ്റോര്‍ണി പറയുന്നു.
സര്‍ക്കാര്‍ നയങ്ങളോടുള്ള അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പ് ഇയാള്‍ തയ്യാറാക്കിയിരുന്നു. ഭരണകൂടങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളെയാണ് താന്‍ ലക്ഷ്യമിടുന്നതെന്നും അയാള്‍ സൂചിപ്പിച്ചു. എന്നാല്‍ കോള്‍ തോമസ് അലനെതിരെ ഇതുവരെ ക്രിമിനല്‍ റെക്കോര്‍ഡുകളൊന്നും ഇല്ലെന്ന് പൊലീസ് അറിയിച്ചു. ആക്രമണം ഇയാള്‍ ഒറ്റയ്ക്ക് ചെയ്ത പ്രവൃത്തിയാണെന്നും, മറ്റാരുടേയും സഹായം ഇല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു. സംഭവത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായി എന്നാണ് യുഎസ് ഏജന്‍സികളുടെ വിലയിരുത്തല്‍.

by Midhun HP News | Apr 28, 2026 | Latest News, കേരളം
തിരുവനന്തപുരം: മന്ത്രി ജെ. ചിഞ്ചുറാണിയുടെ വാഹനം അപകടത്തിൽപെട്ടു. കല്ലമ്പലം ദേശീയപാതയിൽ വെയിലൂർ വച്ചായിരുന്നു സംഭവം. അപകടത്തിൽ ആളപായമില്ല. സ്വിഫ്റ്റ് കാറാണ് മന്ത്രിയുടെ വാഹനത്തിൽ വന്ന് ഇടിച്ചത്. അപകടമുണ്ടാക്കിയ കാറും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യലഹരിയിൽ വാഹനം ഓടിച്ചതിന് കേസെടുക്കും. വാഹനങ്ങളുടെ വേഗത കുറവായതിനാൽ വാഹനങ്ങൾക്കും വലിയ കേടുപാടുകൾ സംഭവിച്ചിട്ടില്ല. മന്ത്രിയുടെ വാഹനത്തിന് വലിയ കേടുപാടുകൾ സംഭവിച്ചിട്ടില്ലാത്തതിനാൽ ആ വാഹനത്തിൽ തന്നെ തിരുവനന്തപുരത്തേക്ക് പോയി. അപകടമുണ്ടാക്കിയ ആലംകോട് വഞ്ചിയൂർ സ്വദേശിയെയും വാഹനവുമാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മദ്യലഹരിയിൽ വാഹനം ഓടിച്ചതിന് കേസെടുക്കുമെന്ന് കല്ലമ്പലം പോലീസ് പറഞ്ഞു.

by Midhun HP News | Apr 28, 2026 | Latest News, കേരളം
കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്‍റൽ കോളേജിലെ വിദ്യാര്‍ത്ഥി നിതിൻ രാജിന്‍റെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗണ്‍സിൽ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന് ദേശീയപാതയിൽ ഗതാഗതകുരുക്ക്. സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതോടെയാണ് ഗതാഗതകുരുക്കുണ്ടായത്.
തിരുവനന്തപുരത്ത് കഴക്കൂട്ടം മുതൽ കണിയാപുരം വരെയാണ് വലിയരീതിയിലുള്ള ഗതാഗതകുരുക്കുണ്ടായത്. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എഞ്ചിനീയറിങ് എൻട്രസ് പരീക്ഷ (വിഐടിഇഇഇ)എഴുതേണ്ട വിദ്യാര്‍ത്ഥികളും ആശുപത്രികളിലേക്ക് പോകാനുള്ളവരുമടക്കം കുരുക്കിൽ പെട്ടു. രാവിലെ 9 മണിക്ക് എക്സാം സെന്ററിൽ എത്തേണ്ട വിദ്യാർഥികൾ പണിമുടക്കിൽ വലഞ്ഞിരിക്കുകയാണ്. പൊലീസ് ഇടപെടലിനെതുടര്‍ന്ന് നിലവിൽ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടുന്നുണ്ട്. ബസുകള്‍ അടക്കം ഇപ്പോഴും കടത്തിവിടുന്നില്ല.

Recent Comments