നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണം; കോളജ് പ്രിന്‍സിപ്പലിനെ മാറ്റി

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണം; കോളജ് പ്രിന്‍സിപ്പലിനെ മാറ്റി

പത്തനംതിട്ട: പത്തനംതിട്ടയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനി അമ്മുവിന്റെ മരണത്തില്‍ നടപടി. ചുട്ടിപ്പാറ നഴ്‌സിങ് കോളജ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ സലാമിനെ സ്ഥലം മാറ്റി. കേസില്‍ പ്രതികളായ മൂന്ന് വിദ്യാര്‍ഥിനികളെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

സീപാസിന് കീഴിലെ സീതത്തോട് കോളജിലേക്കാണ് അബ്ദുല്‍ സലാമിനെ സ്ഥലം മാറ്റിയത്. പകരം സീതത്തോട് കോളജ് പ്രിന്‍സിപ്പലായിരുന്ന തുഷാരയെ ചുട്ടിപ്പാറയിലേക്കും മാറ്റി നിയമിച്ചിട്ടുണ്ട്. കേസില്‍ പ്രതികളായ മൂന്ന് വിദ്യാര്‍ഥിനികളെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അഷിത, അലീന ദിലീപ്, അജ്ഞന മധു എന്നിവര്‍ക്കെതിരെയാണ് നടപടി. കേസില്‍ മൂന്നു പേരും ജാമ്യത്തിലാണ്.

അതേസമയം അമ്മു മരണത്തില്‍ അധ്യാപകനെതിരെ കുടുംബം പൊലീസില്‍ പരാതി നല്‍കി. ചുട്ടിപ്പാറ നഴ്‌സിങ് കോളജിലെ സൈക്യാട്രി വിഭാഗം അധ്യാപകന്‍ സജിക്കെതിരെയാണ് അമ്മുവിന്റെ അച്ഛന്‍ സജീവ് പരാതി നല്‍കിയത്. ലോഗ് ബുക്ക് കാണാതായെന്ന് പറഞ്ഞ് അമ്മുവിനെ അധ്യാപകന്‍ സജിയും കേസില്‍ പ്രതികളായ വിദ്യാര്‍ഥിനികളും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ചുവെന്ന് അച്ഛന്‍ സജീവന്റെ പരാതി.

പ്രതികളായ വിദ്യാര്‍ഥിനികളെ ഒരു വശത്തും അമ്മുവിനെ ഒരു വശത്തും നിര്‍ത്തികൊണ്ട് കൗണ്‍സിലിങ് എന്ന പേരില്‍ കുറ്റവിചാരണ നടത്തുകയായിരുന്നു. രണ്ടു മണിക്കൂറിലധികമാണ് അധ്യാപകനായ സജി അമ്മുവിനെ കുറ്റവിചാരണ ചെയ്തതെന്നും ഇതിനുശേഷമാണ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് അമ്മു വീണ് മരിച്ചതെന്നും അച്ഛന്‍ സജീവ് പറഞ്ഞു.

നേരത്തെ കേസില്‍ പത്തനംതിട്ട ഡിവൈഎസ്പിക്ക് മുന്‍പില്‍ ഹാജരായി അമ്മുവിന്റെ മാതാപിതാക്കള്‍ മൊഴി നല്‍കിയിരുന്നു. മകള്‍ക്ക് സഹപാഠികളായ മൂന്ന് വിദ്യാര്‍ത്ഥിനികളില്‍ നിന്ന് ഏല്‍ക്കേണ്ടിവന്ന മാനസിക പീഡനത്തെക്കുറിച്ച് വിശദമായ മൊഴി നല്‍കിയെന്ന് അച്ഛന്‍ പറഞ്ഞു

‘ഇവിടെയാരും ഒറ്റപ്പെട്ടുപോകില്ല, ഈ സര്‍ക്കാരിന്റെയും നാടിന്റെയും ഉറപ്പാണ്’

‘ഇവിടെയാരും ഒറ്റപ്പെട്ടുപോകില്ല, ഈ സര്‍ക്കാരിന്റെയും നാടിന്റെയും ഉറപ്പാണ്’

തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ കുടുംബമൊന്നാകെ ഇല്ലാതാവുകയും പിന്നീടുണ്ടായ അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ഒരിടത്തും ഒറ്റപ്പെട്ടുപോകില്ലെന്ന് അന്നേ സര്‍ക്കാര്‍ ഉറപ്പു നല്‍കിയതാണെന്നും ഇന്നത് പാലിക്കുകയും ചെയ്‌തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ശ്രുതി ജോലിയില്‍ പ്രവേശിച്ചതോടെ ആ ഉറപ്പ് പാലിക്കപ്പെട്ടിരിക്കുന്നു. ചേര്‍ത്തുനിര്‍ത്തലിന്റെ ഇത്തരം മാതൃകകളാണ് കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകാന്‍ നമുക്ക് പ്രേരകമാവുന്നത്. ഇവിടെയാരും ഒറ്റപ്പെട്ടുപോകില്ലെന്നത് ഈ സര്‍ക്കാരിന്റെയും നാടിന്റെയും ഉറപ്പാണ്. അത് പാലിക്കപ്പെടുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പ്

പ്രതിസന്ധികള്‍ നേരിടുമ്പോള്‍ ആരും ഒറ്റപ്പെട്ടു പോകരുത് എന്ന കരുതലാണ് അതിജീവനത്തിന്റെ ഉന്നതമായ മാതൃകകള്‍ തീര്‍ക്കുന്നത്. മഹാമാരികളും പ്രകൃതിദുരന്തങ്ങളും നേരിട്ട കേരളം ആ ദുരിതങ്ങളെയെല്ലാം മറികടന്ന് മുന്നേറുന്നതും നമ്മുടെ ഐക്യബോധത്തിന്റെ കരുത്തിലാണ്. ദുരന്തബാധിതരെ ചേര്‍ത്ത് നിര്‍ത്തി പ്രതീക്ഷയുടെ നാളെയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ പ്രതിജ്ഞാബദ്ധമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. സമഗ്രമായ പിന്തുണാ സംവിധാനങ്ങള്‍ ഇതിനായി ഒരുക്കുമെന്നത് ഈ സര്‍ക്കാര്‍ നല്‍കുന്ന വെറും വാഗ്ദാനമല്ല, മറിച്ച് ആ മനുഷ്യര്‍ക്ക് നല്‍കുന്ന കരുത്തുറ്റ ഉറപ്പാണ്.

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി ഇന്ന് റവന്യൂ വകുപ്പില്‍ ഉദ്യോഗസ്ഥയായി പ്രവേശിച്ചിരിക്കുന്നു. ക്ലര്‍ക്ക് തസ്തികയില്‍ ചുമതലയേറ്റതോടെ ശ്രുതിക്ക് നിയമനം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ചൂരല്‍മല ഉരുള്‍പൊട്ടലില്‍ അച്ഛനും അമ്മയും സഹോദരിയുമടക്കം ഒമ്പത് കുടുംബാംഗങ്ങളെ നഷ്ടമായ ശ്രുതിക്ക് താങ്ങും തണലുമായത് പ്രതിശ്രുത വരന്‍ ജെന്‍സനായിരുന്നു. പിന്നീട് കല്പറ്റയിലുണ്ടായ വാഹനാപകടത്തില്‍ ജെന്‍സണും മരണത്തിന് കീഴടങ്ങിയതോടെ ശ്രുതിയുടെ ജീവിതം ഈ നാടിനെയാകെ ദുഃഖത്തിലാഴ്ത്തി.

ശ്രുതി ഒരിടത്തും ഒറ്റപ്പെട്ടുപോകില്ലെന്ന് അന്നേ സര്‍ക്കാര്‍ ഉറപ്പു നല്‍കിയതാണ്. ഇന്ന് ശ്രുതി ജോലിയില്‍ പ്രവേശിച്ചതോടെ ആ ഉറപ്പ് പാലിക്കപ്പെട്ടിരിക്കുന്നു. ചേര്‍ത്തുനിര്‍ത്തലിന്റെ ഇത്തരം മാതൃകകളാണ് കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകാന്‍ നമുക്ക് പ്രേരകമാവുന്നത്. ഇവിടെയാരും ഒറ്റപ്പെട്ടുപോകില്ലെന്നത് ഈ സര്‍ക്കാരിന്റെയും നാടിന്റെയും ഉറപ്പാണ്. അത് പാലിക്കപ്പെടുക തന്നെ ചെയ്യും.

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരം പരിഗണനയില്‍

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരം പരിഗണനയില്‍

ആലപ്പുഴ: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകളുടെ രീതി പരിഷ്‌കരിക്കുന്നത് പരിഗണനയിലെന്ന് ഗതാഗത കമ്മീഷണര്‍ സിഎച്ച് നാഗരാജു. ആലപ്പുഴ കളര്‍കോട് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ അപകട സ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗതാഗത കമ്മീഷണര്‍.

ലേണേഴ്‌സ് കഴിഞ്ഞ് ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ പ്രൊബേഷന്‍ സമയമായി കണക്കാക്കല്‍, ഈ സമയം അപകടങ്ങള്‍ ഉണ്ടായില്ലെങ്കില്‍ യഥാര്‍ത്ഥ ലൈസന്‍സ് നല്‍കുന്നത് എന്നിവയടക്കം പരിഗണനയിലാണ്. ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷയില്‍ ചോദ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും. തിയറിറ്റിക്കല്‍ അറിവ് കൂടുതല്‍ ഉണ്ടാകണം. ലേണേഴ്‌സ് പരീക്ഷയില്‍ നെഗറ്റീവ് മാര്‍ക്കും ഉള്‍പ്പെടുത്തണം. എച്ചും എട്ടും മാത്രം എടുക്കുന്ന രീതി മാറ്റണമെന്നും അക്രഡിറ്റഡ് ഡ്രൈവിങ് കൂടുതല്‍ വരുമ്പോള്‍ മാറ്റം ഉണ്ടാകുമെന്നും ഗതാഗത കമ്മീഷണര്‍ പറഞ്ഞു.

സ്വകാര്യ വാഹനങ്ങള്‍ പണത്തിനോ അല്ലാതെയോ ഓടിക്കാന്‍ കൈമാറാന്‍ പാടില്ലെന്നും അങ്ങനെ കൊടുത്താല്‍ വാഹനം വാടകക്ക് നല്‍കിയതായി കണക്കാക്കാനാകുമെന്നും സിഎച്ച് നാഗരാജു പറഞ്ഞു. റോഡ് സുരക്ഷ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. പൊലീസിന്റെയും എംവിഡിയുടെയും സംയുക്ത പരിശോധനയും നടത്തുമെന്നും ഗതാഗത കമ്മീഷണര്‍ പറഞ്ഞു.

‘വയനാട് ദുരന്തത്തില്‍ 1 രൂപ നല്‍കിയില്ല, അമിത് ഷാ തെറ്റിദ്ധരിപ്പിക്കുന്നു

തിരുവനന്തപുരം: മുണ്ടക്കൈ, ചൂരല്‍മല ദുരന്തം വിവാദ വിഷയമാക്കി സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതൊരു ഖേദകരമായ നീക്കമാണ്. വിശദമായ പഠന റിപ്പോര്‍ട്ട് നല്‍കാന്‍ കേരളം വൈകിയതുകൊണ്ടാണ് പ്രത്യേക സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിക്കാത്തതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞതായി കാണുന്നത്. ഇത് തീര്‍ത്തും വസ്തുതാ വിരുദ്ധമായ കാര്യമാണെന്നും പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായിരുന്നു വയനാട്ടില്‍ സംഭവിച്ചത്. അതുകൊണ്ടാണ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കേന്ദ്രസംഘം ഇവിടെയെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും അവലോകനം നടത്തുകയും ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രിയെക്കുറിച്ച് പറഞ്ഞാല്‍ അദ്ദേഹം ആദ്യമായല്ല വയനാട് വിഷയത്തില്‍ പാര്‍ലമെന്റിനേയും പൊതുസമൂഹത്തേയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇല്ലാത്ത കാലാവസ്ഥാ റിപ്പോര്‍ട്ട് വ്യാജമായി ഉദ്ദരിച്ച് പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചു. കേന്ദ്രം ഉരുള്‍പൊട്ടലിനെപ്പറ്റി കൃത്യമായ മുന്നറിയിപ്പ് നല്‍കി. എന്നിട്ടും കേരളം എന്താണ് ചെയ്തതെന്നാണ് അദ്ദേഹം നേരത്തെ പാര്‍ലമെന്റില്‍ ഉന്നയിച്ചത്. അങ്ങനെയൊരു മുന്നൊരുക്കം ഉണ്ടായിരുന്നില്ലെന്ന് തെളിവ് സഹിതം വ്യക്തമാക്കപ്പെട്ടു. അന്നത്തേതിന്റെ ആവര്‍ത്തനമായി വേണം ഈ കഴിഞ്ഞ ദിവസത്തെ പാര്‍ലമെന്റിലുണ്ടായ പ്രസ്താവനയും കാണേണ്ടത്.

ഓഗസ്റ്റ് 10നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തമേഖല സന്ദര്‍ശിച്ചത്. ഒട്ടും വൈകാതെ തന്നെ ആ മാസം 17 ന് തന്നെ നിലവിലെ സ്ഥിതിഗതികളും ദുരന്തത്തിലുണ്ടായ നഷ്ടവും എന്‍ഡിആര്‍എഫ് നിര്‍ദേശ പ്രകാരം കേരളത്തിന് ആവശ്യപ്പെടാവുന്ന തുകയും ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കി. 1028 കോടി രൂപയുടെ പ്രാഥമിക സഹായമാണ് ആവശ്യപ്പെട്ടത്. കേരളം കണക്ക് നല്‍കിയില്ലെന്ന വാദം തെറ്റാണ്. മോദി വയനാട്ടില്‍ വന്ന് പോയിട്ട് 100 ദിവസം കഴിഞ്ഞു. പിഡിഎന്‍എ നല്‍കാന്‍ വൈകിയെന്ന വാദം തെറ്റാണ്. ഈ പ്രക്രിയയ്ക്ക് ചുരുങ്ങിയത് മൂന്ന് മാസം സമയം ആവശ്യമാണ്. എന്നാല്‍ കേരളം വളരെ കുറച്ച് സമയം മാത്രമാണ് എടുത്തത്. 583 പേജുള്ള വിശദവും സമഗ്രവുമായ റിപ്പോര്‍ട്ടാണ് സംസ്ഥാനം നല്‍കിയിട്ടുള്ളത്. ഇതിനിടെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് പണം നല്‍കിയപ്പോള്‍ കേരളത്തിന് ഒരു രൂപ പോലും നല്‍കിയില്ല.

ത്രിപുര, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കി. തൊടുന്യായം പറഞ്ഞാണ് കേരളത്തെ കേന്ദ്രം അവഗണിക്കുന്നത്. തീവ്രസ്വഭാവമുള്ള ദുരന്തമായി പ്രഖ്യാപിക്കണമെന്നായിരുന്നു കേരളത്തിന്റെ ആദ്യത്തെ ആവശ്യം. ദുരന്തബാധിതരുടെ എല്ലാ കടങ്ങളും എഴുതിത്തള്ളണമെന്നതായിരുന്നു രണ്ടാമത്തെ ആവശ്യം. മൂന്നാമതായി ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്നും അടിയന്തര സഹായം അനുവദിക്കണമെന്നായിരുന്നു മൂന്നാമത്തേത്. ഈ മൂന്ന് ആവശ്യങ്ങളില്‍ ഒന്നിനുപോലും അനുകൂല മറുപടികള്‍ നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്ദുജയുടെ മൊബൈൽ ഫോൺ ഫോർമാറ്റ് ചെയ്തത് അജാസ്; ഗൂഢാലോചന സംശയിച്ച് പൊലീസ്

ഇന്ദുജയുടെ മൊബൈൽ ഫോൺ ഫോർമാറ്റ് ചെയ്തത് അജാസ്; ഗൂഢാലോചന സംശയിച്ച് പൊലീസ്

പാലോട് നവ വധു ഇന്ദുജയുടെ ആത്മഹത്യയിൽ ഗൂഢാലോചന സംശയിച്ച് പൊലീസ്. അജാസിന്റെ ആസൂത്രണമാണോയെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇന്ദുജയുടെ മൊബൈൽ ഫോൺ അജാസ് ഫോർമാറ്റ് ചെയ്തു. ആത്മഹത്യക്ക് പിന്നാലെയാണ് ഫോൺ ഫോർമാറ്റ് ചെയ്തതെന്ന് പോലീസിന് സംശയം. തെളിവ് നശിപ്പിച്ചത് തന്നെയെന്നാണ് പോലീസ് സ്ഥിരീകരിക്കുന്നത്.

അജാസ് ആത്മഹത്യ ചെയ്ത ഇന്ദുജയുടെയും ഭർത്താവ് അഭിജിത്തിന്റെയും സുഹൃത്തായിരുന്നു. ഇന്ദുജയുടെ ഫോണിന്റെ പാസ്‌വേർഡ്‌ ഉൾപ്പെടെ അജാസിന് അറിയാമായിരുന്നു. അജാസിനെ കേന്ദ്രീകരിച്ചു കൂടുതൽ അന്വേഷണം നടത്താനാണ് പോലീസ് നീക്കം. ഇന്ദുജ ആതമഹത്യക്ക് മുൻപ് അവസാനം ഫോണിൽ വിളിച്ചത് അജാസിനെ ആയിരുന്നു. കേസിൽ ഭർത്താവ് അഭിജിത്തിന്റെയും അജാസിന്റെയും അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.അഭിജിത്താണ് കേസിലെ ഒന്നാം പ്രതി. അജാസിനെ രണ്ടാം പ്രതിയാക്കിയുമാണ് കേസ് എടുത്തിരിക്കുന്നത്അജാസ് മർദിക്കുന്നത് കണ്ടെന്നാണ് ഭർത്താവ് അഭിജിത്ത് മൊഴി നൽകിയിരുന്നു.

ശംഖുമുഖത്തു വെച്ച് അജാസ് ഇന്ദുജയെ മർദിച്ചെന്നാണ് മൊഴി. മരിച്ച ഇന്ദുജയുടെ കണ്ണിന് താഴെയും തോളിലുമായി മർദനത്തിൻറെ പാടുകളുണ്ടായിരുന്നു. മൂന്നുമാസം മുമ്പാണ് ഇന്ദുജയെ അഭിജിത്ത് വിവാഹം ചെയ്തത്. ഭർത്താവ് അഭിജിത്തും സുഹൃത്ത് അജാസും നടത്തിയ മാനസിക പീഡനവും മർദ്ദനവുമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പോലീസ് കണ്ടെത്തൽ.