by Midhun HP News | Dec 9, 2024 | Latest News, കേരളം
തൃശൂര്: അഷ്ടമി വിളക്കായ ഞായറാഴ്ച രാത്രി ഗുരുവായൂരപ്പന് സ്വര്ണ്ണക്കോലത്തില് എഴുന്നള്ളി. വിശേഷ വിളക്കിന്റെ നാലാം പ്രദക്ഷിണത്തിന് കൊമ്പന് ഗോകുലാണ് സ്വര്ണ്ണക്കോലമേറ്റിയത്. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില് ഒരാന മാത്രമായിട്ടായിരുന്നു എഴുന്നള്ളിപ്പ്.
ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയനുസരിച്ച് ഏകാദശിയോടനുബന്ധിച്ചുള്ള എഴുന്നളളിപ്പുകള്, ക്ഷേത്രത്തിനുള്ളിലെ എഴുന്നള്ളിപ്പ്, കേശവന് അനുസ്മരണം എന്നിവ നടത്താന് കഴിഞ്ഞ ദിവസം ചേര്ന്ന ഗുരുവായൂര് ദേവസ്വം ഭരണസമിതി യോഗമാണ് തീരുമാനിച്ചത്. ആനകള് തമ്മിലുള്ള അകലം, ആനകളും ആള്ക്കാരും തമ്മിലുള്ള അകലം, ആനയും തീപ്പന്തങ്ങളും തമ്മിലുള്ള അകലം എന്നിവയില് കോടതി നിര്ദേശ പ്രകാരമുള്ള നിബന്ധനകള് പാലിക്കും. ശീവേലിക്കുള്ളതുപോലെ കാഴ്ച ശീവേലിക്കും ഒരു ആനയെ മാത്രമായി പരിമിതപ്പെടുത്താനും യോഗത്തിലാണ് തീരുമാനിച്ചത്.
ഏകാദശി ദിവസത്തെ ശ്രീപാര്ത്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പ് രാവിലെ 6.30 മണിക്ക് പുറപ്പെടും. ഒരു ആനയെ പങ്കെടുപ്പിച്ചാകും എഴുന്നള്ളിപ്പ്. ക്ഷേത്രം കിഴക്കേദീപസ്തംഭത്തിന്റെ സമീപത്തു നിന്ന് പുറപ്പെട്ട് പാര്ത്ഥസാരഥി ക്ഷേത്രത്തിലേക്ക് പുറപ്പെടുന്ന എഴുന്നള്ളിപ്പ് തിരിച്ച് 9 മണിക്കുള്ളില് ഗുരുവായൂര് ക്ഷേത്രത്തില് തിരിച്ചെത്തും. ക്ഷേത്രത്തിലെ ശീവേലി വിളക്ക് എഴുന്നള്ളിപ്പിന് ഒരു ആനയെ മാത്രം പങ്കെടുപ്പിച്ചാല് മതിയെന്നും യോഗം തീരുമാനിച്ചു.
by Midhun HP News | Dec 9, 2024 | Latest News, കേരളം
കൊച്ചി: മുനമ്പം ഭൂമി പ്രശ്നത്തില് നിലപാട് തേടി സർക്കാർ നിയോഗിച്ച ജുഡീഷ്യല് കമ്മീഷന് ബന്ധപ്പെട്ടവര്ക്ക് കത്തയച്ചു. റവന്യൂ വകുപ്പ്, വഖഫ് ബോര്ഡ്, ഫാറുഖ് കോളജ് തുടങ്ങിയവയ്ക്കാണ് കത്തയച്ചത്. രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്കാനാണ് നിര്ദേശം.
ഭൂമിയുടെ രേഖകള്, സ്വഭാവം, ക്രയവിക്രയം എല്ലാം അറിയിക്കാനാണ് കത്തില് നിര്ദേശിച്ചിട്ടുള്ളത്. മുനമ്പം ആക്ഷന് കൗണ്സിലിനോടും ജസ്റ്റിസ് സി എന് രാമചന്ദ്രന് നായര് വിവരം തേടിയിട്ടുണ്ട്. ജനുവരിയില് ഹിയറിങ് തുടങ്ങുമെന്നാണ് ജുഡീഷ്യല് കമ്മീഷന് അറിയിക്കുന്നത്. മുനമ്പം ഭൂപ്രശ്നവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ കമ്മീഷൻ മുനമ്പം വേളാങ്കണ്ണി മാതാ പള്ളിയും സമരപ്പന്തലും സന്ദർശിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. നോഡൽ ഓഫീസറായ തഹസിൽദാർ ഹെർട്ടിസും സംഘവും ഒപ്പമുണ്ടായിരുന്നു. മുനമ്പം ഭൂമി പ്രശ്നം പഠിച്ച് മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ ജുഡീഷ്യൽ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
by Midhun HP News | Dec 9, 2024 | Latest News, കേരളം
ആഗോള തലത്തില് ശതകോടീശ്വരന്മാരുടെ എണ്ണത്തില് ഇന്ത്യ മൂന്നാം സ്ഥാനത്ത്. ശതകോടീശ്വരന്മാരുടെ എണ്ണത്തില് അമേരിക്കയ്ക്കും ചൈനയ്ക്കും തൊട്ടുതാഴെ ഇന്ത്യയാണെന്ന് ‘UBS’ Billionaire Ambitions’ റിപ്പോര്ട്ട് പറയുന്നു.
835 ശതകോടീശ്വരന്മാരുമായി അമേരിക്കയാണ് മുന്നിട്ടുനില്ക്കുന്നത്. 427 പേരുമായി രണ്ടാം സ്ഥാനത്താണ് ചൈന. ഇന്ത്യയില് ശതകോടീശ്വരന്മാരുടെ എണ്ണത്തില് 2024ല് ദ്രുതഗതിയിലുള്ള വളര്ച്ചയാണ് ഉണ്ടായത്. ഒരു വര്ഷത്തിനുള്ളില് 32 പുതിയ പേരുകള് കൂടി ശതകോടീശ്വരന്മാരുടെ പട്ടികയില് ഇടംപിടിച്ചു. രാജ്യത്ത് മൊത്തം 185 ശതകോടീശ്വരന്മാരാണ് ഉള്ളത്.
ശതകോടീശ്വരന്മാരുടെ എണ്ണത്തില് കുത്തനെയുള്ള വര്ധനയ്ക്കാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. ഒരു വര്ഷം കൊണ്ട് 21 ശതമാനം വര്ധന. 2015 മുതലുള്ള കണക്ക് പരിശോധിച്ചാല് രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം ഇരട്ടിയിലധികമായി. 123 ശതമാനം വര്ധനയാണ് ഉണ്ടായതെന്നും റിപ്പോര്ട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്ഷം ഇന്ത്യന് ശതകോടീശ്വരന്മാരുടെ മൊത്തം സമ്പത്ത് 42.1 ശതമാനമാണ് ഉയര്ന്നത്. മൊത്തം സമ്പത്ത് 90,560 കോടി ഡോളറിലെത്തി. ഇന്ത്യയുടെ ശക്തമായ സാമ്പത്തിക കുതിച്ചുചാട്ടവും ആഗോള സമ്പത്ത് സൃഷ്ടിക്കുന്നതില് പ്രധാന പങ്ക് വഹിക്കുന്നതും ഈ വളര്ച്ചയ്ക്ക് കാരണമായി റിപ്പോര്ട്ട് ചൂണ്ടിക്കാണിക്കുന്നു.
അമേരിക്കയിലും ശതകോടീശ്വരന്മാരുടെ എണ്ണത്തില് ഗണ്യമായ വര്ധന ഉണ്ടായി. 2024-ല് 84 പേരാണ് പുതുതായി പട്ടികയില് ഇടംപിടിച്ചത്. മൊത്തം സമ്പത്ത് 4.6 ലക്ഷം കോടി ഡോളറില് നിന്ന് 5.8 ലക്ഷം കോടി ഡോളറായി ഉയര്ന്നു. എന്നാല് ചൈനയില് മൊത്തം സമ്പത്ത് കുറഞ്ഞു. ചൈനയിലെ ശതകോടീശ്വരന്മാരുടെ മൊത്തം സമ്പത്ത് 1.8 ലക്ഷം കോടി ഡോളറില് നിന്ന് 1.4 ലക്ഷം കോടി ഡോളറായി കുറഞ്ഞു. ഇതിന്റെ ഫലമായി 93 പേര് ശതകോടീശ്വരന്മാരുടെ പട്ടികയില് നിന്ന് പുറത്തായി.
by Midhun HP News | Dec 9, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: താലൂക്കുതലത്തില് പരാതിപരിഹാരത്തിന് മന്ത്രിമാരുടെ നേതൃത്വത്തില് നടത്തുന്ന അദാലത്തിന് ഇന്ന് തുടക്കമാകും. ‘കരുതലും കൈത്താങ്ങും’ താലൂക്കുതല അദാലത്തിന് തിങ്കളാഴ്ച തിരുവനന്തപുരം താലൂക്ക് അദാലത്തോടെയാണ് തുടക്കമാകുക. സംസ്ഥാനതല ഉദ്ഘാടനം ഗവ. വിമെന്സ് കോളജില് രാവിലെ ഒന്പതിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്വഹിക്കും. മന്ത്രി ജി ആര് അനില് അധ്യക്ഷത വഹിക്കും. മന്ത്രി വി ശിവന്കുട്ടിയും പങ്കെടുക്കും. തത്സമയം തീര്പ്പാക്കാവുന്നവ അദാലത്തില് പരിഹരിക്കും.
ജനുവരി 13 വരെ നീളുന്ന അദാലത്തില് തത്സമയം തീര്പ്പാക്കാവുന്നവ അദാലത്തില് തന്നെ പരിഹരിക്കും. ശനിയാഴ്ചവരെ 8336 പരാതികളാണ് ലഭിച്ചത്. karuthal.kerala.gov.in എന്ന വെബ്സൈറ്റ് വഴി സ്വന്തമായോ അക്ഷയ സെന്റര് വഴിയോ താലൂക്ക് ഓഫീസിലെ ഹെല്പ്പ് ഡെസ്ക് വഴിയോ പരാതി നല്കാം.
അദാലത്ത് നടക്കുന്ന സ്ഥലത്ത് ഹെല്പ്പ് ഡെസ്കിലും പരാതി സ്വീകരിക്കും. പോര്ട്ടല് വഴി ലഭിക്കുന്നവ കലക്ട്രേറ്റുകളില് നിന്ന് ബന്ധപ്പെട്ട വകുപ്പിലേക്ക് നല്കും. നടപടിയെടുത്ത് അതേ പോര്ട്ടല് വഴി തിരികെ നല്കും.
by Midhun HP News | Dec 9, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശബരിമല സീസണ് പരിഗണിച്ച് പ്രത്യേക ട്രെയിന് സര്വീസ് അനുവദിച്ച് റെയില്വേ. ഹൈദരാബാദിലെ കാച്ചിഗുഡയില് നിന്നും കോട്ടയത്തേക്കാണ് പ്രത്യേക ട്രെയിന് അനുവദിച്ചത്. ജനുവരി 2, 9, 16, 23 തീയതികളില് ഹൈദരാബാദില് നിന്ന് കോട്ടയത്തേക്ക് സര്വീസ് ഉണ്ടാകും.
ജനുവരി 3, 10, 17, 24 തീയതികളില് കോട്ടയത്തു നിന്നും ഹൈദരാബാദിലേക്കും ട്രെയിന് സര്വീസ് നടത്തും. വൈകീട്ട് 3.40 ന് ഹൈദരാബാദില് നിന്നും പുറപ്പെടുന്ന ട്രെയിന് പിറ്റേന്ന് വൈകീട്ട് 6.50 ന് കോട്ടയത്ത് എത്തിച്ചേരും.രാത്രി 8. 30 ന് കോട്ടയത്തു നിന്നും പുറപ്പെടുന്ന മടക്ക ട്രെയിന് പിറ്റേന്ന് രാത്രി 11. 40 ന് ഹൈദരാബാദില് എത്തിച്ചേരുമെന്നും റെയില്വേ അറിയിച്ചു.
Recent Comments