by Midhun HP News | Nov 22, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: എസ്.എന്.ഡി.പി യോഗം ആറ്റിങ്ങല് യൂണിയന് നേതൃസംഗമം നാളെ നടക്കും. നാളെ ഉച്ചക്ക് 3 മണിക്ക് യൂണിയൻ ഹാളില് യൂണിയൻ വൈസ് പ്രസിഡന്റ് വി.ഷാജിയുടെ അദ്ധ്യക്ഷതയില് യൂണിയന് പ്രസിഡന്റ് എസ്.ഗോകുല്ദാസ് ഉദ്ഘാടനം ചെയ്യും.
യൂണിയൻ കൗണ്സിലർമാര്, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങള്, വനിതാസംഘം യൂണിയന് ഭാരവാഹികള്, യൂത്ത്മൂവ്മെന്റ് യൂണിയന് ഭാരവാഹികള്, സൈബര്സേന യൂണിയന് ഭാരവാഹികള്, മറ്റ് പോഷക സംഘടന നേതാക്കള്, ശാഖ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ശാഖ വനിതാസംഘം പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, യൂത്ത്മൂവ്മെന്റ് ശാഖ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി കുടുംബ യൂണിറ്റ് കണ്വീനര്മാര്, ജോയിന് കണ്വീനര്മാര്, മൈക്രോഫിനാന്സ് യൂണിറ്റ് കണ്വീനര്മാര്, ജോയിന് കണ്വീനര്മാര്, ശാഖ സൈബര് സേന ഭാരവാഹികള്, യൂണിയന് സെക്രട്ടറി ഇന് ചാര്ജ് രഞ്ചുദാസ് ചെറുവള്ളിമുക്ക് തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Nov 22, 2024 | Latest News, ജില്ലാ വാർത്ത
കഴക്കൂട്ടം: മുനമ്പം വഖ്ഫ് ഭൂമി പ്രശ്നത്തിന് നീതിയുക്തമായ പരിഹാരമാണ് വേണ്ടതെന്നും വിഷയത്തിൽ വർഗീയ ചേരി തിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ നേതൃസംഗമം അഭിപ്രായപ്പെട്ടു. സമൂഹത്തിൽ ചിദ്രതയുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാൻ നോക്കുന്നവരെ തിരിച്ചറിയണം.
വർഗീയതയും ഭിന്നിപ്പും സമൂഹത്തിൽ ഉണ്ടാക്കി മുതലെടുപ്പ് നടത്താനുള്ള ശ്രമം ഈ വിഷയത്തിലും സജീവമായി നടക്കുന്നുണ്ട്. അതിന് വളം വെച്ചുകൊടുക്കാതിരിക്കാൻ പൊതുസമൂഹം ശ്രദ്ധിക്കണം. വിഷയത്തിൽ ഉത്തരവാദപ്പെട്ടവർ നീതിയുക്തമായ പരിഹാരം കാണാൻ അമാന്തിക്കരുതെന്നും സംഗമം അഭിപ്രായപ്പെട്ടു.
കഴക്കൂട്ടം സലഫി ദഅ് വ സെന്ററിൽ നടന്ന നേതൃസംഗമം വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് ഹാറൂൺ വള്ളക്കടവ് ഉദ്ഘാടനം ചെയ്തു. അൻസാറുദ്ധീൻ സ്വലാഹി അധ്യക്ഷനായി. ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി നസീൽ കണിയാപുരം, ജില്ലാ ജോയിന്റ് സെക്രട്ടറി സൈഫുദ്ധീൻ കൊല്ലായി, പ്രൊഫഷണൽ വിംഗ് ജില്ലാ കൺവീനർ ജാസർ തുടങ്ങിയവർ സംസാരിച്ചു. വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി നസീം അഴിക്കോട് സ്വാഗതവും ജില്ലാ ട്രഷറർ മുഹമ്മദ് ഷാൻ സലഫി നന്ദിയും പറഞ്ഞു.
by Midhun HP News | Nov 22, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മതാടിസ്ഥാനത്തില് വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച സംഭവത്തില് ഐഎഎസ് ഉദ്യോഗസ്ഥനായ കെ ഗോപാലകൃഷ്ണനെതിരെ പൊലീസിന്റെ പ്രാഥമികാന്വേഷണം. നാര്ക്കോട്ടിക് സെല് അസിസ്റ്റന്റ് കമ്മീഷണറെയാണ് മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദം അന്വേഷിക്കാന് നിയോഗിച്ചിരിക്കുന്നത്. കൊല്ലം ഡിസിസി ജനറല് സെക്രട്ടറി നല്കിയ പരാതിയിലാണ് അന്വേഷണം.
പ്രാഥമിക അന്വേഷണത്തില് വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം കണ്ടെത്തിയാല് കേസെടുത്ത് മുന്നോട്ടു പോകാനാണ് പൊലീസിന്റെ തീരുമാനം. വിവാദത്തില് ഗോപാലകൃഷ്ണനെതിരെ അന്വേഷണം നടത്താമോയെന്ന കാര്യത്തില് പൊലീസ് നിയമോപദേശം തേടിയിരുന്നു. മതപരമായ വിഭാഗീയത ഉണ്ടാക്കാന് ഗ്രൂപ്പ് തുടങ്ങിയതില് കേസെടുക്കാമെന്നാണ് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര് മുഖാന്തരം സിറ്റി പൊലീസ് കമ്മീഷണര്ക്ക് നല്കിയ നിയമോപദേശത്തില് പറയുന്നത്.
അതേസമയം കേസെടുക്കുന്ന കാര്യത്തില് അവ്യക്തതയുണ്ട്. എന്നാല് രേഖകള് മുഴുവന് പരിശോധിക്കാതെയുള്ള നിയമോപദേശമാണിതെന്നും വ്യക്തതക്കുറവുണ്ടെന്നുമാണ് പൊലീസ് നിലപാട്. അതിനാല് പൊലീസ് വീണ്ടും നിയമോപദേശം തേടിയേക്കും. വിവാദത്തെത്തുടര്ന്ന് ഗോപാലകൃഷ്ണനെ സസ്പെന്ഡ് ചെയ്തിരുന്നു. ഫോണ് ഹാക്ക് ചെയ്തതാണെന്നാണ് ഗോപാലകൃഷ്ണന്റെ വിശദീകരണം.
by Midhun HP News | Nov 22, 2024 | Latest News, കേരളം
മലപ്പുറം: പെരിന്തല്മണ്ണയില് ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്ണം കവര്ന്ന കേസില് നാലുപേര് കസ്റ്റഡിയില്. കണ്ണൂര്, തൃശൂര് സ്വദേശികളായ നാലുപേരെയാണ് തൃശൂര് ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വാഹന പരിശോധനയ്ക്കിടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിടിയിലായവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കവര്ച്ചാസംഘത്തില് അഞ്ചുപേര് കൂടിയുണ്ടെന്നാണ് വിവരം.
കണ്ണൂര് സ്വദേശികളായ പ്രഭുലാല്, ലിജിന്രാജന്, തൃശൂര് വരന്തരപ്പള്ളി സ്വദേശികളായ നിഖില്, സജിത് സതീശന് എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇവരില് നിന്നും കവര്ന്ന സ്വര്ണം കണ്ടെടുത്തിട്ടില്ല. കവര്ച്ചാ സംഘത്തിലെ മറ്റു സംഘാംഗങ്ങള്ക്കായി പൊലീസ് ഊര്ജ്ജിത തിരച്ചില് നടത്തി വരികയാണ്.
എം കെ ജ്വല്ലറി ഉടമ കിണാത്തിയില് യൂസഫ്(50) അനുജന് ഷാനവാസ് എന്നിവരെയാണ് ആക്രമിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടര് ഇടിച്ചു വീഴ്ത്തി മൂന്നര കിലോ സ്വര്ണം കവരുകയായിരുന്നു. രണ്ടരക്കോടി രൂപയിലേറെ വില വരുന്ന സ്വർണമാണ് കവർന്നത്. പെരിന്തല്മണ്ണ പട്ടാമ്പി റോഡില് അലങ്കാര് തിയേറ്ററിന് സമീപം രാത്രി 8.45 നാണ് സംഭവം.
പതിവുപോലെ ജ്വല്ലറി അടച്ചശേഷം സ്വർണാഭരണങ്ങളുമായി സ്കൂട്ടറില് വീട്ടിലേക്ക് പോവുകയായിരുന്നു യൂസഫും സഹോദരനും. കാറിൽ ഇരുവരെയും പിന്തുടര്ന്നെത്തിയ സംഘം സ്കൂട്ടര് ഇടിച്ചിടുകയായിരുന്നു. യൂസഫിന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിക്കുകയും മുഖത്തിടിക്കുകയും ചെയ്തശേഷം സ്വര്ണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് കടന്നുകളയുകയായിരുന്നു. കെ എം ജ്വല്ലറി ബില്ഡിങ് ഓടിട്ട കെട്ടിടത്തിലായതിനാല് ആഭരണങ്ങള് കടയില് സൂക്ഷിക്കാതെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു പതിവ്.
by Midhun HP News | Nov 22, 2024 | Latest News, കേരളം
കല്പ്പറ്റ: കേരളത്തില് ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നു മണ്ഡലങ്ങളിലെ ജനവിധി നാളെ അറിയാം. സംസ്ഥാനത്ത് വയനാട് ലോക്സഭ സീറ്റിലും ചേലക്കര, പാലക്കാട് അസംബ്ലി മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടന്നത്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണല് തുടങ്ങുക. 10 മണിയോടെ വിജയികള് ആരാണ് എന്നതില് വ്യക്തതയുണ്ടാകും.
രാഹുല് ഗാന്ധി രാജിവെച്ചതിനെത്തുടര്ന്ന് ഒഴിവു വന്ന വയനാട് സീറ്റില് സഹോദരി പ്രിയങ്ക ഗാന്ധിയെയാണ് കോണ്ഗ്രസ് മത്സരിപ്പിക്കുന്നത്. സിപിഐ നേതാവ് സത്യന് മൊകേരിയാണ് എല്ഡിഎഫ് സ്ഥാനാര്ത്ഥി. കോഴിക്കോട് കോര്പ്പറേഷന് കൗണ്സിലര് നവ്യ ഹരിദാസിനെയാണ് ബിജെപി സ്ഥാനാര്ത്ഥിയാക്കിയത്. ചേലക്കരയില് യു വി പ്രദീപ് (എല്ഡിഎഫ്), രമ്യ ഹരിദാസ് ( യുഡിഎഫ്), ബാലകൃഷ്ണന് (ബിജെപി) എന്നിവരും, പാലക്കാട് ഡോ. പി സരിന് (എല്ഡിഎഫ്), രാഹുല് മാങ്കൂട്ടത്തില് ( യുഡിഎഫ്), സി കൃഷ്ണകുമാര് (ബിജെപി) എന്നിവരും ജനവിധി തേടുന്നു. വീറുറ്റ പോരാട്ടം നടന്ന പാലക്കാട് ഇത്തവണ വിജയം ഉറപ്പാണെന്നാണ് മൂന്നു മുന്നണികളുടെയും അവകാശവാദം.

Recent Comments