by Midhun HP News | Apr 24, 2026 | Latest News, കേരളം
ഡൽഹി: ഇന്ത്യയെ ‘നരകക്കുഴി’ എന്ന് അധിക്ഷേപിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ പരാമർശത്തിനെതിരെ രൂക്ഷഭാഷയിൽ പ്രതികരിച്ച് ഇന്ത്യ. ട്രംപിന്റെ പരാമർശം ‘അനുചിതവും വിവരക്കേടും മോശവുമാണെന്ന്’ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യയെ കുറിച്ചുള്ള പരാമര്‍ശവും അതിനു മറുപടിയായി യുഎസ് എംബസി പുറത്തിറക്കിയ പ്രസ്താവനയും കണ്ടു. വളരെക്കാലമായി പരസ്പര ബഹുമാനത്തില്‍ തുടരുന്ന ഇന്ത്യ- യുഎസ് ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതല്ല ഈ പരാമര്‍ശമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും ഗര്‍ഭിണികള്‍ പ്രസവത്തിനായി യുഎസില്‍ എത്തുന്നുവെന്നും അതിലൂടെ അവര്‍ക്ക് ഇന്‍സ്റ്റന്റ് പൗരത്വം ലഭിക്കുന്നു എന്നുമുള്ള രാഷ്‍ട്രീയ നിരീക്ഷകനും റേഡിയോ അവതാരകനുമായ മൈക്കിൾ സാവേജ് പോസ്റ്റ് ചെയ്ത കത്ത് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചുകൊണ്ടായിരുന്നു ഡോണൾഡ് ട്രംപിൻ്റെ അധിക്ഷേപം. അധിക്ഷേപ പോസ്റ്റ് സോഷ്യഷ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിന് മണിക്കൂറുകൾക്ക് പിന്നാലെ യുഎസ് എംബസി മറ്റൊരു പ്രസ്താവന പുറത്തിറക്കി.
ഇന്ത്യ മഹത്തായ രാജ്യമാണെന്നും നല്ല സുഹൃത്താണെന്നുമാണ് അമേരിക്കൻ വിശ്വസിക്കുന്നതെന്നും യുഎസ് എംബസി വ്യക്തമാക്കി. അതേസമയം ട്രംപിൻ്റെ പരാമർശത്തിൽ മോദിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ തിരിച്ചടിച്ചു. മോദിജിയുടെ പ്രിയ സുഹൃത്ത്, ഇന്ത്യയെ അധിക്ഷേപിക്കുകയും അങ്ങേയറ്റം നിന്ദ്യമായ ഒരു പദം ഉപയോഗിക്കുകയും ചെയ്യുന്ന കുറിപ്പ് പങ്കുവെച്ചിട്ടും മോദി മൗനം പാലിക്കുകയാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാർക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വമേധയാ പൗരത്വം നൽകുന്ന നിയമം ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു സാവേജിന്‍റെ കത്ത്. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും മറ്റു നരകക്കുഴികളിൽ നിന്നുമുള്ള ജനങ്ങൾ അവരുടെ ഗർഭത്തിന്റെ ഒമ്പതാം മാസം അമേരിക്കയിലെത്തി കുഞ്ഞിന് ജന്മം നൽകുകയാണെന്നും അതോടെ ആ കുഞ്ഞുങ്ങൾക്ക് ഉടൻ പൗരത്വം ലഭിക്കുകയാണെന്നും സാവേജിന്റെ കത്തിലുണ്ട്.

by Midhun HP News | Apr 24, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്. പവന് 1040 രൂപയാണ് ഇന്നു താഴ്ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,12,160 രൂപ. ഗ്രാമിന് 130 രൂപ കുറഞ്ഞ് 14,020 ആയി. ഇന്നലെയും സ്വര്‍ണ വിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പവന് 880 രൂപയാണ് ഇന്നലെ കുറഞ്ഞത്. രണ്ടു ദിവസത്തിലുണ്ടായ കുറവ് 1920 രൂപ.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ഉണ്ടായ അനിശ്ചിതാവസ്ഥയാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. ആഗോള വിപണിയില്‍ എണ്ണ വില ഉയര്‍ന്നിരിക്കുന്നതും ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലും സ്വര്‍ണ വിലയെ സ്വാധീനിക്കുന്നുണ്ട്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില നൂറു ഡോളറിനു മുകളിലാണ്.

by Midhun HP News | Apr 24, 2026 | Latest News, ദേശീയ വാർത്ത
ഡൽഹി: രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട രണ്ട് പേരെ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന പാക് ഗുണ്ടാസംഘങ്ങളുമായി ചേർന്ന് ഇന്ത്യയിൽ ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായി എടിഎസ് അറിയിച്ചു. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശി തുഷാർ ചൗഹാൻ എന്ന ഹിസ്ബുള്ള അലി ഖാൻ (20), ഡൽഹി ഓൾഡ് സീമാപുരി സ്വദേശി സമീർ ഖാൻ (20) എന്നിവരാണ് പിടിയിലായത്.
ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ തകർക്കാൻ ഐഎസ്ഐയുടെ നിർദേശപ്രകാരം പാകിസ്താനിലെ ഗുണ്ടാസംഘങ്ങളും ഭീകര സംഘടനകളും പ്രവർത്തിക്കുന്നുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ഇന്ത്യയിലെ യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കുകയും ‘സ്ലീപ്പർ സെല്ലുകളിൽ’ ചേർക്കുകയും ഭീകരാക്രമണങ്ങൾ നടത്താൻ പ്രേരിപ്പിക്കുകയുമാണ് ഇവരുടെ രീതി. ഗൂഢാലോചനയുടെ ഭാഗമായി തുഷാർ ചൗഹാനും സമീർ ഖാനും പാകിസ്ഥാനിലെ ഗുണ്ടകളായ ഷഹ്സാദ് ഭട്ടി, ആബിദ് ജാട്ട് എന്നിവരുമായി ബന്ധം സ്ഥാപിച്ചു. ഇന്ത്യയിൽ ആക്രമണത്തിന് ഇവർ പദ്ധതിയിടുന്നതിനിടെ വിവരം ലഭിച്ച എടിഎസ് നോയിഡയിൽ വെച്ച് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരിൽ നിന്ന് ആയുധങ്ങളും മൊബൈൽ ഫോണുകളും പിടികൂടിയിട്ടുണ്ട്.

by Midhun HP News | Apr 24, 2026 | Latest News, കേരളം
നന്ദഗോവിന്ദം ഭജന്‍സിന് പിന്തുണയുമായി ശ്രീകുമാര്‍ തമ്പി. ക്ഷേത്രോത്സവത്തില്‍ ക്രീസ്തീയ ഭക്തിഗാനം പാടിയതിന് നന്ദഗോവിന്ദം ഭജന്‍സിന് കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. നന്ദഗോവിന്ദത്തോട് ക്രിസ്തീയ ഭക്തിഗാനം പാടരുതെന്ന് പറയാന്‍ ആര്‍ക്കാണ് അവകാശമെന്നാണ് ശ്രീകുമാരന്‍ തമ്പി ചോദിക്കുന്നത്.
മാതൃഭൂമിയിലെഴുതിയ ലേഖനത്തിലൂടെയായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ പ്രതികരണം. സംഗീതത്തിന് എന്തിനാണ് ജാതിമത വേരുകളെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഹിന്ദുവായ താന്‍ എത്രയോ ക്രിസ്ത്യന്‍ ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. തന്നോട് എഴുതരുതെന്ന് പറയാന്‍ ആര്‍ക്കാണവകാശമെന്നും അദ്ദേഹം ചോദിക്കുന്നു.
”നന്ദഗോവിന്ദം ഭജന്‍സ് ചെറുപ്പക്കാരുടെ ഒരു സംഘമാണ്. കോട്ടയത്ത് വെമ്പിന്‍കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി പ്രതിഫലം വാങ്ങാതെയാണ് അവര്‍ പരിപാടി നടത്തിയതെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. അതും ക്ഷേത്രത്തിനുപുറത്തുള്ള വേദിയില്‍. അതിനിടെ അവര്‍ ഒരുക്രിസ്തീയ ഭക്തിഗാനം പാടുകയും ചെയ്തു. അതു പാടില്ലത്രേ. അതുപറയാന്‍ ആര്‍ക്കാണവകാശം?” അദ്ദേഹം ചോദിക്കുന്നു.
ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പരിപാടികളിലും ഉത്സവവേളകളിലും സജീവമായി സഹകരിക്കുന്നത് അടുത്തുള്ള ക്രിസ്ത്യന്‍ ദേവാലയമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. ക്ഷേത്രത്തില്‍ ദീപങ്ങള്‍ കത്തുമ്പോള്‍ പള്ളിയിലും വിളക്കുതെളിയിക്കുന്നു. ഈ മനോഹരമായ സമന്വയത്തെ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത് എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.
തന്റെ നാടായ ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തില്‍ മുന്‍പ് കൊടിമരത്തിന്റെ കവുങ്ങ് കൊടുത്തിരുന്നത് മുസ്ലിം സഹോദരങ്ങളാണ്. തങ്ങളുടെ നാട്ടില്‍ ശബരിമലയില്‍പ്പോയി വന്നാല്‍ മാലയൂരുന്നത് അര്‍ത്തുങ്കല്‍ പള്ളിയിലാണ്. എരുമേലി പള്ളിയില്‍ പോയിട്ടല്ലേ എല്ലാവരും ശബരിമലയില്‍ പോകുന്നത് എന്നും അദ്ദേഹം ചോദിക്കുന്നു. സംഗീതത്തിനു മതമില്ല. അത് കലര്‍ത്താന്‍ ശ്രമിക്കുന്നത് അപലപനീയമാണെന്നും ശ്രീകുമാരന്‍ തമ്പി തുറന്നടിക്കുന്നു. സനാതനധര്‍മം എല്ലാ മനുഷ്യരെയും ഏകോപിപ്പിക്കുന്ന ദര്‍ശനമാണ്. സംഗീതവും അങ്ങനെത്തന്നെ. സംഗീതത്തില്‍ മതം കാണുന്നവര്‍, കലര്‍ത്തുന്നവര്‍ ഇതൊക്കെ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘സത്യനായകാ മുക്തി ദായകാ എന്ന തന്റെ ഹിറ്റു ഗാനം കേള്‍ക്കാത്തവരുണ്ടാകില്ല. എത്രയെത്ര വേദികളില്‍ അതു പാടുന്നു. എത്രയെത്ര ക്രിസ്ത്യന്‍ സഹോദരര്‍ അതു കേട്ടു കണ്ണീര്‍വാര്‍ക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.
”യേശുദാസിന്റെ ഹരിവരാസനം കേട്ടാണ് ശബരിഗിരീശന്‍ പള്ളിയുറങ്ങുന്നത്. ഗുരുവായൂരിന്റെ പകലുകളെ ഭക്തിസാന്ദ്രമാക്കുന്നത് യേശുവിന്റെ ശബ്ദമല്ലേ. മലയാളത്തിലെ മനോഹരമായ മാപ്പിളപ്പാട്ടുകളൊക്കെ എഴുതിയത് പി. ഭാസ്‌കരനല്ലേ. യൂസഫലി കേച്ചരി കൃഷ്ണഭക്തി ഗാനങ്ങളെഴുതിയിട്ടില്ലേ. അതു പാടിയത് യേശുദാസല്ലേ. ഉസ്താദ് ബിസ്മില്ലാ ഖാന്റെ ഷെഹനായി കേട്ടാണ് കാശി വിശ്വനാഥന്‍ ഉണരാറ് എന്നു കേട്ടിട്ടുണ്ട്” എന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു.

by Midhun HP News | Apr 24, 2026 | Latest News, കേരളം
തൃശൂര്‍: തൃശൂര്‍ കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച് പരിശോധന നടത്തുന്നു. ഉറക്കത്തില്‍ പാമ്പുകടിയേറ്റു മരിച്ച കാവുങ്ങല്‍ അല്‍ജോയുടെ വീട്ടിലാണ് പരിശോധന. തുടര്‍ച്ചയായി പാമ്പുകളെ കാണുന്ന സാഹചര്യത്തിലാണ് നടപടി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍, സ്‌നേക്ക് റെസ്‌ക്യൂവര്‍മാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന.
വീടിന്റെ ശുചിമുറിയുടെ പൈപ്പിന്റെ ഭാഗത്താണ് പൊളിച്ച് പരിശോധന നടത്തുന്നത്. അതുവഴിയാണ് പാമ്പ് അകത്തു കടക്കുന്നതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ആ ഭാഗം പൊളിക്കുന്നത്. ഇന്നലെയും രണ്ടു പാമ്പുകളെ വീടിനുള്ളില്‍ നിന്നും കണ്ടെത്തിയിരുന്നു. ശുചിമുറിയില്‍ നിന്നും മുറിക്കുള്ളില്‍ നിന്നുമാണ് രണ്ടു പാമ്പുകളെ കണ്ടത്.ഇതോടെ അഞ്ചു തവണയാണ് വീട്ടില്‍ നിന്നും ശംഖുവരയന്‍ പാമ്പുകളെ ലഭിക്കുന്നത്. നാലെണ്ണത്തെ വീടിന് അകത്തു നിന്നും ഒരെണ്ണത്തെ വീടിന് പുറത്തു നിന്നുമാണ് പാമ്പുകളെ പിടികൂടിയത്. പാമ്പുകടിയേറ്റ് കറുകുറ്റി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അല്‍ജോയുടെ സഹോദരന്‍ അനോഷിന്റെ (10) നില കൂടുതല്‍ മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

Recent Comments