സർക്കാർ സ്കൂളിൽ പാർട്ടി ബ്രാൻഡിങ് വേണ്ട! യുഡിഎഫ് പൂട്ടിട്ടു; ഒടുവിൽ കവാടത്തിലെ ‘സിപിഎം’ പേര് വെട്ടിമാറ്റി

സർക്കാർ സ്കൂളിൽ പാർട്ടി ബ്രാൻഡിങ് വേണ്ട! യുഡിഎഫ് പൂട്ടിട്ടു; ഒടുവിൽ കവാടത്തിലെ ‘സിപിഎം’ പേര് വെട്ടിമാറ്റി

കാസർകോട്: കാസർകോട് അംഗഡിമൊഗർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമ്മിച്ച പ്രവേശന കവാടത്തിൽ സിപിഎം എന്ന് രേഖപ്പെടുത്തിയതിനെച്ചൊല്ലി വിവാദം കനത്തതോടെ ഒടുവിൽ പാർട്ടി പേര് നീക്കം ചെയ്തു. സ്കൂൾ ആർച്ചിൽ നിന്നും തങ്ങളുടെ പാർട്ടിയുടെ പേര് രേഖപ്പെടുത്തിയ ഭാഗം മാറ്റാൻ സിപിഎം പ്രാദേശിക കമ്മിറ്റി നിർബന്ധിതരാവുകയായിരുന്നു. തിങ്കളാഴ്ച നടന്ന കാസർകോട് ജില്ലാ പഞ്ചായത്ത് യോഗത്തിൽ യുഡിഎഫ് അംഗങ്ങൾ ഈ വിഷയത്തിൽ എതിർപ്പും പ്രതിഷേധവും രേഖപ്പെടുത്തിയതോടെയാണ് സംഭവം രാഷ്ട്രീയ വിവാദമായത്.

സിപിഎം ബദൂർ ലോക്കൽ കമ്മിറ്റിയുടെ സ്പോൺസർഷിപ്പിലാണ് സ്കൂളിൽ പുതിയ പ്രവേശന കവാടം നിർമ്മിച്ചത്. ഇതിന്റെ ഭാഗമായി കവാടത്തിന്റെ മുകളിൽ “സിപിഎം ബദൂർ എൽസി” എന്ന് വലിയ അക്ഷരത്തിൽ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ജൂൺ 2-നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഈ കവാടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. എന്നാൽ, ഒരു സർക്കാർ സ്കൂളുമായി ബന്ധപ്പെട്ട പൊതുനിർമ്മിതിയിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ പേര് പരസ്യമായി പ്രദർശിപ്പിക്കുന്നതിന്റെ ഔചിത്യത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തുകയായിരുന്നു.

ജില്ലാ പഞ്ചായത്ത് യോഗം ആരംഭിച്ചയുടൻ പുത്തിഗെ ഡിവിഷൻ അംഗം സോമശേഖരനാണ് ഈ വിഷയം സഭയിൽ ഉന്നയിച്ചത്. സർക്കാർ സ്കൂളുകളെ ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധപ്പെടുത്താൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ അംഗങ്ങൾ വാദിച്ചു. രാഷ്ട്രീയ പാർട്ടികൾക്ക് സ്കൂൾ ആർച്ചുകൾ സ്പോൺസർ ചെയ്യാനും അതിൽ സ്വന്തം പേര് വെക്കാനും അനുമതി നൽകുകയാണെങ്കിൽ, തനിക്കും ഇത്തരത്തിൽ കവാടങ്ങൾ സ്പോൺസർ ചെയ്ത് മുസ്‌ലിം ലീഗിന്റെ പേര് വെക്കാൻ സാധിക്കുമെന്ന് ലീഗ് അംഗം പിബി. ഷഫീഖ് ചൂണ്ടിക്കാട്ടി.

മറ്റൊരു ലീഗ് അംഗമായ അസീസ് കളത്തൂർ, സ്കൂൾ കെട്ടിടത്തിന് പെയിന്റ് അടിക്കാൻ സ്പോൺസർ ചെയ്യാൻ തയ്യാറായി വരുന്ന എംഎസ്എഫ് പ്രവർത്തകർക്ക് സമാനമായ രീതിയിൽ സ്കൂൾ മുഴുവൻ പച്ച പെയിന്റ് അടിക്കാൻ അധികൃതർ അനുമതി നൽകുമോ എന്ന് പരിഹാസരൂപേണ ചോദിച്ചു. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഇത്തരത്തിൽ ശക്തമായ പ്രതിഷേധവും ചോദ്യങ്ങളും ഉയർന്നതോടെ, ഒടുവിൽ വിവാദം തണുപ്പിക്കാനായി സിപിഎം ലോക്കൽ കമ്മിറ്റി ഇടപെട്ട് കവാടത്തിൽ നിന്നും “സിപിഎം ബദൂർ എൽസി” എന്നീ വാക്കുകൾ പൂർണ്ണമായി വെട്ടിമാറ്റുകയും നീക്കം ചെയ്യുകയുമായിരുന്നു

എഥനോള്‍ മിശ്രിത പെട്രോളിന് എക്‌സൈസ് തീരുവ ഒഴിവാക്കി കേന്ദ്രം; ലക്ഷ്യം ബയോഫ്യൂവല്‍ പ്രോത്സാഹനം

എഥനോള്‍ മിശ്രിത പെട്രോളിന് എക്‌സൈസ് തീരുവ ഒഴിവാക്കി കേന്ദ്രം; ലക്ഷ്യം ബയോഫ്യൂവല്‍ പ്രോത്സാഹനം

ഡല്‍ഹി: ഉയര്‍ന്ന അളവില്‍ എഥനോള്‍ ചേര്‍ത്ത പെട്രോളിന് കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ ഒഴിവാക്കി. ഇ20ക്ക് മുകളിലുള്ള എഥനോള്‍ മിശ്രിത ഇന്ധനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായാണ് പുതിയ തീരുമാനം. സര്‍ക്കാര്‍ വിജ്ഞാപനമനുസരിച്ച്, 22 മുതല്‍ 30 ശതമാനം വരെ എഥനോള്‍ അടങ്ങിയ പെട്രോളിന് ഇനി എക്‌സൈസ് തീരുവ ഉണ്ടായിരിക്കില്ല. ഇ22, ഇ25, ഇ27, ഇ30 എന്നീ ഇന്ധന വകഭേദങ്ങളാണ് ഇതിന്റെ പരിധിയില്‍ വരുന്നത്.

E20ക്ക് മുകളിലുള്ള എഥനോള്‍ മിശ്രിതങ്ങള്‍ക്ക് ലഭിക്കുന്ന ആദ്യപ്രധാന സാമ്പത്തിക പ്രോത്സാഹനമാണിത്. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനോടുള്ള ആശ്രയം കുറയ്ക്കുകയും ആഭ്യന്തരമായി ഉല്‍പാദിപ്പിക്കുന്നതും മലീകരണമില്ലാത്തതുമായ ഊര്‍ജ സ്രോതസുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ബയോഫ്യൂവല്‍ പദ്ധതികള്‍ വ്യാപിപ്പിക്കുന്നത്.

ഇന്ത്യയുടെ എഥനോള്‍ ഇന്ധന പദ്ധതി ഇതുവരെ പ്രധാനമായും ഇ20യിലാണ് കേന്ദ്രീകരിച്ചിരുന്നത്. നിലവിലെ ലക്ഷ്യം കൈവരിക്കാനുള്ള അവസാനഘട്ടത്തിലേക്ക് കടന്നതോടെ, അടുത്ത ഘട്ടമായുള്ള അടിസ്ഥാന സൗകര്യങ്ങളും നയപരമായ പിന്തുണയും ഒരുക്കാനുള്ള നീക്കമായാണ് പുതിയ തീരുമാനം വിലയിരുത്തപ്പെടുന്നത്.

മേയ് 15 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ മാനദണ്ഡത്തിലൂടെ E22, E25, E27, E30 ഇന്ധനങ്ങള്‍ക്ക് വേണ്ട ഗുണനിലവാര മാനദണ്ഡങ്ങള്‍ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ബ്യൂറോ പ്രഖ്യാപിച്ചിരുന്നു. എഥനോള്‍ അളവ്, ഒക്ടേന്‍ റേറ്റിങ്, സള്‍ഫര്‍ പരിധി, പരിശോധനാ നടപടികള്‍, സുരക്ഷാ മാനദണ്ഡങ്ങള്‍ തുടങ്ങിയവ ഇതില്‍ നിര്‍വചിച്ചിട്ടുണ്ട്. പുതിയ നികുതി ഇളവും ബിഐഎസ് മാനദണ്ഡങ്ങളും ചേര്‍ന്ന് ഉയര്‍ന്ന എഥനോള്‍ മിശ്രിത ഇന്ധനങ്ങളുടെ വ്യാപനത്തിന് സാങ്കേതികവും സാമ്പത്തികവുമായ അടിത്തറ ഒരുക്കുന്നുവെന്നാണ് വിലയിരുത്തല്‍.

എഥനോള്‍ ഇന്ധനത്തില്‍ ഇന്ത്യയുടെ മുന്നേറ്റം

2018ല്‍ അവതരിപ്പിക്കുകയും 2022ല്‍ ഭേദഗതി വരുത്തുകയും ചെയ്ത ദേശീയ ബയോഫ്യൂവല്‍ നയത്തില്‍ 2030ഓടെ 20 ശതമാനം എഥനോള്‍ മിശ്രിത ഇന്ധനം രാജ്യവ്യാപകമാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഈ ലക്ഷ്യം പ്രതീക്ഷിച്ചതിലും വേഗത്തില്‍ കൈവരിക്കാനായി. രാജ്യത്തിന്റെ ക്രൂഡ് ഓയില്‍ ആവശ്യങ്ങളില്‍ 85 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. അതിനാല്‍ ഇന്ധന ഇറക്കുമതി ചെലവ് കുറയ്ക്കാനുള്ള പ്രധാന മാര്‍ഗമായി എഥനോളിനെ സര്‍ക്കാര്‍ കാണുന്നു.

ഇറക്കുമതിക്ക് പകരം ചെലവുകുറഞ്ഞതും മലിനീകരണം കുറഞ്ഞതുമായ ആഭ്യന്തര ഇന്ധനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഖഡ്കരി വ്യക്തമാക്കിയിരുന്നു. എഥനോള്‍ ഉപയോഗം മലിനീകരണം കുറയ്ക്കുന്നതിനൊപ്പം കര്‍ഷകര്‍ക്കും ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്കും ഗുണകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

E20 ഇന്ധനം രാജ്യവ്യാപകമായി ലഭ്യമായതോടെ ചില വാഹന ഉടമകള്‍ ഇന്ധനക്ഷമത, വാഹന അനുയോജ്യത, എന്‍ജിന്‍ പെര്‍ഫോമന്‍സ് തുടങ്ങിയ കാര്യങ്ങളില്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. വിഷയം പിന്നീട് കോടതിയിലും എത്തി. എന്നാല്‍ 2025 സെപ്റ്റംബറില്‍ E20 ഇന്ധനത്തിന്റെ രാജ്യവ്യാപക നടപ്പാക്കലിനെ ചോദ്യം ചെയ്ത ഹര്‍ജി സുപ്രീം കോടതി തള്ളിക്കളഞ്ഞു. ഈ മാറ്റം വിശദമായ പഠനങ്ങള്‍ക്ക് ശേഷമാണ് നടപ്പാക്കുന്നതെന്നും കരിമ്പ് കര്‍ഷകര്‍ക്കും ഇത് സാമ്പത്തിക നേട്ടം നല്‍കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഒരു ലക്ഷത്തില്‍ താഴേക്ക് ഇടിയുമോ?; സ്വര്‍ണവില ഒറ്റയടിക്ക് 1560 രൂപ കുറഞ്ഞു

ഒരു ലക്ഷത്തില്‍ താഴേക്ക് ഇടിയുമോ?; സ്വര്‍ണവില ഒറ്റയടിക്ക് 1560 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1560 രൂപയാണ് കുറഞ്ഞത്. 1,06,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 195 രൂപയാണ് കുറഞ്ഞത്. 13,350 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മൂന്ന് ദിവസത്തിനിടെ ഏകദേശം 5000 രൂപയിലധികമാണ് പവന്‍ വിലയില്‍ ഉണ്ടായിട്ടുള്ള ഇടിവ്.

പശ്ചിമേഷ്യന്‍ സംഘര്‍ഷം അനിശ്ചിതമായി തുടരുന്നതും അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടുകളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ വീണ്ടും കരുത്താര്‍ജിക്കുന്നു എന്ന് സൂചന നല്‍കുന്ന തൊഴില്‍ കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ച് അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ പലിശനിരക്ക് ഉയര്‍ത്തുന്നത് ബോണ്ട് വിപണിക്ക് കരുത്തുപകരും. കൂടാതെ ഡോളര്‍ ശക്തിയാര്‍ജിക്കാനും ഇടയാക്കും. ഇത് സ്വര്‍ണവിപണിയുടെ ആകര്‍ഷണം കുറയാന്‍ ഇടയാക്കുമെന്ന സൂചനയാണ് വിലയില്‍ പ്രതിഫലിക്കുന്നത്.

അമേരിക്കയില്‍ പലിശനിരക്ക് കൂട്ടിയാല്‍ സ്വാഭാവികമായി സ്വര്‍ണവില കുറയുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

മാസപ്പടി കേസിൽ വീണ വിജയൻ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകില്ല

മാസപ്പടി കേസിൽ വീണ വിജയൻ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകില്ല

കൊച്ചി: മാസപ്പടി കേസിൽ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുൻപാകെ പിണറായി വിജയന്‍റെ മകള്‍ വീണ വിജയൻ നാളെ ഹാജരാകില്ല. ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് കാട്ടി വീണ ഇഡിക്ക് ഇ മെയിൽ അയച്ചു. ആവശ്യമായ രേഖകൾ ഇഡിക്ക് കൈമാറാൻ ഒരുക്കമാണെന്നും മെയിലില്‍ അറിയിച്ചു. അഭിഭാഷകർ ഹാജരായി രേഖകൾ കൈമാറുമെന്നാണ് വീണ ഇഡിയെ അറിയിച്ചത്. വീണയ്ക്ക് മറ്റൊരു ദിവസം അനുവദിക്കുമെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു.

വർക്കല ചായക്കടയിൽ പലഹാരം എടുക്കുന്നതിനിടെ ഉണ്ടായ നിസാര തർക്കം ആക്രമണത്തിൽ കലാശിച്ചു

വർക്കല ചായക്കടയിൽ പലഹാരം എടുക്കുന്നതിനിടെ ഉണ്ടായ നിസാര തർക്കം ആക്രമണത്തിൽ കലാശിച്ചു

വർക്കല.ശിവഗിരി തൊടുവേ പനവിള പുത്തൻവീട്ടിൽ സന്തോഷിന് തലയ്ക്ക് പരിക്കേറ്റു.

സംഭവത്തിൽ പുന്നമൂട് സ്വദേശികളായ വാറുവിള വീട്ടിൽ വിനീഷ് (37), വൃന്ദാവനം വീട്ടിൽ രാജേഷ് (45), തുണ്ടുള്ള വീട്ടിൽ അർഷാദ് (52), പി.വി.പി. മന്ദിരത്തിൽ ശ്യാംജിത്ത് (33) എന്നിവരെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് 3.30ഓടെ പുന്നമൂട് ബസ് സ്റ്റാൻഡിന് സമീപത്തെ ചായക്കടയിലാണ് സംഭവം. ചായക്കടയിൽ നിന്ന് പലഹാരം എടുക്കാൻ ശ്രമിക്കുന്നതിനിടെ സമീപത്ത് നിന്നിരുന്ന അർഷാദ്, രാജേഷ് എന്നിവരോട് മാറിനിൽക്കാമോയെന്ന് സന്തോഷ് ആവശ്യപ്പെട്ടതാണ് തർക്കത്തിന് ഇടയാക്കിയത് . തുടർന്ന് പ്രതികൾ നാലുപേരും കൂടി സന്തോഷിനെ മർദ്ദിച്ചു.

ഒന്നാം പ്രതി വിനീഷ് കമ്പി കൊണ്ട് തലക്ക് അടിച്ചതായും നാലുപേരും ചേർന്ന് നിലത്തിട്ട് മർദിച്ചതായും പൊലീസ് എഫ്.ഐ.ആറിൽ പറയുന്നു. പരിക്കേറ്റ സന്തോഷിനെ വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയ്‌ക്കേറ്റ മുറിവിൽ 10 സ്റ്റിച്ചുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.