by Midhun HP News | Apr 19, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിഷുദിനത്തില്‍ ശ്രീകൃഷ്ണനെ അവഹേളിച്ച് ആശംസാ പോസ്റ്റുകള്‍ പ്രചരിപ്പിച്ച ഹോട്ടലുടമകള്‍ക്കെതിരെ പരാതിയുമായി ഹിന്ദുഐക്യവേദി. സംഭവത്തിന് പിന്നിലെ അസ്വഭാവികതയും തീവ്രവാദബന്ധവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുഐക്യവേദി ഡിജിപിക്ക് പരാതി നല്‍കി. ശ്രീകൃഷ്ണന് മുന്നില്‍ കുഴിമന്തി വച്ചിരിക്കുന്ന തരത്തില്‍ തയാറാക്കിയ പോസ്റ്റര്‍ ആണ് പ്രചരിച്ചത്.
കേരളത്തിലെ വിവിധ റെസ്റ്റോറന്റുകള്‍ ഇത്തരത്തില്‍ വിഷു ആശംസാ പോസ്റ്റുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്നും ഹിന്ദുഐക്യവേദി ആരോപിച്ചു. ഹിന്ദുഐക്യവേദി അദ്ധ്യക്ഷന്‍ ആര്‍ വി ബാബുവാണ് ഇക്കാര്യം അറിയിച്ചത്.
ശ്രീകൃഷ്ണനെ അധിക്ഷേപിച്ച് വിഷു ആശംസാ പോസ്റ്റുകള്‍ പങ്കുവച്ചതിന് ചേര്‍ത്തല സ്വദേശിയും മെഹര്‍ മന്തി എന്ന റെസ്റ്റോറന്റ് ഉടമയുമായ യുവാവ് അറസ്റ്റിലായിരുന്നു. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂര്‍വമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിന് ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ശ്രീകൃഷ്ണന് മുന്നില്‍ കുഴിമന്തി വച്ചിരിക്കുന്ന തരത്തിലാണ് പോസ്റ്റര്‍ തയാറാക്കിയത്. ബോധപൂര്‍വം ചെയ്തതല്ലെന്നും സോഷ്യല്‍ മീഡിയ പോസ്റ്റ് തയാറാക്കാന്‍ ഫ്രീലാന്‍സറെ ഏല്‍പ്പിച്ചതാണെന്നുമാണ് ഹോട്ടല്‍ ഉടമയുടെ വിശദീകരണം. തണ്ണീര്‍മുക്കം സ്വദേശിയായ അഭിഭാഷകന്‍ എം വി ബിജു നല്‍കിയ പരാതിയിലായിരുന്നു കേസ്. ഒരു വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

by Midhun HP News | Apr 19, 2026 | Latest News, കേരളം
സോഷ്യല്‍ മീഡിയയിലെ താരമാണ് അലിന്‍ ജോസ് പെരേര. സിനിമയുടെ റിവ്യു പറഞ്ഞ് വൈറലായി മാറിയ അലിന്‍ ജോസ് പെരേരയുടെ വിഡിയോകള്‍ ട്രോളുകളിലും മറ്റും നിറയാറുണ്ട്. വിവാദങ്ങള്‍ക്കും ഒട്ടും പഞ്ഞമില്ല. അലിന്‍ ജോസ് പെരേരയെ വിവാഹ ചടങ്ങില്‍ നിന്നും ഇറക്കിവിട്ടുവെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ പറയുന്നത്.
മലപ്പുറം കൊണ്ടോട്ടിയില്‍ നടന്നൊരു വിവാഹത്തിന് അലിന്‍ ജോസ് പെരേരയെ അതിഥിയായി ക്ഷണിച്ചിരുന്നു. തുടര്‍ന്ന് അവിടെയെത്തിയ അലിന്‍ ജോസ് പെരേരയെ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് അവഹേളിക്കുകയും ഇറക്കി വിടുകയും ചെയ്തുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണം. ഇതിന്റെ വിഡിയോയും പ്രചരിക്കുന്നുണ്ട്.
വിവാഹത്തില്‍ പങ്കെടുക്കുന്ന അലിന്‍ ജോസ് പെരേരയേയും പിന്നീട് അദ്ദേഹം റോഡിലൂടെ നടന്നു പോകുന്നതും വിഡിയോയില്‍ കാണാം. അലിന്‍ ജോസിന് പിന്നാലെ കളിയാക്കി കൊണ്ട് യുവാക്കളുടെ ഒരു സംഘവുമുണ്ട്. ഷര്‍ട്ട് ഊരിപ്പിച്ചതായും വിഡിയോയില്‍ കാണാം. ഒടുവില്‍ എല്ലാത്തിനുമൊരു പരിധിയുണ്ടെന്ന് യുവാക്കളോട് പറയുന്ന അലിന്‍ ജോസ് പെരേരയേയും കാണാം.

വിഡിയോ വൈറലായതോടെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വരുന്നത്. ക്ഷണിച്ചു വരുത്തി അപമാനിച്ചത് ഒരു തരത്തിലും ന്യായീകരിക്കാനാകുന്നതല്ലെന്നാണ് വിമര്‍ശനം. എല്ലാവര്‍ക്കും ആത്മാഭിമാനമുണ്ട്. മനുഷ്യനെ മനുഷ്യനായി കണ്ട് ബഹുമാനം നല്‍കാനാകണം. ആള്‍ക്കൂട്ട ആക്രമണം അംഗീകരിക്കാനാകില്ലെന്നും വിമര്‍ശകര്‍ പറയുന്നു. അതേസമയം ഇതൊക്കെ പബ്ലിസിറ്റിയ്ക്ക് വേണ്ടി ചെയ്യുന്നതാണെന്നും ആരോപണമുണ്ട്. അലിന്‍ ജോസ് പെരേരയും അറിഞ്ഞു കൊണ്ട് ചെയ്തതാണെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്.
സംഭവത്തില്‍ അലിന്‍ ജോസ് പെരേര ഇതുവരേയും പ്രതികരിച്ചിട്ടില്ല. അലിന്‍ ജോസ് പെരേരയെ വിവാഹങ്ങള്‍ക്കും മറ്റ് പരിപാടികള്‍ക്കും പണം നല്‍കി അതിഥിയായി ക്ഷണിക്കാറുണ്ട്.
by Midhun HP News | Apr 19, 2026 | Latest News, കേരളം
തൃശ്ശൂര്‍: കോടാലിയില്‍ എട്ടുവയസ്സുകാരന്‍ പാമ്പുകടിയേറ്റു മരിച്ചു. കോടാലിയില്‍ കാവുങ്ങല്‍ സില്‍ജോ-ജോണ്‍സി ദമ്പതികളുടെ മകന്‍ ആൻ ജോയാണ് മരിച്ചത്. ആനു ജോയുടെ സഹോദരന്‍ അനോജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തലേദിവസം രാത്രി ജ്യൂസ് കുടിച്ചതിന് ശേഷമാണ് കുട്ടികള്‍ കിടന്നത്. അതുകൊണ്ട് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റെന്നായിരുന്നു മാതാപിതാക്കള്‍ കരുതിയത്. എന്നാല്‍ ആശുപത്രിയിലെ പരിശോധനയിലാണ് പാമ്പ് കടിയേറ്റതാണെന്ന് മനസിലായത്. പിന്നാലെ ബന്ധുക്കൾ വീടിനുള്ളില്‍ നടത്തിയ തിരച്ചിലില്‍ കുട്ടികള്‍ കിടന്നിരുന്ന മുറിയിലെ തലയണയ്ക്ക് അടിയില്‍ നിന്ന് ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടെത്തുകയായിരുന്നു.

by Midhun HP News | Apr 19, 2026 | Latest News, കായികം
ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ സഞ്ജുവിന്റെ ബ്രില്യന്‍സിന് കൈയ്യടിച്ച് ആരാധകര്‍. ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വിക്കറ്റ് വീഴാന്‍ കാരണമായത് സഞ്ജുവിന്റെ ശ്രദ്ധയും കൃത്യസമയത്തെ അപ്പീലായിരുന്നു. അര്‍ധ സെഞ്ച്വറി നേടി തിളങ്ങി നിന്ന അഭിഷേക് ശര്‍മയുടെ പുറത്താകലിനു വഴിയൊരുക്കി ഇത്.
ജെയ്മി ഓവര്‍ടന്‍ എറിഞ്ഞ എട്ടാം ഓവറിലെ അവസാന പന്തിലാണ് അഭിഷേകിന്റെ ബാറ്റില്‍ തട്ടിയ പന്ത് സഞ്ജു കൈയിലൊതുക്കിയത്. എന്നാല്‍ ബൗളറുള്‍പ്പടെ ചെന്നൈ നിരയിലെ മറ്റാരും ഈ വിക്കറ്റിനു വേണ്ടി അപ്പീല്‍ ചെയ്തില്ല. എന്നാല്‍, സഞ്ജു ഡിആര്‍എസ് എടുക്കാന്‍ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിനോട് ആവശ്യപ്പെടുകയായിരുന്നു.
സഞ്ജുവിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ക്യാപ്റ്റന്‍ റിവ്യൂ എടുത്തു. തേര്‍ഡ് അംപയര്‍ ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ പന്ത് ബാറ്റില്‍ കൊണ്ടെന്ന് വ്യക്തമായി. അപ്രതീക്ഷിതമായി ലഭിച്ച വിക്കറ്റ് ചെന്നൈ താരങ്ങള്‍ ആഘോഷമാക്കി.കമന്റേറ്റര്‍മാരും സഞ്ജുവിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നുണ്ടായിരുന്നു. 22 പന്തില്‍ ആറ് ഫോറും നാലു സിക്സും പറത്തിയ അഭിഷേക് 59 റണ്‍സെടുത്താണ് പുറത്തായത്.

by Midhun HP News | Apr 19, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും പവര്‍കട്ടോ ലോഡ് ഷെഡ്ഡിങ്ങോ ഏര്‍പ്പെടുത്താതെ തന്നെ മുന്നോട്ടുപോകുന്നതിനുള്ള നടപടികള്‍ കെഎസ്ഇബി സ്വീകരിച്ച് വരികയാണെന്നും കൃഷ്ണന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
ചൂട് കൂടുതലായതിനാല്‍ ഓരോ ദിവസവും വൈദ്യുതി ആവശ്യകതയില്‍ 50 മെഗാവാട്ടിന്റെ വര്‍ധന രേഖപ്പെടുത്തുന്നുണ്ട്. ഉയര്‍ന്ന ആവശ്യകത നിറവേറ്റുന്നതിന് മറ്റു സംസ്ഥാനങ്ങളുമായി ഏര്‍പ്പെട്ടിരുന്ന പവര്‍ ബാങ്കിങ് ക്രമീകരണത്തില്‍ 200 മെഗാവാട്ടിന്റെ കുറവ് 16-ാം തീയതി മുതല്‍ ഉണ്ടായി. വീണ്ടും 200 മെഗാവാട്ടിന്റെ കുറവ് 20-ാം തീയതി മുതലും മറ്റൊരു 200 മെഗാവാട്ടിന്റെ കുറവ് 26-ാം തീയതി മുതലും ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ നിലനില്‍ക്കുന്ന ഉയര്‍ന്ന താപനില ഈ മാസം 26 വരെ തുടരാന്‍ സാധ്യതയുണ്ട്. മെയ് മാസത്തില്‍ ഒരാഴ്ചയോളം ഉയര്‍ന്ന താപനില ഉണ്ടായേക്കും. പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് കൂടിയ അളവില്‍ വൈദ്യുതി ലഭ്യമാക്കുന്നത് ബുദ്ധിമുട്ട് ആയതിനാല്‍ ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെടാന്‍ വൈദ്യുതി റെഗുലേററ്ററി കമ്മീഷന്റെ അനുവാദം കെഎസ്ഇബി തേടിയിട്ടുണ്ട്. 22-ാം തീയതിയ്ക്ക് ശേഷം അനുമതി ലഭ്യമാവുമെന്ന് കരുതുന്നുവെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.
വൈദ്യുതി ഉപഭോഗത്തില്‍ റെക്കോര്‍ഡ്
സംസ്ഥാനം ചുട്ടുപൊള്ളുന്നതിനിടെ, തുടര്‍ച്ചയായ രണ്ടാം ദിവസവും വൈദ്യുതി ഉപഭോഗത്തില്‍ റെക്കോര്‍ഡ്. ഇന്നലെ സംസ്ഥാനത്ത് ആകെ 117.15 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. വെള്ളിയാഴ്ച ഇത് 116. 11 ദശലക്ഷം യൂണിറ്റായിരുന്നു.
ഇതോടെ വൈദ്യുതി ആവശ്യകതയും കൂടി. ഇന്നലെ 6033 മെഗാവാട്ട് വൈദ്യുതിയുടെ ആവശ്യകതയാണ് ഉണ്ടായത്. വെള്ളിയാഴ്ച 6013 മെഗാവാട്ടായിരുന്നു. ഇതിന് മുന്‍പ് 2024 മെയ് മൂന്നിന് രേഖപ്പെടുത്തിയ റെക്കോര്‍ഡാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തിരുത്തിയത്. 2024 മെയ് മൂന്നിന് 115.94 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്.
വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍ എത്തിയതോടെ, പവര്‍കട്ടിലേക്ക് പോകാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നാണ് സൂചന. നിലവില്‍ തന്നെ പല പ്രദേശത്തും അപ്രഖ്യാപിത പവര്‍ കട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല. കടുത്ത ചൂടില്‍ കേരളം വെന്തുരുകുകയാണ്. അതിനാല്‍ തന്നെ ഫാനിന്റെയും എസിയുടെ ഉപയോഗം ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. എല്‍പിജി ക്ഷാമത്തെ തുടര്‍ന്ന് ഇന്‍ഡക്ഷന്‍ കുക്കറിന്റെ ഉപയോഗവും വര്‍ധിച്ചത് മൊത്തത്തിലുള്ള വൈദ്യുതി ഉപഭോഗം വര്‍ധിക്കാന്‍ കാരണമായതായാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Recent Comments