ഐ എം എ വെഞ്ഞാറമൂട് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ദിനാചരണം നടന്നു

ഐ എം എ വെഞ്ഞാറമൂട് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ദിനാചരണം നടന്നു

വെഞ്ഞാറമൂട്: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വെഞ്ഞാറമൂട് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ദിനാചരണം നടന്നു. തിരുവനന്തപുരം റീജൻസി ടവറിൽ നടന്ന പരിപാടി മൃഗ ക്ഷീര വികസന മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം നിർവ്വഹിച്ചു. ഐഎംഎ വെഞ്ഞാറമൂട് ബ്രാഞ്ച് പ്രസിഡൻ്റ് ഡോ. സി. സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. ഗോകുലം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം മേധാവി ഡോ. സമദർശി. ആർ, മെഡിക്കൽ കോളേജ് പ്രൻസിപ്പൽ ഡോ. നന്ദിനി. വി. ആർ, മെഡിസിൻ വിഭാഗം മേധാവി ഡോ. ഭാസി, ഡോ. പണിക്കർ എന്നിവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു.

ഡി. കെ മുരളി എം എൽ എ, ഡോ.സുജിത് വിജയൻ പിള്ള എംഎൽഎ, ഐഎംഎ സ്റ്റേറ്റ് പ്രസിഡൻ്റ് ഡോ. സുൽഫി നൂഹു, എന്നിവർ പ്രസംഗിച്ചു. ഐഎംഎ സെക്രട്ടറി ഡോ. സതീശൻ എം റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. രാമു. ആർ ജെ സ്വാഗതവും ഡോ. അൻസാർ പി. നന്ദിയും പറഞ്ഞു.

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേര്‍പെട്ടു; തിരച്ചില്‍ ഊര്‍ജിതം

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേര്‍പെട്ടു; തിരച്ചില്‍ ഊര്‍ജിതം

കണ്ണൂര്‍: പഴശി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമായ പടിയൂര്‍ പുവംകടവില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. ഇരിക്കൂര്‍ സിബ്ഗകോളേജ് സൈക്കോളജി അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനികളായ എടയന്നൂര്‍ തെരൂര്‍ അഫ്‌സത്ത് മന്‍സിലില്‍ മുഹമ്മദ് കുഞ്ഞിയുടെയും അഫ്‌സത്തിന്റെയും മകള്‍ ഷഹര്‍ബാന (20)ചക്കരക്കല്‍ നാലാം പീടികയിലെ ശ്രീലക്ഷ്മി ഹൗസില്‍ പ്രദീഷിന്റെയും സൗമ്യയുടെയും മകള്‍ സൂര്യ (21) എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്.

ഇരുവരും മീന്‍പിടുത്തക്കാരുടെ വലയില്‍പ്പെട്ടുവെങ്കിലും വലിച്ചു രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ വേര്‍പ്പെട്ടു പോവുകയായിരുന്നു ചൊവ്വാഴ്ച്ച വൈകിട്ട്, അഞ്ചു മണിയോടെയാണ് അപകടം ഉണ്ടായത്. ഷെഫീഖാണ് ഷഹര്‍ബാനയുടെ ഭര്‍ത്താവ്. പരീക്ഷ കഴിഞ്ഞ് സഹപാഠിയ്‌ക്കൊപ്പം ജെസ്‌നയുടെ പടിയൂരിനടുത്തെ വീട്ടില്‍ എത്തിയതായിരുന്നു. അതിനിടെ പുഴയും പഴശി അണക്കെട്ടിന്റെ ഭാഗങ്ങളും കാണാനായി പൂവം കടവിലെത്തുകയായിരുന്നു. മഴയില്‍ കുതിര്‍ന്ന മണ്‍തിട്ട ഇടിഞ്ഞു ഇരുവരും പുഴയിലേക്ക് വീഴുകയായിരുന്നു, ജസ്‌നയുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. ഇവര്‍ വിവരം ഫയര്‍ഫോഴ്‌സിനെ അറിയിച്ചു. ഉടന്‍ തന്നെ മട്ടന്നൂര്‍, ഇരിട്ടി എന്നിവടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

അംബുജാക്ഷിയമ്മ (83) നിര്യാതയായി

അംബുജാക്ഷിയമ്മ (83) നിര്യാതയായി

ആറ്റിങ്ങൽ കടുവയിൽ അംബുജ ഭവനിൽ അംബുജാക്ഷിയമ്മ (83) റിട്ടയേർഡ് ടീച്ചർ നിര്യാതയായി.
മക്കൾ: ഗീതാ കുമാരി എ, അനിത എ, അനിൽകുമാർ ജി, ലീന എ
മരുമക്കൾ: ആനന്ദക്കുട്ടൻ നായർ, രാമചന്ദ്രൻ നായർ, താര എസ് നായർ, മധുസൂദനൻ നായർ
സഞ്ചയനം: ഞായർ (07 07 24)

സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളോടുള്ള ആവേശം കുറഞ്ഞു; ഒന്നാം ക്ലാസ്സിൽ ചേർന്ന കുട്ടികൾ കുറഞ്ഞെന്ന് കണക്കുകള്‍

സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളോടുള്ള ആവേശം കുറഞ്ഞു; ഒന്നാം ക്ലാസ്സിൽ ചേർന്ന കുട്ടികൾ കുറഞ്ഞെന്ന് കണക്കുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളോടുള്ള ആവേശം കുറഞ്ഞു. ഒന്നാം ക്ലാസ്സിൽ ചേർന്ന കുട്ടികൾ കുറഞ്ഞെന്നാണ് കണക്കുകള്‍ പറയുന്നത്. സർക്കാർ സ്കൂളുകളില്‍ ഒന്നാം ക്ലാസില്‍ 92,638 കുട്ടികളാണ് ആകെ ഉള്ളത്. കഴിഞ്ഞ വർഷം 99,566 സർക്കാർ സ്കൂളുകളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയിരുന്നു. സർക്കാർ സ്കൂളിൽ ഇത്തവണ കുറഞ്ഞത് 6928 കുട്ടികളാണ്.

എയ്ഡഡ് സ്​​കൂളിലും ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ട്. എയ്ഡഡ് സ്​​കൂളുകള്‍ ഈ വർഷം 1,58,348 കുട്ടികളാണ് ഒന്നാം ക്ലാസില്‍ പഠിച്ചത്. കഴിഞ്ഞ വർഷം ഇത് 1,58,583 ആയിരുന്നു. 235 കുട്ടികളാണ് എയ്ഡഡ് സ്​​കൂളിൽ ഇത്തവണ കുറഞ്ഞത്. അൺ എയ്ഡഡ് സ്കൂളുകളോട്‌ പ്രിയം കൂടുന്നു എന്നാണ് കണക്കുകൾ തെളിയിക്കുന്നത്. ഈ വർഷം 47,862 കുട്ടികളാണ് അൺ എയ്ഡഡ് സ്കൂളുകളില്‍ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത്. കഴിഞ്ഞ വർഷം 39,918 കുട്ടികളാണ് അൺ എയ്ഡഡ് സ്കൂളുകളില്‍ ഒന്നാം ക്ലാസിൽ പഠിച്ചത്. അൺ എയ്ഡഡ് സ്​​കൂളിൽ ഒന്നാം ക്ലാസിൽ 7944 കുട്ടികളാണ് വർധിച്ചത്.

സർക്കാർ‌ ഓഫിസുകൾ ഇനി യുപിഐ സൗകര്യം: ഉത്തരവിറക്കി ധനവകുപ്പ്

സർക്കാർ‌ ഓഫിസുകൾ ഇനി യുപിഐ സൗകര്യം: ഉത്തരവിറക്കി ധനവകുപ്പ്

തിരുവനന്തപുരം: സർക്കാർ ഓഫിസുകളിൽ പോവുമ്പോൾ ഇനി പണം കയ്യിൽ കരുതേണ്ട. ഇനി യുപിഐ വഴി പണം നൽകാനാവും. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. ​ഗൂ​ഗിൾ പേ, ഫോൺ പേ പോലുള്ള യുപിഐ മാർ​ഗങ്ങളിലൂടെ സർക്കാർ വകുപ്പുകൾക്ക് ജനങ്ങളിൽ നിന്ന് പണം സ്വീകരിക്കാമെന്നാണ് ധനമന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നത്.

ഇതിനായി സർക്കാർ ഓഫിസുകളിൽ ക്യു ആർ കോഡ് പ്രദർശിപ്പിക്കാം. സ്വീകരിക്കുന്ന പണം ട്രഷറിയിൽ എത്തിക്കാനുള്ള സാങ്കേതിക ക്രമീകരണം വകുപ്പുകൾ ഒരുക്കണം. 2018ൽ ഇതുസംബന്ധിച്ച് നിർദേശം നൽകിയിരുന്നെങ്കിലും പല വകുപ്പുകളും ഇപ്പോഴും പണമായാണ് ഫീസുകളും മറ്റും സ്വീകരിക്കുന്നത്. ഡെബിറ്റ് കാർഡുകളും ക്രെഡിറ്റ് കാർഡുകളും ഉപയോ​ഗിച്ച് പണം സ്വീകരിക്കാൻ എല്ലാ വകുപ്പുകളും നിർബന്ധമായും പോയിന്റ് ഓഫ് സെയിൽ മെഷീൻ സ്ഥാപിക്കണമെന്ന 2018ലെ വ്യവസ്ഥ സർക്കാർ നീക്കി.