by Midhun HP News | May 28, 2026 | Latest News, ദേശീയ വാർത്ത
ധാക്ക: ബംഗ്ലാദേശിലെ സ്വകാര്യ ആശുപത്രിയിൽ 6 നവജാത ശിശുക്കൾ മരിച്ചു. ജനിച്ച് ഒരു ദിവസം മുതൽ 3 ദിവസം വരെ പ്രായമുള്ള കുഞ്ഞുങ്ങളാണ് മരിച്ചത്. അദ്‍ദിൻ ആശുപത്രിയിലാണ് ദാരുണ സംഭവം. എസി ഓഫാക്കിയതിനു പിന്നാലെ കുട്ടികൾക്ക് സുഖമില്ലാതാവുകയും മരിക്കുകയുമായിരുന്നു. രാവിലെ ആറ് മണിക്കാണ് ആദ്യത്തെ കുട്ടി മരിച്ചത്. പിന്നീട് ഒൻപതരയോടെ മറ്റ് കുട്ടികളും മരിച്ചെന്നു മട്രോ പൊളിറ്റൻ പൊലീസ് വ്യക്തമാക്കി.
പുലർച്ചെ 2 മണിയോടെ കുഞ്ഞുങ്ങൾക്കു തണുക്കുന്നുവെന്നു വാർഡിലെ ഒരു കൂട്ടിരിപ്പുകാരൻ പരാതിപ്പെട്ടിരുന്നു. ഇതോടെ ആ മുറിയിലെ എസി ഏതാണ്ട് ഒരു മണിക്കൂറോളം നിർത്തി വച്ചു. പിന്നീട് ചൂട് അനുഭവപ്പെട്ടതിനെ തുടർന്നു വീണ്ടും എസി പ്രവർത്തിപ്പിച്ചു. പിന്നാലെ രണ്ട് കുട്ടികൾക്കു സുഖമില്ലെന്നു കണ്ടതോടെ ഇരുവരേയും എൻഐസിയുവിലേക്ക് മാറ്റി. പിന്നീട് വാർഡിലേക്ക് മാറ്റിയെങ്കിലും പുലർച്ചെ ആറ് മണിയോടെ കുട്ടികൾക്കു വീണ്ടും സുഖമില്ലാതായതോടെ അവരെ എൻഐസിയുവിലേക്ക് തന്നെ മാറ്റി. പിന്നാലെ വെന്റിലേറ്ററിലേക്കും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവം നടക്കുമ്പോൾ ധാക്കയിലെ താപനില ഏതാണ്ട് 32 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. എസി ഓഫ് ചെയ്തതോടെ മുറിക്കുള്ളിലേക്ക് വായു സഞ്ചാരത്തിനുള്ള മറ്റു വഴികളുണ്ടായിരുന്നില്ലെന്നും അന്തരീക്ഷം ശ്വാസം മുട്ടിക്കുന്നതായിരുന്നുവെന്നു ആരോഗ്യ വകുപ്പ് മേധാവ് പ്രഭാത് ചന്ദ്ര ബിശ്വാസ് വ്യക്തമാക്കി. എസിക്കുണ്ടായ തകരാറിനെത്തുടർന്നു വാതക ചോർച്ചയുണ്ടായിരിക്കാമെന്നും കുട്ടികളുടെ ആരോഗ്യനില വഷളാകാൻ ഇതു കാരണമായെന്നും പ്രാഥമിക അന്വേഷണ റിപ്പോർട്ടുണ്ട്. സംഭവത്തിൽ ആരോഗ്യ മന്ത്രാലയം അന്വേഷണത്തിനു ഉത്തരവിട്ടു.

by Midhun HP News | May 28, 2026 | Latest News, കേരളം
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ കത്തിന് മറുപടി നൽകി മുൻ ജോയിന്റ് സെക്രട്ടറി അൻസിബ ഹസൻ. തന്റെ പരാതി കേൾക്കാൻ നിഷ്പക്ഷമായ പ്രത്യേക സമിതി രൂപീകരിക്കണമെന്നാണ് അൻസിബയുടെ ആവശ്യം. രമേഷ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാല പാര്‍വതി എന്നിവർ ഉൾപ്പെടുന്ന സമിതി വേണമെന്നാണ് ആവശ്യം.
ഇവരിൽ ആരെങ്കിലും ലഭ്യമാകാതിരിക്കുകയോ താല്പര്യമില്ലായ്മ പ്രകടിപ്പിക്കുകയോ ചെയ്താൽ, തന്നോട് കൂടി ആലോചിച്ച ശേഷം മറ്റ് ബദൽ അംഗങ്ങളെ തീരുമാനിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ഹിയറിങ് നടപടികൾ പൂർണമായും റെക്കോർഡ് ചെയ്യണമെന്നും ഈ റെക്കോർഡിങ്ങുകൾ അമ്മയുടെ ഔദ്യോഗിക രേഖകളിൽ സൂക്ഷിക്കേണ്ടതും, അതിന്റെ പകർപ്പുകൾ തനിക്കും ഈ വിഷയത്തിൽ ഉൾപ്പെട്ടിരിക്കുന്ന എതിർകക്ഷികൾക്കും നൽകണമെന്നും അൻസിബ ആവശ്യപ്പെട്ടു.
തന്റെ ആരോപണങ്ങളും പരാതികളും ‘അമ്മ’യുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഒരു എക്സിക്യൂട്ടീവ് അംഗം എന്നിവർക്കെതിരെ ആയതിനാൽ, വിഷയം നിഷ്പക്ഷമായി കേൾക്കുന്നതിന് ബന്ധപ്പെട്ട എല്ലാ കക്ഷികൾക്കും പാനലിന് മുന്നിൽ തങ്ങളുടെ ഭാഗം വിശദീകരിക്കാനുള്ള അവസരം നൽകേണ്ടത് അത്യാവശ്യമാണ്.
അതുകൊണ്ടാണ് ഈ പ്രശ്നങ്ങൾ കൂട്ടായും നിഷ്പക്ഷമായും കേൾക്കുന്നതിനായി ഒരു സ്വതന്ത്ര പാനൽ രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്നത്.- അൻസിബ കത്തിൽ പറയുന്നു. ‘അമ്മ’ എക്സിക്യൂട്ടീവ് അംഗത്തിനെതിരെയുള്ള തന്റെ പരാതിയിൽ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്താവുന്ന ആരോപണങ്ങൾ ഉൾപ്പെടുന്നുണ്ടെന്നും മറ്റ് അസോസിയേഷൻ അംഗങ്ങളുടെയും പൊതുജനങ്ങളുടെയും മുന്നിൽ വച്ച് അദ്ദേഹം പരസ്യമായി അപമാനിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തതിനാൽ, കുറ്റാരോപിതനെതിരെ നിയമനടപടികൾ ആരംഭിക്കാനും പൊലീസ് പരാതി നൽകാനും തീരുമാനിച്ചിട്ടുണ്ടെന്നും മെയിലിൽ ചൂണ്ടിക്കാട്ടുന്നു.
വൈസ് പ്രസിഡന്റ് ‘അമ്മ’യുടെ പ്രസിഡന്റുമായും തൃപ്പൂണിത്തുറ വനിതാ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രേഷ്മയുമായും ചേർന്ന് ഗൂഢാലോചന നടത്തി. ഈ വിഷയവുമായി ബന്ധപ്പെട്ട്, തന്റെ മൗലികാവകാശങ്ങൾ ഗുരുതരമായി ലംഘിക്കപ്പെട്ടതിനാൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവര്‍ക്ക് പരാതികൾ സമർപ്പിച്ചിട്ടുണ്ട്.
തെറ്റായതും മനഃപൂർവ്വം കെട്ടിച്ചമച്ചതുമായ ഒരു പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് മണിക്കൂറിലധികം പൊലീസ് സ്റ്റേഷനിൽ തന്നെ നിയമവിരുദ്ധമായി തടഞ്ഞുവെക്കുകയും, അനാവശ്യമായ ചോദ്യം ചെയ്യലിനും പീഡനത്തിനും മാനസിക വിഷമങ്ങൾക്കും ഇരയാക്കുകയും ചെയ്തുവെന്നും കത്തിൽ പറയുന്നു. അതേസമയം ‘അമ്മ’യിലെ നാലു പേർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.
അൻസിബ ഹസൻ, ടിനി ടോം, കുക്കു പരമേശ്വരൻ, ലക്ഷ്മി പ്രിയ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. ജൂൺ ഒന്നിനും മൂന്നിനും ഇടയിൽ നേരിട്ട് ഹാജരായി കാര്യങ്ങൾ വിശദീകരിക്കണം. ജൂൺ 21 നാണ് ‘അമ്മ’യുടെ ജനറൽ ബോഡി
യോഗം ചേരുന്നത്.

by Midhun HP News | May 28, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വാടക വീട്ടില്‍ റെയ്ഡിന് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്. അക്രമം ഇങ്ങനെയൊന്നുമല്ല. നിയന്ത്രിക്കാനാവാത്ത ഒരു ചെറിയ പ്രതികരണമാണ് അവിടെ ഉണ്ടായത്. വി ഡി സതീശന്‍ കന്റോണ്‍മെന്റ് ഹൗസ് ഒഴിയാത്തത് ഇഡിക്ക് സുഗമമായ വഴിയൊരുക്കാന്‍ വേണ്ടിയാണെന്നും എം സ്വരാജ് പറഞ്ഞു.
‘കേരളത്തിന്റെ മുഖ്യമന്ത്രി പിന്നെ എന്തേ, ക്ലിഫ് ഹൗസിലേക്ക് താമസം മാറ്റാത്തത്. അങ്ങനെ മാറിയാല്‍ കന്റോണ്‍മെന്റ് ഹൗസ് ഒഴിയേണ്ടി വരും. അങ്ങനെ ഒഴിഞ്ഞാല്‍ പ്രതിപക്ഷ നേതാവിന് സ്വാഭാവികമായി കന്റോണ്‍മെന്റ് ഹൗസ് അനുവദിക്കും. കന്റോണ്‍മെന്റ് ഹൗസ് ഒഴിഞ്ഞു കൊടുക്കാതെ കുറച്ചു നാള്‍ കൂടി മാറി നില്‍ക്കുന്നു എന്ന അന്തരീക്ഷം സൃഷ്ടിച്ചു ഈ അന്വേഷണ ഏജന്‍സികള്‍ക്ക് നാടകം കളിക്കാനുള്ള പ്രതീതി സൃഷ്ടിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുത്തു എന്ന ആരോപണം സമൂഹത്തില്‍ ഉയര്‍ന്നുവരികയാണ്. ഇഡിയെ ആരും ആക്രമിച്ചിട്ടില്ല. അക്രമം ഇങ്ങനെയൊന്നുമല്ല എന്ന് നിങ്ങള്‍ മനസിലാക്കിക്കൊള്ളണം. ഇതൊരു അക്രമമേയല്ല’- സ്വരാജ് പറഞ്ഞു.
ഇഡി ഉദ്യോഗസ്ഥര്‍ പക്വമായ നിലപാട് ആണോ സ്വീകരിച്ചത്?
സിഎംആര്‍എല്‍- എക്സാലോജിക് മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടില്‍ റെയ്ഡ് നടത്തി മടങ്ങിയ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ഉണ്ടായ ആക്രമണത്തില്‍ റെയ്ഡ് കഴിഞ്ഞ ഉദ്യോഗസ്ഥര്‍ പക്വമായ നിലപാട് ആണോ സ്വീകരിച്ചത് എന്ന ചോദ്യവുമായി സിപിഎം നേതാവ് ഇ പി ജയരാജന്‍. ബോധപൂര്‍വ്വം ഒരു പ്രശ്നം ഉണ്ടാക്കാനല്ലേ ഉദ്യോഗസ്ഥന്മാര്‍ ശ്രമിച്ചത് എന്നും ഇ പി ജയരാജന്‍ വിമര്‍ശിച്ചു. ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ നടന്നത് സ്വാഭാവിക പ്രതികരണം മാത്രമെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘സാധാരണഗതിയില്‍ എന്താണ് ചെയ്യേണ്ടത്. വലിയ ജനക്കൂട്ടം ക്ഷുഭിതരായി പുറത്തുനില്‍ക്കുന്നു. മുദ്രാവാക്യം വിളിക്കുന്നു. ആ ജനക്കൂട്ടത്തിന് നേരെ കാറും എടുത്ത് പോകാന്‍ പറ്റുമോ?സ്വാഭാവികമായി പ്രതികരണം ഉണ്ടാവില്ലേ? ഇവിടെ പിണറായിയില്‍ എല്ലാവരെയും മാറ്റി നിര്‍ത്തിയിട്ടല്ലേ അവര്‍ പോയത്. എന്തെങ്കിലും ഉണ്ടായോ?എന്തുകൊണ്ടാണ്? തിരുവനന്തപുരത്ത് പ്രകോപനം ഉണ്ടാക്കാനുള്ള ശ്രമമാണ് നടന്നത്. ക്ഷുഭിതരായ ജനക്കൂട്ടത്തിന് നേരെ കാറും എടുത്ത് പോകുമ്പോള്‍ ഏത് ഗാന്ധിയന്മാരും പ്രതികരിച്ച് പോകില്ലേ? അതാണ് മനസിലാക്കേണ്ടത്’- ഇ പി ജയരാജന്‍ തുടര്‍ന്നു.
ബോധപൂര്‍വ്വം തന്നെ ഇത്തരമൊരു സാഹചര്യം ഉണ്ടാക്കിയെടുത്ത് കേരളത്തിന്റെ സമാധാനപരമായ അന്തരീക്ഷത്തെ തകര്‍ക്കാനും ഇവിടെ ആര്‍എസ്എസ് – ബിജെപി- കോണ്‍ഗ്രസിന്റെ ഹിഡന്‍ അജണ്ട, ഡീല്‍ നടപ്പിലാക്കി കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ, പ്രത്യേകിച്ച് സിപിഎമ്മിനെ തകര്‍ക്കാമെന്നാണ് ധരിക്കുന്നതെങ്കില്‍ അങ്ങനെ തകര്‍ന്നുപോകില്ല എന്ന് മനസിലാക്കണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
by Midhun HP News | May 28, 2026 | Latest News, ദേശീയ വാർത്ത
ബംഗളൂരു: കർണ്ണാടക രാഷ്ട്രീയത്തിൽ ദിവസങ്ങളായി നിലനിന്നിരുന്ന ഭരണമാറ്റ അഭ്യൂഹങ്ങൾക്ക് ഒടുവിൽ പൂർണ്ണ വിരാമം. ഡികെ ശിവകുമാറിന് മുഖ്യമന്ത്രി പദവിയിലേക്കുള്ള വഴിതുറന്ന് നൽകിക്കൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ ഔദ്യോഗിക രാജി പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാവിലെ സ്വന്തം വസതിയിൽ വെച്ച് മന്ത്രിമാർക്കായി അദ്ദേഹം ഒരുക്കിയ പ്രത്യേക പ്രഭാതഭക്ഷണ യോഗത്തിലാണ് നാടകീയമായ ഈ പ്രഖ്യാപനമുണ്ടായത്.
വരും ദിവസങ്ങളിൽ ഡികെ ശിവകുമാറിനെ പൂർണ്ണമായി പിന്തുണച്ച് ഒപ്പം നിൽക്കാൻ സിദ്ധരാമയ്യ യോഗത്തിൽ പങ്കെടുത്ത എല്ലാ മന്ത്രിമാരോടും ഔദ്യോഗികമായി ആവശ്യപ്പെട്ടു. പ്രഖ്യാപനത്തിന് പിന്നാലെ മന്ത്രിമാർ മുഴുവൻ മുഖ്യമന്ത്രിയുടെ വസതിയിൽ നിന്നും മടങ്ങിയിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് തന്നെ തന്റെ രാജിക്കത്ത് ഗവർണ്ണർക്ക് കൈമാറുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്. ഗവർണ്ണർ താവർചന്ദ് ഗെഹ്‌ലോട്ട് നിലവിൽ വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഇൻഡോറിലാണെങ്കിലും രാജ്ഭവൻ സെക്രട്ടറി വഴി രാജി കൈമാറാനാണ് സിദ്ധരാമയ്യയുടെ തീരുമാനം.
ഭരണമാറ്റ വാർത്തകൾ പുറത്തുവന്നതോടെ ഉപമുഖ്യമന്ത്രിയും പുതിയ മുഖ്യമന്ത്രിയായി നിശ്ചയിക്കപ്പെടുകയും ചെയ്ത ഡികെ. ശിവകുമാറിന്റെ ബംഗളൂരുവിലെ വസതിക്ക് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ വലിയ രീതിയിലുള്ള ആഘോഷങ്ങൾ ആരംഭിച്ചുകഴിഞ്ഞു. പ്രവർത്തകർ കൂട്ടത്തോടെ മുദ്രാവാക്യം വിളിക്കുകയും പരസ്പരം മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയുമാണ്. കോൺഗ്രസ് പാർട്ടിക്കായി സ്വന്തം ജീവിതം സമർപ്പിച്ച നേതാവാണ് ഡി.കെ. ശിവകുമാറെന്നും അദ്ദേഹം നൂറ് ശതമാനവും മുഖ്യമന്ത്രി പദവിക്ക് അർഹനാണെന്നും അണികൾ മാധ്യമങ്ങളോട് പ്രതികരിച്ചു.
സിദ്ധരാമയ്യയും ഡികെ.ശിവകുമാറും മനുഷ്യന്റെ രണ്ട് കണ്ണുകൾ പോലെയാണ് കർണ്ണാടകത്തിൽ കോൺഗ്രസിനെ നയിച്ചതെന്നും ഈ വലിയ അധികാരക്കൈമാറ്റം വിജയകരമായി പൂർത്തിയാക്കിയ കോൺഗ്രസ് ഹൈക്കമാൻഡിനും രാഹുൽ ഗാന്ധിക്കും കെ.സി. വേണുഗോപാലിനും നന്ദി അറിയിക്കുന്നുവെന്നും വസതിക്ക് മുന്നിൽ തടിച്ചുകൂടിയ അണികൾ വ്യക്തമാക്കി.

കഴിഞ്ഞ വർഷം കോൺഗ്രസ് സർക്കാർ രണ്ടര വർഷത്തെ ഭരണം പൂർത്തിയാക്കിയതു മുതൽ തന്നെ കർണ്ണാടകത്തിൽ നേതൃമാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു. നിലവിൽ മൂന്ന് വർഷത്തെ ഭരണം പൂർത്തിയാകുന്ന ഘട്ടത്തിലാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ കർശന നിർദ്ദേശപ്രകാരം സിദ്ധരാമയ്യ പദവി ഒഴിഞ്ഞത്. പ്രഭാതഭക്ഷണ യോഗത്തിനിടെ 77-കാരനായ സിദ്ധരാമയ്യയുടെ പാദങ്ങൾ തൊട്ട് വണങ്ങി ഡി.കെ. ശിവകുമാർ അനുഗ്രഹം വാങ്ങുകയും ഇരുവരും പരസ്പരം ആലിംഗനം ചെയ്യുകയും ചെയ്തിരുന്നു. ഈ ചിത്രങ്ങൾ വലിയ രീതിയിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മുൻപ് ഗവർണ്ണറെ കാണാൻ സിദ്ധരാമയ്യ സമയം തേടിയിട്ടില്ലെന്ന് രാജ്ഭവൻ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നുവെങ്കിലും വൈകുന്നേരം മൂന്ന് മണിയോടെ രാജി നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തീരുമാനം. പുതിയ മുഖ്യമന്ത്രിയായി ഡികെ.ശിവകുമാർ അടുത്ത ദിവസങ്ങളിൽ തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
by Midhun HP News | May 28, 2026 | Latest News, കേരളം
കണ്ണൂർ: ക്ഷേത്രക്കുളത്തിൽ കാൽ വഴുതി വീണ് അപകടത്തിൽപ്പെട്ട 15 വയസ്സുകാരിയായ പെൺകുട്ടിയെ സ്വന്തം ജീവൻ പോലും വകവെയ്ക്കാതെ സാഹസികമായി രക്ഷിച്ച് കൂട്ടുകാർ മാതൃകയായി. പെരളശ്ശേരി മാവിലായി കീഴറ ശ്രീ ചേനാരത്ത് ക്ഷേത്രക്കുളത്തിൽ കാൽ വഴുതി വീണ് വെള്ളത്തിൽ താഴ്ന്നുപോവുകയായിരുന്ന പെൺകുട്ടിയെയാണ് ഒപ്പമുണ്ടായിരുന്ന കീഴറ സ്വദേശിനി റിഷിക രജിലും മയ്യിൽ സ്വദേശി റിഥിൻ രാജും ചേർന്ന് കുളത്തിലിറങ്ങി അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. ഇരുവരുടെയും തക്കസമയത്തുള്ള ഇടപെടലും ധീരതയുമാണ് ഒരു വലിയ ദുരന്തം ഒഴിവാക്കിയത്.
കീഴറയിലെ ശില്പയുടെയും ആർമി ഉദ്യോഗസ്ഥനായ രജിലിന്റെയും മകളാണ് പത്താം ക്ലാസ് വിദ്യാർത്ഥിനിയായ റിഷിക. പെരളശ്ശേരി എകെജി സ്മാരക ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനിയായ റിഷിക സ്കൂളിലെ സജീവ എൻ.സി.സി കേഡറ്റ് കൂടിയാണ്. ഈ പരിശീലനത്തിലൂടെ ലഭിച്ച മനോധൈര്യമാണ് അപകടം കണ്ട നിമിഷത്തിൽ ഒട്ടും പരിഭ്രമിക്കാതെ കുളത്തിലേക്ക് ഇറങ്ങാൻ പെൺകുട്ടിക്ക് കരുത്തായത്. അപകടത്തിൽപ്പെട്ട കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകനാണ് റിഷികയ്ക്കൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ റിഥിൻ രാജ്.
കുളത്തിലെ ആഴമേറിയ വെള്ളത്തിൽ വീണ് കുട്ടി മുങ്ങിത്താഴുന്നത് കണ്ടയുടൻ റിഷികയും റിഥിനും ഒന്നിച്ച് വെള്ളത്തിലേക്ക് ഇറങ്ങുകയായിരുന്നു. വെള്ളത്തിൽ ജീവനായി പിടയുകയായിരുന്ന പെൺകുട്ടിയെ ഇരുവരും ചേർന്ന് ശരീരബലം ഉപയോഗിച്ച് താങ്ങിനിർത്തുകയും ഏറെ പ്രയത്നപ്പെട്ട് സാഹസികമായി കുളത്തിന്റെ കരയിലേക്ക് സുരക്ഷിതമായി എത്തിക്കുകയുമായിരുന്നു.

Recent Comments