ടി.വി റിമോട്ട് നൽകാത്തതിൽ മനോവിഷമം; പന്ത്രണ്ടുകാരൻ ജീവനൊടുക്കി

ടി.വി റിമോട്ട് നൽകാത്തതിൽ മനോവിഷമം; പന്ത്രണ്ടുകാരൻ ജീവനൊടുക്കി

പാലക്കാട്: ടിവി യുടെ റിമോട്ട് കൺട്രോൾ നൽകാത്തതിന്റെ വിഷമത്തിൽ പന്ത്രണ്ട് വയസ്സുകാരൻ ജീവനൊടുക്കി. വ്യാഴാഴ്ച ഉച്ചയോടുകൂടി തച്ചമ്പാറ മുതുകുറുശ്ശി അലറാംപടി ഭാഗത്ത് ഭഗവതിപറമ്പിൽ പ്രമോദിന്റെയും ഷിജിയുടെയും മകൻ പ്രദോഷ്‌ ആണ് ആത്മഹത്യ ചെയ്തത്. വീടിൻറെ തട്ടിൻ പുറത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

കൊഴിഞ്ഞാമ്പാറ ഹോളി ഫാമിലി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന പ്രദോഷിനെ, പുതിയ അധ്യയന വർഷത്തിൽ തച്ചമ്പാറ ഡി ബി എച്ച്എസ് സ്കൂളിൽ എട്ടാം ക്ലാസിൽ ചേർത്തിരുന്നു. കുട്ടിക്ക് നിരന്തരമായി ടിവി കാണുന്ന സ്വഭാവം ഉണ്ടായിരുന്നുവെന്നും, ഇതിനെച്ചൊല്ലി വീട്ടിൽ ചെറിയ രീതിയിലുള്ള തർക്കങ്ങൾ പതിവായിരുന്നുവെന്നും പ്രദേശവാസിയായ തച്ചമ്പാറ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ നൗഷാദ് ബാബു വ്യക്തമാക്കി. പകൽ പന്ത്രണ്ട് മണിയോടെ കുട്ടി ടിവി റിമോട്ട് ആവശ്യപ്പെട്ടപ്പോൾ അമ്മ നൽകാതിരുന്നതിനെത്തുടർന്നാണ് പ്രദോഷ് വീടിന്റെ മുകൾനിലയിലേക്ക് മാറിയതും പിന്നീട് ജീവനൊടുക്കുകയുമായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയുടെ പിതാവ് പ്രമോദ് നിലവിൽ ഗൾഫിൽ ജോലി ചെയ്യുകയാണ്. മൂത്ത മകന്റെ ദാരുണമായ വിയോഗവാർത്ത അറിഞ്ഞ ഉടൻ തന്നെ അദ്ദേഹം നാട്ടിലേക്ക് തിരിഞ്ഞിട്ടുണ്ട്. പ്രദോഷിന് ഒരു അനിയൻ കൂടിയുണ്ട്.

ബലി പെരുന്നാൾ: മെയ് മാസത്തിലെ ശമ്പളം 25ന് മുമ്പ് നൽകണം

ബലി പെരുന്നാൾ: മെയ് മാസത്തിലെ ശമ്പളം 25ന് മുമ്പ് നൽകണം

മസ്കത്ത്: ബലിപെരുന്നാൾ പ്രമാണിച്ച് ഒമാനിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ മെയ് മാസത്തിലെ ശമ്പളം മുൻകൂറായി നൽകണമെന്ന് ഒമാൻ. ഇത് സംബന്ധിച്ച സർക്കുലർ തൊഴിൽ മന്ത്രാലയം പുറത്തിറക്കി. എല്ലാ കമ്പനികളും തങ്ങളുടെ ജീവനക്കാരുടെ മെയ് മാസത്തിലെ ശമ്പളം മെയ് 25ന് മുൻപായി വിതരണം ചെയ്യണമെന്ന് സർക്കുലറിൽ പറയുന്നു.

പെരുന്നാൾ ആഘോഷങ്ങളോട് അനുബന്ധിച്ച് ജീവനക്കാർക്ക് അവരുടെ സാമ്പത്തികപരമായ ആവശ്യങ്ങൾ മുൻകൂട്ടി നിറവേറ്റുന്നതിനാണ് ഈ നടപടി. ഒമാനിലെ തൊഴിൽ നിയമത്തിൻ്റെ പരിധിയിൽ വരുന്ന എല്ലാ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കും ഈ സർക്കുലർ ബാധകമാണ്.

നിശ്ചിത സമയപരിധിക്കുള്ളിൽ ശമ്പള കൈമാറ്റം പൂർത്തിയാക്കണമെന്നും ഈ നിർദ്ദേശം കൃത്യമായി പാലിക്കണമെന്നും തൊഴിൽ മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു. ശമ്പളം നേരത്തെ ലഭിക്കുന്നത് വിപണിക്കും ഗുണകരമാകും എന്നാണ് വിലയിരുത്തൽ. ഗൾഫ് രാജ്യങ്ങളിൽ ഈ വർഷത്തെ ബലി പെരുന്നാൾ മേയ് 27ന് ആണ് ആചരിക്കുന്നത്.

പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

ഇസ്ലാമാബാദ്: 2019-ലെ പുല്‍വാമ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരില്‍ ഒരാളായ ഹംസ ബുര്‍ഹാന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. പാക് അധീന കശ്മീരിലെ മുസാഫറാബാദില്‍ വെച്ച് അജ്ഞാതരായ അക്രമികളാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്.

പുല്‍വാമ നിവാസിയായ ബുര്‍ഹാന്റെ യഥാര്‍ത്ഥ പേര് അര്‍ജുമന്ദ് ഗുല്‍സാര്‍ ദാര്‍ എന്നാണ്. ഡോക്ടര്‍ എന്നാണ് ഇയാള്‍ ഭീകരര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. 2022-ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബുര്‍ഹാനെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.

2019-ലെ പുല്‍വാമ ആക്രമണത്തില്‍ 40 ലേറെ സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ജമ്മു കാശ്മീരില്‍ പുല്‍വാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്കു നേരെ ഭീകരര്‍ ചാവേര്‍ ആക്രമണം നടത്തുകയായിരുന്നു.2019 ഫെബ്രുവരി പതിനാലാം തീയതിയായിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാനിലെ ഭീകരസംഘടനയായ ജെയ്ഷ് ഇ മൊഹമ്മദ് ഏറ്റെടുത്തിരുന്നു.

ധോനി ടീമുമായി ഉടക്കിൽ… ചെന്നൈ സൂപ്പർ കിങ്സിൽ ‘തല’ യു​​ഗത്തിന് അന്ത്യം?

ധോനി ടീമുമായി ഉടക്കിൽ… ചെന്നൈ സൂപ്പർ കിങ്സിൽ ‘തല’ യു​​ഗത്തിന് അന്ത്യം?

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിങ്സിന്റെ മുഖമായ എംഎസ് ധോധി ഈ സീസണോടെ ടീം വിടുമെന്ന് റിപ്പോർട്ടുകൾ. ധോനി സിഎസ്കെ ടീം മാനേജ്മെന്‍റുമായി ഭിന്നതയിൽ ആണെന്നും റിപ്പോർട്ടുകൾ പറയുന്നു. സീസണിൽ ഇതുവരെ ഒരു കളി പോലും ധോനി കളിച്ചിട്ടില്ല. പരിക്കാണ് കാരണമായി പറഞ്ഞു കേട്ടത്. എന്നാൽ പിന്നിൽ ഭിന്നതയാകുമെന്ന നി​ഗമനങ്ങളാണ് ഇപ്പോൾ വരുന്നത്.

തന്നോട് കൂടിയാലോചിക്കാതെ സിഎസ്കെ മാനേജ്മെന്‍റ് എടുക്കുന്ന തീരുമാനങ്ങളിൽ ധോനി അതൃപ്തനാണെന്നു സൂചനകളുണ്ട്. ഇതാണ് കടുത്ത ഭിന്നതയിലേക്ക് എത്തിച്ചത് എന്നാണ് വിവരം.

എന്നാൽ ധോനിയോ, സിഎസ്കെ മാനേജ്‌മെന്‍റോ ഇക്കാര്യങ്ങളെക്കുറിച്ച് പ്രതികരണമൊന്നും നടത്തിയിട്ടില്ല. എപ്പോള്‍ കളിക്കാനിറങ്ങണമെന്ന് ധോനിക്ക് തീരുമാനിക്കാം എന്നാണ് ടീം മാനേജ്മെന്‍റിന്‍റെ നിലപാട്. തന്‍റെ സാന്നിധ്യത്തിലൂടെ ടീമിന്‍റെ ബാലൻസ് തെറ്റിക്കേണ്ട എന്നു കരുതിയാണ് ധോനി കളിക്കാത്തതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇത്തവണത്തെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ച നിലയിലാണ് സിഎസ്കെ. ഇനി അടുത്ത ഘട്ടം കാണണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം. ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അവസാന ലീഗ് മത്സരത്തിനിറങ്ങുമ്പോഴും ധോനി ടീമിൽ കാണില്ല. ധോനി റാഞ്ചിയിലെ വീട്ടിലേക്ക് മടങ്ങിയെന്ന് ബാറ്റിങ് കോച്ച് മൈക്ക് ഹസി സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട്. അതേസമയം തന്നെ ചെന്നൈ പ്ലേ ഓഫിന് യോഗ്യത നേടിയാല്‍ ധോനി ടീമിനൊപ്പം വീണ്ടും ചേരുമെന്നും റിപ്പോർട്ടുകളുണ്ട്.

നിലവിൽ സ്ഥാനം ഒട്ടും സുരക്ഷിതമല്ലാതെ നിൽക്കുകയാണ് ചെന്നൈ. ‍കൊൽക്കത്ത ഇന്നലെ ജയിച്ചതാണ് സിഎസ്കെയുടെ സാധ്യത കൂടുതൽ സങ്കീർമാക്കിയത്. പ്ലേ ഓഫ് ഉറപ്പിക്കാൻ അവസാന കളിയിൽ ചെന്നൈ ഉറപ്പായും ജയിക്കണം. മാത്രമല്ല കെകെആർ, പിബികെഎസ്, ഡിസി, ആർആർ ടീമുകൾ തോൽക്കുകയും വേണം. ചെന്നൈ, ഡൽഹി ടീമുകൾ ജയിക്കുകയും ശേഷിക്കുന്ന മൂന്ന് ടീമുകൾ പരാജയപ്പെടുകയും ചെയ്താൽ നെറ്റ് റൺറേറ്റ് അടിസ്ഥാനമാക്കിയായിരിക്കും പ്ലേ ഓഫിലെ അവസാന സ്ഥാനം നിർണയിക്കപ്പെടുക.

​’ഹർദിക് പാണ്ഡ്യയെ തിരിച്ചെത്തിച്ച മുംബൈ ഇന്ത്യൻസിന്റെ ലോജിക്ക് എനിക്ക് ഇതുവരെ മനസിലായിട്ടില്ല’

​’ഹർദിക് പാണ്ഡ്യയെ തിരിച്ചെത്തിച്ച മുംബൈ ഇന്ത്യൻസിന്റെ ലോജിക്ക് എനിക്ക് ഇതുവരെ മനസിലായിട്ടില്ല’

കൊൽക്കത്ത: ഹർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിക്കു കീഴിൽ തുടരെ മൂന്നാം സീസണിലും മുംബൈ ഇന്ത്യൻസിനു നിരാശ മാത്രമാണ് ബാക്കി. പതിവുപോലെ ക്യാപ്റ്റനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കും പഞ്ഞമുണ്ടായില്ല. ഹർദിക് പാണ്ഡ‍്യയെ മുംബൈ ഒഴിവാക്കണമെന്ന നിർദ്ദേശവുമായി മുൻ ഇം​ഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ രം​ഗത്തെത്തി. കൊൽക്കത്തയ്ക്കെതിരായ തോൽവിക്കു പിന്നാലെയാണ് ഒരു ചർച്ചയിൽ വോൺ ശ്ര​ദ്ധേയ നിരീക്ഷണങ്ങൾ പങ്കിട്ടത്. ഹർദികിനെ ഒഴിവാക്കി മുൻപ് റീലിസ് ചെയ്ത ഓസ്ട്രേലിയൻ ഓൾ റൗണ്ടർ കാമറൂൺ ​ഗ്രീനിനെ മുംബൈ തിരിച്ചെത്തിക്കണമെന്നു വോൺ പറയുന്നു. മുംബൈ ഒഴിവാക്കി ഹർദിക് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കണമെന്നും വോൺ പറയുന്നു.

‘കാണേണ്ടതൊക്കെ ഇപ്പോൾ കണ്ടിരിക്കുന്നു. മുംബൈ ഇന്ത്യൻസ് അടുത്ത സീസണിനു മുൻപായി ആദ്യം ചെയ്യേണ്ടത് ഹർദിക് പാണ്ഡ്യയെ ടീമിൽ നിന്ന് ഒഴിവാക്കുകയാണ്. ഹർദികിനെ മുംബൈ ഇന്ത്യൻസ് തിരികെ കൊണ്ടു വന്നതിലെ യുക്തി എനിക്കിപ്പോഴും മനസിലായിട്ടില്ല. ​ഗുജറാത്ത് ടൈറ്റൻസിനൊപ്പം അദ്ദേഹം മികച്ച രീതിയിലാണ് ക്യാപ്റ്റനെന്ന നിലയിൽ പ്രവർത്തിച്ചത്. മറ്റൊരു അന്തരീക്ഷത്തിൽ വ്യത്യസ്തരായ ഒരുകൂട്ടം കളിക്കാർക്കും കോച്ചിനുമൊപ്പമായിരുന്നു നേട്ടം. മുംബൈയുടെ കാര്യം വത്യസ്തമാണ്. ക്യാപ്റ്റനെന്ന നിലയിൽ തീരുമാനങ്ങൾ എടുക്കാൻ കെൽപ്പുള്ള നിറയെ താരങ്ങൾ ഇപ്പോൾ തന്നെ ആ ടീമിലുണ്ട്. അതിലൊരാളെ മാറ്റുന്നതാണ് ഉചിതം.’

‘ഹർദികിനു പകരം കാമറൂൺ ​ഗ്രീനിനെ മുംബൈ തിരികെ എത്തിക്കണം. കൊൽക്കത്തയ്ക്ക് ക്യാപ്റ്റനെ ആവശ്യമുണ്ടെങ്കിൽ ഹർ​ദികിനെ നായകനാക്കണം. അദ്ദേഹം അങ്ങോട്ടു മാറുന്നതായിരിക്കും നല്ലത്. അത് ഇരു കൂട്ടർക്കും പുതിയൊരു തുടക്കവുമാകും. അ​ദ്ദേഹത്തിനു ക്യാപ്റ്റനായി തന്നെ ഐപിഎൽ കളിക്കണമെന്നുണ്ടെങ്കിൽ തികച്ചു വ്യത്യസ്തമായ മറ്റൊരു ടീമിലേക്ക് മാറുന്നതാകും ഉചിതം. അത് കെകെആർ ആണെങ്കിലും ഓക്കെ. കാരണം അവർ പുതിയ ക്യാപ്റ്റനെ തേടുന്നുണ്ടാകാം. അതുകൊണ്ടാണ് പറയുന്നത്. കാമറൂൺ ​ഗ്രീൻ നിലവിൽ കെകെആറിലുണ്ടല്ലോ. അദ്ദേഹം തിരികെ മുംബൈയിലേക്ക് പോകട്ടെ. ​ഹർ​ദിക് കെകെആറിലും നായകനായി എത്തി പുതിയൊരു തുടക്കം ഇടട്ടെ’- വോൺ വ്യക്തമാക്കി.

ഹർദികിനെ പൊന്നും വില കൊടുത്ത് ​മുംബൈ ഇന്ത്യൻസിൽ നിന്നു എത്തിച്ച് ​ഗുജറാത്ത് ടൈറ്റൻസ് കന്നി വരവിൽ തന്നെ ഐപിഎൽ കിരീടം സ്വന്തമാക്കിയിരുന്നു. പിന്നാലെ 2024ൽ മുംബൈ ഇന്ത്യൻസ് ഹർദികിനെ തിരികെ ടീമിലെത്തിച്ചു. കോടികളുടെ പ്രതിഫലത്തിനൊപ്പം ക്യാപ്റ്റൻ സ്ഥാനവും തനിക്കു വേണമെന്ന ഡിമാൻഡാണ് ഹർദിക് മുന്നോട്ടു വച്ചത്. ഇതിന്റെ ഭാ​ഗമായി രോഹിത് ശർമയെ മാറ്റി ഹർദികിനെ നായകനാക്കുകയും ചെയ്തു.

എന്നാൽ പ്രതീക്ഷിച്ച പ്രകടനം ഹർദികിനു കീഴിൽ മുംബൈ ഇന്ത്യൻസിനു നടത്താനായില്ല. മൂന്ന് വർഷത്തിനിടെ ഒരു തവണ മാത്രമാണ് ഹർദികിനു കീഴിൽ മുംബൈ പ്ലേ ഓഫ് കളിച്ചത്. 2024ൽ ടീം അവസാന സ്ഥാനത്തായിരുന്നു. ഇത്തവണ ഒൻപതാം സ്ഥാനത്തുമാണ്.

നായകനായുള്ള രണ്ടാം വരവിന്റെ തുടക്കത്തിൽ രോഹിതിനെ മാറ്റിയതിന്റെ പേരിൽ ഹർദികിനെതിരെ ആരാധകർ വലിയ രീതിയിൽ എതിർപ്പ് പ്രകടപ്പിച്ചിരുന്നു. ​ഗ്രൗണ്ടിൽ ഇറങ്ങിയ ഹർദികിനു നേർക്ക് ആരാധകർ കൂവി വിളിക്കുന്ന സാഹചര്യവുമുണ്ടായി. അതിനിടെ ടീമിലെ സഹ താരങ്ങളുമായി ഹർ​ദിക് ഒത്തുപോകാത്തതും ചർച്ചയായി.