by Midhun HP News | May 20, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ റെക്കോര്‍ഡ് മൂല്യത്തകര്‍ച്ച തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 33 പൈസയാണ് ഇടിഞ്ഞത്. ഒരു ഡോളര്‍ വാങ്ങാന്‍ 97 രൂപ കൊടുക്കേണ്ട അവസ്ഥയിലേക്കാണ് നീങ്ങുന്നത്. 96.86 എന്ന നിലയിലേക്കാണ് രൂപ താഴ്ന്നത്. ഒരു ഡോളര്‍ വാങ്ങാന്‍ നൂറ് രൂപ കൊടുക്കേണ്ട സ്ഥിതിയിലേക്ക് മാറുമോ എന്ന ആശങ്കയിലാണ് സാമ്പത്തിക വിദഗ്ധര്‍.
ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 110 ഡോളറിന് മുകളില്‍ തന്നെ തുടരുന്നത് അടക്കമുള്ള വിഷയങ്ങളാണ് രൂപയെ സ്വാധീനിക്കുന്നത്. എണ്ണവില ഉയര്‍ന്ന് നില്‍ക്കുന്നത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് ഉയരാന്‍ ഇടയാക്കുന്നതാണ് രൂപയെ ദുര്‍ബലമാക്കുന്നത്. കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതും രൂപയെ ബാധിച്ചിട്ടുണ്ട്.സംഘര്‍ഷം ഉടന്‍ അവസാനിക്കുന്നതിനുള്ള സാധ്യത വിദൂരമായി തുടരുന്നത് ആഗോള വിപണികളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇത് രൂപയില്‍ പ്രതിഫലിക്കുന്നതായി വിപണി വിദഗ്ധര്‍ പറയുന്നു.
അതേസമയം ഇന്ത്യന്‍ ഓഹരി വിപണി തിരിച്ചുകയറി. വിപണിയുടെ തുടക്കത്തില്‍ സെന്‍സെക്‌സ് 671 പോയിന്റ് ആണ് താഴ്ന്നത്. എന്നാല്‍ പിന്നീട് തിരിച്ചുകയറുന്നതാണ് കണ്ടത്. നിലവില്‍ സെന്‍സെക്‌സ് 75,000ന് മുകളിലാണ്. കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് വിപണി തിരിച്ചുകയറാന്‍ കാരണം.

by Midhun HP News | May 20, 2026 | Latest News, കേരളം
കോംഗോയിലും ഉഗാണ്ടയിലും പടർന്നു പിടിക്കുന്ന എബോള വ്യാപനത്തിൽ ആശങ്ക അറിയിച്ച് ഡബ്ല്യൂഎച്ച്ഒ. വൈറസ് വ്യാപനത്തെ ഒരു പൊതുജനരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് പ്രഖ്യാപിച്ചു. ഇതിനകം നൂറ്റിമുപ്പതിലേറെ പേർ വൈറസ് ബാധയെ തുടർന്ന് മരിച്ചുവെന്ന് ജനീവയിൽ നടന്ന ലോകാരോഗ്യ അസംബ്ലിയിൽ അദ്ദേഹം പറഞ്ഞു.
എബോളയുടെ അപൂർവ വകഭേദമായ ബൂൻഡിബുഗോയാണ് മധ്യ, കിഴക്കൻ ആഫ്രിക്കയിലെ രോഗവ്യാപനത്തിന് പിന്നിവെന്നാണ് നിഗമനം. നിലവിൽ ഇതിന് ഈ വൈറസിനെതിരെ അംഗീകൃത മരുന്നുകളോ വാക്സിനുകളോ ഇല്ല. അണുബാധ-പ്രതിരോധ നടപടികൾ നിരീക്ഷിക്കുന്നതിനും കണ്ടെത്തുന്നതിനും നടപ്പിലാക്കുന്നതിനുമായി കോംഗോയും ഉഗാണ്ടയും അടിയന്തര പ്രവർത്തന കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 516 പേരാണ് രോഗബാധിതരെന്ന് സംശയിക്കപ്പെടുന്നത്.
എന്താണ് എബോള വൈറസ്?
ഓർത്തോബോല വൈറസ് വിഭാഗത്തിലെ വൈറസുകൾ മൂലമുണ്ടാകുന്ന, മാരകമായ പകർച്ചവ്യാധിയാണ് എബോള വൈറസ്. ഇതിൽ പ്രധാനമായും മൂന്ന് തരം വൈറസുകളാണുള്ളത്: എബോള വൈറസ്, സുഡാൻ വൈറസ്, ബൂൻഡിബുഗോ വൈറസ്. ഇത് ഹെമറാജിക് ഫീവറിന് കാരണമാകുന്നു, കൂടാതെ ഇതിന്റെ ശരാശരി മരണനിരക്ക് ഏകദേശം 50 ശതമാനമാണ്.
കോംഗോയിലും ഉഗാണ്ടയിലുമായി ഇരുപതിലധികം എബോള രോഗവ്യാപനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, ബൂൻഡിബുഗോ വൈറസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇത് മൂന്നാം തവണയാണ്. ഇതിൽ രണ്ട് കേസുകൾ ഒഴികെ ബാക്കിയെല്ലാം കോംഗോയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ രണ്ട് കേസുകൾ അയൽരാജ്യമായ ഉഗാണ്ടയിലാണ് റിപ്പോർട്ട് ചെയ്തതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
എബോള വൈറസ് എങ്ങനെ പകരുന്നു?
മൃഗങ്ങളിൽ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. കാടുകളിൽ ചത്തതോ രോഗബാധിതരോ ആയ നിലയിൽ കാണപ്പെടുന്ന വവ്വാലുകൾ, ചിമ്പൻസികൾ, ഗൊറില്ലകൾ, കുരങ്ങുകൾ, മാനുകൾ, മുള്ളൻപന്നികൾ എന്നിവയുടെ രക്തവുമായോ ശരീരസ്രവങ്ങളുമായോ ഉള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് പകരുന്ന്.
രോഗബാധിതരായ ആളുകളുടെ രക്തം, സ്രവങ്ങൾ, അവയവങ്ങൾ അല്ലെങ്കിൽ മറ്റ് ശരീരസ്രവങ്ങൾ എന്നിവയുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ, അല്ലെങ്കിൽ അവർ ഉപയോഗിച്ച മലിനമായ സാഹചര്യങ്ങളിലൂടെയോ ഇത് പടരാം. ഛർദി, രക്തം, ബീജം തുടങ്ങിയ ശരീരസ്രവങ്ങളിലൂടെയും ഈ രോഗം ബാധിക്കാം.
രോഗ ലക്ഷണങ്ങൾ
രണ്ട് മുതൽ 21 ദിവസം വരെയാണ് മനുഷ്യ ശരീരത്തിൽ വൈറസിന്റെ ഇൻകുബേഷൻ കാലാവധി. പെട്ടെന്നുള്ള പനി, കടുത്ത ക്ഷീണം, പേശി വേദന, തലവേദന, തൊണ്ട വേദന എന്നിവയാണ് ആദ്യ ലക്ഷണങ്ങൾ. ഇതിനെ തുടർന്ന് ഛർദ്ദി, വയറിളക്കം, വയറുവേദന, ചർമത്തിലെ തിണർപ്പുകൾ, വൃക്കകളുടെയും കരളിന്റെയും പ്രവർത്തനത്തെ ബാധിക്കുന്ന ലക്ഷണങ്ങൾ എന്നിവ ഉണ്ടാകാം.
ഗുരുതര സാഹചര്യങ്ങളിൽ ചില രോഗികളിൽ ആന്തരികവും ബാഹ്യവുമായ രക്തസ്രാവം ഉണ്ടായേക്കാം. ഇതിൽ ഛർദിയിലും മലത്തിലും രക്തം കാണപ്പെടുക, മൂക്ക്, പല്ലിന്റെ മോണകൾ, യോനി എന്നിവയിലൂടെയുള്ള രക്തസ്രാവം എന്നിവ ഉൾപ്പെടുന്നു. ചർമത്തിൽ സൂചി കുത്തിയ ഭാഗങ്ങളിൽ നിന്നുള്ള രക്തസ്രാവവും ഉണ്ടായേക്കാം. ഇത് കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്നതിലൂടെ ആശയക്കുഴപ്പം, അമിതമായ ദേഷ്യം, ആക്രമണോത്സുകത എന്നിവയ്ക്ക് കാരണമാകാം.
റിവേഴ്‌സ് ട്രാൻസ്‌ക്രിപ്റ്റേസ് പോളിമറേസ് ചെയിൻ റിയാക്ഷൻ (ആർടി-പിസിആർ) ടെസ്റ്റ്, ആന്റിബോഡി-ക്യാപ്‌ചർ എൻസൈം-ലിങ്ക്ഡ് ഇമ്മ്യൂണോസോർബന്റ് അസ്സേ (എലിസ) ടെസ്റ്റ്, ആന്റിജൻ-ക്യാപ്‌ചർ ഡിറ്റക്ഷൻ ടെസ്റ്റുകൾ, സെൽ കൾച്ചർ വഴി വൈറസ് ബാധ കണ്ടെത്താൻ സാധിക്കും.
ചികിത്സയും നിയന്ത്രണ പ്രോട്ടോക്കോളുകളും
മോണോക്ലോണൽ ആന്റിബോഡികളായ mAb114 (ansuvimabTM) അല്ലെങ്കിൽ REGN-EB3 (InmazebTM) ഉപയോഗിച്ചുള്ള ചികിത്സ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നു. രോഗബാധ നിയന്ത്രണ നടപടികളിൽ, മരിച്ചവരുടെ മൃതദേഹങ്ങൾ സുരക്ഷിതമായി സംസ്‌കരിക്കുക, എബോള രോഗബാധിതരുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ടാകാൻ സാധ്യതയുള്ള ആളുകളെ കണ്ടെത്തുകയും 21 ദിവസത്തേക്ക് അവരുടെ ആരോഗ്യം നിരീക്ഷിക്കുകയും ചെയ്യുക, രോഗം പടരുന്നത് തടയാനായി ആരോഗ്യമുള്ളവരെ രോഗികളിൽ നിന്ന് മാറ്റിപ്പാർപ്പിക്കുക, രോഗം സ്ഥിരീകരിച്ച രോഗികൾക്ക് പരിചരണം നൽകുക എന്നിവ ഉൾപ്പെടുന്നു. നല്ല ശുചിത്വം പാലിക്കുന്നതും വൃത്തിയുള്ള അന്തരീക്ഷം നിലനിർത്തുന്നതും ഇതിൽ പ്രധാനമാണ്.

by Midhun HP News | May 20, 2026 | Latest News, കേരളം
തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങിനിടെ ജാതി പേര് ചേര്‍ത്ത് വായിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ അച്ഛന്റെ പേര് പറഞ്ഞാല്‍ എന്താണ് കുഴപ്പമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ‘എന്റെ അച്ഛന്റെ പേര് അതാണ്. അമ്മയുടെ പേര് കൂടി പറയാത്തതില്‍ സങ്കടമുണ്ട്. ഞാന്‍ എംഎല്‍എയാകുന്നതിന് മുന്‍പ് മരിച്ച് പോയവരാണ് രണ്ടുപേരും. എന്റെ ഫുള്‍ നെയിം വായിച്ചു. സാധാരണ അങ്ങനെയാണല്ലോ. പാസ്‌പോര്‍ട്ടില്‍ എഴുതുന്നത് അങ്ങനെയല്ലേ. അച്ഛന്റെ പേര് കൂടി പറയാന്‍ വേണ്ടിയിട്ടാണ് അങ്ങനെ പറഞ്ഞത്.’- സത്യപ്രതിജ്ഞാ ചടങ്ങിനിടെ പേരിനൊപ്പം മേനോന്‍ കൂടി ചേര്‍ത്ത് വായിച്ചത് ആക്ഷേപത്തിന് ഇടയാക്കിയ പശ്ചാത്തലത്തിലാണ് സതീശന്റെ മാധ്യമങ്ങളോടുള്ള പ്രതികരണം.
‘അച്ഛന്റെ പേര് വായിച്ചതില്‍ എനിക്ക് സന്തോഷമാണ്. മാതാപിതാക്കളെ ഓര്‍ക്കണ്ടേ. അമ്മയെ ഞാന്‍ മനസിലും വിചാരിച്ചു. അച്ഛന്റെ പേരും പറഞ്ഞു. അമ്മയുടെ പേര് പറയാന്‍ സാധ്യത ഉണ്ടായിരുന്നില്ല. അല്ലെങ്കില്‍ അമ്മയുടെ പേര് കൂടി പറഞ്ഞേനേ. അച്ഛന്റെയും അമ്മയുടെയും പേര് പറയുന്നത് അഭിമാനമാണ്’- വി ഡി സതീശന്‍ വ്യക്തമാക്കി.

by Midhun HP News | May 20, 2026 | Latest News, സിനിമ
മലയാള സിനിമയുടെ ഗതി മാറ്റിയ ചിത്രങ്ങളിലൊന്നാണ് ദൃഷ്യം. 2013 ല്‍ പുറത്തിറങ്ങിയ സിനിമ മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ മാത്രമല്ല വിദേശ ഭാഷകളിലും റീമേക്ക് ചെയ്യപ്പെട്ടു. ആദ്യ ഭാഗത്തിന് തുടര്‍ച്ചകളുമുണ്ടായി. ഇപ്പോഴിതാ ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാ ലോകവും ആരാധകരും. മെയ് 21 ന് മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ ദൃശ്യം 3 പ്രേക്ഷകരിലേക്ക് എത്തും.
13 വര്‍ഷങ്ങള്‍ക്ക് മുമ്പ് ദൃശ്യം എന്ന ചിത്രത്തിലേക്ക് എത്താന്‍ തനിക്ക് പ്രചോദനമായി മാറിയ സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലില്‍, ചിത്രത്തിലെ താരങ്ങള്‍ക്കൊപ്പം നല്‍കിയ അഭിമുഖത്തിലാണ് ജീത്തു ആ കഥ പങ്കുവച്ചത്. ഒപ്പം ദൃശ്യം ചെയ്ത സമയത്ത് തനിക്ക് പറ്റിയൊരു തെറ്റിനെക്കുറിച്ചും ജീത്തു സംസാരിക്കുന്നുണ്ട്.
‘എനിക്ക് ഈ ആശയം കിട്ടിയത് തന്നെ രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തില്‍ നിന്നാണ്. ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും തമ്മിലുണ്ടായ ഒരു ഇഷ്യൂ. അത് പിന്നെ ഒരു പൊലീസ് കേസ് ആവുന്നു. അത് ചര്‍ച്ചയായ സമയത്ത് ഒരു വ്യക്തി എന്നോട് പറഞ്ഞ ഒരു ഡയലോഗ് ഉണ്ട്. രണ്ട് കുടുംബങ്ങളുടെ ഭാഗത്തും ശരിയുമുണ്ട് തെറ്റുമുണ്ട് എന്ന്. ആരുടെ കൂടെ നില്‍ക്കും എന്നതാണ് കണ്‍ഫ്യൂഷന്‍. ആ പുള്ളിക്ക് രണ്ട് കുടുംബങ്ങളെയും അറിയാമായിരുന്നു” ജീത്തു പറയുന്നു.
”അന്ന് ഞാന്‍ സിനിമയില്‍ വന്നിട്ടില്ല. 2000 ലെ കാര്യമാണ് പറയുന്നത്. തിയറ്ററില്‍ ഇങ്ങനെയൊരു അവസ്ഥ വന്നാല്‍ പ്രേക്ഷകര്‍ ആരുടെ കൂടെ നില്‍ക്കുമെന്ന സംശയം ഉണ്ടായിരുന്നു. അവരുടെ മനസ് അങ്ങോട്ടും ഇങ്ങോട്ടും കിടന്ന് ചാടില്ലേ. അങ്ങനെയുള്ള ആലോചനയില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ് ദൃശ്യം” എന്നാണ് ജീത്തു ദൃശ്യത്തിന്റെ പിറവിയെക്കുറിച്ച് പറയുന്നത്. പിന്നാലെ ദൃശ്യത്തില്‍ തനിക്ക് സംഭവിച്ചൊരു തെറ്റിനെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.
”സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ എനിക്ക് തെറ്റിപ്പോയെന്ന് മനസിലായി. കാരണം ആ ബാലന്‍സിംഗ് വന്നില്ല. എല്ലാവരും ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്റെയും കൂടെയാണ്. ശരിക്കും ആലോചിച്ചാല്‍ ഗീത പ്രഭാകറിനെ കുറ്റം പറയാന്‍ പറ്റുമോ? സ്വന്തം മകന്‍ മിസ്സിംഗ് ആയി. അതിന്റെ സത്യം കണ്ടെത്താനായി ഇറങ്ങിത്തിരിച്ചു. ഇപ്പുറത്ത് നിന്ന് നോക്കുമ്പോള്‍ ജോര്‍ജുകുട്ടി കാര്യങ്ങളെ മാനിപ്പുലേറ്റ് ചെയ്ത് കൊണ്ടുപോവുകയാണ്, അവര്‍ക്ക് സഹിക്കുമോ? മകന്‍ അമ്മയോട് കുറ്റം ഏറ്റുപറഞ്ഞിട്ടില്ല. അതുകൊണ്ട് അത് വിശ്വസിക്കാന്‍ ഇപ്പോഴും അവര്‍ തയ്യാറല്ല. സത്യം അതാണെന്ന് അമ്മയ്ക്ക് അറിയില്ല. മറുവശത്ത് സ്വയരക്ഷയുടെ ഭാഗമായി സംഭവിച്ചൊരു തെറ്റാണ്. പൊലീസില്‍ പോകാനും പറ്റില്ല. അമ്മ ഐജിയാണ്, അതിനാല്‍ നീതി കിട്ടില്ല. രണ്ടു പേരുടെ ഭാഗത്തും തെറ്റും ശരിയുമുണ്ട്. ഇതായിരുന്നു ദൃശ്യം എന്ന സിനിമ ഉണ്ടാകാനുള്ള എന്റെ ആദ്യ ചിന്ത” എന്നും അദ്ദേഹം പറയുന്നു.

by Midhun HP News | May 20, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: റദ്ദാക്കപ്പെട്ട 2026-ലെ നീറ്റ്-യുജി പരീക്ഷ എല്ലാവര്‍ക്കും നിരാശയാണ് സമ്മാനിച്ചത്. 22.05 ലക്ഷം ഉദ്യോഗാര്‍ഥികള്‍ എഴുതിയ പരീക്ഷയില്‍ ലഖ്നൗ സ്വദേശിയായ എഴുപതുകാരന്‍ അശോക് ബഹാറും ഉള്‍പ്പെടുന്നു. ഒരു എംബിബിഎസ് ബിരുദം ലഭിക്കണമെന്ന അമ്മയുടെ അവസാന ആഗ്രഹം സഫലമാക്കാന്‍ അടുത്ത മാസം അദ്ദേഹം തന്റെ നാലാമത്തെ ശ്രമത്തിനൊരുങ്ങുകയാണ്.
ആരോഗ്യ പരിശോധനകള്‍ നടത്തുന്നതിനായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് ‘ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട്’ ബഹാര്‍ സംസാരിച്ചത്. ”പരീക്ഷ റദ്ദാക്കിയത് എനിക്ക് വലിയൊരു ആഘാതമായിരുന്നു. വിശ്വസിച്ചാലും ഇല്ലെങ്കിലും, അത് എന്നെ മാനസികമായി അത്രയധികം തളര്‍ത്തി, ഞാന്‍ ശരിക്കും രോഗബാധിതനായി. ഇത് എന്റെ മൂന്നാമത്തെ ശ്രമമായിരുന്നു, വിജയിക്കുക എന്നത് എന്നെ സംബന്ധിച്ച് അത്രമേല്‍ പ്രധാനപ്പെട്ടതായിരുന്നു.”
1990-ല്‍ അന്തരിച്ച അദ്ദേഹത്തിന്റെ അമ്മ സാവിത്രി ദേവി, മകനും ഭര്‍ത്താവിന്റെ വഴി പിന്തുടരണമെന്ന് ആഗ്രഹിച്ചിരുന്നു. ‘1974-ലാണ് ഞാന്‍ ആദ്യമായി മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതിയത്, എന്നാല്‍ എനിക്ക് വിജയിക്കാനായില്ല. എന്റെ രണ്ടാമത്തെ ശ്രമം 2023-ലായിരുന്നു, എന്നാല്‍ എന്റെ പരീക്ഷാ കേന്ദ്രം വളരെ ദൂരെയുള്ള ഒരു പ്രദേശത്തായിരുന്നു. ഞാന്‍ അവിടെ വൈകിയെത്തിയതിനാല്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല. മൂന്ന് വര്‍ഷത്തിന് ശേഷം, ഈ വര്‍ഷം മേയിലാണ് ഞാന്‍ വീണ്ടും പരീക്ഷ എഴുതിയത്.”
കുടുംബത്തില്‍ ആകെ 20 ഡോക്ടര്‍മാരുണ്ട്. ബഹാറിന്റെ ഭാര്യ ഗൈനക്കോളജിസ്റ്റാണ്. രണ്ട് സഹോദരിമാരും അവരുടെ ഭര്‍ത്താക്കന്മാരും ഡോക്ടര്‍മാരാണ്. പരേതനായ പിതാവും ഒരു ഡോക്ടറായിരുന്നു. ഏക മകള്‍ മാത്രമാണ് പ്രൊഷന്‍ ഒന്ന് മാറ്റിപ്പിടിച്ചത്. മകള്‍ യുഎസില്‍ ഐ ടി പ്രൊഫഷണലാണ്.
1957-ല്‍ ജനിച്ച ബഹാറിന് എക്കാലത്തും പഠനത്തോട് വലിയ അഭിനിവേശമുണ്ടായിരുന്നു. ബി.എസ്സി (ബോട്ടണി, സുവോളജി, കെമിസ്ട്രി) ബിരുദത്തിന് ശേഷം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും, നിയമ ബിരുദവും എം.ബി.എയും അദ്ദേഹം പൂര്‍ത്തിയാക്കി. തുടര്‍ന്ന് പതിറ്റാണ്ടുകളോളം ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ ജോലി ചെയ്തു. 2000-ല്‍ ‘ഇന്ത്യന്‍ ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ’ മാര്‍ക്കറ്റിംഗ് മേധാവിയായി വിരമിച്ച ശേഷം, അദ്ദേഹം ഒരു പ്രാദേശിക പത്രത്തിന്റെ എഡിറ്ററായും പാര്‍ട്ട് ടൈം അഭിഭാഷകനായും ജോലി ചെയ്തു.
തന്റെ പരീക്ഷാ തയ്യാറെടുപ്പുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ: ”ഒരു നിശ്ചിത പ്രായം കഴിയുമ്പോള്‍, പൊതുവെ എല്ലാ കാര്യങ്ങളെക്കുറിച്ചും നിങ്ങള്‍ക്ക് പക്വതയും അറിവും ലഭിക്കും. ഞാന്‍ ഒരു കോച്ചിങ് സെന്ററിലും പോയിട്ടില്ല. സുഹൃത്തുക്കളും ചില അഭ്യുദയകാംക്ഷികളും നല്‍കിയ പഠന സാമഗ്രികളുടെ സഹായത്തോടെ ഞാന്‍ സ്വയം തയ്യാറെടുക്കുകയായിരുന്നു.’ റദ്ദാക്കപ്പെട്ട പരീക്ഷാ വിവാദത്തെക്കുറിച്ച് ബഹാര്‍ പറയുന്നതിങ്ങനെ: ”പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകള്‍ക്കായി ഇത്രയധികം സമയം നീക്കിവെച്ച 22 ലക്ഷത്തോളം വരുന്ന ഉദ്യോഗാര്‍ത്ഥികളുടെ ദുരവസ്ഥ ആലോചിച്ചു നോക്കൂ.”
ഇക്കാര്യത്തില്‍ താമസിയാതെ അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനാണ് ബഹാര്‍ ആലോചിക്കുന്നത്. ”രണ്ട് കാര്യങ്ങളാണ് ഞാന്‍ ആവശ്യപ്പെടുന്നത്. വീണ്ടുമൊരു പരീക്ഷ എഴുതുക എന്നത് എന്നെപ്പോലെയുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് വളരെ ബുദ്ധിമുട്ടായിരിക്കും. പ്രായം കണക്കിലെടുത്ത് ഒരു പ്രത്യേക കേസായി പരിഗണിച്ച്, റദ്ദാക്കിയ പരീക്ഷയില്‍ ഞങ്ങള്‍ക്ക് ലഭിച്ച മാര്‍ക്ക് നിലനിര്‍ത്തണം. കൂടാതെ, മുതിര്‍ന്ന പൗരന്മാര്‍ക്ക് മെഡിക്കല്‍ സീറ്റുകളില്‍ ഒരു ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ കോടതി ഉത്തരവിടണമെന്നാണ് ആഗ്രഹിക്കുന്നത്.”
നീറ്റ് പരീക്ഷാ ശ്രമങ്ങളെക്കുറിച്ച് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പ്രതികരണം എന്താണെന്ന് ചോദിച്ചപ്പോള്‍ ബഹാര്‍ പറഞ്ഞ മറുപടി ഇങ്ങനെയാണ്, ”ഓരോ വ്യക്തിക്കും ജീവിതത്തോട് വ്യത്യസ്തമായ കാഴ്ചപ്പാടാണുള്ളത്. ഇത് എന്റെ ലക്ഷ്യമാണ്. അതുകൊണ്ട്, എനിക്ക് വേണ്ടി തന്നെ ഞാന്‍ ഇത് തുടരും.” ലക്ഷക്കണക്കിന് ആളുകള്‍ക്കിടയില്‍ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള അവബോധം കുറവാണ്. ഉദാഹരണത്തിന്, കരള്‍ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ നിരവധിയുണ്ടെങ്കിലും അതിനെക്കുറിച്ച് ജനങ്ങള്‍ക്ക് വലിയ അറിവില്ല. ഒരു പ്രൊഫഷണല്‍ ബിരുദം ഉപയോഗിച്ച് സാമൂഹിക സേവനം ചെയ്യാനും ആളുകളില്‍ അവബോധം വളര്‍ത്താനും ഞാന്‍ ആഗ്രഹിക്കുന്നു.”ലഖ്നൗവിലെ ദരോഗാ ഖേരയ്ക്ക് സമീപമുള്ള തന്റെ ഗ്രാമമായ ഗെഹ്രുവില്‍ താന്‍ ഒരു ‘ദിവ്യ പ്രേം ആശ്രമം’ നിര്‍മിക്കുന്നുണ്ടെന്നും ഡോക്ടര്‍ ആയതിന് ശേഷം അവിടെയുള്ള അന്തേവാസികളെ സേവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Recent Comments