by Midhun HP News | Apr 30, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണവില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് ഉണ്ടായ വര്‍ധിച്ച ഊര്‍ജ്ജ ചെലവ് ഉപഭോക്താക്കള്‍ക്ക് കൈമാറേണ്ടത് അനിവാര്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ പ്രതിമാസ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് ഇന്ധനവില ഉയര്‍ത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നത്.
‘ചില രാജ്യങ്ങള്‍ ഇതിനോടകം തന്നെ വില വര്‍ധനയുടെ ഭാരം ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ തുടങ്ങിയിട്ടുണ്ട്. മറ്റു ചിലര്‍ ഇതുവരെ അത് ചെയ്തിട്ടില്ല. എന്നാല്‍ ഇത് അനിവാര്യമാണ്,’- മന്ത്രാലയം പറഞ്ഞു. വിതരണ തടസ്സങ്ങള്‍ നേരിടുന്ന സമയത്ത് ഉപഭോഗം കുറയ്‌ക്കേണ്ടതുണ്ടെന്നും അല്ലാത്തപക്ഷം രാജ്യങ്ങള്‍ ഊര്‍ജ്ജ വിതരണത്തിന് വലിയ വില നല്‍കേണ്ടി വരുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
മാക്രോ ഇക്കണോമിക് സ്ഥിരതയ്ക്കായി ആഹ്വാനം ചെയ്ത റിപ്പോര്‍ട്ട്, ഹ്രസ്വകാല വളര്‍ച്ച വീണ്ടെടുക്കാനുള്ള ഏതൊരു ശ്രമവും ദീര്‍ഘകാല വളര്‍ച്ചാ സാധ്യതകള്‍ക്ക് വലിയ ദോഷം ചെയ്‌തേക്കാമെന്നും മുന്നറിയിപ്പ് നല്‍കുന്നു. ഊര്‍ജ്ജ വിതരണം സാധാരണ നിലയിലാകാന്‍ സമയമെടുക്കുമെന്നതിനാല്‍, പ്രതിസന്ധി ഇനിയും നീണ്ടുനിന്നേക്കാമെന്നും മന്ത്രാലയം സൂചിപ്പിച്ചു.
‘ഊര്‍ജ്ജ വിതരണത്തില്‍ പെട്ടെന്ന് തന്നെ സാധാരണ നില കൈവരിക്കാനാകുമെന്ന് പല അന്താരാഷ്ട്ര ഏജന്‍സികളും തെറ്റായി കരുതുന്നു. ഉല്‍പ്പാദനം പുനഃസ്ഥാപിക്കുന്നതിനും ഷിപ്പിംഗ് പുനരാരംഭിക്കുന്നതിനും ആവശ്യമായ സമയം ഈ പ്രവചനങ്ങള്‍ കണക്കിലെടുക്കുന്നില്ല,’- മന്ത്രാലയം പറഞ്ഞു. അതിനാല്‍ ഊര്‍ജ്ജ വില ഉയര്‍ന്ന നിലയില്‍ തന്നെ തുടരാന്‍ സാധ്യതയുണ്ട്.
മാര്‍ച്ച് മാസത്തില്‍ ബാരലിന് ശരാശരി 113 ഡോളറായിരുന്നു എണ്ണവില. ഏപ്രിലില്‍ ഇത് 115 ഡോളറിന് തൊട്ടുതാഴെയാണ്. വില്‍പ്പനയില്‍ പെട്രോളിനും ഡീസലിനും യഥാക്രമം ലിറ്ററിന് 14 രൂപയും 18 രൂപയും എന്ന നിലയില്‍ വിതരണ കമ്പനികള്‍ നഷ്ടം നേരിടുന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ നടപ്പു നികുതി വര്‍ഷത്തില്‍ ആഭ്യന്തര എല്‍പിജി സബ്സിഡി നഷ്ടം80,000 കോടി രൂപയായിരിക്കുമെന്നും കണക്കാക്കപ്പെടുന്നു. തന്ത്രപ്രധാനമായ കരുതല്‍ ശേഖരം വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കൂടുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനുള്ള അവസരമായി ഈ പ്രതിസന്ധിയെ കാണണമെന്നും മന്ത്രാലയം പറഞ്ഞു.

by Midhun HP News | Apr 30, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് 7 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ മലപ്പുറം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച യെല്ലോ അലര്‍ട്ട്
30/04/2026 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
01/05/2026 : കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്
02/05/2026 : ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍
എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
by Midhun HP News | Apr 30, 2026 | Latest News, ജില്ലാ വാർത്ത, സിനിമ
125 കോടിക്ക് മുകളിലാണ് പേട്രിയറ്റിന്റെ മുൽമുടക്ക് എന്നും ഒരു മികച്ച കാഴ്ചാനുഭവമായിരിക്കും ചിത്രമെന്നും സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. സമകാലികത ആവശ്യപ്പെടുന്ന ഒരു ഇടപെടൽ രാഷ്‌ട്രീയമുണ്ട് സിനിമയ്ക്കെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. നമ്മുടെ കാലത്ത് സ്വകാര്യത എന്നത് ഒരു മിത്താണെന്ന സത്യം തൻ്റെ കലയിലൂടെ ശക്തമായി പറയാനാണ് ഈ സിനിമയിലൂടെ മഹേഷ് നാരായണൻ ശ്രമിക്കുന്നതെന്നും ഉണ്ണികൃഷ്ണൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
മമ്മൂട്ടിയും മോഹൻലാലും പ്രധാന വേഷത്തിലെത്തുന്ന പേട്രിയറ്റ് മെയ് ഒന്നിനാണ് തിയറ്ററുകളിലെത്തുന്നത്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര, രേവതി, രാജീവ് മേനോൻ, ദർശന രാജേന്ദ്രൻ, സെറിൻ ഷിഹാബ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലറിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്. 19 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്.
ബി ഉണ്ണികൃഷ്ണന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
നാളെ ‘പേട്രിയറ്റ്’ തിയറ്ററുകളിലെത്തുകയാണ്. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിക്കുന്ന ഒരു സിനിമ നമ്മൾ കണ്ടിട്ട് ഒന്നര പതിറ്റാണ്ട് കഴിഞ്ഞു. ഫഹദും കുഞ്ചാക്കോ ബോബനും രേവതിയും നയൻതാരയും രാജീവ് മേനോനും അടങ്ങുന്ന ഒരു താരനിരയുണ്ട് ചിത്രത്തിൽ. ഒപ്പം, ഏറ്റവും മികച്ച സാങ്കേതിക പ്രവർത്തകരും. 125 കോടിക്ക് മുകളിലാണ് ചിത്രത്തിൻ്റെ മുൽമുടക്ക് എന്നാണ് അറിയാൻ കഴിഞ്ഞത്.
നിർമാതാവാകുന്നതിനു മുൻപ് തന്നെ എനിക്ക് ആൻ്റോ ജോസഫിനെ അറിയാം. ഒരുപാട് ക്ലേശങ്ങളും തിരച്ചടികളും അതിജീവിച്ചാണ് ആൻ്റോ മലയാള സിനിമയിലെ ഏറ്റവും വലിയ നിർമാതക്കളിലൊരാളായത്. മഹേഷും ആൻ്റോയും ഈ സിനിമയെ കുറിച്ച് സംസാരിക്കാൻ ശ്രീ മോഹൻലാലിനെ സമീപിച്ച ദിവസം ഞാനോർക്കുന്നു.
മഹേഷിൻ്റെ വലിയൊരു സ്വപ്നത്തിൻ്റെ കൂടെ എത്ര ദൃഢതയോടെയാണ് ആൻ്റോ ആ ദിവസം മുതൽ നിന്നത് എന്നുളളത് എനിക്ക് ബോധ്യമുള്ള കാര്യമാണ്. മലയാള സിനിമയുടെ വാണിജ്യ സമവാക്യങ്ങളെ മാത്രമല്ല, സാങ്കല്പികാതിർത്തികളേയും പൊളിച്ചെഴുതാൻ ഇത്തരം ധീരമായ ശ്രമങ്ങൾക്ക് കഴിയും. മുൻപ് ‘എംപുരാ’നിലൂടെ ആൻ്റണി പെരുമ്പാവൂർ നടത്തിയതും ഇങ്ങനെയുള്ള ധീരമായ ഒരു വഴിമാറി നടക്കലായിരുന്നു.
നമ്മുടെ കാലത്ത് സ്വകാര്യത എന്നത് ഒരു മിത്താണെന്ന സത്യം തൻ്റെ കലയിലൂടെ ശക്തമായി പറയാനാണ് ഈ സിനിമയിലൂടെ മഹേഷ് നാരായണൻ ശ്രമിക്കുന്നത്. സമകാലികത ആവശ്യപ്പെടുന്ന ഒരു ഇടപെടൽ രാഷ്‌ട്രീയമുണ്ട് ഈ സിനിമയ്ക്ക്. തീർച്ചായായും ഒരു മികച്ച കാഴ്ച്ചാനുഭവമായിരിക്കും ‘പേട്രിയറ്റ്.’
ഒരു ചലച്ചിത്രകാരൻ കണ്ട വലിയ സ്വപ്നത്തെ സാധ്യതയിലേക്ക് പരിവർത്തിപ്പിച്ച ആൻ്റോ ജോസഫിന് എല്ലാ ഭാവുകങ്ങളും നേരുന്നു. ഒപ്പം, നമ്മുടെ കാഴ്ചാനുഭവത്തിൻ്റെ അതിരുകളെ വികസിപ്പിക്കും വിധം ഒരു സിനിമ വിഭാവനം ചെയ്ത മഹേഷിനും അദ്ദേഹത്തിൻ്റെ കൂടെ പ്രവർത്തിച്ച മറ്റ് സാങ്കേതിക പ്രവർത്തകർക്കും തൊഴിലാളികൾക്കും വിജയമാശംസിക്കുന്നു. മലയാള സനിമയിലെ എല്ലാ സാങ്കേതിക പ്രവർത്തകരും ഈ സിനിമക്കൊപ്പമുണ്ടാവണം എന്ന് ഞാനാഗ്രഹിക്കുന്നു. കാണികളോട് അഭ്യർത്ഥിക്കാനുള്ളത് ഇത്ര മാത്രം; മുൻവിധികളില്ലാതെ ഈ സിനിമയെ സ്വീകരിക്കുക.
by Midhun HP News | Apr 30, 2026 | Latest News, സിനിമ
സംവിധായകന്‍ വിഷ്‌നേഷ് രാജയെ സഞ്ജു സാംസണുമായി താരതമ്യം ചെയ്ത് നടന്‍ ധനുഷ്. ധനുഷ് നായകനായ കര സിനിമയുടെ സംവിധായകനാണ് വിഘ്‌നേഷ്. സഞ്ജുവിനെപ്പോലെ തന്നെ ശാന്തനാണ് വിഘ്‌നേഷ് എന്നാണ് ധനുഷ് പറയുന്നത്. കരയുടെ ഓഡിയോ ലോഞ്ചില്‍ ധനുഷ് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
”വിഘ്‌നേഷിനെ കാണുമ്പോള്‍ എനിക്ക് സഞ്ജു സാംസണിനെയാണ് ഓര്‍മ വരിക. എന്താണെന്നു വച്ചാല്‍, സഞ്ജു സാംസണ്‍ വളരെ ശാന്തനായിരിക്കും. പക്ഷെ പ്രകടനം ഗംഭീരമായിരിക്കും. അതുപോലൊരു ഓറ അദ്ദേഹത്തിനുമുണ്ട്. നിങ്ങള്‍ സെഞ്ചുറി അടിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. വൈകാതെ തന്നെ നിങ്ങളും കാണും. ഈ സിനിമയ്ക്ക് എന്തിനാണ് കര എന്ന പേരിട്ടതെന്ന് സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും” ധനുഷ് പറയുന്നു.
വിഡിയോ ക്രിക്കറ്റ് ആരാധകരും ആഘോഷമാക്കുകയാണ്. മലയാളിയായ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമാണ് ഐപിഎല്ലില്‍. ചെന്നൈയ്ക്കായി മിന്നും പ്രകടനമാണ് സഞ്ജു പുറത്തെടുക്കുന്നത്. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന്റെ ശില്‍പ്പിയായ സഞ്ജുവിന് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട് ഇന്ന്.
അതേസമയം, ധനുഷ് നായകനാകുന്ന കരായില്‍ നായിക മമിത ബൈജുവാണ്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. മെയ് 30ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തും.

by Midhun HP News | Apr 30, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഇന്ത്യയിലെ വിവിധയിടങ്ങളില്‍ നിന്ന് മോഷ്ടിച്ച് അമേരിക്കയിലേക്ക് കടത്തിയ 14 മില്യണ്‍ ഡോളര്‍ (ഏകദേശം 117 കോടി രൂപ) മൂല്യമുള്ള പുരാവസ്തുക്കള്‍ യുഎസ് ഇന്ത്യയ്ക്ക് കൈമാറി. അന്താരാഷ്ട്ര കള്ളക്കടത്ത് ശൃഖലകള്‍ വഴി അമേരിക്കയിലെത്തിയ 657ഓളം പുരാവസ്തുക്കളാണ് മാന്‍ഹട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് ഇന്ത്യയ്ക്ക് തിരിച്ച് നല്‍കിയത്.
രാജ്യാന്തര പുരാവസ്തു കടത്ത് സംഘങ്ങളെക്കുറിച്ച് നടത്തിയ ഒന്നിലധികം അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഈ അപൂര്‍വ്വ ശേഖരം വീണ്ടെടുത്തത്. കുപ്രസിദ്ധ വിഗ്രഹക്കടത്തുകാരന്‍ സുഭാഷ് കപൂര്‍, മുന്‍പ് ശിക്ഷിക്കപ്പെട്ട നാന്‍സി വീനര്‍ എന്നിവരുമായി ബന്ധപ്പെട്ട ക്രിമിനല്‍ ശൃംഖലകളില്‍ നിന്നാണ് അധികൃതര്‍ ഈ പുരാവസ്തുക്കള്‍ കണ്ടെടുത്തത്.
ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തെ ലക്ഷ്യം വച്ചുള്ള വന്‍കിട കടത്ത് സംഘങ്ങളുടെ വ്യാപ്തി വളരെ വലുതാണെന്ന് ആല്‍വിന്‍ ബ്രാഗ് പറഞ്ഞു. പുരാവസ്തുക്കള്‍ വീണ്ടെടുക്കാന്‍ സഹായിച്ച മാന്‍ഹട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസിനും ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റിനും ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ബിനായ പ്രധാന്‍ നന്ദി അറിയിച്ചു.
അവലോകിതേശ്വരന്റെ വെങ്കല വിഗ്രഹം
തിരികെ ലഭിച്ച വസ്തുക്കളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് 2 മില്യണ്‍ ഡോളര്‍ മൂല്യമുള്ള അവലോകിതേശ്വരന്റെ വെങ്കല വിഗ്രഹം. റായ്പൂരിലെ മഹന്ത് ഘാസിദാസ് മെമ്മോറിയല്‍ മ്യൂസിയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ട ഈ വിഗ്രഹം 1982-ഓടെയാണ് അമേരിക്കയിലേക്ക് കടത്തിയത്. 2025-ല്‍ ന്യൂയോര്‍ക്കിലെ ഒരു സ്വകാര്യ ശേഖരത്തില്‍ നിന്നാണ് ഇത് പിടിച്ചെടുത്തത്.
ബുദ്ധ പ്രതിമ
7.5 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ചുവന്ന മണല്‍ക്കല്ലില്‍ തീര്‍ത്ത ബുദ്ധ പ്രതിമ. സുഭാഷ് കപൂറിന്റെ ശൃംഖല വഴി ന്യൂയോര്‍ക്കിലെത്തിച്ച ഈ പ്രതിമ ഒരു സ്റ്റോറേജ് യൂണിറ്റില്‍ നിന്നാണ് കണ്ടെടുത്തത്. കൂടാതെ, 2000-ത്തില്‍ മധ്യപ്രദേശിലെ ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ട നൃത്തം ചെയ്യുന്ന ഗണപതിയുടെ വിഗ്രഹവും ഇതില്‍ ഉള്‍പ്പെടുന്നു. വ്യാജ രേഖകള്‍ ചമച്ച് 2012-ല്‍ ലേലത്തിന് വെച്ച ഈ വിഗ്രഹം അടുത്തിടെയാണ് ഒരു സ്വകാര്യ വ്യക്തി അധികൃതര്‍ക്ക് കൈമാറിയത്.
2012ല്‍ സുഭാഷ് കപൂറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച മാന്‍ഹട്ടന്‍ ഡിസ്ട്രിക് അറ്റോര്‍ണി ഓഫീസ്, പുരാവസ്തു കടത്ത് തടയാന്‍ കര്‍ശന നടപടികളാണ് സ്വീകരിച്ചിരുന്നത്. ആന്റിക്വിറ്റീസ് ട്രാഫിക്കിംഗ് യൂണിറ്റ് ഇതുവരെ 36 രാജ്യങ്ങളിലായി 5,900ലധികം പുരാവസ്തുക്കള്‍ തിരികെ നല്‍കിയിട്ടുണ്ട്. 485 മില്യണ്‍ ഡോളറിലധികം മൂല്യമുള്ള 6,200ഓളം സാംസ്‌കാരിക നിധികള്‍ ഇതുവരെ ഇവര്‍ കണ്ടെത്തി.

Recent Comments