എല്‍പിജി സിലിണ്ടര്‍ ബുക്കിങ്ങില്‍ നിയന്ത്രണം, 21 ദിവസത്തെ ലോക്ക്-ഇന്‍ പിരീഡ്

എല്‍പിജി സിലിണ്ടര്‍ ബുക്കിങ്ങില്‍ നിയന്ത്രണം, 21 ദിവസത്തെ ലോക്ക്-ഇന്‍ പിരീഡ്

ഡല്‍ഹി: രാജ്യത്ത് പാചക വാതക സിലിണ്ടര്‍ ബുക്കിങ്ങിന് നിയന്ത്രണം. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ എല്‍പിജി ക്ഷാമം നേരിട്ടേയ്ക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ബുക്കിങ്ങില്‍ ഉണ്ടായ ഉയര്‍ച്ചയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നില്‍. എല്‍പിജി റീഫില്ലുകള്‍ക്ക് എണ്ണ വിതരണ കമ്പനികൾ 21 ദിവസത്തെ ലോക്ക്-ഇന്‍ പിരീഡ് ഏര്‍പ്പെടുത്തി. നിയന്ത്രണം വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.

ഒരു സിലിണ്ടര്‍ ബുക്ക് ചെയ്ത് 21 ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ ഇനിമുതല്‍ അടുത്ത സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളു. വാണിജ്യ സിലിണ്ടര്‍ ബുക്കിങ്ങിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹോട്ടലുകള്‍ കാന്റീനുകള്‍ തുടങ്ങിയ സ്ഥാപനങ്ങളെ നിയന്ത്രണം പ്രതികൂലമായി ബാധിച്ചേയ്ക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
അതിനിടെ, എല്‍പിജി ഉത്പാദനം പരമാവധിയാക്കാന്‍ കേന്ദ്രം എണ്ണക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 1955 ലെ അവശ്യസാധന നിയമപ്രകാരമാണ് സര്‍ക്കാര്‍ നിര്‍ദേശം.

എണ്ണക്കമ്പനികളുടെ പക്കലുള്ള അധിക എല്‍പിജി പൊതുമേഖലയ്ക്ക് മാത്രം നല്‍കണമെന്നുള്‍പ്പെടെയാണ് നിര്‍ദേശം. എല്‍പിജി, പ്രൊപ്പെയ്ന്‍, ബ്യൂട്ടെയ്ന്‍ എന്നിവ പൊതുമേഖലയിലെ എണ്ണകമ്പനികള്‍ക്ക് നല്‍കണം. ഇവ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്. എല്ലാ എണ്ണ ശുദ്ധീകരണ കമ്പനികളും തങ്ങളുടെ കൈവശമുള്ള പ്രൊപ്പെയ്ന്‍, ബ്യൂട്ടെയ്ന്‍ എന്നിവ എല്‍പിജി ഉല്‍പാദനത്തിനായി പരമാവധി ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നുമാണ് സര്‍ക്കാര്‍ നിര്‍ദേശം.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഗാര്‍ഹിക – വാണിജ്യ സിലിണ്ടറുകളുടെ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടറുകളുടെ വില 60 രൂപ കൂട്ടി. വാണിജ്യ ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില 115 രൂപയും വര്‍ധിപ്പിച്ചു.

കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് 15ന് എത്തും

കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് 15ന് എത്തും

കൊച്ചി: കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് ഈ മാസം പതിനഞ്ചിന് എത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. പാന്‍ട്രി, ടോയ്‌ലറ്റ് ഉള്‍പ്പടെയുള്ള എല്ലാ സൗകര്യങ്ങളും ബസില്‍ ഉണ്ടാകും. കൊച്ചിയില്‍ നിന്ന് ഒരു ബസ് രാവിലെ തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്ത് നിന്ന് ഒരു ബസ് കൊച്ചിയിലേക്കുമാണ് സര്‍വീസ് നടത്തുകയെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. എറണാകുളം കാരയ്ക്കാമുറിയില്‍ നിര്‍മ്മിക്കുന്ന ബസ് സ്റ്റാന്റിന്റെ നിര്‍മ്മാണ ഉദ്ഘാടനവും നവീകരിച്ച എറണാകുളം കെഎസ്ആര്‍ടിസി ഡിപ്പോയുടെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

റോഡ് പണി കഴിഞ്ഞാല്‍ സര്‍വീസ് തൃശൂര്‍ വരെ ദീര്‍ഘിപ്പിക്കും. മൂന്നര മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് എത്തും. ആലപ്പുഴ, കൊല്ലം തിരുവനന്തപുരം എന്നിവിടങ്ങളിലും സ്റ്റോപ്പ് ഉണ്ടാകും. ബുക്കിങ് മുഴുവന്‍ തിരുവനന്തപുരത്തേക്ക് ആണെങ്കില്‍ എവിടെയും സ്റ്റോപ്പ് ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. ബസില്‍ ടിക്കറ്റ് പരിശോധിക്കുക ഹോസ്റ്റസ് ആയിരിക്കും. അവരാണ് ഭക്ഷണവും നല്‍കുക. അതിനുള്ള ഹോസ്റ്റസിനെ തെരഞ്ഞെടുത്തതായും മന്ത്രി പറഞ്ഞു.

‘ബസ് വന്നാല്‍ ഞാന്‍ ഒന്ന് ഓടിച്ചുനോക്കൂം. അതുകഴിഞ്ഞാല്‍ ഉദ്ഘാടനവും കഴിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനത്തിന് മുന്‍പേ വണ്ടി ഉദ്ഘാടനം ചെയ്തിരിക്കുന്നു. അല്ലെങ്കില്‍ ഉദ്ഘാടനം ചെയ്യേണ്ടെന്ന് പലരും പറയും. ഹോസ്റ്റസ് മലയാളിയാകണമെന്നില്ല. മലയാളിക്ക് ഒരു കുഴപ്പമുണ്ട്. നാലുദിവസം ട്രെയിനിങ് അനുസരിച്ച് കാര്യങ്ങള്‍ ചെയ്യും. അഞ്ചാം ദിവസം അത് വൃത്തികേടാക്കും. പഠിപ്പിച്ചുകൊടുക്കുന്ന കാര്യങ്ങള്‍ കൃത്യമായി ചെയ്യണമെന്നും ബസ് ഹോസ്റ്റസ് എന്നൊരു സങ്കല്‍പം ഉണ്ടാക്കുകയാണ് ലക്ഷ്യം’- കെബി ഗണേഷ് കുമാര്‍ പറഞ്ഞു.

വോള്‍വോയുടെ രണ്ട് ബസുകളാണ് ബിസിനസ് ക്ലാസ് ബസായി എത്തുന്നത്. ഇതുവരെ ആരും കണ്ടിട്ടില്ലാത്ത അത്രയും സംവിധാനങ്ങളോടെയുള്ള അതിഗംഭീര ബസ് ആയിരിക്കും കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ്. 35 സീറ്റുകളായിരിക്കും ഉണ്ടാകുക. എമിറേറ്റ്സ് വിമാനങ്ങളിലെ ബിസിനസ് ക്ലാസ് സീറ്റുകള്‍ക്ക് സമാനമായ സൗകര്യങ്ങളോടെയാകും പുതിയ ബസുകള്‍ നിരത്തിലിറങ്ങുക.

മുത്തച്ഛൻ ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട് മൂന്ന് വയസുകാരന് ദാരുണാന്ത്യം

മുത്തച്ഛൻ ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട് മൂന്ന് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: മുത്തച്ഛൻ ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട് മൂന്ന് വയസുകാരന് ദാരുണാന്ത്യം. ചേലക്കോട് സ്വദേശി അഫീഫ് -ലബീബ ദമ്പതികളുടെ മകൻ മുഹമ്മദ് ഹനാൻ ആണ് മരിച്ചത്. മലപ്പുറം അരീക്കോട് വെള്ളേരിയിലാണ് സംഭവം.

പിക്കപ്പ് വാൻ പിറകോട്ട് എടുക്കുന്നതിനിടെ അബദ്ധത്തിൽ കുഞ്ഞ് വാഹനത്തിനടിയിൽ പെടുകയായിരുന്നു. ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മോഷണക്കുറ്റം ആരോപിച്ച് അപമാനം: യുവതി ജീവനൊടുക്കിയ സംഭവത്തിൽ അയൽവാസി അറസ്റ്റിൽ

മോഷണക്കുറ്റം ആരോപിച്ച് അപമാനം: യുവതി ജീവനൊടുക്കിയ സംഭവത്തിൽ അയൽവാസി അറസ്റ്റിൽ

കാസര്‍കോട്: മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. വ്യാജ പരാതി നൽകിയ പൊവ്വൽ‌ സ്വദേശി ആയിഷയെയാണ് വിദ്യാന​ഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.

മോഷണക്കുറ്റം ആരോപിച്ചതിനെത്തുടർന്നുള്ള മനോവിഷമത്തിൽ നാലത്തടുക്ക സ്വദേശിനി ജസീല (24) ഫെബ്രുവരി 20 നാണ് വിഷം കഴിച്ച് മരിക്കുന്നത്. ജസീല ഒമ്പതു പവനോളം സ്വർണം മോഷ്ടിച്ചു എന്നായിരുന്നു ഭർത്താവിന്റെ വീട്ടിനടുത്തുള്ള അയൽവീട്ടുകാർ ആരോപിച്ചിരുന്നത്. ഇതേത്തുടർന്ന് ജസീല കടുത്ത മാനസിക വിഷമത്തിലായിരുന്നു.

സമൂഹമാധ്യമത്തിലൂടെ വീഡിയോ പങ്കുവെച്ചതിനുശേഷമാണ് ജസീല വിഷം കഴിച്ച് ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്യാനുള്ള കാരണം മരണമൊഴിയായി ജസീല പൊലീസിന് നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മോഷണപരാതി വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തെളിവെടുപ്പിലെ സുരക്ഷാവീഴ്ച: ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തെളിവെടുപ്പിലെ സുരക്ഷാവീഴ്ച: ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തെളിവെടുപ്പില്‍ മതിയായ സുരക്ഷ ഒരുക്കാതിരുന്നതിന് ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍. അന്നത്തെ തിരുവല്ല ഡിവൈഎസ്പി എസ് നന്ദകുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസിലെ തെളിവെടുപ്പിലാണ് സംഭവം.

കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ജനുവരി 14 ന് തിരുവല്ലയിലെ ഹോട്ടലില്‍ തെളിവെടുപ്പിനായി കൊണ്ടുപോയിരുന്നു. അവിടെ ഡിവൈഎസ്പി നന്ദകുമാറിനോട് സുരക്ഷ ഒരുക്കാന്‍ നിര്‍ദേശിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി ഫോണില്‍ നേരിട്ട് പറഞ്ഞെങ്കിലും ഡിവൈഎസ്പി സ്ഥലത്തെത്തിയിരുന്നില്ല. തെളിവെടുപ്പിനിടെ സുരക്ഷാ വീഴ്ചയുണ്ടായതായി പൊലീസ് വിലയിരുത്തിയിരുന്നു. ഇതില്‍ എസ്പി പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് ഡിജിപി നേരിട്ട് അന്വേഷണം നടത്തിയശേഷമാണ് ഡിവൈഎസ്പി നന്ദകുമാറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഡിവൈഎസ്പിക്കെതിരെ വിശദമായ അന്വേഷണത്തിനും ഡിജിപി ഉത്തരവിട്ടിട്ടുണ്ട്. നന്ദകുമാര്‍ ഇപ്പോള്‍ എറണാകുളം ജില്ലയിലാണ് ജോലി നോക്കിയിരുന്നത്.