by Midhun HP News | Apr 5, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. നേരത്തെ ഇന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രവചിച്ചിരുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഈ മൂന്ന് ജില്ലകൾക്ക് പുറമേ പാലക്കാടും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തിങ്കളാഴ്ചയും പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ഈ ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.


by Midhun HP News | Apr 5, 2026 | Latest News, ജില്ലാ വാർത്ത
തൃശൂർ: വിഷു ആഘോഷത്തോടനുബന്ധിച്ച് വോട്ടർമാർക്ക് ബിജെപി സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ഇലക്‌ഷൻ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെ ചാർജുള്ള ഡോ.ബിന്ദുവിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വെസ്റ്റ് പൊലീസ് കേസെടുത്തത്. ശേഷിക്കുന്ന കിറ്റുകൾ പിടിച്ചെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
എൽഡിഎഫ് നേതാക്കളാണ് പരാതിയുമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചത്. ഒളരി ശിവരാമപുരം ഉന്നതിയിലെ താമസക്കാർക്ക് ഭക്ഷ്യക്കിറ്റിനുള്ള സ്ലിപ്പുകൾ വിതരണം ചെയ്തെന്നും ഇതുപയോഗിച്ച് ഒളരി പാർഥസാരഥി ക്ഷേത്രത്തിനു സമീപത്തെ കാർത്തിക സൂപ്പർമാർക്കറ്റിൽ നിന്ന് കിറ്റുകൾ വിതരണം ചെയ്തെന്നുമാണ് പരാതി.
ആർഡിഒയെ അറിയിച്ചതിനെ തുടർന്ന് ഇലക്‌ഷൻ ഫ്ലയിങ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി സൂപ്പർമാർക്കറ്റ് അടപ്പിച്ചിരുന്നു. സൂപ്പർ മാർക്കറ്റിനു പിറകിലെ ഗോഡൗൺ വഴിയാണ് 12 ഇനം പലവ്യഞ്ജനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തതെന്നാണ് ആരോപണം. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനും അന്വേഷണം ആരംഭിച്ചു. ബിജെപി പ്രാദേശിക നേതാവ് രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു സ്ലിപ് വിതരണമെന്ന് എൽഡിഎഫ് നേതാക്കൾ ആരോപിച്ചിരുന്നു.
by Midhun HP News | Apr 4, 2026 | Latest News, കേരളം
ആറ്റിങ്ങൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൊഫിഷ്യന്റ് മാർഷ്യൽ ആർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ ക്ലബ്ബിൽ വിവിധ അയോദ്ധനകലകളുടെ പരിശീലനം ആരംഭിക്കുന്നു. കരാട്ടെ, ബോക്സിങ്, കിക്ക്‌ബോക്സിങ്, മൗ തായി, വുഷു, MMA തുടങ്ങിയ അയോദ്ധനകലകളുടെ പരിശീലനമാണ് ആരംഭിക്കുന്നത്.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മുതിർന്നവർക്കും പരിശീലനം ഉണ്ടാകും. രണ്ട് മാസത്തെ സമ്മർ ക്യാമ്പും റെഗുലർ ട്രെയിനിങ്ങും ഒരുക്കിയിട്ടുണ്ട്.
ഏപ്രിൽ അഞ്ചാം തീയതി വേൾഡ് കരാട്ടെ ഫെഡറേഷൻ കോച്ച് ഹാൻഷി എസ്. നസറുദ്ദീൻ ക്ലാസുകൾ ഉദ്ഘാടനം ചെയ്യും. കേരളാ യൂണിവേഴ്സിറ്റി മുൻ ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോക്ടർ കെ. കെ. വേണു മുഖ്യാഥിതി ആയിരിക്കും. ആറ്റിങ്ങൽ ക്ലബ് പ്രസിഡന്റ് ഡോക്ടർ അനീഷ് വദനൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ക്ലബ് സെക്രട്ടറി ഡോക്ടർ ശ്രീകുമാർ സ്വാഗതവും, treasurer ഡോക്ടർ ബിജു എ. നായർ, വൈസ് പ്രസിഡന്റ് ശ്രീ. രാജൻ, ജോയിന്റ് സെക്രട്ടറി ശ്രീ. ജോജോ എന്നിവർ ആശംസയും അറിയിക്കും.
അന്താരാഷ്ട്ര സ്വർണ്ണമെഡൽ ജേതാവും പ്രൊഫിഷ്യന്റ് അക്കാഡമി ചീഫ് കോച്ചുമായ വൈശാഖ് ആറ്റിങ്ങൽ ആണ് ക്ലാസുകൾ നയിക്കുന്നത്.
അഡ്മിഷൻ എടുക്കാൻ 8943666100, 8281571997 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
by Midhun HP News | Apr 4, 2026 | Latest News, കേരളം
അഖില്‍ മാരാര്‍ക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഭാര്യ രാജലക്ഷ്മി. തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ അഖില്‍ മാരാര്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് യോഗ്യനല്ലെന്ന് വിമര്‍ശനത്തിനാണ് ഭാര്യ മറുപടി നല്‍കിയിരിക്കുന്നത്. മുമ്പൊരിക്കല്‍ ആനീസ് കിച്ചണില്‍ അതിഥിയായി എത്തിയപ്പോള്‍ അഖില്‍ രാജലക്ഷ്മിയെ പരിഹസിച്ചത് ചൂണ്ടിക്കാണിച്ചായിരുന്നു വിമര്‍ശനം.
സ്വന്തം ഭാര്യയെ പലപ്പോഴായി പരസ്യമായി അപമാനിച്ചിട്ടുള്ള അഖില്‍ ജനപ്രതിനിധിയാകാന്‍ യോഗ്യനല്ലെന്നാണ് ഒരു വ്‌ളോഗറുടെ വിമര്‍ശനം. ഇതിന് രാജലക്ഷ്മി മറുപടി നല്‍കുന്നത് പഴയൊരു വിഡിയോയിലൂടെയാണ്. അഖിലും താനും തമാശരൂപേണ തല്ലുണ്ടാക്കുന്നതിന്റെ വിഡിയോയാണ് രാജലക്ഷ്മി പങ്കുവച്ചിരിക്കുന്നത്. വിഡിയോയ്‌ക്കൊപ്പം രാജലക്ഷ്മി പങ്കുവച്ച കുറിപ്പ് ഇങ്ങനെയാണ്:
അതെ. എല്ലാം സഹിച്ചും അഡ്ജസ്റ്റ് ചെയ്തും ആണ് ഞാന്‍ എന്റെ കുടുംബം കൊണ്ടുപോകുന്നത്. കുറെ പേര്‍ പറയുന്നതുപോലെ സന്തോഷം, ബഹുമാനം എന്നിവ എന്താണെന്ന് പോലും എനിക്ക് ഈ കുടുംബജീവിതത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. എന്ത് ചെയ്യും? വിധി. നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും എന്നെ ഇതില്‍ നിന്ന് ഒന്ന് രക്ഷിക്കാനാകുമോ? അറ്റവും മൂലയും കട്ട് ചെയ്ത വീഡിയോകള്‍ ആക്കാതെ. നേരിട്ട് വന്ന് എന്നെ സഹായിക്കൂ. പ്ലീസ്
എന്റെ ഭര്‍ത്താവിനൊപ്പം ഞാന്‍ ഏറ്റവും മികച്ച ജീവിതമാണ് ജീവിക്കുന്നത്. അത് എല്ലാം പെര്‍ഫെക്ട് ആയതിനാലല്ല. മറിച്ച് അതാണ് യാഥാര്‍ത്ഥ്യം എന്നതിനാലാണ്. ഞാന്‍ വഴക്കിടും അദ്ദേഹം പരിഹരിക്കും. പ്രശ്‌നം മാത്രമല്ല എന്റെ മൂഡിനേയും ഓവര്‍ തിങ്കിംഗിനേയുമെല്ലാം. ഞങ്ങള്‍ നടന്ന് അകലില്ല. ഞങ്ങള്‍ കൈ വിടില്ല. ഞങ്ങള്‍ ഒന്നിച്ച് നില്‍ക്കും.
അല്ല, അദ്ദേഹമൊരു ഗ്രീന്‍ ഫ്‌ളാഗ് അല്ല. അദ്ദേഹം ഇവിടെ ഉള്ളതില്‍ വച്ച് പച്ചപ്പിന്റെ ഏറ്റവും ഡാര്‍ക് ഷെയ്ഡാണ്. അപൂര്‍വ്വം, ഉറച്ചു നില്‍ക്കുന്നതും അവഗണിക്കാന്‍ അസാധ്യമായതും. പെര്‍ഫെക്ടാകില്ല. പക്ഷെ എന്റേതാണ്. സിമ്പതി നിര്‍ത്തൂ. എനിക്കത് വേണ്ട. നിങ്ങള്‍ക്കായി തന്നെ മാറ്റി വെക്കൂ.
വലിയൊരു രാഷ്ട്രീയ പ്രവര്‍ത്തകനാകാനുള്ളതെല്ലാം അദ്ദേഹത്തിനുണ്ടെന്നതില്‍ സംശയമില്ല. ആളുകള്‍ കാണുന്ന ഊര്‍ജ്ജസ്വലത മാത്രമല്ല, പലരും കാണാത്ത കരുത്തുമുണ്ട്. അവനവനെ നഷ്ടമാകാതെ എങ്ങനെ സമ്മര്‍ദ്ദത്തേ നേരിടാമെന്ന് അദ്ദേഹത്തിന് അറിയാം. കേള്‍ക്കേണ്ടതും പരിഹരിക്കേണ്ടതും വേണ്ടി വരുമ്പോള്‍ ഉറച്ചു നില്‍ക്കുന്നതും എങ്ങനെയെന്ന് അറിയാം. പ്രതിസന്ധികളില്‍ ഓടിയൊളിക്കില്ല. അവയെ നേരിടും. പരിഹരിക്കും. അപ്പോഴും എളിമയുണ്ടാകും.


by Midhun HP News | Apr 4, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) പുറത്തിറക്കിയ പുതിയ പാഠ്യപദ്ധതിക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഹിന്ദി മാതൃഭാഷയല്ലാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദി പ്രോത്സാഹിപ്പിക്കാന്‍ നിഗൂഢമായ ശ്രമം എന്നാണ് എന്നാണ് സ്റ്റാലിന്റെ ആരോപണം. ത്രിഭാഷ ഫോര്‍മുല ഒളിച്ചു കടത്തുന്നു എന്നാണ് സ്റ്റാലിന്റെ വിമര്‍ശനം.
2020 ലെ ദേശീയ വിദ്യാഭ്യാസ നയവുമായി യോജിപ്പിച്ച് തയ്യാറാക്കിയിട്ടുള്ള പുതിയ ചട്ടക്കൂട് കേവലം ഒരു അക്കാദമിക് മാറ്റമല്ല, മറിച്ച് ഭാഷാപരമായ അടിച്ചേല്‍പ്പിക്കല്‍ സംബന്ധിച്ച ആശങ്ക ശക്തിപ്പെടുത്തുന്നതാണ്. രാജ്യത്തിന്റെ ഭാഷാ വൈവിധ്യത്തെ മാറ്റിനിര്‍ത്തുകയും ഹിന്ദിക്ക് അനാവശ്യമായ മുന്‍ഗണന നല്‍കുകയും ചെയ്യുന്ന വിധത്തിലാണ് പരിഷ്‌കരണം. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ‘ഇന്ത്യന്‍ ഭാഷകള്‍’ പ്രോത്സാഹിപ്പിക്കുന്നതിന്റെ മറവില്‍ കേന്ദ്രീകൃത അജണ്ട നടപ്പിലാക്കുകയാണെന്നും സ്റ്റാലിന്‍ ആരോപിച്ചു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദി പഠനം നിര്‍ബന്ധമാക്കുന്ന നിലയിലാണ് പരിഷ്‌കരണം. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ബംഗാളി, മറാത്തി പോലുള്ള ഭാഷകള്‍ പഠിക്കാന്‍ നിര്‍ബന്ധിതരാകുമോ എന്ന ചോദ്യവും സ്റ്റാലിന്‍ ഉന്നയിക്കുന്നു. പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ ഇത്തരം ധാരാളം അവ്യക്തതകളുണ്ടെന്നും സ്റ്റാലിന്‍ പറയുന്നു.
കേന്ദ്രീയ വിദ്യാലയങ്ങളില്‍ തമിഴ് നിര്‍ബന്ധിത ഭാഷയാക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടതാണ്. എന്നാല്‍ ഇന്ത്യന്‍ ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ച് സംസ്ഥാനങ്ങള്‍ക്ക് ക്ലാസെടുക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. ‘ഇത് പ്രതിബദ്ധതയല്ല, ഇത് കടുത്ത കാപട്യമാണ്.’ എന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. സമഗ്രമായ വിദ്യാഭ്യാസ നയം നടപ്പിക്കാന്‍ ആവശ്യമായ വിഭശേഷി സ്‌കൂളുകളില്‍ ഇല്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. ആസൂത്രണമോ വിഭവങ്ങളോ ഉത്തരവാദിത്തമോ ഇല്ലാതെ പ്രഖ്യാപിച്ച മറ്റൊരു തെറ്റായ നയമാണ് പാഠ്യപദ്ധതി. ഇത് ഭാഷയുടെ മാത്രം പ്രശ്‌നമല്ല, നീതിയുടെയും ഫെഡറലിസത്തിന്റെയും തുല്യ അവസരത്തിന്റെയും പ്രശ്‌നമാണെന്നും സ്റ്റാലി ചൂണ്ടിക്കാട്ടുന്നു.
നിര്‍ബന്ധിത ഭാഷാ പഠനം മുതല്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്മേലുള്ള ചുവട് വയ്പ്പ് ഉള്‍പ്പെടെ വ്യക്തമാക്കുന്നതാണ് പുതിയ പാഠ്യ പദ്ധതി. ആറാം ക്ലാസ് മുതല്‍ മൂന്ന് ഭാഷ പഠനം നിര്‍ബന്ധമാക്കി സിബിഎസ് ഇ. പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ ഇനി മുതല്‍ മൂന്ന് ഭാഷകള്‍ ഉണ്ടാകും. ഒന്‍പത്, പത്ത് ക്ലാസുകളില്‍ ഫിസില്‍ക്കല്‍ എജ്യുക്കേഷനും ആര്‍ട്ടും വൊക്കേഷണല്‍ വിദ്യാഭ്യാസവും നിര്‍ബന്ധമാക്കി. വിദ്യാഭ്യാസരംഗത്ത് നിര്‍ണായക മാറ്റങ്ങള്‍ ലക്ഷ്യമിട്ടാണ് സിബിഎസ്ഇയുടെ പാഠ്യപദ്ധതി പരിഷ്‌കാരം.ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വിശാലമായ കാഴ്ചപ്പാടുമായി സ്‌കൂള്‍ വിദ്യാഭ്യാസത്തെ സമന്വയിപ്പിക്കുക, വഴക്കം, കഴിവുകള്‍, പഠനത്തോടുള്ള കൂടുതല്‍ സമഗ്രമായ സമീപനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നിവയാണ് പുതുക്കിയ ചട്ടക്കൂടിന്റെ ലക്ഷ്യമായി ചൂണ്ടിക്കാട്ടുന്നത്.


Recent Comments