പ്രേംകുമാര്‍ കോണ്‍ഗ്രസ് വേദിയില്‍

പ്രേംകുമാര്‍ കോണ്‍ഗ്രസ് വേദിയില്‍

കോട്ടയം: നടനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ പ്രേംകുമാര്‍ കോണ്‍ഗ്രസ് വേദിയില്‍. കോട്ടയം നാഗമ്പടത്ത് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന കെപിസിസിയുടെ സംസ്‌കാര ഉത്സവ് 2026 എന്ന പരിപാടിയിലാണ് പ്രേംകുമാര്‍ മുഖ്യാതിഥിയായി പങ്കെടുത്തത്. സംസ്‌കാര സാഹിതി ഒരു സാംസ്‌കാരിക സംഘടനയാണെന്നും അവരുടെ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ വേറെ രാഷ്ട്രീയമൊന്നും ഇല്ലെന്നും കഴിഞ്ഞ ദിവസം പ്രേംകുമാര്‍ വ്യക്തമാക്കിയിരുന്നു.

ഇടതുപക്ഷവുമായി അകന്ന പ്രേംകുമാറിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കഴക്കൂട്ടം മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നത് എന്നാണ് വിവരം. കഴിഞ്ഞദിവസം പ്രേംകുമാറുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഫോണില്‍ സംസാരിച്ചിരുന്നു.

കഴക്കൂട്ടത്ത് പ്രേംകുമാറിനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കുന്നത് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. പാര്‍ട്ടി പ്രവേശനത്തിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകുക. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഒരു വാക്ക് പോലും പറയാതെ മാറ്റിയതില്‍ അതൃപ്തി പരസ്യമാക്കി കഴിഞ്ഞ ദിവസം പ്രേംകുമാര്‍ രംഗത്തെത്തിയിരുന്നു. ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിലായിരുന്നു പ്രേംകുമാര്‍ അതൃപ്തി പരസ്യമാക്കിയത്. തുടര്‍ഭരണം വേണ്ടെന്ന് പറഞ്ഞ് സര്‍ക്കാരിനെ വിമര്‍ശിച്ച കവി സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാതിരിക്കുകയും തന്നെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയതും ഇരട്ട നീതിയെന്നായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം.

കൗമാരക്കാർക്കിടയിലെ കൊറിയൻ ഭ്രമം തടയാൻ പൊലീസ് ബോധത്കരണത്തിന്

കൗമാരക്കാർക്കിടയിലെ കൊറിയൻ ഭ്രമം തടയാൻ പൊലീസ് ബോധത്കരണത്തിന്

കൗമാരക്കാര്‍ക്കിടയില്‍ വ്യാപകമാകുന്ന കൊറിയന്‍ ഭ്രമം നിയന്ത്രിക്കുകയും അതുമായി ബന്ധപ്പെട്ട ചതിക്കുഴികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ചെയ്യാന്‍ സ്‌കൂളുകളിലും കോളേജുകളിലും ബോധവത്കരണ കാമ്പെയിന്‍ സംഘടിപ്പിക്കാന്‍ പൊലീസ് ഒരുങ്ങുന്നു. ചോറ്റാനിക്കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആദിത്യ (16) ജീവനൊടുക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി ശക്തമാക്കുന്നത്.

കെ-പോപ് സംഗീതം, കൊറിയന്‍ വെബ് സീരീസുകള്‍, സിനിമകള്‍ തുടങ്ങിയവയോടുള്ള അമിതമായ ആഭിമുഖ്യം കൗമാരക്കാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നതായി പൊലീസ് വിലയിരുത്തുന്നു. കൊറിയന്‍ ഭാഷ പഠിക്കാനും അവിടെ ജോലി തേടിപ്പോകാനുമുള്ള താല്‍പര്യവും കൂടിവരുന്നു. ഈ പ്രവണത മുതലെടുത്ത് ഓണ്‍ലൈനില്‍ ഉള്‍പ്പെടെ ചതിക്കുഴികളൊരുക്കുന്നവരും സജീവമാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

സ്റ്റുഡന്റ്സ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെയും അധ്യാപകരുടെയും സഹകരണത്തോടെ കാമ്പെയിന്‍ നടപ്പാക്കാനാണ് തീരുമാനം. സൈബര്‍ പൊലീസ് സംഘത്തെയും ഇതിനായി വിനിയോഗിക്കും. പരീക്ഷാകാലമായതിനാല്‍ അടുത്ത അധ്യയന വര്‍ഷത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക.

കൗമാരക്കാര്‍ക്കിടയിലെ കൊറിയന്‍ ഭ്രമം നിയന്ത്രിക്കുകയും ചതിക്കുഴികളെക്കുറിച്ച് ബോധവത്കരിക്കുകയുമാണ് കാമ്പയിന്റെ പ്രധാന ലക്ഷ്യമെന്ന് എറണാകുളം റൂറല്‍ എസ്.പി. കെ.എസ്. സുദര്‍ശന്‍ വ്യക്തമാക്കി.

അതേസമയം, ആദിത്യയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത തുടരുന്നതായി പൊലീസ് അറിയിച്ചു. പെണ്‍കുട്ടിക്ക് കൊറിയന്‍ സുഹൃത്തുണ്ടെന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ല. സംഗീതരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന കൊറിയന്‍ സുഹൃത്ത് അപകടത്തില്‍ മരിച്ചതായി അറിഞ്ഞതിനെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന് ജീവന്‍ വെടിയുകയാണെന്ന് ആത്മഹത്യക്കുറിപ്പില്‍ പരാമര്‍ശമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

കൊല്ലം-എറണാകുളം, കൊല്ലം-പുനലൂര്‍ റൂട്ടുകളിലെ മുഴുവന്‍ മെമു ട്രെയിനുകളും 12 കോച്ചുകളായി ഉയര്‍ത്തും

കൊല്ലം-എറണാകുളം, കൊല്ലം-പുനലൂര്‍ റൂട്ടുകളിലെ മുഴുവന്‍ മെമു ട്രെയിനുകളും 12 കോച്ചുകളായി ഉയര്‍ത്തും

ഡല്‍ഹി: കൊല്ലം,എറണാകുളം, കൊല്ലംപുനലൂര്‍ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന മുഴുവന്‍ മെമു ട്രെയിനുകളും നിലവിലെ എട്ട് കോച്ചുകളില്‍ നിന്ന് 12 കോച്ചുകളാക്കി ഉയര്‍ത്തുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ഇതുസംബന്ധിച്ച് തീരുമാനമായതായും 2026 മാര്‍ച്ച് 1 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

ഈ റൂട്ടുകളില്‍ ദിവസേന യാത്ര ചെയ്യുന്ന വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, ഓഫീസ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാര്‍ തിരക്ക് മൂലം ദീര്‍ഘകാലമായി ബുദ്ധിമുട്ട് അനുഭവിച്ചുവരികയായിരുന്നു. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ട്രെയിനുകളുടെ കോച്ചുകള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എംപി റെയില്‍വേ മന്ത്രാലയത്തോടും ദക്ഷിണ റെയില്‍വേ അധികൃതരോടും നിരന്തരം ഇടപെട്ടിരുന്നുവെന്നും തുടര്‍ച്ചയായ ഇടപെടലുകളുടെ ഫലമായാണ് തീരുമാനം ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കോച്ചുകളുടെ വര്‍ധനവോടെ യാത്രക്കാരുടെ തിരക്ക് ഗണ്യമായി കുറയുകയും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുകയും ചെയ്യും. പൊതുജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്കായി തുടര്‍ന്നും ശക്തമായ ഇടപെടല്‍ തുടരുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി വ്യക്തമാക്കി.

പാളയത്തെ ജയലക്ഷ്മി ടെക്സ്റ്റൈൽസിന്‍റെ കെട്ടിടത്തിൽ വൻ തീ പിടിത്തം

പാളയത്തെ ജയലക്ഷ്മി ടെക്സ്റ്റൈൽസിന്‍റെ കെട്ടിടത്തിൽ വൻ തീ പിടിത്തം

കോഴിക്കോട്: കോഴിക്കോട് പാളയത്ത് വൻ തീപിടിത്തം. കോഴിക്കോട് പാളയത്ത് റെയിൽവെ സ്റ്റേഷന് സമീപമുള്ള ജയലക്ഷ്മി ടെകസ്റ്റൈൽസിലാണ് തീപിടിത്തമുണ്ടായത്. അൽപ്പസമയം മുമ്പാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ടെകസ്റ്റൈൽസിന്‍റെ രണ്ടും മൂന്നു നിലകളിൽ തീ ആളിപ്പടരുകയാണ്. മീഞ്ചന്ത, ബീച്ച്, വെള്ളിമാടുകുന്ന് എന്നീ ഫയര്‍ സ്റ്റേഷനുകളിൽ നിന്നുള്ള ഫയര്‍ഫോഴ്സാണ് സ്ഥലത്തെത്തിയിട്ടുള്ളത്. തീപടര്‍ന്ന ഉടനെ ജീവനക്കാരെയും ഉപഭോക്താക്കളെയും പുറത്തിറക്കുകയായിരുന്നു. കെട്ടിടത്തിന്‍റെ പിൻഭാഗത്ത് നിന്നാണ് തീപടര്‍ന്നത്. തുടര്‍ന്ന് മുകളിലത്തെ നിലയിലേക്ക് ആളിപടരുകയായിരുന്നു. കൂടുതൽ സ്ഥലത്തേക്ക് തീ ആളിപടരുകയാണ്.

കെട്ടിടത്തിനുള്ളിൽ ആളുകള്‍ ഇല്ലെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന്‍റെ മൂന്നു നിലകളിലായാണ് തീപിടിച്ചത്. വെഡ്ഡിങ് സെക്ഷനിലെ വസ്ത്രങ്ങള്‍ സൂക്ഷിച്ച ഗോഡൗണിന്‍റെ ഭാഗത്ത് നിന്നുമാണ് തീ ആദ്യം ആളിപടര്‍ന്നത്. തീപിടിച്ചതിനെതുടര്‍ന്ന് ടെകസ്റ്റൈൽസിലെ ഗ്ലാസുകള്‍ പൊട്ടിത്തെറിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി മാറുന്നുണ്ട്. പാളയത്തെ തിരക്കേറിയ സ്ഥലത്തുണ്ടായ തീ പടര്‍ന്ന് ഒരു മണിക്കൂറിലധികം കഴിഞ്ഞിട്ടും നിയന്ത്രണ വിധേയമാക്കാനായിട്ടില്ല.

സ്ഥാപനത്തിന് സമീപത്തെ റോഡിലൂടെയുള്ള ഗതാഗതമടക്കം നിരോധിച്ചിട്ടുണ്ട്. കൂടുതൽ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. നിരവധി കെട്ടിടങ്ങള്‍ സമീപത്തായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ് ഫയര്‍ഫോഴ്സ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ കെട്ടിടത്തിൽ തീപിടിത്തമുണ്ടായിരുന്നെങ്കിലും ഇത്രയധികം ആളിപടര്‍ന്നിരുന്നില്ല.

സംസ്ഥാനത്ത് ബാറുകളുടെ സമയം നീട്ടുന്നു; രാവിലെ 10 മുതല്‍ രാത്രി 12 വരെ

സംസ്ഥാനത്ത് ബാറുകളുടെ സമയം നീട്ടുന്നു; രാവിലെ 10 മുതല്‍ രാത്രി 12 വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ സമയം നീട്ടും. രാവിലെ 10 മണി മുതല്‍ രാത്രി 12 മണി വരെ പ്രവര്‍ത്തന സമയം നീട്ടാനാണ് തത്വത്തില്‍ തീരുമാനിച്ചിരിക്കുന്നത്. എക്‌സൈസിന്റെ ശുപാര്‍ശയില്‍ വൈകാതെ തന്നെ ഉത്തരവിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സമയം നീട്ടണമെന്ന ബാറുടമകളുടെ ദീര്‍ഘകാലമായ ആവശ്യമാണ് സര്‍ക്കാര്‍ പരിഗണിച്ചത്. ഇതുമായി ബന്ധപ്പെട്ട് എക്‌സൈസ് മന്ത്രി പലതലത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. നിലവില്‍ രാവിലെ 11 മണി മുതല്‍ രാത്രി 11 മണി വരെയാണ് ബാറുകളുടെ പ്രവര്‍ത്തന സമയം. ഇതാണ് നീട്ടുന്നതാണ്. ഇതോടെ അധികമായി രണ്ടു മണിക്കൂര്‍ ബാറുകള്‍ തുറന്നിരിക്കും.വിനോദ സഞ്ചാര മേഖലകളില്‍ ഈ പ്രവര്‍ത്തന സമയത്തില്‍ മാറ്റം ഉണ്ടാവാന്‍ സാധ്യതയുണ്ട്. കുറച്ചുംകൂടി സമയം ഈ മേഖലയില്‍ അനുവദിച്ചേക്കും. വിജ്ഞാപനം ഇറങ്ങിയാല്‍ മാത്രമാണ് ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ. വിനോദസഞ്ചാര മേഖലയെ മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കാന്‍ ആലോചിക്കുന്നത് എന്നാണ് സര്‍ക്കാര്‍ വാദം.