ആറാട്ടുപുഴ ക്ഷേത്രത്തിൽ നെയ്യ് സമർപ്പണം ആരംഭിച്ചു

ആറാട്ടുപുഴ ക്ഷേത്രത്തിൽ നെയ്യ് സമർപ്പണം ആരംഭിച്ചു

തൃശൂർ: ആറാട്ടുപുഴ ക്ഷേത്രത്തിൽ പൂരത്തോടനുബന്ധിച്ചുള്ള നെയ് സമർപ്പണ ചടങ്ങുകൾ ആരംഭിച്ചു. നടപ്പുരയിൽ ഒരുക്കിയിരിക്കുന്ന വലിയ ഒട്ടുരുളിയിലാണ് ഭക്തർ കൂട്ടമായി നറുനെയ് സമർപ്പിക്കുന്നത്. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ഭക്തർ ചടങ്ങിൽ പങ്കെടുത്തു.

സമ്പൂര്‍ണ്ണ നെയ് വിളക്കിനും ശ്രീലകത്തും ചുറ്റിലുമുള്ള നെയ് വിളക്കുകളിലേക്കും വേണ്ടിയുള്ള നെയ് സമര്‍പ്പണമാണിത്. ഗ്രാമബലി വരയുള്ള പതിമൂന്ന് ദിവസങ്ങളില്‍ ശ്രീലകത്തും ചുറ്റിലുമുള്ള എല്ലാ വിളക്കുകളിലും നെയ്തിരിയാണ് തെളിയിക്കുക.

കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ രവീന്ദ്രൻ, അംഗം അഡ്വ. കെ പി അജയൻ, സെക്രട്ടറി പി ബിന്ദു, ഡെ കമ്മീഷണർ സുനിൽ കർത്താ, പെരുവനം – ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് എ എ കുമാരൻ, തുടങ്ങിയവർ ശാസ്താവിന് നെയ്യ് സമർപ്പിച്ചു.പൂരം വരെയുള്ള ദിവസങ്ങളിൽ ശാസ്താവിന്റെ തിരുനടയിൽ ഭക്തജനങ്ങൾക്ക് നെയ്യ് സമർപ്പിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി ഘടക ക്ഷേത്രങ്ങളിൽ മാർച്ച് 22ന് നെയ്യ് സമർപ്പിക്കും.

തൃപ്രയാർ, ഊരകം, ചേർപ്പ്, ചാത്തക്കുടം, അന്തിക്കാട്, തൊട്ടിപ്പാൾ, കടലാശ്ശേരി പിഷാരിക്കൽ, എടക്കുന്നി, അയ്കുന്ന്, തൈക്കാട്ടുശ്ശേരി, കടുപ്പശ്ശേരി, ചൂരക്കോട്, പൂനിലാർക്കാവ്, ചാലക്കുടി പിഷാരിക്കൽ, ചക്കംകുളങ്ങര, കോടന്നൂർ, നാങ്കുളം, ശ്രീമാട്ടിൽ, നെട്ടിശ്ശേരി, കല്ലേലി, ചിറ്റിച്ചാത്തക്കുടം, മേടംകുളം എന്നീ ക്ഷേത്രങ്ങളിലും പെരുവനം ഗ്രാമാധിപക്ഷേത്രമായ പെരുവനം മഹാദേവക്ഷേത്രത്തിലും, ഗ്രാമപരദേവതയായ തിരുവുള്ളക്കാവ് ക്ഷേത്രത്തിലും അനുബന്ധക്ഷേത്രങ്ങളായ പിടിക്കപ്പറമ്പ്, വല്ലച്ചിറ, പല്ലിശ്ശേരി, കണ്ഠേശ്വരം, നറുകുളങ്ങര ക്ഷേത്രങ്ങളിലും പെരുവനം ഗ്രാമത്തിന്റെ നാലതിരുകൾ വേർതിരിക്കുന്ന കിഴക്ക് കുതിരാൻ, വടക്ക് അകമല, പടിഞ്ഞാറ് എടത്തിരുത്തി അയ്യപ്പൻകാവ്, തെക്ക് ഉഴുവത്ത് ശാസ്താ ക്ഷേത്രങ്ങളിലും ദേവസ്വം കീഴേടങ്ങളായ ഞെരൂക്കാവ്, ചിറ്റേങ്ങര , തൊട്ടിപ്പാൾ മഹാവിഷ്ണു, തൃക്കണ്ഠാപുരം ക്ഷേത്രങ്ങളിലുമാണ് നെയ്യ് സമർപ്പിക്കുന്നത്.

തിങ്കളാഴ്ച ഹോട്ടല്‍ സമരം ഇല്ല, പാചക വാതകം ലഭ്യമാക്കും

തിങ്കളാഴ്ച ഹോട്ടല്‍ സമരം ഇല്ല, പാചക വാതകം ലഭ്യമാക്കും

കൊച്ചി: മാര്‍ച്ച് 23ന് നടത്താനിരുന്ന കടയടപ്പ് സമരം മാറ്റിവെച്ചു. പാചകവാതക പ്രതിസന്ധി പരിഹരിക്കാന്‍ സിവില്‍ സപ്ലൈസ് കമ്മീഷണര്‍ നടത്തിയ ചര്‍ച്ചയില്‍ അനുകൂല തീരുമാനമായതോടെയാണ് തീരുമാനം. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ (കെ.എച്ച്.ആര്‍.എ) ആണ് സമരം മാറ്റിവച്ചത്.

20 ശതമാനം സിലിണ്ടറുകള്‍ വിതരണം ചെയ്യാമെന്നും ഹോട്ടലുകളെ അവശ്യസേവന വിഭാഗമായി അംഗീകരിക്കുന്നത് പരിഗണിക്കാമെന്നും കമ്മീഷണര്‍ ഉറപ്പുനല്‍കി. സാഹചര്യം മെച്ചപ്പെടുന്നതനുസരിച്ച് സിലിണ്ടര്‍ വിതരണത്തിന്റെ തോത് വര്‍ദ്ധിപ്പിക്കും. പൈപ്പ് ലൈന്‍ ഗ്യാസ് സൗകര്യമുള്ള പ്രദേശങ്ങളില്‍ ഹോട്ടലുകള്‍ക്ക് വേഗത്തില്‍ കണക്ഷന്‍ നല്‍കും. എല്ലാ ജില്ലയിലും സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ കെ.എച്ച്.ആര്‍.എ പ്രതിനിധികളെ ഉള്‍പ്പെടുത്തി സിലിണ്ടര്‍ വിതരണം ഏകോപിപ്പാക്കാനാണ് തീരുമാനം.

സുപ്രഭ. ജി. (റിട്ടയേർഡ് അധ്യാപിക) നിര്യാതയായി

സുപ്രഭ. ജി. (റിട്ടയേർഡ് അധ്യാപിക) നിര്യാതയായി

മാമം നട പുത്തൻവിള ശാരദ മന്ദിരത്തിൽ പരേതനായ ഗംഗാധരൻ വൈദ്യരുടെ മകളും രാധാകൃഷ്ണന്റെ (റിട്ടയേഡ് ബി. ഡി. ഒ) ഭാര്യയുമായ കോഴിക്കോട് താമസിച്ചിരുന്ന
സുപ്രഭ. ജി. (റിട്ടയേർഡ് അധ്യാപിക) നിര്യാതയായി.

സംസ്കാരം നാളെ(20-03-2026) ഉച്ചയ്ക്ക് രണ്ടുമണിക്ക് പുത്തൻവിള ശാരദ മന്ദിരം വീട്ടുവളപ്പിൽ നടക്കും.

സഹോദരങ്ങൾ: സുഗതൻ (ഉണ്ണി), സുരേഷ്ബാബു (മണി), സുജാതൻ (അമ്പി), സുദർശനൻ (ബാപ്പു),
മക്കൾ: രാധേഷ് (വിദേശം), സുരഭില
മരുമക്കൾ: ലിഖിത, പ്രേംലാൽ (കാനറാ ബാങ്ക്)
കൊച്ചുമക്കൾ: കൃഷ്ണാംശ്, ശിവാത്മിക, ദേവാംശ്.

കിളിമാനൂര്‍ ശ്രീശങ്കര എയ്ഡഡ് കോളേജില്‍ പുതിയ കോഴ്സ് അനുവദിച്ചു

കിളിമാനൂര്‍ ശ്രീശങ്കര എയ്ഡഡ് കോളേജില്‍ പുതിയ കോഴ്സ് അനുവദിച്ചു

കിളിമാനൂര്‍ ശ്രീശങ്കര എയ്ഡഡ് കോളേജില്‍ പുതിയ കോഴ്സ് അനുവദിച്ചു. കിളിമാനൂര്‍ നഗരൂര്‍ ശ്രീശങ്കര എയ്ഡഡ് കോളേജില്‍ ബി.എ ജേര്‍ണലിസം ആന്‍ഡ് മാസ്സ് കമ്മ്യൂണിക്കേഷന്‍ (ഓണേഴ്സ്) കോഴ്സിന് അനുമതി ലഭിച്ചു. 2026 – 27 അധ്യയന വര്‍ഷം മുതല്‍ കോഴ്സ് ആരംഭിക്കുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക.
ഫോണ്‍ നമ്പര്‍: +91 94005 06414, 04702678898

എഴുപുന്നയില്‍ മദ്യലഹരിയില്‍ സംഘര്‍ഷം, യുവാവ് കൊല്ലപ്പെട്ടു; നാലുപേര്‍ കസ്റ്റഡിയില്‍

എഴുപുന്നയില്‍ മദ്യലഹരിയില്‍ സംഘര്‍ഷം, യുവാവ് കൊല്ലപ്പെട്ടു; നാലുപേര്‍ കസ്റ്റഡിയില്‍

ആലപ്പുഴ: ആലപ്പുഴയിലെ എഴുപുന്നയില്‍ മദ്യലഹരിയിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കുമ്പളങ്ങി സ്വദേശി നിതിന്‍ കൃഷ്ണനാണ് മരിച്ചത്. എഴുപുന്ന കരുമാഞ്ചേരി സ്വദേശികളായ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ബാറിലെത്തി മദ്യപിച്ച ശേഷം പുറത്തിറങ്ങി മടങ്ങുകയായിരുന്നു മരിച്ച നിതിന്‍. ഈ സമയത്ത് പുറത്ത് വാക്കുതര്‍ക്കവും സംഘര്‍ഷവും നടക്കുന്നുണ്ടായിരുന്നു. പിന്നീട് ഈ സംഘര്‍ഷത്തില്‍ നിതിനും ചേര്‍ന്നു. അടിപിടിക്കിടെയാണ് നിതിന് പരിക്കേറ്റത്. സംഘര്‍ഷശേഷം ഒരാള്‍ വീണുകിടക്കുന്നത് കണ്ട ബാര്‍ ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോഴേക്കും നിതിന്‍ മരിച്ചിരുന്നതായാണ് വിവരം.