by Midhun HP News | Mar 20, 2026 | Latest News, ദേശീയ വാർത്ത
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ ഇറാന്റെ സൈനിക നീക്കങ്ങൾക്കെതിരെ 12 ഗൾഫ് അറബ് ഇസ്ലാമിക് രാജ്യങ്ങൾ സംയുക്തമായി എടുത്ത നിലപാടിനെ തള്ളി ഇറാൻ വിദേശകാര്യ മന്ത്രാലയം. രാജ്യത്തിനെതിരായ നീക്കങ്ങൾ ഏകപക്ഷീയമാണെന്നും മേഖലയിലെ യഥാർത്ഥ ശത്രുക്കളെ തിരിച്ചറിയണമെന്നും ഇറാൻ ആവശ്യപ്പെട്ടു.
അയൽരാജ്യങ്ങൾ തങ്ങളുടെ ഭൂമി അമേരിക്കയ്ക്കും ഇസ്രയേലിനും സൈനിക ആവശ്യങ്ങൾക്കായി വിട്ടുനൽകരുതെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

ആക്രമണങ്ങൾക്ക് സൗകര്യം ചെയ്യുന്നതും പിന്തുണയ്ക്കുന്നതും ഇസ്രയേൽ നടത്തുന്ന കുറ്റകൃത്യങ്ങളിൽ തുല്യ പങ്കാളിയാണെന്നും ഇറാൻ കുറ്റപ്പെടുത്തി. തങ്ങളുടെ എണ്ണ-പ്രകൃതിവാതക റിഫൈനറികൾ ആക്രമിക്കപ്പെട്ടാൽ കയ്യും കെട്ടി നോക്കി നിൽക്കില്ല. അത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ തിരിച്ചടി നൽകാൻ പ്രതിജ്ഞാബദ്ധമാണെന്നും ഇറാൻ അറിയിച്ചു.
മേഖലയിലെ സായുധ സംഘങ്ങൾക്ക് ഇറാൻ നൽകുന്ന സാമ്പത്തിക-ആയുധ സഹായങ്ങൾ നിർത്തണമെന്നും സമാധാനം തകർക്കരുതെന്നും ആവശ്യപ്പെട്ട് സൗദി അറേബ്യ ഉൾപ്പെടെയുള്ള 12 ഗൾഫ് രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. ഖത്തറിലും കുവൈത്തിലും എണ്ണ റിഫൈനറികൾക്ക് ഉണ്ടായ നാശനഷ്ടങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മുന്നറിയിപ്പ്.
ഹോർമുസ് കടലിടുക്കും ബാബ് അൽ മന്ദബ് പാതയും അടയ്ക്കാൻ ശ്രമിക്കരുതെന്നും അവർ ആവശ്യപ്പെട്ടിരുന്നു. ആഗോള ഊർജ്ജ പ്രതിസന്ധി മറികടക്കാൻ ഹോർമുസ് കടലിടുക്ക് തുറക്കുക എന്നത് നിർണ്ണായകമാണ്. റിഫൈനറികൾക്കും എണ്ണപ്പാടങ്ങൾക്കും നേരെ ആക്രമണം നടത്തിയാൽ അത് ആഗോള ഇന്ധന വിപണിയെ ബാധിക്കുമെന്നും ഇതിന് വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും സൗദി അറേബ്യ മുന്നറിയിപ്പ് നൽകി.
ഗൾഫ് രാഷ്ട്രങ്ങളുമായി നിരന്തര ചർച്ചകൾ നടത്തുന്ന ഇന്ത്യ ഇന്ന് ഒമാനുമായി നിർണ്ണായകമായ കൂടിക്കാഴ്ച നടത്തി. കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടെ യാത്ര സുഗമമാക്കാനും ചരക്ക് നീക്കം പുനരാരംഭിക്കാനുമാണ് ഇന്ത്യയുടെ ശ്രമം. ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ എല്ലാ രാഷ്ട്രങ്ങളും വലിയ ആശങ്കയിലാണ്. ഹോർമുസിലെ ഉപരോധം നീങ്ങാത്ത പക്ഷം ലോകം കടുത്ത ഇന്ധനക്ഷാമത്തിലേക്ക് നീങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

by Midhun HP News | Mar 20, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: തോട്ടവാരം ഗിരീഷത്തിൽ എസ് സിന്ധു (47) അന്തരിച്ചു.
ഭർത്താവ്: കെ ഗിരിലാൽ (ദുബായ്).
മക്കൾ: ജി.എസ് ഐശ്വര്യ (ദുബായ്), ജി.എസ് തേജസ് (എഞ്ചിനീയർ, സിംഗപ്പുർ).
മരുമകൻ: ജി ഗോവിന്ദ് (ദുബായ്).
സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്.
by Midhun HP News | Mar 20, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ പ്രഖ്യാപിക്കും. ഇതുവരെ 86 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് രണ്ടുഘട്ടമായി പ്രഖ്യാപിച്ചിട്ടുള്ളത്. പത്തോളം മണ്ഡലങ്ങളിലാണ് ഇനി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ളത്.
തിരുവനന്തപുരം, മാവേലിക്കര തുടങ്ങിയ മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. ഇടതുപക്ഷത്തു നിന്നുള്ള മുന്‍മന്ത്രിയായ നേതാവിനെ തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതിനായി നേതാവുമായി ബിജെപി നേതൃത്വം നിരന്തര സമ്പര്‍ക്കം പുലര്‍ത്തി വരുന്നതായും സൂചനയുണ്ട്.
ബിജെപിയുടെ രണ്ടാംഘട്ട പട്ടിക ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. ആറന്മുളയില്‍ മുതിര്‍ന്ന നേതാവും പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരനെയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. ഗുരുവായൂരില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി ഗോപാലകൃഷ്ണന്‍ മത്സരിക്കും. ഇതുവരെയുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് ഇടംപിടിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.


by Midhun HP News | Mar 20, 2026 | Latest News, ദേശീയ വാർത്ത
തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയിൽ ഗൾഫ് രാജ്യങ്ങളിലെ പ്രവാസി സമൂഹത്തിന്റെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് അനുപാതികമായ വിമാന സർവീസുകൾ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തി കൂടുതൽ വിമാന സർവീസുകൾ ക്രമീകരിക്കുകയും യാത്രാ സൗകര്യങ്ങൾ സുഗമമാക്കുകയും വേണമെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ മൂലം ഗൾഫ് രാജ്യങ്ങളിലെ പ്രവാസി സമൂഹം മാനസികമായ അസ്വസ്ഥതയിലും ആശയക്കുഴപ്പത്തിലുമാണ്. ഈദ് ആഘോഷക്കാലം സാധാരണയായി പ്രവാസികൾ നാട്ടിലേക്ക് മടങ്ങിയെത്തുന്ന സന്തോഷ നിമിഷങ്ങളാണ്. എന്നാൽ ഇത്തവണ അനേകർക്ക് യാത്ര തന്നെ മുടങ്ങിയിരിക്കുന്നു. ആവശ്യത്തിന് വിമാന സർവീസുകളുടെ അഭാവം പ്രതിസന്ധിയാകുന്നു.
ലഭ്യമായ വിമാനങ്ങൾക്കുപോലും അമിതമായ തിരക്കും ടിക്കറ്റ് നിരക്കുകളും സാധാരണക്കാരുടെ കയ്യെത്തുന്നതിന് പുറത്താണ്. നാട്ടിലെത്തിയാൽ തിരികെ ജോലി സ്ഥലങ്ങളിലേക്കെത്താൻ കഴിയുമോ എന്ന ആശങ്കയും അവർക്കുണ്ട്. ഈദ് പോലുള്ള ആഘോഷകാലത്ത് അവരുടെ മനസ്സിൽ ആശ്വാസവും ആത്മവിശ്വാസവും സൃഷ്ടിക്കാൻ ആവശ്യമായ നടപടികൾ അടിയന്തരമായി കൈക്കൊള്ളാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാവണം. എല്ലാ പ്രവാസി സഹോദരങ്ങൾക്കും കുടുംബങ്ങൾക്കും ഈദ് ആശംസകൾ നേരുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു.


by Midhun HP News | Mar 20, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കും. നമസ്കാരത്തിനായി ഈദ്ഗാഹുകളും പള്ളികളും ഒരുങ്ങിക്കഴിഞ്ഞു. ഇന്നലെ മലപ്പുറം പരപ്പനങ്ങാടിയില്‍ മാസപ്പിറ കണ്ടതോടെയാണ് ഇന്ന് ചെറിയ പെരുന്നാളാണെന്ന് വിവിധ ഖാസികള്‍ പ്രഖ്യാപിച്ചത്. യുഎഇ അടക്കമുള്ള രാജ്യങ്ങളിലും ഇന്നാണ് പെരുന്നാള്‍.
റംസാന്‍ 29 പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ ഈദുള്‍ ഫിത്തര്‍ ആഘോഷിക്കുന്നത്. പള്ളികളിലും ഈദ്ഗാഹുകളിലും നടക്കുന്ന പെരുന്നാള്‍ നമസ്കാരങ്ങളില്‍ ആയിരങ്ങള്‍ പങ്കുചേരും. സ്നേഹത്തിന്‍റെ കൂടിച്ചേരലുകളുടേയും ആഘോഷം കൂടിയാണ് ചെറിയ പെരുന്നാള്‍.നന്മകളാല്‍ സ്ഫുടം ചെയ്‌തെടുത്ത മനസുമായാണ് വിശ്വാസികള്‍ ഈദ് ആഘോഷത്തിലേയ്ക്ക് കടക്കുന്നത്.
ഗള്‍ഫിലെ മലയാളികള്‍ക്ക് ഇത് അതിജീവനത്തിന്‍റെ ചെറിയ പെരുന്നാള്‍ കൂടിയാണ്. നിയന്ത്രണങ്ങളോടെ മേഖലയിലെങ്ങും പെരുന്നാള്‍ പ്രാര്‍ത്ഥനകള്‍ നടക്കും. ഒമാനിലും നാട്ടിലും ഗള്‍ഫിലാകെയും ഒന്നിച്ചാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്. എന്നാല്‍, ഗള്‍ഫിലെ പ്രവാസികള്‍ രാജ്യമേതെന്ന വ്യത്യാസമില്ലാതെ സംഘര്‍ഷങ്ങള്‍ക്കിടയിലാണ്. എങ്കിലും ജനജീവിതം സ്തംഭിച്ചിട്ടില്ല. പെരുന്നാള്‍ നമസ്കാരം പള്ളികള്‍ക്കുള്ളില്‍ മാത്രമാണ്. പുറത്ത് തുറന്ന സ്ഥലത്തെ ഈദ്ഗാഹുകളില്ല.


Recent Comments