‘വിഎസ് ജീവിച്ചിരുന്നെങ്കില്‍ പത്മവിഭൂഷണ്‍ നിരസിച്ചേനേ’; കുടുംബത്തിന് തീരുമാനിക്കാമെന്ന് എം എ ബേബി

‘വിഎസ് ജീവിച്ചിരുന്നെങ്കില്‍ പത്മവിഭൂഷണ്‍ നിരസിച്ചേനേ’; കുടുംബത്തിന് തീരുമാനിക്കാമെന്ന് എം എ ബേബി

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്‍ ഉണ്ടായിരുന്നുവെങ്കില്‍ പത്മ പുരസ്‌കാരം നിരസിക്കുമായിരുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. പുരസ്‌കാരം വാങ്ങണോ എന്ന് തീരുമാനിക്കേണ്ടത് കുടുംബമാണെന്നും എം എ ബേബി മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ പാര്‍ട്ടി നേതൃത്വത്തില്‍ ഉണ്ടായിരുന്ന നാലുപേരും പുരസ്‌കാരം നിരസിച്ചതാണെന്നും ബേബി ഓര്‍മ്മിപ്പിച്ചു.

‘പാര്‍ട്ടിയെ സംബന്ധിച്ച് മുന്‍പ് ഇഎംഎസ്, ജ്യോതിബസു, ഹര്‍കിഷന്‍സിങ് സുര്‍ജിത്, ബുദ്ധദേവ് ഭട്ടാചാര്യ ഈ നാലുപേരും അവര്‍ക്ക് അവാര്‍ഡ് ഉണ്ടെന്ന് അറിയിച്ചപ്പോള്‍ അവാര്‍ഡ് നല്‍കാനുള്ള തീരുമാനത്തില്‍ ആദ്യം സന്തോഷമുണ്ടെന്ന് പറഞ്ഞു. പക്ഷേ പാര്‍ട്ടിയുടെ ഭാഗമായി പൊതുപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ഞങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഒരു പുരസ്‌കാരം തരുമ്പോള്‍ അത് സ്വീകരിക്കാന്‍ ഉദ്ദേശിച്ചുള്ള പ്രവര്‍ത്തനമല്ല ഞങ്ങള്‍ നടത്തിയ രാഷ്ട്രീയ പ്രവര്‍ത്തനം.അതുകൊണ്ട് വിനയപൂര്‍വ്വം ഈ അവാര്‍ഡ് സ്വീകരിക്കാന്‍ വിസമ്മതിക്കുകയാണ് എന്നാണ് ഇവര്‍ ഓരോരുത്തരും പറഞ്ഞത്. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രശ്‌നം, സഖാവ് വിഎസ് ജീവിച്ചിരിക്കുന്നില്ല. വിഎസ് ജീവിച്ചിരുന്നെങ്കില്‍ എന്തു ചെയ്യുമായിരുന്നു. തന്നെ തെരഞ്ഞെടുത്തതിന് നന്ദി പറഞ്ഞിട്ട് ഞങ്ങള്‍ ഈ അവാര്‍ഡ് സ്വീകരിക്കുന്ന രീതി ഇല്ല എന്ന് വിഎസ് പറയുമായിരുന്നു. ഇപ്പോള്‍ കുടുംബമാണ് പ്രതികരിക്കേണ്ടത്. കുടുംബം സന്തോഷം പ്രകടിപ്പിച്ചു. എംവി ഗോവിന്ദനും വിഎസിനെ അംഗീകരിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ചു. അത് വാങ്ങണോ വേണ്ടയോ എന്നത് രണ്ടാമത്തെ ഭാഗമാണ്. രണ്ടാമത്തെ ഭാഗം കുടുംബം ആലോചിച്ച് തീരുമാനിക്കട്ടെ.’- എം എ ബേബി പറഞ്ഞു.

ചെയർമാൻ ഇടപെട്ടു പനവേലി കടവിൽ തടസ്സമായി കിടന്ന മുളത്തടികൾ നീക്കം ചെയ്തു

ചെയർമാൻ ഇടപെട്ടു പനവേലി കടവിൽ തടസ്സമായി കിടന്ന മുളത്തടികൾ നീക്കം ചെയ്തു

ആറ്റിങ്ങൽ: നഗരസഭ പരിധിയിലെ 5-ാം വാർഡിൽ പനവേലികടവിൽ തടസ്സമായി കിടന്ന മുളത്തടികളാണ് നഗരസഭ ആരോഗ്യ വിഭാഗം നീക്കം ചെയ്തത്.
മൂന്നു മാസം മുമ്പ് മുളകൾ ഒടിഞ്ഞ് വീണ് വാമനപുരം നദിയിലെ ജലമൊഴുക്ക് തടസ്സപ്പെട്ട് വലിയൊരളവിൽ മാലിന്യം അടിഞ്ഞുകൂടി ജനജീവിതം ദുസഹമായിരുന്നു.

തുടർന്ന് ഇറിഗേഷൻ വകുപ്പിലെ കരാറുകാരൻ നദിയിൽ നിന്ന് നീക്കം ചെയ്ത മുളകൾ പനവേലികടവിലും കടവിലേക്ക് ചെന്നെത്തുന്ന റോഡിൻ്റെ വശങ്ങളിലും കൊണ്ടിട്ടു. മുളത്തടികൾ ഇട്ടതുകാരണം നാട്ടുകാർക്ക് കടവിലെത്തി ഇതിലേയുള്ള കടത്തു തോണിയിലെ യാത്രയും ദുസഹമായി. മുളകൾ കിടക്കുന്നതിനാൽ ഇവിടെ ഇഴജന്തുക്കളുടെ ശല്യവും കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു.

കൂടാതെ സമീപത്തെ പ്രധാന ക്ഷേത്രങ്ങളിൽ ഉത്സവം നടക്കുമ്പോൾ വിശ്വാസ പ്രകാരം പനവേലി കടവിലാണ് വിഗ്രഹവുമായി ആറാട്ട് ചടങ്ങിനെത്തുന്നത്.
നാട്ടുകാരും ക്ഷേത്രഭാരവാഹികളും നഗരസഭ അധ്യക്ഷൻ എം. പ്രദീപിനെ വിവരമറിയിച്ചു. തുടർന്ന് ചെയർമാനും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും ശുചീകരണ തൊഴിലാളികളുമായി സ്ഥലത്തെത്തി തടസ്സമായി നിൽക്കുന്ന മുളത്തടികൾ കടവിൽ നിന്ന് നീക്കം ചെയ്തു.

ദേശീയപാത ഉപരോധം: ഷാഫി പറമ്പിലിന് തടവും പിഴയും ശിക്ഷ

ദേശീയപാത ഉപരോധം: ഷാഫി പറമ്പിലിന് തടവും പിഴയും ശിക്ഷ

പാലക്കാട്: പാലക്കാട് ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസില്‍ വടകര എംപി ഷാഫി പറമ്പിലിന് ശിക്ഷ. 1000 രൂപ പിഴയും കോടതി പിരിയും വരെ തടവും ആണ് പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷയായി വിധിച്ചത്. 2022 ജൂണ്‍ 24 ന് പാലക്കാട് കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി നടപടി. വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തല്ലിതകര്‍ത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചത്. ചന്ദ്രനഗറില്‍ ചെമ്പലോട് പാലത്തിന് സമീപമായിരുന്നു നാല്‍പതോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഉപരോധം. അന്ന് പാലക്കാട് എംഎല്‍എയായിരുന്നു ഷാഫി.

കേസില്‍ നിരന്തരം കോടതിയില്‍ എത്താത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ഷാഫിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിക്ഷ വിധിച്ചത്. വിധിയില്‍ അഞ്ച് മണി വരെ നില്‍ക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കേസില്‍ ഒമ്പതാം പ്രതിയായ പി സരിന്‍ ഇതിനോടകം കോടതിയില്‍ ഹാജരായി 500 രൂപ പിഴ അടച്ചിരുന്നു. സരിന്‍ സംഭവ സമയത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു.

‘ഓപ്പറേഷന്‍ സിന്ദൂര്‍ പൂക്കള വിവാദം’, മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്ര ഭരണം പിടിച്ച് സംഘപരിവാര്‍ സമിതി

‘ഓപ്പറേഷന്‍ സിന്ദൂര്‍ പൂക്കള വിവാദം’, മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്ര ഭരണം പിടിച്ച് സംഘപരിവാര്‍ സമിതി

കൊല്ലം: ഓപ്പറേഷന്‍ സിന്ദൂര്‍ പൂക്കള വിവാദമുണ്ടായ കൊല്ലം മുതുപിലാക്കാട് പാര്‍ഥസാരഥി ക്ഷേത്ര ഭരണസമിതി തെരഞ്ഞെടുപ്പില്‍ സംഘ പരിവാര്‍ നേതൃത്വം നല്‍കിയ ഭക്തജന സമിതി പാനലിന് സമ്പൂര്‍ണ്ണ വിജയം. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ സമിതിയുടെ 27 സ്ഥാനാര്‍ഥികളും വിജയിച്ചു. മൊത്തം പോള്‍ ചെയ്ത വോട്ടുകളുടെ 58 ശതമാനം നേടിയ സംഘ പരിവാര്‍ പാനലിലെ 27 സ്ഥാനാര്‍ഥികളും ശരാശരി 400 ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.

കഴിഞ്ഞ ഓണക്കാലത്തു മുതുപിലാക്കാട് ക്ഷേത്രാങ്കണത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തെ തുടര്‍ന്ന് സൈനികര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് പൂക്കളമിട്ടത് വിവാദമായിരുന്നു. സംഘിവല്‍കരണം ആരോപിച്ചു അന്നത്തെ ഭരണസമിതി ശാസ്താംകോട്ട പൊലീസില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് ദേശസ്‌നേഹികളെ വര്‍ഗീയ വാദികള്‍ ആക്കുന്നു എന്ന് ആരോപിച്ചു ബിജെപി പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തു. സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ക്ഷേത്രം സന്ദര്‍ശിച്ചു. എന്നാല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വിവാദം മുതുപിലാക്കട്ടെ ജനങ്ങള്‍ക്കിടയില്‍ ചേരി തിരിവിനിടയാക്കിയെന്നും കമ്മ്യൂണിസ്റ്റ് കുടുംബങ്ങള്‍ പോലും സംഘപരിവാര്‍ അനുകൂല നിലപാടിലെത്തിയെന്നും പ്രദേശവാസിയായ എസ് മനു പറഞ്ഞു.

‘ ഇതിനുമുന്‍പുള്ള ഭരണ സമിതിയില്‍ ആര്‍എസ്എസ്സിന് ആറു അംഗങ്ങളാണ് ഉണ്ടായിരുന്നത്. 21 പേര്‍ കോണ്‍ഗ്രസ് -സിപിഎം പ്രവര്‍ത്തകരായിരുന്നു. ക്ഷേത്ര വിശ്വാസത്തിനും ആചാരങ്ങള്‍ക്കുമെതിരായ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമായ പ്രതിഷേധത്തിനിടയാക്കിയതായും അദ്ദേഹം പറഞ്ഞു.

ഇക്കുറി കോണ്‍ഗ്രസ്, സിപിഎം, സിപിഐ, ആര്‍എസ്പി എന്നി കക്ഷികള്‍ ഒരു മുന്നണിയായാണ് മത്സരിച്ചത്. കോണ്‍ഗ്രസ് പത്തു സീറ്റിലും ആര്‍എസ്പി 5 സീറ്റിലും സിപിഎം- സിപിഐ 12 സീറ്റിലും മത്സരിച്ചു.

മുതുപിലാക്കാട് കിഴക്ക്, പടിഞ്ഞാറ് കരകളിലെ 9 വാര്‍ഡില്‍ പെട്ട 3730 പേര്‍ക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്. അതില്‍ 70 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി. ‘സംഘപരിവാര്‍ സംഘടനകള്‍ ചേര്‍ന്നാണ് ഭക്തജന സമിതി രൂപീകരിച്ചതെങ്കിലും ക്ഷേത്രകാര്യങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തില്ലെന്നു ഞങ്ങള്‍ വിശ്വാസികള്‍ക്ക് ഉറപ്പു നല്‍കി. അതിനുള്ള അംഗീകാരം ആണ് ഈ വിജയം,’- സമിതി ചെയര്‍മാന്‍ കെ ആര്‍ ജി പിള്ള പറഞ്ഞു.

‘മുന്‍ ഭരണസമിതി നടത്തിയ വിശ്വാസ ധ്വംസനം ആണ് ശക്തമായ ജനവികാരത്തിന് ഇടയാക്കിയത്. ഇവിടെ പൂജ നടക്കുന്ന സമയത്തു മുന്‍ ഭരണസമിതി ശ്രീ കോവിലില്‍ ആളെ കയറ്റി. രണ്ടു വര്‍ഷം മുന്നേ ക്ഷേത്രത്തിന്റെ സദ്യാലയത്തില്‍ ബീഫും ബിയറും വിളമ്പി വിരുന്നു നടത്തി. കൂടാതെ 50 ലക്ഷം രൂപ നീക്കിയിരിപ്പുണ്ടായിരുന്ന ക്ഷേത്രത്തെ കടക്കെണിയിലാക്കി. ഇപ്പോള്‍ 20 ലക്ഷത്തിലേറെ ബാധ്യതയുണ്ട്. അലങ്കാര ഗോപുര നിര്‍മാണത്തിന്റെ പേരില്‍ അഴിമതി നടത്തി. ക്ഷേത്രാങ്കണത്തില്‍ നിന്ന മരങ്ങള്‍ മുറിച്ചു വിറ്റത്തിലും വിശ്വാസികള്‍ സമര്‍പ്പിച്ച സ്വര്‍ണ്ണം വില്‍പ്പന നടത്തിയതിലും അഴിമതിയുണ്ട്. കടക്കെണിയില്‍ നിന്ന് ക്ഷേത്രത്തെ കരകയറ്റി വിശ്വാസം സംരക്ഷിക്കുകയാണ് ലക്ഷ്യം,’- അദ്ദേഹം പറഞ്ഞു.

ഹിമാചലില്‍ കനത്ത മഞ്ഞുവീഴ്ച; ആയിരത്തിലധികം റോഡുകള്‍ അടച്ചു, മണാലിയില്‍ നീണ്ട ഗതാഗതക്കുരുക്ക്

ഹിമാചലില്‍ കനത്ത മഞ്ഞുവീഴ്ച; ആയിരത്തിലധികം റോഡുകള്‍ അടച്ചു, മണാലിയില്‍ നീണ്ട ഗതാഗതക്കുരുക്ക്

ഷിംല: ഹിമാചല്‍ പ്രദേശില്‍ ദിവസങ്ങളായി തുടരുന്ന കനത്ത മഞ്ഞുവീഴ്ചയിലും മഴയിലും സാധാരണ ജീവിതം സ്തംഭിച്ചു. പ്രതികൂല കാലാവസ്ഥയില്‍ സംസ്ഥാനത്തെ 1,250ലധികം റോഡുകള്‍ അടച്ചു. ചുരങ്ങളും ലിങ്ക് റോഡുകളും മഞ്ഞുമൂടിയ നിലയില്‍ തുടരുകയാണ്. പ്രധാന റോഡുകള്‍ സഞ്ചാരയോഗ്യമാക്കാനുള്ള പ്രവൃത്തികള്‍ തുടരുകയാണ്.

സ്‌നോ ബ്ലോവറുകള്‍, ജെസിബികള്‍, തൊഴിലാളികളുടെ ബറ്റാലിയനുകള്‍ എന്നിവ ഉപയോഗിച്ച് മഞ്ഞ് നീക്കം ചെയ്യല്‍ ജോലികള്‍ പുരോഗമിക്കുകയാണ്. കനത്ത മഞ്ഞുവീഴ്ചയും ഗതാഗതക്കുരുക്കും കണക്കിലെടുത്ത് വിനോദസഞ്ചാരികള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മണാലി, ഷിംല, ലാഹൗള്‍-സ്പിതി എന്നിവിടങ്ങളില്‍ പോയ വിനോദസഞ്ചാരികള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടു. മണാലിയിലെ നിരവധി റോഡുകളില്‍ നീണ്ട ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ മണിക്കൂറുകളോളം കുടുങ്ങി. പ്രതികൂല കാലാവസ്ഥ കാരണം വിനോദസഞ്ചാരികള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഹിമാചല്‍ പ്രദേശിന്റെ ചില ഭാഗങ്ങളില്‍ മഞ്ഞുവീഴ്ച മൂലം വൈദ്യുതിയും ജലവിതരണവും തടസ്സപ്പെട്ടു. റോഡുകള്‍ മഞ്ഞുമൂടി ട്രാന്‍സ്ഫോര്‍മറുകളും വൈദ്യുതി തൂണുകളും തകര്‍ന്നു. നിരവധി ജില്ലകളില്‍ വൈദ്യുതിയും ജലവിതരണവും തടസപ്പെട്ടിട്ടുണ്ട്. റോഡുകളില്‍ വാഹനമോടിക്കുമ്പോള്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്നും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.