by Midhun HP News | Jan 28, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ (66) വിമാനാപകടത്തിൽ മരിച്ചു. ഇന്നു രാവിലെ അജിത് പവാര്‍ സഞ്ചരിച്ച സ്വകാര്യ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. ബരാമതിയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്ങിനിടെയാണ് അപകടം. അജിത് പവാറിന് ഒപ്പമുണ്ടായിരുന്ന അഞ്ചുപേരും അപകടത്തില്‍ മരിച്ചു. എന്‍സിപി ശരദ് പവാര്‍ പാര്‍ട്ടി പിളര്‍ന്ന് എന്‍സിപി അജിത് പവാര്‍ എന്ന പുതിയ പാര്‍ട്ടിയുടെ അധ്യക്ഷനായി പ്രവര്‍ത്തിക്കുകയായിരുന്നു.
വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് കുന്നിന്‍ ചെരുവില്‍ ഇടിച്ചു തകരുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇന്ന് നാല് പ്രധാന പൊതുയോഗങ്ങളില്‍ പങ്കെടുക്കാന്‍ അജിത് പവാര്‍ ബാരാമതിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
by Midhun HP News | Jan 28, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. പവന് 2360 രൂപ വര്‍ധിച്ചതോടെ 1,20,000 കടന്ന് കുതിച്ചിരിക്കുകയാണ് സ്വര്‍ണവില. 1,21, 120 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 295 രൂപയാണ് വര്‍ധിച്ചത്. 15,140 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഏറെ നാളുകള്‍ക്ക് ശേഷം ഇന്നലെ സ്വര്‍ണവിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച രേഖപ്പെടുത്തിയ 1,19,320 രൂപയാണ് ഇന്ന് തിരുത്തിയത്.
ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണം സംബന്ധിച്ച് എതിരഭിപ്രായം പറയുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ കൂടുതല്‍ തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനവും ഇറാനെതിരെ സൈനിക നീക്കം നടത്താന്‍ അമേരിക്ക ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളുമാണ് വിപണിയില്‍ അസ്ഥിരതയ്ക്കുള്ള പ്രധാന കാരണം. ഈ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഇപ്പോഴും ഉയര്‍ന്നുനില്‍ക്കാന്‍ കാരണം.
by Midhun HP News | Jan 27, 2026 | Latest News, കേരളം
പാലക്കാട്: പാലക്കാട് ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസില്‍ വടകര എംപി ഷാഫി പറമ്പിലിന് ശിക്ഷ. 1000 രൂപ പിഴയും കോടതി പിരിയും വരെ തടവും ആണ് പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷയായി വിധിച്ചത്.
2022 ജൂണ്‍ 24 ന് പാലക്കാട് കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി നടപടി. വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തല്ലിതകര്‍ത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചത്. ചന്ദ്രനഗറില്‍ ചെമ്പലോട് പാലത്തിന് സമീപമായിരുന്നു നാല്‍പതോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഉപരോധം. അന്ന് പാലക്കാട് എംഎല്‍എയായിരുന്നു ഷാഫി.
കേസില്‍ നിരന്തരം കോടതിയില്‍ എത്താത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ഷാഫിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിക്ഷ വിധിച്ചത്. വിധിയില്‍ അഞ്ച് മണി വരെ നില്‍ക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കേസില്‍ ഒമ്പതാം പ്രതിയായ പി സരിന്‍ ഇതിനോടകം കോടതിയില്‍ ഹാജരായി 500 രൂപ പിഴ അടച്ചിരുന്നു. സരിന്‍ സംഭവ സമയത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു.
by Midhun HP News | Jan 27, 2026 | Latest News, കേരളം
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ശിവന്‍കുട്ടി വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ സ്‌കൂളില്‍ പഠിക്കേണ്ടി വന്നത് കുട്ടികളുടെ ഗതികേടാണ്. ഇത്രയും വിവരദോഷികള്‍ ഉള്‍പ്പെട്ട മറ്റൊരു മന്ത്രിസഭ കേരള ചരിത്രത്തിലുണ്ടായിട്ടില്ലെന്നുമായിരുന്നു സതീശന്റെ പരിഹാസം.
‘അണ്ടര്‍വെയര്‍ കാണിച്ച് മുണ്ടും മടക്കിക്കുത്തി ഡെസ്‌കിന്റെ മുകളില്‍ കയറിയിരുന്ന് സാധനം മുഴുവന്‍ തല്ലിപ്പൊളിച്ച ഒരുത്തനാണ് ക്ലാസെടുക്കുന്നത്. നമ്മള്‍ മര്യാദയ്ക്ക് വന്ന് എഴുന്നേറ്റ് നിന്ന് പോവലല്ല ഓന്റെ പോലെ മറ്റത് കാണിച്ച് വേണം ചെയ്യാന്‍. വാര്‍ത്ത വരും എന്ന് കണ്ടാല്‍ എന്ത് വിഡ്ഢിത്തവും പറയാം എന്നതാണ്. ഇയാളൊക്കെ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ സ്‌കൂളില്‍ പഠിക്കേണ്ട സ്ഥിതി നമ്മുടെ പിള്ളേര്‍ക്കുണ്ടായല്ലോ. കഷ്ടം എന്നല്ലാതെ എന്താണ് പറയുക.
നിയമസഭയില്‍ ഡെസ്‌കിന് മുകളില്‍ കയറി നിന്ന ഒരാളാണ് പ്രതിപക്ഷത്തിന് ക്ലാസെടുക്കാന്‍ വരുന്നത്. സോണിയ ഗാന്ധി സ്വർണം കട്ടുവെന്നാണ് പറയുന്നത്. എന്തും പറയാമെന്ന സ്ഥിതിയായി. ഇങ്ങനെ പറയാൻ വേണ്ടി കുറേയെണ്ണത്തെ വിട്ടിരിക്കുകയാണ്. എക്സൈസ് വകുപ്പ് ആയിരുന്നെങ്കിൽ ബോധമില്ല എന്നെങ്കിലും പറയാമായിരുന്നു’വെന്നും സതീശൻ. സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ശിവന്‍കുട്ടി പണ്ട് പറഞ്ഞിട്ടുണ്ടെന്നും വിവരമില്ലാത്തവര്‍ മന്ത്രിമാരായാല്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്നും സതീശന്‍ കുറ്റപ്പെടുത്തി.
എക്‌സൈസ് വകുപ്പായിരുന്നെങ്കില്‍ ബോധമില്ല എന്ന് പറയാമായിരുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ ശിവന്‍കുട്ടി യോഗ്യനല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
by Midhun HP News | Jan 27, 2026 | Latest News, കേരളം
തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായുള്ള അകല്‍ച്ച തുടര്‍ന്ന് ശശി തരൂര്‍ എംപി. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ചേരാന്‍ നിശ്ചയിച്ച പാര്‍ലമെന്ററി നയ രൂപീകരണ യോഗത്തില്‍ തരൂര്‍ പങ്കെടുത്തേക്കില്ല. നാളെ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കും തരൂര്‍ സന്നദ്ധത അറിയിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ, തരൂരിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്.
നയരൂപീകരണ യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ശശി തരൂരിന് കത്തു നല്‍കിയിരുന്നു. ദുബായില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ ശശി തരൂര്‍ ഇന്നാണ് ഡല്‍ഹിയില്‍ തിരിച്ചെത്തുക. ഒരു പുസ്തകപ്രകാശന ചടങ്ങാണ് നാളെ പങ്കെടുക്കാന്‍ സമ്മതിച്ചിട്ടുള്ള പ്രോഗ്രാം. ഇതിനിടെ തരൂരിനെ ഒപ്പം നിര്‍ത്തുക ലക്ഷ്യമിട്ട് സിപിഎം ശ്രമം നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
കൊച്ചിയിലെ മഹാപഞ്ചായത്ത് യോഗത്തിലെ അവഗണനയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി അകലാന്‍ ഇടയാക്കിയത്. രാഹുല്‍ ഗാന്ധി പങ്കെടുത്ത മഹാപഞ്ചായത്ത് പരിപാടിയില്‍ വേദിയിലെ ഇരിപ്പിട ക്രമീകരണം, പ്രസംഗം വെട്ടിച്ചുരുക്കിയത് എന്നിവയില്‍ തരൂരിന് കടുത്ത അതൃപ്തിയുണ്ട്. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗമായിരുന്നിട്ടും തരൂരിന് വേദിയില്‍ ഏറ്റവും അറ്റത്താണ് ഇരിപ്പിടം നല്‍കിയിരുന്നത്.
പാര്‍ട്ടി പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നില്ല ക്രമീകരണമെന്നാണ് തരൂരിന്റെ നിലപാട്. പരിപാടിയില്‍ രാഹുല്‍ ഗാന്ധി മാത്രമേ കൂടുതല്‍ നേരം സംസാരിക്കൂ, മറ്റുള്ളവര്‍ വേഗം പ്രസംഗം അവസാനിപ്പിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് തരൂര്‍ പ്രസംഗം ചുരുക്കിയെങ്കിലും, പിന്നീട് മറ്റ് പല നേതാക്കളും ദീര്‍ഘനേരം സംസാരിച്ചു. കൂടാതെ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി വേദിയിലുണ്ടായിരുന്ന പല നേതാക്കളുടെയും പേരുകള്‍ എടുത്തു പറഞ്ഞപ്പോള്‍, ശശി തരൂരിനെ പരാമര്‍ശിക്കാതിരുന്നതും അതൃപ്തിക്ക് കാരണമായിട്ടുണ്ട്.
Recent Comments