by Midhun HP News | Jan 22, 2026 | Latest News, കേരളം
കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച സ്വര്‍ണവില താഴേക്ക്. പവന് ഒറ്റയടിക്ക് 1680 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,13,160 രൂപ. ഗ്രാമിന് 210 രൂപയാണ് കുറഞ്ഞത്. 14,145 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.
ഇന്നലെ രണ്ടു തവണകളായി 5480 രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിലയിലുണ്ടായത്. മൂന്നാഴ്ചയ്ക്കിടെ പവന്‍ വിലയില്‍ 15000 രൂപയിലധികമാണ് വര്‍ധിച്ചത്. രണ്ടുദിവസത്തെ കണക്ക് നോക്കിയാല്‍ ഏകദേശം 8500ലധികം രൂപയാണ് കൂടിയത്.
ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണം സംബന്ധിച്ച് എതിരഭിപ്രായം പറയുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ കൂടുതല്‍ തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനമാണ് വിപണിയില്‍ അസ്ഥിരതയ്ക്കുള്ള പ്രധാന കാരണം. ഈ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഇപ്പോഴും ഉയര്‍ന്നുനില്‍ക്കാന്‍ കാരണം.


by Midhun HP News | Jan 22, 2026 | Latest News, കേരളം
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിലെ പ്രധാന പ്രതികളുടെ സ്വത്തുക്കൾ മരവിപ്പിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 1.3 കോടി വില വരുന്ന ആസ്തികള്‍ മരവിപ്പിച്ചു. ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഷാഡോ എന്ന പേരില്‍ ചൊവ്വാഴ്ച നടത്തിയ വ്യാപക പരിശോധനയുടെ വിവരങ്ങള്‍ ഉള്‍പ്പെടെയാണ് അന്വേഷണ ഏജന്‍സി പുറത്തുവിട്ടത്. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലായി 73 ഓളം ഇടങ്ങളിലായിരുന്നു ഇന്നലെ ഇഡി പരിശോധന നടത്തിയത്.
ശബരിമലയിലെ സ്വര്‍ണപാളികള്‍ അറ്റകുറ്റപ്പണിയ്ക്കായി കൊണ്ടുപോയ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷനില്‍ നിന്ന് 100 ഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്തെന്നും ഇഡി അറിയിച്ചു. സ്വര്‍ണ്ണ കട്ടികളാണ് കണ്ടെത്തിയത്. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നിന്നും സ്വര്‍ണ്ണം ചെമ്പാക്കിയ രേഖയും, നിരവധി ഡിജിറ്റല്‍ തെളിവുകളും റെയ്ഡില്‍ കണ്ടെത്തിയെന്ന് ഇഡി അറിയിക്കുന്നു.
2019 നും 2024 നും ഇടയില്‍ പുറപ്പെടുവിച്ച ഉത്തരവും ഇഡി കസ്റ്റഡിയിലെടുത്തു. ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥരുടെ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായും ഇ ഡി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
by Midhun HP News | Jan 22, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്- പുതുവത്സര ബംപര്‍ ടിക്കറ്റുകള്‍ക്ക് റെക്കോഡ് വില്‍പ്പന. ഇതിനകം വില്‍പ്പന 50 ലക്ഷം കടന്നു. 51,66,810 ടിക്കറ്റുകള്‍ ഇന്നലെ ഉച്ചവരെ വിറ്റുകഴിഞ്ഞു. കഴിഞ്ഞവര്‍ഷം ആകെ ക്രിസ്മസ്-പുതുവത്സര ബംപര്‍ ടിക്കറ്റുകളുടെ വില്‍പ്പന 47,65,650 ആയിരുന്നു.
20 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന ബംപര്‍ ടിക്കറ്റിന് ആവശ്യക്കാര്‍ ഏറിയതോടെ 5 ലക്ഷം ടിക്കറ്റുകള്‍ കൂടി വിപണിയിലെത്തിച്ചു. പാലക്കാട് ജില്ലയിലാണ് കൂടുതല്‍ വില്‍പ്പന നടന്നത്. ഇതുവരെ 12,20,520 ടിക്കറ്റുകളാണ് വിറ്റത്. രണ്ടാമതുള്ള തൃശ്ശൂരില്‍ 5,44,340 ടിക്കറ്റ് വിറ്റു. മൂന്നാമതുള്ള തിരുവനന്തപുരത്ത് 5,15,090 ടിക്കറ്റുകളുടെ വില്‍പ്പന നടന്നു. കഴിഞ്ഞതവണ നാലാംസ്ഥാനത്തുണ്ടായിരുന്ന എറണാകുളത്തിനെ അട്ടിമറിച്ച് 3,34,910 ടിക്കറ്റുകള്‍ വിറ്റ കൊല്ലം നാലാമതും 3,11,780 ടിക്കറ്റുകളുടെ വില്‍പ്പനയോടെ കണ്ണൂര്‍ അഞ്ചാമതുമാണ്.
20 കോടി രൂപ ഒന്നാം സമ്മാനവും, രണ്ടാം സമ്മാനം ഒരുകോടി രൂപവീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപവീതം 20 പേര്‍ക്കും നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപവീതം 20 പേര്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപവീതം 20 പേര്‍ക്കും ലഭിക്കും. പത്ത് സീരീസുകളിലായുള്ള ടിക്കറ്റില്‍ ബംപര്‍ സമ്മാനം ലഭിക്കാതെപോയ മറ്റ് ഒന്‍പത് സീരീസിനായി ഒരു ലക്ഷം രൂപ വീതമുള്ള സമാശ്വാസ സമ്മാനങ്ങള്‍ ഉണ്ടാകും. 5000, 2000, 1000, 500, 400 വീതം രൂപ സമ്മാനങ്ങളും ഉള്‍പ്പെടെ ആകെ 6,21,990 സമ്മാനങ്ങള്‍ ലഭിക്കും. 10 പരമ്പരകളിലായാണ് ടിക്കറ്റുകള്‍ വിപണിയിലെത്തിച്ചത്. 24ന് ഉച്ചയ്ക്ക് രണ്ടിനാണ് നറുക്കെടുപ്പ്.
by Midhun HP News | Jan 21, 2026 | Latest News, കേരളം
ദുബൈ: ഇന്ത്യയിൽ ടി20 ലോകകപ്പ് മത്സരങ്ങൾ കളിക്കില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിൽ നടത്താനായി ഗ്രൂപ്പ് മാറ്റം അനുവദിക്കണമെന്നാണ് ബിസിബിയുടെ ആവശ്യം. എന്നാൽ അതിന് ഐസിസി വഴങ്ങിയിട്ടില്ല. ബംഗ്ലാദേശ് ലോകകപ്പിൽ നിന്ന് പിന്മാറിയാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ എന്തായിരിക്കും എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.
ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് പിന്മാറിയാൽ ഐസിസി റാങ്കിങ്ങിൽ അവരുടെ സ്ഥാനം താഴേക്ക് പോകും. ശേഷിക്കുന്ന 19 ടീമുകൾക്ക് റാങ്കിങ് മെച്ചപ്പെടുത്താനുള്ള അവസരം ലഭിക്കും. ഇത് അടുത്ത ടി20 ലോകകപ്പിലേക്കുള്ള ഓട്ടോമാറ്റിക് യോഗ്യതാ സാധ്യതകളെയും ബാധിക്കും. ഇത് ബംഗ്ലാദേശിന് വലിയ തിരിച്ചടിയാകും.
ലോകകപ്പ് പോലുള്ള വേദിയിൽ താരങ്ങൾക്ക് അവരുടെ കസീവ് തെളിയിക്കാനുള്ള അവസരം കൂടിയാണ്. പല ഫ്രാഞ്ചൈസികളും അവരുടെ താരങ്ങളെ തെരഞ്ഞെടുക്കുന്നത് ഇത്തരത്തിലുള്ള മത്സരങ്ങളിലെ പ്രകടനം കൂടി വിലയിരുത്തിയാണ്.
കഴിഞ്ഞ ടി20 ലോകകപ്പിൽ ബംഗ്ലാദേശിന്റെ ബൗളർ റിഷാദ് ഹുസൈൻ സ്വന്തമാക്കിയത് 14 വിക്കറ്റുകളാണ്. ഈ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് ബിഗ് ബാഷ് ലീഗിൽ (BBL) അവസരങ്ങൾ ലഭിച്ചിരുന്നു. ഇത്തരം മത്സരത്തിൽ പങ്കെടുക്കാതെയിരുന്നാൽ താരങ്ങളുടെ കരിയറിനും തിരിച്ചടിയാകും.
by Midhun HP News | Jan 21, 2026 | Latest News, കേരളം
കൊച്ചി: ശബരിമലയില്‍ സ്വര്‍ണക്കൊള്ള കേസിൽ റിമാൻഡിലായി മുൻ ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കരദാസിനെതിരെ ഹൈക്കോടതി. ശങ്കരദാസിന്‍റെ അസുഖത്തെ സംബന്ധിച്ച് മെഡിക്കൽ ബോർഡ് രൂപീകരിച്ച് പരിശോധന നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ശങ്കരദാസിനെ ജയിലിൽ പാർപ്പിച്ച് ചികിത്സ തുടരാൻ ആകുമോ എന്നും പരിശോധിക്കണമെന്നും റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കാനുമാണ് ഹൈക്കോടതിയുടെ നിർദ്ദേശം. നിലവില്‍ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ശങ്കരദാസ്.
Recent Comments