by Midhun HP News | Dec 12, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: രാജ്യത്ത് വോട്ടര്‍ പട്ടിക തീവ്ര പരിശോധനയുടെ സമയപരിധി നീട്ടി. അഞ്ച് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമാണ് സമയം നീട്ടിയത്. തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ഡിസംബര്‍ 14 വരെയും മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളില്‍ ഡിസംബര്‍ 18 വരെയും ഉത്തര്‍പ്രദേശില്‍ ഡിസംബര്‍ 26 വരെയുമാണ് നീട്ടിയത്.
എസ്ഐആര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള മേലുദ്യോഗസ്ഥരുടെ സമ്മര്‍ദം താങ്ങാനാകാതെ വിവിധ സംസ്ഥാനങ്ങളിലായി ബിഎല്‍ഒമാര്‍ ആത്മഹത്യ ചെയ്തതുള്‍പ്പടെ ഗുരുതര പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. എന്യൂമറേഷന് ഫോം സമര്‍പ്പിക്കാനുള്ള തീയതി 6 ഇടങ്ങളില്‍ ഇന്ന് അവസാനിക്കേണ്ടതായിരുന്നു, ഇതാണ് ഒരാഴ്ചകൂടി നീട്ടിയത്.
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ച കേരളത്തിന് നേരത്തെ സമയം നീട്ടി നല്‍കിയിരുന്നു. കേരളത്തില്‍ എന്യൂമറേഷന് ഫോം സമര്‍പ്പിക്കാനുള്ള തിയതി ഡിസംബര്‍ 18വരെയാണ് നീട്ടിയത്. ഡിസംബര്‍ 23ന് കരട് പട്ടിക പ്രസിദ്ധീകരിക്കും. അന്തിമപട്ടിക ഫെബ്രുവരി 21നാണ് പ്രസിദ്ധീകരിക്കുക. എസ്ഐആര്‍ നടപടികള്‍ നീട്ടണമെന്ന പശ്ചിമബംഗാളിന്റെ ആവശ്യം കമ്മീഷന് തള്ളി. ബംഗാളില്‍ എസ്ഐആര്‍ കാലാവധി ഇന്ന് രാത്രി തന്നെ അവസാനിക്കും. 55 ലക്ഷം പേരാണ് ബംഗാളിലെ പട്ടികയില്‍ നിന്ന് ഒഴിവായതെന്നാണ് റിപ്പോര്‍ട്ടുകള്‍.



by Midhun HP News | Dec 12, 2025 | Latest News, കേരളം
കൊട്ടാരക്കര: തിരുവനന്തപുരത്ത് റോഡരികില്‍ക്കൂടി നടന്നുപോയ യുവാവ് കാറിടിച്ച് മരിച്ചു. കോട്ടാത്തല മൂഴിക്കോട് കടമ്പാട്ടുവിള വീട്ടില്‍ ഷാജിയുടെ മകന് ജിഷ്ണു(19) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. തിരുവനന്തപുരത്ത് താമസിച്ച് പഠിക്കുന്ന ജിഷ്ണു കൂട്ടുകാര്‍ക്കൊപ്പം രാത്രി ഭക്ഷണത്തിനായി കടയിലേക്ക് പോയതാണ്. പിന്നാലെ വന്ന കാര്‍ ജിഷ്ണുവിനെ ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജിഷ്ണുവിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.



by Midhun HP News | Dec 12, 2025 | Latest News, ദേശീയ വാർത്ത
ഹൈദരാബാദ്: ആരാധകരുടെ ആകാംക്ഷകള്‍ക്കൊടുവില്‍ അര്‍ജന്റീന ഇതിഹാസ താരം ലയണല്‍ മെസി നാളെ കൊല്‍ക്കത്തയില്‍ എത്തുകയാണ്. താരത്തെ കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. മെസിയുമായി സംസാരിക്കാനും ആരാധകര്‍ക്ക് അവസരമുണ്ട്, 10 ലക്ഷം രൂപ നല്കിയാല് 15 മിനിറ്റ് ഇതിഹാസവുമായി സംസാരിക്കാനും ആശംസകള്‍ നേരാനും കഴിയും.
നാളെ വൈകീട്ട് ഏഴ് മുതലാണ് ഹൈദരാബാദ് ഉപ്പല്‍ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ മെസി പങ്കെടുക്കുന്ന സെവന്‍സ് ഫുട്ബോള്‍ മത്സരം. മെസിക്കൊപ്പം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും സൗഹൃദ മത്സരത്തില്‍ കളിക്കുന്നുണ്ട്. 38,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തില്‍ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു. 2250 രൂപ മുതല്‍ 9000 രൂപ വരെയായിരുന്നു ടിക്കറ്റ് വില. തെലങ്കാന സര്‍ക്കാരിന്റെ ടൂറിസം, സാംസ്കാരിക, കായിക വകുപ്പുകളുടെ സ്പെഷ്യല്‍ ചീഫ് സെക്രട്ടറി ജയേഷ് രഞ്ജന്‍ മെസിയുടെ സന്ദര്‍ശനം സംബന്ധിച്ച വിവരങ്ങള്‍ വിശദീകരിച്ചു.
ഈ മാസം 13, 14, 15 തീയതികളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി നാളെ പുലര്‍ച്ചെ 1.30നാണ് മെസി കൊല്‍ക്കത്തിയില്‍ വിമാനം ഇറങ്ങുന്നത്. കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ, ന്യൂഡല്‍ഹി നഗരങ്ങളിലാണ് ഇതിഹാസ താരത്തിന്റെ പരിപാടികള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.



by Midhun HP News | Dec 12, 2025 | Latest News, കേരളം
കൊല്ലം: റോഡില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ ദിശാ ഫലകത്തിന്റെ ലോഹപാളി വീണ് സ്കൂട്ടര്‍ യാത്രക്കാരന്റെ കൈപ്പത്തി അറ്റു. കൊട്ടാരക്കരയില്‍ എംസി റോഡില്‍ സ്ഥാപിച്ചിട്ടുള്ള ദിശാസൂചക ഫലകമാണ് യാത്രക്കാരന്റെ ദേഹത്തേക്ക് വീണത്. തുടര്‍ന്ന് സ്കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു.
അപകടത്തില്‍ കൈപ്പത്തിക്കും വിരലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ കുടവട്ടൂര്‍ അനന്തുവിഹാറില്‍ മുരളീധരന്‍പിള്ള (57)യെ തിരുവനന്തപുരത്തെ സൂപ്പര്‍ സ്പെഷ്യല്‍റ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം എംസി റോഡില്‍ കൊട്ടാരക്കര കുന്നക്കരയിലാണ് സംഭവം.
കെഎസ്എഫ്ഇയുടെ കലക്ഷന്‍ ഏജന്റായ മുരളീധരന്‍പിള്ള ജോലി കഴിഞ്ഞു മടങ്ങി വരുമ്പോള്‍ കൂറ്റന്‍ തൂണുകളില്‍ സ്ഥാപിച്ചിരുന്ന ലോഹപാളി അടര്‍ന്നു ശരീരത്തില്‍ വീഴുകയായിരുന്നു. തുടര്‍ന്ന് സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. മുറിവേറ്റു രക്തത്തില്‍ കുളിച്ചുകിടന്ന മുരളീധരന്‍പിള്ളയെ ഓട്ടോറിക്ഷ ഡ്രൈവറാണ് താലൂക്ക് ആശുപത്രിയിലെത്തിച്ചത്. അവിടെ നിന്നു തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ മുരളീധരന്‍പിള്ള കൊട്ടാരക്കര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.



by Midhun HP News | Dec 12, 2025 | Latest News, കേരളം
പാലക്കാട്: പാലക്കാടുള്ള ഫ്ലാറ്റില്‍ നിന്ന് ഒഴിയാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് അസോസിയേഷന്റെ നോട്ടീസ്. ഈ മാസം 25നകം ഒഴിയണമെന്നാണ് നിര്‍ദേശം. ഫ്ലാറ്റില്‍ താമസിക്കുന്ന മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അസോസിയേഷന് നോട്ടീസ് നല്‍കിയത്. ഉടന്‍ ഒഴിയാമെന്ന് രാഹുല്‍ അറിയിച്ചതായാണ് ലഭ്യമാകുന്ന വിവരങ്ങള്‍.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസില്‍ വിവിധ തെളിവ് ശേഖരണത്തിനും മറ്റ് പരിശോധനകള്‍ക്കുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ ഈ ഫ്ലാറ്റിലെത്തിയിരുന്നു. ഇതേതുടര്‍ന്ന് അവിടെ താമസിക്കുന്നവര്‍ക്കുണ്ടായ ബുദ്ധിമുട്ട് അറിയിച്ചുകൊണ്ടാണ് രാഹുലിനോട് ഫ്ലാറ്റ് ഒഴിയാന്‍ നിര്‍ദേശം നല്‍കിക്കൊണ്ട് അസോസിയേഷന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്നലെയാണ് പൊതുജന മധ്യത്തിലെത്തുന്നത്. പാലക്കാട് കുന്നത്തൂര്‍മേടില്‍ വോട്ട് ചെയ്യാനെത്തുകയായിരുന്നു. 15 ദിവസത്തിന് ശേഷമാണ് ഒളിവില്‍ നിന്ന് പുറത്തെത്തുന്നത്. തിരിച്ചെത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് തന്നെ തുടരുകയാണ്. രണ്ടാം കേസില്‍ അറസ്റ്റ് തടഞ്ഞ ഉത്തരവിനെതിരായ അപ്പീലിലെ തീരുമാനം അറിഞ്ഞ ശേഷമായിരിക്കും തുടര്‍നീക്കം. രാഹുലിന്റെ വരവില്‍ കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായമാണുള്ളത്. പാലക്കാട് വോട്ട് ചെയ്യാനെത്തിയത് ഒരു വിഭാഗം നേതാക്കളുടെ അറിവോടെയെന്നാണ് സൂചന.



Recent Comments