മണമ്പൂർ എം.എസ്. വേണുഗോപാൽ അന്തരിച്ചു

മണമ്പൂർ എം.എസ്. വേണുഗോപാൽ അന്തരിച്ചു

മണമ്പൂരിന്റെ സുദീർഘപാരമ്പര്യമുള്ള കലാ സാംസ്കാരിക രംഗത്തെ തിളക്കമായിരുന്ന
ആർടിസ്റ്റ് രാജാരവിവർമ്മ ഗ്രന്ഥശാലയ്ക്കും മണമ്പൂര് ഗവ.യു.പി എസ്സിനും ആവശ്യമായ സ്ഥലം സംഭാവന ചെയ്ത മുല്ലപ്പള്ളിക്കോണത്ത് നാരായണപിള്ളയുടെ ചെറുമകനും ഗ്രന്ഥശാലയുടെ ആദ്യ പ്രസിഡന്റ് ശ്രീധരൻ പിള്ള സാറിന്റെ മകനുമായ എം എസ് വേണുഗോപാൽ അന്തരിച്ചു.

മണമ്പൂരിൽ പുസ്തകവായന പരിപോഷിപ്പിക്കുന്നതിനു വേണ്ടിയും കലാ സാംസ്കാരികരംഗം സജീവമാക്കുന്നതിനു വേണ്ടിയും പ്രവർത്തിച്ചു.പുസ്തകങ്ങളെ അതിരറ്റ് സ്നേഹിച്ചിരുന്ന മികച്ച ഒരു വായനക്കാരനും കലാസ്വാദകനും നല്ല കവിയുമായിരുന്നു വേണു അണ്ണൻ .

ബദറുദീൻ (83) അന്തരിച്ചു

ബദറുദീൻ (83) അന്തരിച്ചു

കിളിമാനൂർ കേശവപുരം ആശുപത്രിക്ക് സമീപം റഹിം മൻസിലിൽ ബദറുദീൻ (83) (എക്സ്. മിലിട്ടറി.) അന്തരിച്ചു. ഭാര്യ. ഖദീജാബീവി.
മക്കൾ. റഫീഖ, റസീന, റജീന, റഹിം.( വിദ്യാഭ്യാസ വകുപ്പ് ഗവൺമെന്റ് സെക്രട്ടറിയേറ്റ്.)
മരുമക്കൾ. ഫസി ലുദീൻ, നിസാം. ഫിറോസ്ഖാൻ. സബീദ.

യുവതിയുടെ മരണം: ഒപ്പം താമസിച്ച യുവാവ് അറസ്റ്റിൽ

യുവതിയുടെ മരണം: ഒപ്പം താമസിച്ച യുവാവ് അറസ്റ്റിൽ

കോഴിക്കോട്: കുറ്റ്യാടി സ്വദേശിനിയായ 23 വയസ്സുകാരിയുടെ ദുരൂഹ മരണത്തിൽ യുവാവ് അറസ്റ്റിൽ. യുവതിക്കൊപ്പം താമസിച്ചിരുന്ന മാവൂർ സ്വദേശി മുഹമ്മദ് അമൽ ആണ് അറസ്റ്റിലായത്.

ആത്മഹത്യാ പ്രേരണ, വിവാഹവാഗ്ദാനം നൽകി പീഡനം, എസ് സി- എസ് ടി വകുപ്പുകൾ തുടങ്ങിയവ ചുമത്തിയാണ് അമലിനെതിരെ കേസെടുത്തത്. പ്രതി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.

പ്രതിയ്‌ക്കെതിരെ മരിച്ച യുവതിയുടെ മറ്റൊരു സുഹൃത്ത് നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖകൾ പുറത്തുവന്നിരുന്നു. പ്രതി കൂടുതൽ പെൺകുട്ടികൾക്ക് ലഹരി നൽകാൻ ശ്രമിച്ചെന്നും, മരിച്ച യുവതിയെ ലഹരി മാഫിയയുടെ ഭാഗമാക്കാൻ പദ്ധതിയിട്ടിരുന്നു എന്നുമാണ് ശബ്ദരേഖയിൽ സുഹൃത്ത് ആരോപിക്കുന്നത്. യുവതിയുടെ മരണത്തിൽ മയക്കുമരുന്ന് ഇടപാടുകാരുടെ പങ്കും പരിശോധിക്കുന്നതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞമാസം 13- നാണ് കുറ്റ്യാടി പാറക്കൽ സ്വദേശിയും സ്വകാര്യ മാളിലെ ജീവനക്കാരിയുമായ 23 വയസ്സുകാരിയെ, കോഴിക്കോട്ടെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും, ഒപ്പം താമസിച്ച യുവാവിന്റെ പങ്ക് അന്വേഷിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടിരുന്നു. യുവതിയുടെ മരണത്തിൽ സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.

അന്വേഷിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് നൽകാനാണ് ജില്ലാ പൊലീസ് മേധാവിക്ക് കമ്മീഷൻ നിർദേശം നൽകിയത്. റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർ നടപടിയുണ്ടാകുമെന്ന് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു.

പന്തളത്ത് ഡോക്ടര്‍ ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു

പന്തളത്ത് ഡോക്ടര്‍ ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു

പത്തനംതിട്ട: പന്തളത്ത് ഡോക്ടര്‍ ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു. അമിതമായി മരുന്ന കഴിച്ച് അബോധവസ്ഥയിലായ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍ മണിമാരന്‍, കൃഷ്ണവേണി എന്നിവരാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് രാവിലെ ദമ്പതികളെ അയല്‍വാസികള്‍ അബോധവാസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.

സമീപവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പന്തളം പൊലീസ് സ്ഥലത്തെത്തി വീടിന്റെ വാതില്‍ തകര്‍ത്താണ് അകത്തുകയറിയത്. കിടപ്പുമുറിയില്‍ അബോധാവസ്ഥയിലായ ഇവരെ പൊലീസ് തന്നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പന്തളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്ന ഡോക്ടര്‍മാര്‍ അപകടനില തരണം ചെയ്തിട്ടില്ല.

ഇവരുടെ ബെഡ്‌റൂമില്‍ നിന്ന് ഇവര്‍ എഴുതിവച്ചതെന്ന് കരുതുന്നു ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. കുടുംബാംഗങ്ങള്‍, ഐഎംഎ ഭാരവാഹികള്‍, പൊലീസ് എന്നിവര്‍ക്ക് പ്രത്യേകമായി കുറിപ്പ് എഴുതിവച്ചിരുന്നു.

മരണത്തിന് മറ്റാര്‍ക്കും ഉത്തരവാദിത്വമില്ലെന്നാണ് കുറിപ്പില്‍ എഴുതിവച്ചിരിക്കുന്നത്. ഇരുവരും പന്തളത്ത് സ്വകാര്യ ആശുപത്രി നടത്തുകയായിരുന്നു. ദമ്പതികള്‍ക്ക് ഒരു മകനുണ്ട്. എംബിബിഎസ് പൂര്‍ത്തിയാക്കിയ മകന്‍ നാട്ടില്‍ തന്നെ ഡോക്ടറായി ജോലി ചെയ്തുവരികയാണ്.

മണമ്പൂരിൽ ഓട്ടോ മറിഞ്ഞു ഡ്രൈവർ മരണപ്പെട്ടു

മണമ്പൂരിൽ ഓട്ടോ മറിഞ്ഞു ഡ്രൈവർ മരണപ്പെട്ടു

ആറ്റിങ്ങൽ: മണമ്പൂരിൽ ഓട്ടോ മറിഞ്ഞു ഡ്രൈവർ മരണപ്പെട്ടു. മണമ്പൂർ വലിയവിള മനോജ് ഹൗസിൽ മനോജ് (ബിജു-46 ) ആണ് മരിച്ചത്. മണമ്പൂർ ആശുപത്രി ജംഗ്ഷനിലെ ഓട്ടോ ഡ്രൈവർ ആയിരുന്നു.

കഴിഞ്ഞ ദിവസം രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. കടുവയിൽപള്ളിയിൽ നിന്ന് പുത്തൻകോട്ട് ഭാഗത്തേക്ക് പൊകവേയാണ് ഓട്ടോ മറിഞ്ഞത്. ഓട്ടോയിൽ യാത്രക്കാർ ഇല്ലായിരുന്നു. പരിക്കേറ്റ മനോജിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമാർട്ടത്തിന് ശേഷം വ്യാഴാഴ്ച വൈകുന്നേരം 7 മണിയോടെ മൃതദേഹം വീട്ടിൽ സംസ്കരിക്കും. പരേതനായ സഹദേവൻ പിള്ളയുടെയും -ലളിതമ്മയുടെയും മകനാണ് മനോജ്.
ഭാര്യ : ആശ. മക്കൾ :ഗൗതം, ഗൗരി, ഗയാനിക.

14 വര്‍ഷം മുന്‍പ് വിവാഹബന്ധം തകരാന്‍ കാരണം മാതാപിതാക്കള്‍;കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്‌

14 വര്‍ഷം മുന്‍പ് വിവാഹബന്ധം തകരാന്‍ കാരണം മാതാപിതാക്കള്‍;കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്‌

പത്തനംതിട്ട: തിരുവല്ലയില്‍ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയത് പ്രതി നേരത്തെ ആസൂത്രണം ചെയ്തതനുസരിച്ചാണെന്ന് പൊലീസ്. ഇതിനായി അനില്‍ കാത്തി വാങ്ങി കാത്തിരിക്കുകയായിരുന്നു. പതിനാലുവര്‍ഷം മുന്‍പ് തന്റെ കുടുംബ ജീവിതം തകര്‍ത്തത് അച്ഛനും അമ്മയുമാണെന്ന മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി അര്‍ഷാദ് പറഞ്ഞു.

പരുമല പള്ളിക്കടുത്തെ സ്ട്രീറ്റില്‍ നിന്നാണ് കൃത്യത്തിന് ഉപയോഗിക്കാനുള്ള കത്തിവാങ്ങിയത്. വീടിന് മുറ്റത്തുവച്ചാണ് മാതാപിതാക്കളായ കൃഷ്ണന്‍കുട്ടിയെയും ശാരദയെയും വെട്ടിക്കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ നേരത്തെ പൊലീസിന് പരാതിയൊന്നും ലഭിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

ഇന്ന് രാവിലെ എട്ടേമുക്കാലോടെയാണ് പരുമല നാക്കട ആശാരിപ്പറമ്പില്‍ കൃഷ്ണന്‍കുട്ടി(76), ശാരദ(68) എന്നിവരെ മകന്‍ അനില്‍ വെട്ടിക്കൊലപ്പെടുത്തിയത്. രണ്ടു പേരും തത്ക്ഷണം കൊല്ലപ്പെട്ടു. മാതാപിതാക്കളെ ആക്രമിച്ച ശേഷം ആയുധവുമായി സ്ഥലത്ത് അനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. പിന്നീട് പുളിക്കീഴില്‍ നിന്ന് കൂടുതല്‍ പൊലീസെത്തി ഇയാളെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. അച്ഛനും അമ്മയ്ക്കുമൊപ്പമാണ് അനില്‍ വീട്ടില്‍ താമസിച്ചു വന്നത്.

വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് പൊലീസിനെ സംഭവമറിയിച്ചത്. അനില്‍ ആയുധവുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതു കൊണ്ടു തന്നെ പരിക്കേറ്റ കൃഷ്ണന്‍കുട്ടിയേയും ശാരദയേയും ആശുപത്രിയിലെത്തിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. അതിനാല്‍ തന്നെ രക്തം വാര്‍ന്ന് ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.

മകന്‍ അനിലുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ദമ്പതികള്‍ ഏതാനും ആഴ്ചകള്‍ മുമ്പുവരെ വാടക വീട്ടിലായിരുന്നു താമസം. രണ്ടു ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുവരും വീട്ടില്‍ തിരിച്ചെത്തിയത്. മാതാപിതാക്കളെ ഇവര്‍ താമസിച്ചിരുന്ന വാടകവീട്ടിലെത്തി കണ്ട് സംസാരിച്ച ശേഷമാണ് അനില്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. കുടുംബത്തില്‍ സ്വത്തുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ പതിവായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.