by Midhun HP News | Jan 31, 2024 | Latest News, ജില്ലാ വാർത്ത
മുരുക്കുംപുഴ: മഹാത്മാഗാന്ധിയുടെ 76 -ാം രക്തസാക്ഷി ദിനത്തിൽ മുരുക്കുംപുഴയിൽ ശാന്തിയാത്രയും, സർവ്വ മത ദേവാലയ സന്ദർശനവും, അനുസ്മരണ പ്രഭാഷണവും നടത്തി. ഗുരുദേവ ദർശന പഠന കേന്ദ്രവും, എസ്സ് എൻ വി ഗ്രന്ഥശാലയും, ഗാന്ധി പീസ് ഫൗണ്ടേഷനും, സർവ്വോദയ റസി: അസ്സോസിയേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
മുരുക്കുംപുഴ കടവിൽ വിശുദ്ധ അന്തോണീസ് പുണ്യാളൻ്റെ ദേവാലയത്തിൽ നിന്നും ആരംഭിച്ച ശാന്തിയാത്ര ഇടവക വികാരി ഫാദർ ഡോ.ജോർജ്ജ് ഗോമസ് ഉദ്ഘാടനം ചെയ്തു. അവിടെ നിന്നു യാത്ര ശ്രീകാള കണ്ഠേശ്വര ക്ഷേത്രത്തിൽ എത്തി. അവിടെ ജാഥയെ ശാഖാ പ്രസിഡൻ്റ് അശോക കുമാറും ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു. ക്ഷേത്ര പരിസരത്ത് മാനവമൈത്രിയുടെ ഓർമ്മയ്ക്കായി മത പുരോഹിതന്മാർ ചേർന്നു നെല്ലിമരം നട്ടു.
തുടർന്ന് യാത്ര പാണൂർ മുസ്ലീം ജമാ അത്ത് പള്ളിയിൽ എത്തിയപ്പോൾ പ്രസിഡൻ്റ് മുഹമ്മദ് ബഷീർ, ഭാരവാഹികളായ എം നസീർ, സുജാവുദ്ദിൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്നു മുഖ്യ ഇമാം ഷഹീർ മാലവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമാപന യോഗത്തിൽ പി എൻ പണിക്കർ ഫൗണ്ടേഷൻ സെക്രട്ടറി എൻ ബാലഗോപാൽ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. ഇടവക വികാരി ഫാദർ ഡോ.ജോർജ്ജ് ഗോമസ്സ്, ഗുരുദേവ ദർശനപഠനകേന്ദ്രം പ്രസിഡൻ്റ് മുരുക്കുംപുഴ സി.രാജേന്ദ്രൻ, സെക്രട്ടറി എ.ലാൽസലാം, ജമാ അത്ത് ജോ:സെക്രട്ടറി ജെ അഹമ്മദാലി എന്നിവർ സംസാരിച്ചു.
ശാന്തിയാത്രയ്ക്ക് ഫാദർ ഡോ.ജോർജ്ജ് ഗോമസ്, മുഖ്യ ഇമാം ഷഹീർ മൗലവി, ഗുരുദേവ ദർശനപഠനകേന്ദ്രം പ്രസിഡൻ്റ്മുരുക്കുംപുഴ സി.രാജേന്ദ്രൻ, വൈസ് പ്രസിഡൻ്റ് ഫ്രാൻസിസ്സ് ഏണസ്റ്റ്, ജോ. സെക്രട്ടറിമാരായ വിപിൻ മിരാൻഡ, എസ്സ് സുമ, എസ്സ്എൻ വി ഗ്രന്ഥശാല, ജോ: സെക്രട്ടറി വി.ദിലീപ് കുമാർ, എസ്സ്.സുധി, സുരേഷ് അമ്മൂസ്, പഞ്ചായത്ത് അംഗങ്ങളായ ശ്രീചന്ദ്, കെ.പി ലൈല, ജമാ അത്ത് ഭാരവാഹികളായ ജെ.ജെ.റഷീദ്, ഉമൈബാ ബീവി, റ്റി എസ്സ് എസ്സ് സെക്രട്ടറി നീനക്ലീറ്റസ്സ്, സിസ്സിലാറൻസ് എന്നിവർ നേതൃത്വം നല്കി.
by Midhun HP News | Jan 31, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് വ്യക്തമാക്കി സംസ്ഥാന പൊലീസ് മേധാവി വീണ്ടും സര്‍ക്കുലര്‍ പുറത്തിറക്കി. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് ഇപ്പോള്‍ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. ഇതിനു മുമ്പും സമാനമായ രീതിയിൽ സർക്കുലർ ഇറക്കിയിരുന്നു. പരിശീലനകാലത്തു തന്നെ മാന്യമായി പെരുമാറാനുള്ള ബോധവത്ക്കരണം നടത്തണമെന്നും പൊലീസ് പ്രവര്‍ത്തനത്തിന്‍റെ ഓഡിയോ/വീഡിയോ പൊതുജനങ്ങള്‍ പകര്‍ത്തിയാല്‍ തടയേണ്ടതില്ലെന്നും സര്‍ക്കുലറിലുണ്ട്. പൊലീസ് സേനാംഗങ്ങള്‍ പൊതുജനങ്ങളുമായി ഇടപെടുമ്പോള്‍ പാലിക്കേണ്ട മര്യാദയെക്കുറിച്ച് വിവിധ സര്‍ക്കുലറുകളില്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും ഇത് പാലിക്കപ്പെടുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് ഡിജിപി വ്യക്തമാക്കുന്നത്.
വിവിധ ആവശ്യങ്ങള്‍ക്കായി സ്റ്റേഷനില്‍ എത്തുന്ന പൊതുജനങ്ങളോട് ചില പൊലീസ് ഉദ്യോഗസ്ഥര്‍ മാന്യതയക്കും അന്തസ്സിനും നിരക്കാത്ത രീതിയിൽ അഭിസംബോധന ചെയ്യുന്നതായും അധിക്ഷേപത്തോടെയോ അല്ലെങ്കില്‍ സഭ്യതയില്ലാതെയോ സംസാരിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. അടുത്തിടെ പാലക്കാട് ആലത്തൂരില്‍ അഭിഭാഷകനും എസ്ഐയും തമ്മിലുള്ള വാഗ്വാദത്തിന്‍റെ വീഡിയോ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്ന് ഹൈക്കോടതി ഇടപെട്ട് പൊലീസുകാരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കുലര്‍ ഇറക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.
പൊലീസുകാർക്ക് മാന്യമായ പെരുമാറ്റം സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിമാര്‍ ബോധവത്കരണ ക്ലാസുകള്‍ നടത്തണം. പൊലീസ് ഉദ്യോഗസ്ഥരുടെ പൊതുജനങ്ങളോടുള്ള പെരുമാറ്റം നിരീക്ഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സര്‍ക്കുലറിലുണ്ട്. കേരള പൊലീസ് ആക്ടിലെ സെക്ഷന്‍ 33 പ്രകാരം പൊലീസിനും പൊതുജനങ്ങള്‍ക്കും പൊലീസ് പ്രവര്‍ത്തനത്തിന്‍റെയോ നടപടിയുടെയോ ഓഡിയോ/വീഡിയോ അല്ലെങ്കില്‍ ഇലക്ട്രോണിക് റിക്കാര്‍ഡുകള്‍ എടുക്കാന്‍ അവകാശമുണ്ട്. അതിനാല്‍ പൊതുജനങ്ങള്‍ പൊലീസ് പ്രവര്‍ത്തനത്തിന്‍റെ വീഡിയോ നിയമവിധേയമായി എടുക്കുന്നതിനെ തടയാന്‍ പാടില്ലെന്നും ഡിജിപി പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.
by Midhun HP News | Jan 30, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: 2023ലെ രാജ്യത്തെ മികച്ച പത്തു പൊലീസ് സ്‌റ്റേഷനുകളില്‍ ഒന്നായി കേരളത്തില്‍ നിന്ന് കുറ്റിപ്പുറം പൊലീസ് സ്‌റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 17,000 അപേക്ഷകളില്‍ നിന്നാണ് മികച്ച പൊലീസ് സ്റ്റേഷനെ തെരഞ്ഞെടുത്തത്.
രാജ്യത്തെ മികച്ച പത്തു പൊലീസ് സ്‌റ്റേഷനുകളില്‍ ഒമ്പതാം സ്ഥാനത്തും സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനത്തുമാണ് മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പൊലീസ് സ്‌റ്റേഷന്‍. 2023ല്‍ രജിസ്റ്റര്‍ ചെയ്ത പരാതികള്‍, കേസ് തീര്‍പ്പാക്കല്‍, സമയബന്ധിതമായി കുറ്റപത്രം സമര്‍പ്പിക്കല്‍, കേസുകളുടെ എണ്ണം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ പരിഹരിക്കല്‍ തുടങ്ങിയവ പരിഗണിച്ചാണ് മികച്ച സ്റ്റേഷനായി കുറ്റിപ്പുറം പൊലീസ് സ്റ്റേഷനെ തെരഞ്ഞെടുത്തത്.
ഫെബ്രുവരി ആറിന് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റിപ്പുറം പൊലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് ബഹുമതി സമ്മാനിക്കുമെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.
by Midhun HP News | Jan 30, 2024 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: മഹാത്മാഗാന്ധിയുടെ 76-ാം രക്തസാക്ഷിത്വ ദിനത്തിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘സ്നേഹസ്പർശം’ പരിപാടിയുടെ ഭാഗമായുള്ള ‘പൊതിച്ചോറ് വിതരണം’ ഉദ്ഘാടനം ചെയ്തു.

ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ നിർധനരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറ് നൽകി ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ആനന്ദ് ഉദ്ഘാടനം നിർവഹിച്ചു. സഹജീവികളോടുള്ള സ്നേഹമായിരുന്നു മഹാത്മാഗാന്ധിയുടെ കൈമുതലെന്നും അവസാന നാൾ വരെയും സ്നേഹമായിരുന്നു ഗാന്ധിജിയുടെ ആയുധമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെയാണ് ഈ ദിവസം തന്നെ ഇതിനായി തെരഞ്ഞെടുത്തത്. സമൂഹത്തിന് ഇതിലും വലിയൊരു സന്ദേശം ഇന്ന് നൽകാനില്ല. മഹാത്മാഗാന്ധി എന്നെന്നും ജനമനസ്സുകളിൽ ജീവിക്കുന്നുവെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് നിയോജകമണ്ഡലം പ്രസിഡന്റ് മഹിൻ.എം.കുമാർ അധ്യക്ഷനായി. ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ വിപുലമായ അനുസ്മരണ പരിപാടിയുടെ ഭാഗമായാണ് ‘സ്നേഹസ്പർശം’ ഉദ്ഘാടനം ചെയ്തത്. സ്നേഹസ്പർശത്തിന്റെ ഭാഗമായി വിവിധ ജീവകാരുണ്യ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ദിവസേനെ നിരവധി രോഗികളാണ് എത്തുന്നത്. തിരക്ക് കാരണം പച്ച വെള്ളം പോലും കുടിക്കാൻ പറ്റാത്ത അവസ്ഥയാണ് പലർക്കും. ഇത്തരത്തിലുള്ള രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സമാശ്വാസമാവും ഈ പദ്ധതിയെന്ന് സംഘാടകർ പറഞ്ഞു. വിദ്യാർത്ഥികൾക്കുള്ള പഠനസഹായം, കിടപ്പുരോഗികൾക്കുള്ള സഹായങ്ങൾ തുടങ്ങി നിരവധി പദ്ധതികൾ ‘സ്നേഹസ്പർശം’ പദ്ധതിക്ക് കീഴിൽ നടത്തുമെന്ന് ജനറൽ സെക്രട്ടറി സഹീർ സഫർ പറഞ്ഞു.
by Midhun HP News | Jan 30, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: മഹാത്മാഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു. മുൻ ബ്ലോക്ക് പ്രസിഡന്റ് ടി. പി. അംബിരാജ അനുസ്മരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് ആർ എസ് പ്രശാന്ത്, ബ്ലോക്ക് ജനറൽ സെക്രട്ടറി വിനയകുമാർ, അഡ്വക്കേറ്റ് സുരേഷ്, രാധാകൃഷ്ണൻ, പ്രസേനൻ, ബൂത്ത് പ്രസിഡന്റ്മാരായ ചിത്രരാജ്, മനോജ്, വിജയകുമാർ, യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം ജനറൽ സെക്രട്ടറി അഭിജിത് ജെ എസ് തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Jan 30, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ പോളിടെക്‌നിക് കോളേജിൽ ഹ്രസ്വകാല കോഴ്സുകളിലേയ്ക് അപേക്ഷ ക്ഷണിയ്ക്കുന്നു. വിദ്യാഭാസ യോഗ്യത എസ് എസ് എൽ സി.
1 ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ(ഡി സി എ)
2 സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഓട്ടോ മോട്ടീവ് ഇലെക്ട്രിഷ്യൻ
3 സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അഡ്വാൻസ്ഡ് വെൽഡിങ് ടെക്നോളജി
4 സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പ്ലംബിംഗ്
5 സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഡ്രൈവർ കം മെക്കാനിക്
അപേക്ഷ ഫോറവും വിശദ വിവരങ്ങളും പോളിടെക്‌നിക്കിലെ തുടർ വിദ്യാഭാസ കേന്ദ്രത്തിലെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. അപേക്ഷിക്കേണ്ട അവസാന തീയതി 03- 02- 2024.
മൊബൈൽ നമ്പർ: 6235557495
Recent Comments