ആറ്റിങ്ങൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച് വഴിയിൽ തള്ളി

ആറ്റിങ്ങൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച് വഴിയിൽ തള്ളി

ആറ്റിങ്ങൽ: അക്രമി സംഘം യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച് റോഡിലുപേക്ഷിച്ചു. കൊല്ലമ്പുഴ പാലത്തിന് സമീപം ഇന്നു രാവിലെ 6 മണിയോടെയാണ് സംഭവം. പ്രഭാത സവാരി നടത്തിയവരാണ് റോഡരുകിൽ മുറിവേറ്റ യുവാവിനെ കണ്ടത്. ഉടനെ തന്നെ പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് എത്തി ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. കാര്യവട്ടം സ്വദേശി നിതീഷ് ചന്ദ്രനാണ് പരിക്കേറ്റ യുവാവ്.

രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റ്: ആറ്റിങ്ങലിൽ കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌ സംയുക്ത  പന്തം കൊളുത്തി പ്രകടനം

രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റ്: ആറ്റിങ്ങലിൽ കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌ സംയുക്ത പന്തം കൊളുത്തി പ്രകടനം

ആറ്റിങ്ങൽ : യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആറ്റിങ്ങൽ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെയും, ആറ്റിങ്ങൽ വെസ്റ്റ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെയും സംയുക്ത നേതൃത്വത്തിൽ ആറ്റിങ്ങൽ പട്ടണത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടന്നു. കോൺഗ്രസ്‌ ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ആർ.എസ്.പ്രശാന്ത്. യൂത്ത്‌ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഭിരാജ് വൃന്ദാവനം എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

വലിയകുന്നു താലൂക്കാശുപത്രിയിൽ മെറ്റേണിറ്റി വാർഡ് കെട്ടിട നിർമാണോദ്ഘാടനം നാളെ

വലിയകുന്നു താലൂക്കാശുപത്രിയിൽ മെറ്റേണിറ്റി വാർഡ് കെട്ടിട നിർമാണോദ്ഘാടനം നാളെ

ആറ്റിങ്ങൽ: വലിയകുന്നു താലൂക്കാശുപത്രിയിൽ മെറ്റേണിറ്റി വാർഡ് കെട്ടിട നിർമാണോ ദ്ഘാടനം നാളെ ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക നിർവഹിക്കും. വൈകുന്നേരം 4 മണിയ്ക്കാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആശുപത്രി അങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ നഗര സഭാധ്യക്ഷ അഡ്വ എസ് കുമാരി അധ്യക്ഷയാകും. ആശുപത്രി സൂപ്രണ്ട് ഡോ. പ്രീത സോമൻ സ്വാഗതം ആശംസിക്കും. നഗര സഭ വൈസ് ചെയർമാനും കൗൺസിലർമാരും മറ്റു ജീവനക്കാരും ചടങ്ങിൽ പങ്കെടുക്കും.

രാഹുലിന്റെ അറസ്റ്റ്; വ്യാപക പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

രാഹുലിന്റെ അറസ്റ്റ്; വ്യാപക പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ വ്യാപക പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. അറസ്റ്റിനെതിരെ പതിനാല് ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കും. പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി പ്രവര്‍ത്തകര്‍ അറസ്റ്റ് വരിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. അതേസമയം, തിരുവനന്തപുരത്ത്‌ രാഹുലിനെ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോയ പൊലീസ് വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു.

പൊലീസ് നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി യുഡിഎഫ് നേതാക്കള്‍ രംഗത്തെത്തി. ഭരണകൂട ഭീകരതായാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസ് രാജിന്റെ ഭാഗമാണെന്ന് കെസി വേണുഗോപാല്‍ പ്രതികരിച്ചു. ഭീകരവാദിയെ അറസ്റ്റ് ചെയ്യുന്ന പോലെയാണ് വീട്ടിലെത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

ജനാധിപത്യത്തില്‍ കേട്ടുകേള്‍വി ഇല്ലാത്ത വിധത്തിലാണ് കേരള പൊലീസിന്റെ നടപടിയുണ്ടായിരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. കേരളത്തിലുണ്ടായ സമരങ്ങളെ ഇങ്ങനെയാണോ ഭരണകൂടങ്ങള്‍ നേരിട്ടുള്ളത്?. ഇന്ന് ഭരിക്കുന്നവര്‍ സമരം ചെയ്തിട്ട് ഏതെങ്കിലും നേതാക്കളെ അര്‍ധരാത്രി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടോ?. രാഹുലിനെ അടിയന്തരമായി അറസ്റ്റ് ചെയ്യേണ്ട സാഹചര്യം എന്താണെന്നും ചെന്നിത്തല ചോദിച്ചു. പിണറായി വിജയനെ എതിരെ സംസാരിച്ചാല്‍ എന്തുചെയ്യുമെന്ന ധാര്‍ഷ്ട്യം പൊലീസിന് ഉണ്ടായിരിക്കുകയാണ്. ഇതിനെ ജനകീയ പിന്തുണയോടെ നേരിടും. ഇത് ഭരണകൂട ഭീകരതയാണെന്നും ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് പൊലീസിന്റെ നടപടിയെന്നും ചെന്നിത്തല പറഞ്ഞു.

പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുന്ന രീതി ശരിയല്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ രിതിയില്‍ ഭീകരാന്തരീക്ഷ സൃഷ്ടിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ അറിയപ്പെടുന്ന നേതാവിനെ അറസ്റ്റ് ചെയ്തത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും ഇത് അലപനീയമാണെന്നും പ്രതിഷേധാര്‍ഹമാണെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വീട് വളഞ്ഞ് രാഹുലിനെ അറസ്റ്റ് ചെയ്ത നടപടി പൊലീസിന്റെ ബോധപൂര്‍വമുള്ള പ്രകോപനമാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ പറഞ്ഞു. രാഹുല്‍ ഒരു കൊലപാതകക്കേസിലെ പ്രതിയല്ല. രാജ്യദ്രോഹക്കുറ്റം ചെയ്തിട്ടില്ല പിന്നെ എന്തിനാണ് ഇങ്ങനെ വീട് വളഞ്ഞ് പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യല്‍ മാത്രമല്ല ഇതിന്റെ അജണ്ടയെന്നും ഷാഫി പറഞ്ഞു

അതേസമയം അറസ്റ്റ് ചെയ്ത രാഹുലിനെ മെഡിക്കല്‍ പരിശോധനയ്ക്ക കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുന്നത് പൊലീസ് തടഞ്ഞു. ഇതേ തുടര്‍ന്ന് പൊലീസും രാഹുലും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും ചെയ്തു. മെഡിക്കല്‍ പരിശോധയ്ക്ക് പിന്നാലെ രാഹുലിനെ വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കി.

അടൂര്‍ മുണ്ടപ്പള്ളിയിലുള്ള വീട്ടില്‍നിന്ന് ഇന്നു പുലര്‍ച്ചെയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് രാഹുലിനെ അറസ്റ്റു ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കേസിലെ നാലാം പ്രതിയാണ് രാഹുല്‍. നവകേരള യാത്രയ്ക്കിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും മുഖ്യമന്ത്രിയുടെ ഗണ്‍മാനും ചേര്‍ന്ന് കെഎസ്യു പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ച്. മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. തൊട്ടുപിന്നാലെ, പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പില്‍ എംഎല്‍എയും കണ്ടാലറിയാവുന്ന അഞ്ഞൂറോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതികളായിരുന്നു.

അവനവഞ്ചേരിയിൽ സ്വകാര്യ ബസും കെ എസ് ആർ ടി സിയും കൂട്ടിയിടിച്ച് അപകടം

ആറ്റിങ്ങൽ: ആറ്റിങ്ങലിലേയ്ക് വരുകയായിരുന്ന സ്വകാര്യ ബസിനു പുറകെ കെ എസ് ആർ ടി സി ബസ് വന്നിടിച്ച് അപകടം. അവനവഞ്ചേരി പോയിന്റുമുക്കിൽ ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. ഇടിയുടെ ആഘാതത്തിൽ ഇരു ബസുകളുടെയും ചില്ലുകൾ തകരുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അദ്ഭുതകരമായാണ് യാത്രക്കാർ രക്ഷപെട്ടതെന്ന് ദൃസാക്ഷികൾ പറയുന്നു. കെ എസ് ആർ ടി സി ബസിനു ബ്രേക്ക് ഇല്ലാത്തതാണ് അപകടകാരണമെന്നു നാട്ടുകാർ ആരോപിയ്ക്കുന്നു. അപകടത്തെ തുടർന്ന് ഈ ഭാഗത്ത് ഗതാഗതം തടസ്സപ്പെട്ടു.

അവനവഞ്ചേരിയിൽ ഭീതി പടർത്തി കാട്ടുപന്നി

അവനവഞ്ചേരിയിൽ ഭീതി പടർത്തി കാട്ടുപന്നി

ആറ്റിങ്ങൽ: അവനവഞ്ചേരി, ഗ്രാമത്തുമുക്കിൽ ഭീതി പടർത്തി കാട്ടുപന്നി. ഇന്ന് രാവിലെ അഞ്ചരയോടെയാണ് പ്രദേശത്ത് കാട്ടുപന്നിയെ കണ്ടത്. പ്രഭാത സവാരിക്കിറങ്ങിയവരും ഇരുചക്ര വാഹനയാത്രികരും കാട്ടുപന്നിയെ കണ്ടു പരിഭ്രാന്തരാവുകയായിരുന്നു. പ്രദേശവാസികളുടെ സ്വൈരജീവിതത്തിനു ഭീഷണിയാകുകയാണ് തുടർച്ചയായുള്ള പന്നിശല്യം. പന്നിക്കൂട്ടം വ്യാപകമായി കൃഷി നാശമുണ്ടാക്കുന്നതു മൂലം പ്രദേശത്ത് കർഷകരും പ്രതിസന്ധിയിലാണ്. അധികാരികളുടെ ഭാഗത്തു നിന്നും നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.