“ദി സ്പോയിൽസ്” ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു

“ദി സ്പോയിൽസ്” ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു

അഞ്ജലി അമീർ, പ്രീതി ക്രിസ്റ്റീന പോൾ, എം എ റഹിം, വിനീത് മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഞ്ചിത്ത് ദിവാകർ കഥ എഴുതി സംവിധാനം ചെയ്യുന്ന “ദി സ്പോയിൽസ്” എന്ന ചിത്രത്തിന്റെ ഓഡിയോ ഗാനം പ്രകാശനം ചെയ്തു.

എറണാകുളം കൊച്ചിൻ റിനൈ ഹോട്ടലിൽ നടന്ന പ്രകാശന ചടങ്ങിൽ
ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, മുൻ ഡിജിപി ലോക്നാഥ് ബഹ്റ, സംവിധായകൻ വിനയൻ, പ്രൊഡ്യൂസർ ലിസ്റ്റ് സ്റ്റീഫൻ, തിരക്കഥാകൃത്തും നടനുമായ റോണി, സംവിധായകൻ വിനോദ് ഗുരുവായൂർ, ഗായകൻ പന്തളം ബാലൻ, ഗായകൻ ശ്രീരാം, തുടങ്ങി പ്രമുഖർ പങ്കെടുത്തു.

തുടർന്ന് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിലെ ഗാനം റിലീസ് ചെയ്തു.
സുനിൽ ജി ചെറുകടവ് എഴുതിയ വരികൾക്ക് സിബു സുകുമാരൻ സംഗീതം പകർന്ന് ശ്രീജിത്ത് എസ് ഐ പി എസ് ആലപിച്ച “അഴിഞ്ഞു വീണതുമലസമൊഴിഞ്ഞതു…..” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

റീച്ച് മ്യൂസിക്ക് ഗാനങ്ങൾ വിപണിയിലെത്തിക്കുന്നു. മാർബെൻ സ്റ്റുഡിയോസിന്റെ ബാനറിൽ എം എ റഹിം നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ആര്യ ആദി ഇന്റർനാഷണലിന്റെ ബാനറിൽ എം എ ജോഷി,മഞ്ചിത്ത് ദിവാകർ എന്നിവർ സഹ നിർമാതാക്കളാകുന്നു. സതീഷ് കതിരവേൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
അഖിൽ കവലൂർ, അക്ഷയ് ജോഷി,സജിത് ലാൽ, സന്തോഷ്‌ കുമാർ, ബക്കർ, സുനിൽ ബാബു, ഷൈജു ബി കല്ലറ, സതീശൻ, സാബു നീലകണ്ഠൻ നായർ, ഷൈൻ രാജ്, റിജു റാം, സജിഖാൻ, റിനു പോൾ, ആറ്റിങ്ങൽ സുരേഷ്, ഷീജു ഇമ്മാനുവൽ, ആദിദേവ്, സോന നായർ, അനശ്വര രാജൻ, ദർശ, സിനിമോൾ, ജിനീഷ്, ഷിജി സുകൃത, മുകരി, അനു ശ്രീധർമ എന്നിവരാണ് മറ്റു അഭിനേതാക്കൾ.

എഡിറ്റിംഗ്-ബിജിലേഷ് കെ ബി, കോ റൈറ്റർ- അനന്തു ശിവൻ, പ്രൊഡക്ഷൻ കാൺട്രോളർ-വിനോദ് കടക്കൽ,കല-അനീഷ് അമ്പൂരി, വസ്ത്രാലങ്കാരം-സതീഷ് പാരിപ്പള്ളി, മേക്കപ്പ്-സിബിരാജ്,സൗണ്ട് ഡിസൈനർ- അഭിറാം,സൗണ്ട് എഫെക്ട്-കരുൺ പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സജിത്ത് ബാലകൃഷ്ണൻ, സെക്കൻഡ് യൂണിറ്റ് ക്യാമറ വിനിൽ വിജയ്, അസോസിയേറ്റ് ഡയറക്ടർ-സാബു ടി എസ്,കളറിസ്റ്റ്-ജോജി ഡി പാറക്കൽ, പ്രൊഡക്ഷൻ ഡിസൈനർ-എൻ എസ് രതീഷ്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നിസാർ ചാലക്കുടി,സ്റ്റിൽസ്- ഷാബു പെരുമ്പാവൂർ, പോസ്റ്റർ ഡിസൈനർ- ബൈജു ബാലകൃഷ്ണൻ, തിരുവനന്തപുരം പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായ”ദി സ്പോയിൽസ് ” ഉടൻ പ്രദർശനത്തിനെത്തും.

https://youtu.be/pZ1b4o73xbk

സൈനിക പരിശീലനത്തിനിടെ ഹൃദയാഘാതം; മലയാളി ജവാൻ മരിച്ചു

സൈനിക പരിശീലനത്തിനിടെ ഹൃദയാഘാതം; മലയാളി ജവാൻ മരിച്ചു

തിരുവനന്തപുരം: ശ്രീന​ഗറിൽ സൈനിക പരിശീലനത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് ജവാന് ദാരുണാന്ത്യം. നെയ്യാറ്റിൻകര പെരുങ്കടവിള ഇന്ദ്രജിത്ത്ഭവനിൽ ഇന്ദ്രജിത്ത് (30) ആണ് മരിച്ചത്.

ശ്രീനഗറിലെ പട്ടൽ സൈനിക യൂണിറ്റിൽ വച്ച് പരിശീലന ക്ലാസ്സിൽ പങ്കെടുക്കുന്നതിനിടെയാണ് ഹൃ​ദയാഘാതമുണ്ടായത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു എന്നാണ് ബന്ധുക്കളെ ഉദ്യോ​ഗസ്ഥർ അറിയിച്ചത്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ശ്രീനഗറിൽ നിന്നും സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ വിമാനത്തിൽ തിരുവനന്തപുരം എയർപോർട്ടിൽ എത്തിക്കും. അവിടെ നിന്നും പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ മൃതദേഹം എത്തിച്ച് ഔദ്യോഗിക ബഹുമതികൾ നൽകുകയും തുടർന്ന് പാങ്ങോട് സ്റ്റേഷനിൽ നിന്നും സേനാംഗങ്ങളുടെ അകമ്പടിയോടെ പെരുങ്കടവിളയിലെ ഇന്ദ്രജിത്തിൻ്റെ വസതിയിൽ കൊണ്ടുവരും. തുടർന്ന് വീട്ടുകാരുടെ അന്ത്യകർമ്മങ്ങൾക്ക് ശേഷം സൈനികരുടെ ഗാർഡ് ഓഫ് ഓണറോടുകൂടി മൃതദേഹം സംസ്കരിക്കും. ശിവകുമാർ- ശ്രീജയ ദമ്പതികളുടെ മകനാണ്. അജന്ത ആണ് ഭാര്യ. രണ്ടര വയസ്സുള്ള കുഞ്ഞുണ്ട്.

ഗ്രന്ഥശാലകൾക്കായി പുസ്തകവിതരണം നിർവഹിച്ച് ആറ്റിങ്ങൽ എം എൽ എ

ഗ്രന്ഥശാലകൾക്കായി പുസ്തകവിതരണം നിർവഹിച്ച് ആറ്റിങ്ങൽ എം എൽ എ

ആറ്റിങ്ങൽ എം.എൽ.എ. ഒ.എസ്. അംബികയുടെ പ്രത്യേക വികസന ഫണ്ടുപയോഗിച്ച് ആറ്റിങ്ങൽ നിയമസഭാ മണ്ഡലത്തിലെ 48 ഗ്രന്ഥശാലകൾക്ക് പുസ്തകം വാങ്ങി നൽകി. 2023 നവംബർ 15 ന് ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ ചേർന്ന ഗ്രന്ഥശാലാ പ്രവർത്തക സമ്മേളനത്തിൽ വച്ച് പുസ്തകങ്ങളുടെ വിതരണം എം.എൽ.എ ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബി.പി.മുരളി, ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എസ്. വേണുഗോപാൽ, വർക്കല താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് വി.സുധീർ, ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.രാജേന്ദ്രൻ എന്നിവർ സംബന്ധിച്ചു.

വർക്കലയിൽ സ്വകാര്യ ബസ്സ് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം

വർക്കലയിൽ സ്വകാര്യ ബസ്സ് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം

വർക്കല പുന്നമൂട് തൊട്ടിക്കല്ലു മുക്കിൽ സ്വകാര്യബസ്സ് വൈദ്യുതി പോസ്റ്റിൽ ഇടിച്ചശേഷം സമീപത്തെ സ്റ്റിച്ചിങ് ഷോപ്പ് തകർത്തു. ഇടവ ഭാഗത്തു നിന്നും വർക്കല യിലേക്ക് വന്ന ബിസ്മില്ല ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇടപറമ്പു ക്ഷേത്ര ഭാഗത്തു നിന്നുള്ള ഇടറോഡിലൂടെ മദ്യപിച്ച് എത്തിയ സ്കൂട്ടി യാത്രക്കാരൻ ബസ്സിന് മുന്നിലെത്തി വാഹനം ബ്രേക്ക് ചെയ്തപ്പോൾ അപകടം ഒഴിവാക്കാനായി ബസ് ഡ്രൈവർ വാഹനം വലത് ഭാഗത്തേയ്ക്ക് വെട്ടി തിരിക്കുകയും പോസ്റ്റിൽ പിടിച്ച ശേഷം കടമുറിയിലേക്ക് ഇടിച്ചു കയറുകയുമാണ് ഉണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. 30 ഓളം യാത്രക്കാർ ബസ്സിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും ഗുരുതര പരിക്കില്ല. സമീപത്തെ സ്റ്റിച്ചിങ് ഷോപ്പ് ഏതാണ്ട് പൂർണമായും തകർന്നിട്ടുണ്ട്. വൈദ്യുതി പോസ്റ്റ് രണ്ടായി മുറിഞ്ഞു. വൈദ്യുതി വിതരണം നിലയ്ക്കുകയും ഏറെ നേരം ഗതാഗത തടസ്സം അനുഭവപ്പെടുകയും ചെയ്തു. വർക്കല പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

10 വയസുകാരിയെ എക്‌മോ ചികിത്സയിലൂടെ രക്ഷപ്പെടുത്തി എസ്.എ.ടി. ആശുപത്രി; അഭിനന്ദനവുമായി ആരോഗ്യമന്ത്രി

10 വയസുകാരിയെ എക്‌മോ ചികിത്സയിലൂടെ രക്ഷപ്പെടുത്തി എസ്.എ.ടി. ആശുപത്രി; അഭിനന്ദനവുമായി ആരോഗ്യമന്ത്രി

ഗുരുതരമായ എ.ആര്‍.ഡി.എസിനൊപ്പം അതിവേഗം സങ്കീര്‍ണമാകുന്ന ന്യുമോണിയയും ബാധിച്ച തിരുവനന്തപുരം വാവറ അമ്പലം സ്വദേശിയായ 10 വയസുകാരിയെ എക്‌മോ ചികിത്സയിലൂടെ രക്ഷപ്പെടുത്തി തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി. സംസ്ഥാനത്ത് ഇതാദ്യമായാണ് സര്‍ക്കാര്‍ മേഖലയില്‍ ശിശുരോഗ വിഭാഗത്തില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തിന് എക്‌മോ വിജയകരമായി നടത്തുന്നത്.

ചികിത്സയും പരിചരണവും നല്‍കിയ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. സ്വകാര്യ ആശുപത്രികളില്‍ 15 ലക്ഷത്തോളം ചെലവുവരുന്ന ചികിത്സ സര്‍ക്കാര്‍ പദ്ധതിയിലൂടെ സൗജന്യമായാണ് എസ്.എ.ടി.യില്‍ ലഭ്യമാക്കിയത്. ഒക്‌ടോബര്‍ 13നാണ് കുട്ടിയെ പനിയും ശ്വാസതടസവും കാരണം എസ്. എ.ടി. ആശുപത്രിയില്‍ അഡ്മിറ്റാക്കിയത്. ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കുറവായതിനാല്‍ ശ്വസിയ്ക്കാന്‍ ബുദ്ധിമുട്ടുന്ന കുഞ്ഞിനെ വെന്റിലേറ്റര്‍ സപ്പോര്‍ട്ട് നല്‍കി തുടര്‍ചികിത്സ ആരംഭിച്ചു.

എന്നാല്‍ വെന്റിലേറ്ററിന്റെ സഹായം നല്‍കിയിട്ടും കുട്ടിയുടെ ശ്വാസകോശത്തിന് 65% ഓക്‌സിജനേ തലച്ചോറിലേയ്ക്കും മറ്റ് അവയവങ്ങളിലേയ്ക്കും എത്തിക്കുവാന്‍ കഴിയുമായിരുന്നുള്ളൂ. അടുത്ത ഏതാനം മണിക്കൂറിനുള്ളില്‍ കുട്ടിയുടെ മറ്റ് ശരീരാവയവങ്ങളുടെ പ്രവര്‍ത്തനങ്ങളും തകരാറിലാകാന്‍ തുടങ്ങി.

ഈ ഘട്ടത്തില്‍ കൂട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് എക്‌മോ മാത്രമായിരുന്നു മുന്നിലുള്ള മാര്‍ഗം. എക്‌മോ ചികിത്സയില്‍ ശരീരത്തില്‍ നിന്ന് രക്തം പുറത്തെടുക്കുകയും ശരീരത്തിന് പുറത്ത് ഓക്‌സിജന്‍ നല്‍കുകയും ശരീരത്തിലേയ്ക്ക് ഓക്‌സിജന്‍ അടങ്ങിയ രക്തം മടക്കി നല്‍കുകയും ചെയ്യുന്നു.

13ന് രാത്രി 09.30ന് അഡ്മിറ്റായ കുട്ടിയ്ക്ക് 14ന് രാത്രി 11.30 മണിയോടു കൂടി എക്‌മോ ചികിത്സ ആരംഭിച്ചു. ശ്വാസകോശത്തിന്റെ കാര്യക്ഷമത പതുക്കെ മെച്ചപ്പെട്ടുവരുകയും 10 ദിവസത്തിന് ശേഷം എക്‌മോ ചികിത്സ നിര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് വെന്റിലേറ്റര്‍ ചികിത്സ 28 വരെ തുടരുകയും ചെയ്തു. പിന്നീട് കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുകയും ഓക്‌സിജന്‍ സഹായമില്ലാതെ ശ്വസിക്കാനും കഴിഞ്ഞു. പൂര്‍ണ ആരോഗ്യം വീണ്ടെടുത്ത കുട്ടിയെ ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യും.

വിധി നിർണയത്തെ ചൊല്ലി തർക്കം; കുന്നംകുളം ഉപജില്ലാ കലോത്സവം തടസപ്പെട്ടു

വിധി നിർണയത്തെ ചൊല്ലി തർക്കം; കുന്നംകുളം ഉപജില്ലാ കലോത്സവം തടസപ്പെട്ടു

കുന്നംകുളം ഉപജില്ലാ കലോത്സവം തടസ്സപ്പെട്ടു. വിധിനിർണയത്തെ ചൊല്ലി ഇന്നലെ നടന്ന സംഘർഷത്തിനിടെ മൈക്ക് സെറ്റ് ഉൾപ്പെടെ തകർത്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് മൈക്ക് ഓപ്പറേറ്റർമാർ പണിമുടക്കിയതാണ് കലോത്സവം തടസ്സപ്പെടാൻ ഇടയാക്കിയത്.

വട്ടപ്പാട്ടിലെ വിധി നിർണയത്തിൽ അപാകത ഉണ്ടെന്ന് കാണിച്ച് ചെറുമനങ്ങാട് കോണ്‍കോട് എച്ച്‌ എസ് എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ വേദിയില്‍ കയറി പ്രതിഷേധിക്കുകയായിരുന്നു. പിന്നാലെ സംഘർഷത്തിൽ കലാശിച്ചതോടെ പൊലീസ് ലാത്തിവീശി. ലാത്തിച്ചാർജിൽ പത്തിലധികം കുട്ടികൾക്ക് പരുക്കേറ്റിരുന്നു.
വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ മൈക്ക് ഉള്‍പ്പെടെ തട്ടിമറിച്ചിട്ടതോടെയാണ് പൊലീസ് ലാത്തി വീശിയത്. അതേസമയം ഇന്ന് മത്സരത്തിനായി എത്തിയ വിദ്യാർത്ഥികൾ വലയുകയാണ്.