വെട്ടുകാട് തിരുന്നാൾ: 17ന് ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

വെട്ടുകാട് തിരുന്നാൾ: 17ന് ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ തിരുനാൾ പ്രമാണിച്ച് തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, മുൻപ് നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെട്ടിരുന്നതും ഇപ്പോൾ കാട്ടാക്കട താലൂക്കിൽ ഉൾപ്പെടുന്നതുമായ അമ്പൂരി, വാഴിച്ചൽ, കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറൂർ, കുളത്തുമ്മൽ, മാറനല്ലൂർ, മലയിൻകീഴ്, വിളവൂർക്കൽ, വിളപ്പിൽ വില്ലേജ് പരിധികളിലുൾപ്പെടുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നവംബർ 17ന് ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടർ ജെറോമിക് ജോർജ് പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് വ്യാപക മഴ, യെല്ലോ അലര്‍ട്ട്

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് വ്യാപക മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യകിഴക്കന്‍ അറബിക്കടലിനു മുകളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്ക് – കിഴക്കന്‍ ഇന്ത്യയ്ക്ക് മുകളിലേക്ക് കിഴക്കന്‍ കാറ്റ് ശക്തമായതായും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തില്‍ അടുത്ത 2-3 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇന്നും നാളെയും (ബുധന്‍, വ്യാഴം ദിവസങ്ങളില്‍) കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഇന്ന് എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും വ്യാഴാഴ്ച ഇടുക്കി ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കേരളത്തീരത്ത് ഇന്ന് (ബുധന്‍) രാത്രി 11.30 വരെ ഒന്നുമുതല്‍ 1.7 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മാനവീയം വീഥിയിലെ നൈറ്റ് ലൈഫില്‍ വീണ്ടും സംഘര്‍ഷം; പൊലീസിന് നേര്‍ക്ക് കല്ലേറ്, സ്ത്രീയ്ക്ക് തലയ്ക്ക് പരിക്ക്

മാനവീയം വീഥിയിലെ നൈറ്റ് ലൈഫില്‍ വീണ്ടും സംഘര്‍ഷം; പൊലീസിന് നേര്‍ക്ക് കല്ലേറ്, സ്ത്രീയ്ക്ക് തലയ്ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം മാനവീയം വീഥിയിലെ നൈറ്റ് ലൈഫില്‍ വീണ്ടും സംഘര്‍ഷം. മദ്യപിച്ച് ഡാന്‍സ് ചെയ്ത സംഘം പൊലീസിന് നേര്‍ക്ക് കല്ലെറിഞ്ഞു. കല്ലേറില്‍ നെട്ടയം സ്വദേശിയായ സ്ത്രീയുടെ തലയ്ക്ക് പരിക്കേറ്റു.
കല്ലെറിഞ്ഞ സംഘത്തിലെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാത്രി 12 മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ വെള്ളിയാഴ്ചയും മാനവീയം വീഥിയില്‍ നൈറ്റ് ലൈഫില്‍ സംഘര്‍ഷമുണ്ടായിരുന്നു.

ഇതിന്റെ പശ്ചാത്തലത്തില്‍ രാത്രി 12 മണിക്ക് ശേഷം മൈക്ക് ഓഫ് ചെയ്യാന്‍ മ്യൂസിയം പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. ഇത് അനുസരിക്കാന്‍ ഒരു കൂട്ടര്‍ തയ്യാറായില്ല. ഇതേച്ചൊല്ലി തര്‍ക്കമുണ്ടായി. ഇതിനിടെ പൊലീസിന് നേര്‍ക്ക് ചിലര്‍ കസേരയെറിഞ്ഞു. തുടര്‍ന്ന് വീണ്ടും പൊലീസ് ഇടപെട്ടതോടെ, ഒരു സംഘം പൊലീസിന് നേര്‍ക്ക് കല്ലെറിയുകയായിരുന്നു. കല്ലേറില്‍ പരിക്കേറ്റ സ്ത്രീയെ പേരൂര്‍ക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാനവീയം വീഥിയിലെ തുടര്‍ സംഘര്‍ഷങ്ങള്‍ പൊലീസിന് തലവേദനയായി മാറിയിട്ടുണ്ട്.

കണിയാപുരം ഉപ ജില്ലാ സ്കൂൾ കലോത്സവം –  ഗ്രൂപ്പ് നൃത്ത ഇന മത്സരത്തിൽ ആദ്യ സമ്മാനം ഗവ.ഗേൾസ് എച്ച് എസ് കന്യാകുളങ്ങരക്ക്.

കണിയാപുരം ഉപ ജില്ലാ സ്കൂൾ കലോത്സവം – ഗ്രൂപ്പ് നൃത്ത ഇന മത്സരത്തിൽ ആദ്യ സമ്മാനം ഗവ.ഗേൾസ് എച്ച് എസ് കന്യാകുളങ്ങരക്ക്.

കണിയാപുരം ഉപ ജില്ല സ്കൂൾ കലോത്സവം ആദ്യ ദിനത്തിൽ നൃത്ത ഇനത്തിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഗവ.ഗേൾസ് എച്ച് എസ് കന്യാകുളങ്ങര. യു പി വിഭാഗം സംഘ നൃത്തത്തിൽ ആണ് കുട്ടികൾ ഒന്നാം സ്ഥാനം നേടിയത്. ചടുലമായി അവതരിപ്പിച്ച നൃത്തം കാണികളുടെ പ്രശംസയും നേടി. ഒപ്പം മികവിൻ്റെ അംഗീകാരവും കുട്ടികളെ തേടിയെത്തി

വായ്പാ തട്ടിപ്പ്: തിരുവനന്തപുരം കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ ഇഡി റെയ്ഡ്

വായ്പാ തട്ടിപ്പ്: തിരുവനന്തപുരം കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ ഇഡി റെയ്ഡ്

തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ ഇഡി റെയ്ഡ്. ബാങ്ക് പ്രസിഡന്റും സിപിഐ നേതാവുമായ എന്‍ ഭാസുരാംഗന് എതിരായ വായ്പ തട്ടിപ്പു കേസിലാണ് റെയ്ഡ്. ബാങ്ക് മുന്‍ സെക്രട്ടറിമാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്.

പുലര്‍ച്ചെയാണ് പരിശോധന ആരംഭിച്ചത്. ബാങ്കിന്റെ വായ്പ ഇടപാടു രേഖകള്‍ അടക്കം ഇഡി പരിശോധിച്ചു വരികയാണ്. നൂറു കോടിയിലധികം രൂപയുടെ വായ്പാ തട്ടിപ്പ് ബാങ്കില്‍ നടന്നതായാണ് കണ്ടെത്തല്‍. ബിനാമി പേരില്‍ 34 കോടിയും തട്ടിയതായി കണ്ടെത്തിയിരുന്നു. കണ്ടല ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് സഹകരണ രജിസ്ട്രാര്‍ രണ്ടാഴ്ച മുമ്പ് ഇഡിക്ക് കൈമാറിയിരുന്നു. ഇതിനുശേഷമാണ് ബാങ്കില്‍ പരിശോധന നടത്തുന്നത്. ബാങ്കിന്റെ രണ്ട് മുന്‍ സെക്രട്ടറിമാരുടെ വീടുകളിലാണ് ഇതോടൊപ്പം പരിശോധന.

തട്ടിപ്പിന് നേതൃത്വം നല്‍കിയ ഭാസുരാംഗനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ സമരം നടത്തുന്നതിനിടെയാണ് ഇഡി റെയ്ഡ്. ഇതോടെ വായ്പാ തട്ടിപ്പു കേസ് ഇഡി ഏറ്റെടുക്കാനുള്ള സാധ്യതയും വര്‍ധിച്ചിട്ടുണ്ട്. സിപിഐയുടെ നിയന്ത്രണത്തിലുള്ളതാണ് കണ്ടല സര്‍വീസ് സഹകരണ ബാങ്ക്.

ചന്ദനമരം മോഷണശ്രമത്തിൽ ഒളിവിലായിരുന്ന പ്രതിയെ അയിരൂർ പൊലീസ് പിടികൂടി

ചന്ദനമരം മോഷണശ്രമത്തിൽ ഒളിവിലായിരുന്ന പ്രതിയെ അയിരൂർ പൊലീസ് പിടികൂടി

ചന്ദനമരം മോഷണശ്രമത്തിൽ ഒളിവിലായിരുന്ന പ്രതിയെ അയിരൂർ പൊലീസ് പിടികൂടി. പരവൂർ കല്ലുംകുന്ന് സുനാമി ഫ്ലാറ്റിൽ താമസക്കാരനായ പട്ടി നിഷാദ് എന്ന് വിളിക്കുന്ന നിഷാദ് ആണ് അറസ്റ്റിലായത്. കേസിലെ കൂട്ട് പ്രതി പരവൂർ സ്വദേശി സലിം നേരത്തെ പിടിയിലായിരുന്നു. 2023 ജൂൺ 12 ന് രാത്രിയിൽ ഇടവ കാപ്പിൽ വടക്കേഭാഗം വീട്ടിൽ പ്രശോഭിനിയുടെ പുരയിടത്തിൽ നിന്ന 22 വർഷം പ്രായമുള്ള ചന്ദനമരമാണ് സലീമും കൂട്ടാളിയും ചേർന്ന് മുറിച്ച് കടത്താൻ ശ്രമിച്ചത്.

വൃദ്ധ ദമ്പതികൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത് എന്നറിയാവുന്ന മോഷ്ടാക്കൾ ചന്ദനമരം മുറിക്കവേ രാത്രിയിൽ സമീപത്തെ കായലിൽ ചൂണ്ടയിടാൻ പോയവരാണ് മോഷണശ്രമം കാണുന്നത്. ഇവർ പരിസരവാസിയായ ഒരാളെ ഫോണിലൂടെ വിവരം അറിയിക്കുകയും ഇയാൾ അയിരൂർ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. സമീപത്തു പട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് സംഘം സ്ഥലത്തെത്തുകയും പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളിൽ ഒരാളായ സലീമിനെ പിടികൂടുകയുമായിരുന്നു.

ആക്സോ ബ്ലേഡ് ഉപയോഗിച്ചാണ് ചന്ദനമരം മുറിച്ചുകടത്താൻ ശ്രമിച്ചതെന്ന് സലിം പൊലീസിന് മൊഴി നൽകിയിരുന്നു. പരവൂർ തെക്കുംഭാഗം പ്രദേശങ്ങളിൽ സമാനമായ കേസുകളിൽ ഇവർ പ്രതികളാണ്‌. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.