‘ജയിലർ’ 500 കോടിയിലേക്ക്

‘ജയിലർ’ 500 കോടിയിലേക്ക്

ഓഗസ്റ്റ് 10ന് റിലീസ് ചെയ്ത ചിത്രമാണ് ‘ജയിലർ’. നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രത്തിൽ രജനികാന്ത് നായകനായി എത്തിയപ്പോൾ, മലയാളത്തിന്റെ മോഹൻലാലും ശിവരാജ് കുമാറും കാമിയോ റോളിൽ എത്തി തിളങ്ങിയിരുന്നു. ആദ്യദിനം മുതൽ ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രം ‘മൺഡേ ടെസ്റ്റും’ പാസായിരിക്കുകയാണ്.

തിങ്കളാഴ്ചയും മികച്ച കളക്ഷനാണ് ജയിലർ സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. ട്രേഡ് അനലിസ്റ്റ് ആയ മനോബാലയുടെ ട്വീറ്റ് പ്രകാരം, 15 കോടിയാണ് തിങ്കളാഴ്ച മാത്രം ചിത്രം നേടിയത്. ഇതോടെ 122 കോടിയാണ് തമിഴ്നാട്ടിൽ നിന്നും ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. അഞ്ച് ദിവസത്തിൽ 351.92കോടിയാണ് ലോകമെമ്പാടുമായി ചിത്രം കളക്ട് ചെയ്തത്. കേരളത്തിൽ ഇത് 28 കോടിയാണ്. വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ നിന്നും അഞ്ച് ദിവസത്തിൽ 321 കോടിയാണ് പൊന്നിയൻ സെൽവൻ 2 നേടിയത്. ഈ റെക്കോർഡിപ്പോൾ ജയിലർ ഭേദിച്ചിരിക്കുകയാണ്

ആലംകോട് സ്വദേശിക്ക് വീട് നിർമ്മിച്ചു നൽകി

ആലംകോട് സ്വദേശിക്ക് വീട് നിർമ്മിച്ചു നൽകി

കരുനാഗപ്പള്ളി സ്നേഹസേനയും ആലംകോട് സെൻറർ ഹോട്ടൽ ഉടമ നിസാമും കൂടി ചേർന്ന് ആലംകോട് വഞ്ചിയൂർ ജന്മനാ കാഴ്ച ഇല്ലാത്ത ഒരു കുടുംബത്തിനു വീട് നിർമ്മിച്ച് നൽകി. മുജീബ് റഹ് മാന് നിർമ്മിച്ചുകൊടുത്ത വീടിൻറെ താക്കോൽദാനം ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് നിർവഹിച്ചു.

‘വേശ്യ വേണ്ട, വെപ്പാട്ടിയും’; വാക്കിലെ ലിംഗ വിവേചനം വിലക്കി സുപ്രീം കോടതി, ശൈലീപുസ്തകം പുറത്തിറക്കി

‘വേശ്യ വേണ്ട, വെപ്പാട്ടിയും’; വാക്കിലെ ലിംഗ വിവേചനം വിലക്കി സുപ്രീം കോടതി, ശൈലീപുസ്തകം പുറത്തിറക്കി

ന്യൂഡല്‍ഹി: കോടതി വിധികളില്‍ ലിംഗ വിവേചനമുള്ള പദങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ സുപ്രീം കോടതി ശൈലീ പുസ്തകം പുറത്തിറക്കി. വേശ്യ, വെപ്പാട്ടി തുടങ്ങി 40 വാക്കുകള്‍ ഉപയോഗിക്കരുതെന്ന് പുസ്തകത്തില്‍ പറയുന്നു.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ആണ് പുസ്തകം പുറത്തിറക്കിയ്ത്. മുന്‍പ് കോടതി വിധികളില്‍ ഉപയോഗിച്ചിരുന്ന വാക്കുകളാണ് ഇവയെന്നും എന്നാല്‍ ഇനിയും അവ ഉപയോഗിക്കുന്നത് ഔചിത്യരാഹിത്യമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. പഴയ വിധികളെ വിമര്‍ശിക്കുകയല്ല ശൈലീപുസ്തകം കൊണ്ട് ഉദ്ദേശിക്കുന്നത്. ലിംഗ വിവേചനം അറിയാതെ എല്ലായിടത്തും നിലനിന്നിരുന്നുവെന്ന ഓര്‍മപ്പെടുത്തലാണ് അതെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

വിധി ശരിയാണെങ്കില്‍ക്കൂടി അതു പ്രകടിപ്പിക്കുന്നതിനുള്ള ഭാഷയില്‍ വിവേചനം കടന്നുകൂടാമെന്ന് ശൈലീ പുസ്തകം പറയുന്നു. ഇത്തരത്തിലുള്ള ഭാഷാപ്രയോഗം വ്യക്തികളുടെ അന്തസ്സിനെ ഇ
ടിച്ചുതാഴ്ത്തുമെന്നും ശൈലീ പുസ്തകം ചൂണ്ടിക്കാട്ടി.

വേശ്യ, അവിഹിത ബന്ധം, വെപ്പാട്ടി, ബാല വേശ്യ, നിര്‍ബന്ധിത ബലാത്സംഗം, വീട്ടമ്മ, സ്‌ത്രൈണമായ, ലിംഗ മാറ്റം തുടങ്ങിയ വാക്കുകളില്‍ വിധികളിലും കോടതി വ്യവഹാരങ്ങളിലും ഉപയോഗിക്കരുതെന്ന് ശൈലീ പുസ്തകം നിര്‍ദേശിക്കുന്നു. ബലാത്സംഗത്തിന് ഇരയാവുന്നവരെ ഇര എന്നോ അതിജീവിച്ചയാള്‍ എന്നോ അവരുടെ താത്പര്യപ്രകാരം പറയാം.

പുതുപ്പള്ളിയില്‍ മാസപ്പടി ചര്‍ച്ചയാക്കുമെന്ന് വിഡി സതീശന്‍

പുതുപ്പള്ളിയില്‍ മാസപ്പടി ചര്‍ച്ചയാക്കുമെന്ന് വിഡി സതീശന്‍

കോട്ടയം: മാസപ്പടി വിവാദത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അല്ല, മുഖ്യമന്ത്രി പിണറായി വിജയനാണ് മറുപടി പറയേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അടുത്തിടെ പുറത്തുവന്ന എല്ലാ അഴിമതികളുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മാസപ്പടി ഉള്‍പ്പടെ ആറ് അഴിമതി ആരോപണങ്ങള്‍ ചര്‍ച്ചയാക്കുമെന്ന് വിഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എഐ ക്യാമറ, കെ ഫോണ്‍, മാസപ്പടി വിവാദം തുടങ്ങിയ കാര്യങ്ങളില്‍ ആരോപണം ഉയരുമ്പോള്‍ മറുപടി പറയേണ്ടവര്‍ ഓടിയൊളിക്കുകയാണ്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും മാസപ്പടി വിവാദത്തില്‍ ഉത്തരം പറയേണ്ട ആളാണ്. രണ്ടുപേരും ഒന്നും പറയുന്നില്ല. എന്നിട്ട് പാര്‍ട്ടി പറയുമെന്നാണ് പറയുന്നത്. മാസപ്പടി വിവാദത്തില്‍ ഗോവിന്ദനാണോ മറുപടി പറയേണ്ടത്?. എംവി ഗോവിന്ദന്‍ ആ കമ്പനിയുടെ പാര്‍ട്ട്ണറൊന്നുമല്ലല്ലോ. മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും സതീശന്‍ പറഞ്ഞു.

ആറ് മാസത്തിലധികമായി കേരളത്തിലെ മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടിട്ട്. അദ്ദേഹം ഒരു ആകാശവാണിയായി പ്രവര്‍ത്തിക്കുകയാണ്. ആര്‍ക്കും ഒരു ചോദ്യവും ചോദിക്കാന്‍ പറ്റില്ല. പെന്‍ഷന്‍ പോലും യഥാസമയം വിതരണം ചെയ്യാന്‍ കഴിയുന്നില്ല, സംസ്ഥാനത്ത് എല്ലാ വികസനപ്രവര്‍ത്തനവും സ്തംഭിച്ചു. സപ്ലൈകോയെ കെഎസ്ആര്‍ടിസി പോലെയാക്കി. വെള്ളക്കരവും വൈദ്യുതി ചാര്‍ജ്, ഇന്ധന സെസ് എല്ലാ കൂട്ടി എന്നിട്ടാണ് വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് പറയുന്നത്.

പുതുപ്പള്ളിയിലെ ജനങ്ങളോടും കേരള സമൂഹത്തോടും പിണറായി സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയുമാണ് പ്രതിപക്ഷം ഉയര്‍ത്തിക്കാണിക്കുകയെന്നും സതീശന്‍ പറഞ്ഞു.

സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരെ കേസ് എടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അഴിമതിയില്‍ കേസ് എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. താന്‍ ആരോപണം ഉന്നയിച്ചപ്പോള്‍ തനിക്കെതിരെയും കേസ് എടുത്തു. മാസപ്പടി ആരോപണം ഉയര്‍ത്തിയതിന് പിന്നാലെ മാത്യു കുഴല്‍നാടനെതിരെ കേസ് എടുക്കുകയാണ്. ഇതിലും പിണറായി വിജയന്‍ മോദിയെ പിന്തുടരുകയാണെന്ന് സതീശന്‍ പറഞ്ഞു.

വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറി:  രണ്ടു പൊലീസുകാർക്ക് സസ്പെൻഷൻ

വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറി: രണ്ടു പൊലീസുകാർക്ക് സസ്പെൻഷൻ

കൊച്ചി: എറണാകുളം അരീക്കൽ വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ രണ്ടു പൊലീസുകാർക്ക് സസ്പെൻഷൻ. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ പരീത്, ബൈജു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

യുവതിയോട് അപമര്യാദയായി പെരുമാറിയതിനാണ് പരീതിനെതിരെ നടപടിയെടുത്തത്. പൊതുസ്ഥലത്ത് മദ്യപിച്ചു ബഹളമുണ്ടാക്കി എന്നതിനാണ് ബൈജുവിനെ സസ്പെൻഡ് ചെയ്തത്. ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിന് രണ്ടുപേർക്കെതിരെയും വകുപ്പു തല അന്വേഷണവുമുണ്ട്.

സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിന് പരീതിനെ രാമമം​ഗലം പൊലീസ് അറസ്റ്റു ചെയ്‌തിരുന്നു. ഇന്നലെ വൈകീട്ടാണ് സംഭവം. അരീക്കൽ വെള്ളച്ചാട്ടം കാണാനെത്തിയ യുവതികളോട് മഫ്‌തിയിലെത്തിയ പൊലീസുകാരൻ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.

ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; കേരളത്തില്‍ അഞ്ചുദിവസം മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; കേരളത്തില്‍ അഞ്ചുദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. വെള്ളിയാഴ്ചയോടെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം നേരിയ തോതില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണ്‍സൂണ്‍ പാത്തി നിലവില്‍ ഹിമാലയന്‍ താഴ്വരയില്‍ സ്ഥിതി ചെയ്യുകയാണ്. വെള്ളിയാഴ്ചയോടെ തെക്ക് ഭാഗത്തേക്ക് മാറി സ്ഥാനത്ത് എത്താന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നിലവില്‍ സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 40 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാനത്ത് തെളിഞ്ഞ അന്തരീക്ഷമാണ്. പതിവായി ഓഗസ്റ്റ് മാസത്തില്‍ ശക്തമായ മഴയാണ് കേരളത്തിന് ലഭിക്കാറ്.

ഇത്തവണ മഴ കുറഞ്ഞതിനാല്‍ വരുംമാസങ്ങളില്‍ കുടിവെള്ള ക്ഷാമം നേരിടുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.