by Midhun HP News | Jul 31, 2023 | Latest News, ജില്ലാ വാർത്ത
പത്തനംതിട്ട: ഫീസ് അടയ്ക്കാൻ പണമില്ലാത്തതിനെ തുടർന്ന് പഠനം മുടങ്ങിയ നഴ്സിങ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കോന്നി എലിയറയ്‌ക്കൽ സ്വദേശിനി അതുല്യ (20)യാണ് മരിച്ചത്. ബംഗളൂരുവിലെ നഴ്സിങ് കോളജിലെ ബിഎസ്‌സി നഴ്സിങ് വിദ്യാർത്ഥിയായിരുന്നു. ഫീസടയ്ക്കാനായി വായ്പയ്ക്ക് അപേക്ഷിച്ചിരുന്നെങ്കിലും അത് ലഭിക്കാത്തതിനെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു അതുല്യ.
കഴിഞ്ഞ വർഷം ബംഗളൂരുവിലെ ട്രസ്റ്റിന്റെ സഹായത്താൽ നഴ്‌സിങ് അഡ്മിഷൻ നേടിയതായിരുന്നു അതുല്യ. അടുത്തിടെ ട്രസ്റ്റ് അധികൃതരെ വായ്പാ തട്ടിപ്പിന് കർണാടക പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അതുല്യ ഉൾപ്പെടെ നിരവധി കുട്ടികൾക്ക് ഫീസടയ്ക്കാൻ പറ്റാതെ പഠനം മുടങ്ങി. എന്നാൽ 10,000 രൂപ അടച്ച് അതുല്യ പഠനം തുടർന്നിരുന്നു.
രണ്ടാം വർഷത്തെ ക്ലാസുകൾക്കായി ചെന്നപ്പോൾ ആദ്യ വർഷത്തെ ഫീസ് അടച്ച് അഡ്മിഷൻ പുതുക്കി വീണ്ടും ഒന്നാം വർഷം മുതൽ പഠിക്കണമെന്ന് നിർദേശിച്ചു. ഇതോടെ അതുല്യ തിരികെ പോന്നു. ഫീസ് അടയ്ക്കാനായി നിരവധി ബാങ്കുകളിൽ അതുല്യ വായ്പ തേടിയിരുന്നെങ്കിലും ലഭിച്ചില്ല. ശനിയാഴ്ച രാത്രിയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അതുല്യയെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
by Midhun HP News | Jul 31, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കണ്ടറി ചോദ്യപേപ്പറുകളുടെ സുരക്ഷയിൽ ആശങ്ക പരക്കുന്നു. ഹയർ സെക്കണ്ടറി ചോദ്യപേപ്പർ സൂക്ഷിക്കാനുള്ള ചുമതല ക്ലാസ് 4 ജീവനക്കാരല്ലാത്ത ലാബ് അസിസ്റ്റന്റിന് നല്‍കിയതിനെതിരെ പ്രതിഷേധം വ്യാപകമാണ്. വനിതാ ജീവനക്കാരെ ഇതില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. സ്കൂൾ അലമാരയിൽ സൂക്ഷിച്ച് പ്രിൻസിപ്പൽമാരും അധ്യാപകരും കാവൽ നിൽക്കേണ്ട അവസ്ഥയിലാണ്.
പരീക്ഷ ഘട്ടത്തിൽ വാച്ച്മാൻമാരെ നിയമിക്കാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് അപേക്ഷ നൽകിയെങ്കിലും നടപടിയുണ്ടായില്ല. എസ്എസ്എൽസി ചോദ്യപേപ്പർ സൂക്ഷിക്കാൻ ട്രഷറിയിൽ പോലീസ് കാവൽ ഏർപ്പെടുത്തുമ്പോഴാണ് ഹയർ സെക്കണ്ടറിയിൽ വിവേചനം. ഹയർ സെക്കണ്ടറി ചോദ്യപേപ്പർ ട്രഷറികളിൽ സൂക്ഷിക്കണമെന്ന് പ്രിൻസിപ്പൽസ് അസോസിയേഷൻ പ്രസിഡൻ്റ് ഡോ. എൻ സക്കീർ സൈനുദ്ധീൻ ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയിലെ കുഴിമണ്ണ സ്ക്കൂളിലെ ചോദ്യപേപ്പർ മോഷണ പശ്ചാതലത്തിലാണ് ആവശ്യം.
by Midhun HP News | Jul 31, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഡിജിപി ടോമിൻ ജെ തച്ചങ്കരി ഇന്ന് സർവീസിൽനിന്നു വിരമിക്കും. മനുഷ്യാവകാശ കമ്മിഷനിൽ ഇൻവെസ്റ്റിഗേഷൻ ഡിജിപിയായാണ് വിരമിക്കുന്നത്. രാവിലെ തിരുവനന്തപുരത്ത് എസ്എപി പരേഡ് ഗ്രൗണ്ടില്‍ കേരള പൊലീസ് അദ്ദേഹത്തിന് വിടവാങ്ങല്‍ പരേഡ് നല്‍കും. വൈകിട്ട് നാലു മണിക്ക് പൊലീസ് ആസ്ഥാനത്ത് ഔദ്യോഗിക യാത്രയയപ്പ് സംഘടിപ്പിച്ചിട്ടുണ്ട്.
1987 ബാച്ച് ഐപിഎസ് ഓഫിസറാണ്. ഇടുക്കി ജില്ലയിലെ കലയന്താന്നി ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. കേഡറില്‍ എഎസ്പിയായി ആലപ്പുഴയില്‍ സര്‍വ്വീസ് ആരംഭിച്ച അദ്ദേഹം കോഴിക്കോട് റൂറല്‍, ഇടുക്കി, എറണാകുളം റൂറല്‍, കണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ എസ്പിയായി പ്രവര്‍ത്തിച്ചു. കോട്ടയം ക്രൈംബ്രാഞ്ച്, ക്രൈംബ്രാഞ്ചിന്‍റെ സ്പെഷ്യല്‍ സെല്‍, ടെലികമ്മ്യൂണിക്കേഷന്‍, റെയില്‍വേസ് എന്നിവിടങ്ങളിലും എസ്പി ആയിരുന്നു. എറണാകുളം ക്രൈംബ്രാഞ്ച്, ടെക്നിക്കല്‍ സര്‍വ്വീസസ് എന്നിവിടങ്ങളില്‍ ഡിഐജി ആയി ജോലി നോക്കി.
മാർക്കറ്റ്ഫെഡ്, കൺസ്യൂമർഫെഡ് മാനേജിങ് ഡയറക്ടറായും കെഎസ്ആർടിസി, കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി എന്നിവയുടെ സിഎംഡിയായും ഫയർഫോഴ്സ് മേധാവിയായും പ്രവർത്തിച്ചു. പരേതയായ അനിതയാണ് ഭാര്യ. മക്കൾ: മേഘ, കാവ്യ.
by Midhun HP News | Jul 31, 2023 | Latest News, ജില്ലാ വാർത്ത
കൊച്ചി: കഴിഞ്ഞ ദിവസമാണ് നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരുക്കേറ്റത്. ഇപ്പോൾ നടനെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ്. കാറുമായി പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ശനിയാഴ്ച രാത്രി 12 മണിയോടെ പാലാരിവട്ടത്താണ് അപകടം നടന്നത്. സുരാജ് വെഞ്ഞാറമൂട് കാറില്‍ തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു. ഈ സമയം എതിര്‍ ദിശയില്‍ സഞ്ചരിച്ചിരുന്ന ബൈക്കുമായാണ് കാര്‍ കൂട്ടിയിടിച്ചത്. ബൈക്കില്‍ യാത്ര ചെയ്തിരുന്ന ശരത്തിന്റെ കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ പാലാരിവട്ടം പൊലീസ് സ്റ്റേഷന് സമീപത്തു തന്നെയുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരത്തിന്റെ കാലിന് ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്. അപകടത്തില്‍ സുരാജ് വെഞ്ഞാറമൂടിന് കാര്യമായ പരിക്കുകളില്ല. എന്നാല്‍ അദ്ദേഹവും ആശുപത്രിയില്‍ എത്തിയിരുന്നു. പിന്നീട് അവിടെ നിന്ന് മടങ്ങി. അപകടത്തില്‍ പാലാരിവട്ടം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
by Midhun HP News | Jul 30, 2023 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം: തോട്ടയ്ക്കാടു വിജ്ഞാന പോഷിണി ഗ്രന്ഥശാലയും കടുവയിൽ സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷനും സംയുക്തമായി വാളക്കാട് പ്രദേശത്തെ കുട്ടികൾക്കും പൊതുജനത്തിനുമായി ഗ്രന്ഥശാലയുടെ ഒരു ശാഖ ആരംഭിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് എം. എച്ച്. ബദറുദീൻ പുസ്തക വിതരണം ഉദ്ഘാടനം ചെയ്തു. സൗഹൃദ റിസഡന്റ്‌സ് അസോസിയേഷൻ സാമൂഹ്യ പ്രാധാന്യമുള്ള വിവിധ മേഖലകളായ പാലിയേറ്റീവ് പ്രവർത്തനം, കർഷക ഉത്പന്ന കൈമാറ്റകേന്ദ്രം, വിവിധ പരിശീലനം എന്നിവയ്ക്കു പുറമെ വായന വർധിപ്പിക്കാൻ പുസ്തകവിതരണത്തിലും ശ്രദ്ധ പതിപ്പിച്ചു കഴിഞ്ഞു.
പുസ്തക വിതരണ ഉദ്ഘാടന ചടങ്ങിൽ എൻ. പി. ശശിധരൻ (എസ്. ആർ. എ പ്രസിഡന്റ്), സെക്രട്ടറി ഖാലിദ് പനവിള, ജോയിന്റ് സെക്രട്ടറി ജി. ശ്രീകുമാർ, കമ്മിറ്റി അംഗങ്ങളായ സതീഷ് ബാബു, സുനിൽ കുമാർ, മണമ്പൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് വരദരാജൻ, ബിനുകുമാർ, ഛൻസി എന്നിവർ സംസാരിച്ചു.
by Midhun HP News | Jul 30, 2023 | Latest News, ജില്ലാ വാർത്ത
കൊച്ചി: സ്ത്രീകള്‍ക്കെതിരെയും കുട്ടികള്‍ക്കെതിരെയുമുള്ള അതിക്രമങ്ങള്‍ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ യുപി മോഡല്‍ നടപ്പിലാക്കി കേരളത്തിലെ ക്രമസമാധാനം സംരക്ഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആലുവയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട കുഞ്ഞിന്റെ പൊതു ദര്‍ശനത്തിന് എത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ പൊലീസ് സംവിധാനം പൂര്‍ണമായും തകര്‍ന്നു കഴിഞ്ഞു. യുപിയില്‍ ക്രിമിനലുകളെയും മാഫിയകളെയും കൈകാര്യം ചെയ്യുന്ന രീതി കേരളത്തിലും മാതൃകയാക്കണം. ആഭ്യന്തരവകുപ്പ് പൂര്‍ണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. 18 മണിക്കൂര്‍ തിരഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനായില്ല എന്നത് ചെറിയ കാര്യമല്ല.
അതിഥി തൊഴിലാളികളെ കുറിച്ചും അവര്‍ക്കിടയിലുള്ള കുറ്റകൃത്യങ്ങളെ സംബന്ധിച്ചും മയക്കുമരുന്നുകളുടെ ഉപയോഗത്തെ കുറിച്ചും ശക്തമായ നിരീക്ഷണം ആവശ്യമുണ്ട്. ഇതിനായി പ്രത്യേക പൊലീസ് സംവിധാനം വേണം. സംസ്ഥാനത്തേക്ക് ആരെല്ലാം വരുന്നു, അവര്‍ എന്തൊക്കെ ചെയ്യുന്നുവെന്ന് അന്വേഷിക്കാനുള്ള സംവിധാനം കേരള പൊലീസിനില്ല. നിരന്തരമായി കേരളത്തില്‍ ലോകത്തെവിടെയും കേട്ടുകേള്‍വിയില്ലാത്ത തരത്തിലുള്ള കുറ്റകൃത്യങ്ങളാണ് നടക്കുന്നത്. കേരളം നാണംകെട്ട് തലതാഴ്ത്തുകയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
Recent Comments