by Midhun HP News | Jun 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ വരുംദിവസങ്ങളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യത. അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് (ചൊവ്വാഴ്ച) ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
വടക്ക് – പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍, വടക്കന്‍ ഒഡിഷ – പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം രൂപപ്പെട്ട ന്യുനമര്‍ദ്ദം നിലവില്‍ വടക്കന്‍ ഒഡിഷയ്ക്ക് മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ദിവസങ്ങളില്‍ ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് വഴി വടക്കന്‍ മധ്യപ്രദേശിലേക്ക് നീങ്ങാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശങ്ങളിലും ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. കേരളത്തീരത്ത് ഇന്ന് രാത്രി 11.30 വരെ 2.3 മുതല്‍ 2.8 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
by Midhun HP News | Jun 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം 15,000 കടന്നു. ഇന്ന് 15,493 പേർക്ക് പനി ബാധിച്ചു. സാംക്രമിക രോഗങ്ങൾ ബാധിച്ച് സംസ്ഥാനത്തു ഇന്ന് എട്ട് പേർ മരിച്ചു. മരണ സംഖ്യ ഉയരുന്നത് ആശങ്കയുയർത്തുന്നു. ഈ മാസം മാത്രം വിവിധ സാംക്രമിക രോഗങ്ങൾ ബാധിച്ച് 60 പേരാണ് മരിച്ചത്.
ഇന്ന് ഡെങ്കിപ്പനി ബാധിച്ച് ഒരാളും എലിപ്പനി ബാധിച്ച് ഒരാളും മരിച്ചതായി സ്ഥിരീകരിച്ചു. ജപ്പാൻ ജ്വരം, എച് വൺ എൻ വൺ ബാധിച്ചും ഓരോ മരണം സംഭവിച്ചു. കൂടാതെ രണ്ട് പേർ ഡെങ്കിപ്പനിയും രണ്ട് പേർ എലിപ്പനി ബാധിച്ചും മരിച്ചതായി സംശയിക്കുന്നു. 55 പേർക്ക് ഇന്ന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 262 പേർക്ക് രോഗ ലക്ഷണവും കണ്ടെത്തി. എലിപ്പനി സ്ഥിരീകരിച്ചത് മൂന്ന് പേർക്ക്. എട്ട് പേർക്ക് എലിപ്പനി രോഗ ലക്ഷണങ്ങൾ. എച് വൺ എൻ വൺ, ചിക്കുൻഗുനിയ, മഞ്ഞപ്പിത്തമടക്കമുള്ള സാംക്രമിക രോഗങ്ങളും ഇന്ന് റിപ്പോർട്ടു ചെയ്തിട്ടുണ്ട്.
ഇന്നും മലപ്പുറത്താണ് രോഗ ബാധിതർ കൂടുതലുള്ളത്. 2,804 പേരാണ് ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. എറണാകുളം 1,528, തിരുവനന്തപുരം 1,264, കോഴിക്കോട് 1,366, കണ്ണൂർ 1,132, കൊല്ലത്ത് 1,047. ഈ ജില്ലകളിലാണ് രോഗികളുടെ എണ്ണം ആയിരം കടന്നിട്ടുള്ളത്. ഇതുവരെയായി സംസ്ഥാനത്ത് 1,523 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. നിലവിൽ 5,028 പേർ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലുണ്ട്. 129 പേർക്ക് ഈ മാസം എലിപ്പനി സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം വരെ 13,000ത്തിനും 14,000ത്തിനും ഇടയിലായിരുന്നു രോഗ ബാധിതർ. ഈ കണക്കുകളാണ് ഇന്ന് 15,000 കടന്നത്. അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
by Midhun HP News | Jun 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. കുല്‍ഗാമില്‍ നടന്ന ഏറ്റുമുട്ടലിനിടെയാണ് ഭീകരനെ വധിച്ചത്. ഇയാളില്‍ നിന്നു ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടികൂടി. ഏറ്റുമുട്ടലിനിടെ സുരക്ഷാ സേനയിലെ ഒരാള്‍ക്ക് പരിക്കേറ്റു.
കുല്‍ഗാമിലെ ഹൂവ്‌റ ഗ്രാമത്തില്‍ വച്ചായിരുന്നു ഏറ്റുമുട്ടല്‍. പ്രദേശത്ത് സുരക്ഷാ സേനയുടെ തിരച്ചില്‍ തുടരുകയാണ്.
by Midhun HP News | Jun 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: വ്യജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ പ്രതിയായ മുൻ എസ്എഫ്ഐ ഏരിയാ സെക്രട്ടറി നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ അബിൻ സി രാജ് പൊലീസ് കസ്റ്റഡിയിൽ. മുൻ എസ്എഫ്ഐ നേതാവായ അബിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് ഇന്നലെ അർധ രാത്രി പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അബിനെ കസ്റ്റഡിയിലെടുത്തത്. അബിനെ രാത്രിയോടെ തന്നെ കായംകുളത്തേക്ക് എത്തിച്ചു. അബിനെ വിശദമായി ചോദ്യം ചെയ്യും. ഇയാൾ മാലി ദ്വീപിൽ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. നിഖിലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അബിനെ പൊലീസ് വിളിച്ചു വരുത്തിയത്.
കേസുമായി ബന്ധപ്പെട്ട് ഇന്ന് നിഖിലിനെ സർട്ടിഫിക്കറ്റ് ലഭിച്ച എറണാകുളത്തെ ഏജൻസിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്താനിരിക്കെയാണ് അബിൻ പിടിയിലായത്. എറണാകുളത്തെ ഓറിയോൺ എന്ന ഏജൻസി വഴിയാണ് സർട്ടിഫിക്കറ്റ് തരപ്പെടുത്തിയത്.
രണ്ട് ലക്ഷം രൂപ നിഖിൽ തോമസിൽ നിന്നു വാങ്ങിയാണ് അബിൻ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയത്. ഇതിനായി അബിൻ അമ്മയുടെ ബാങ്ക് അക്കൗണ്ട് വഴി പണം സ്വീകരിക്കുകയായിരുന്നു. ഇടപാടിനു പിന്നിൽ കൂടുതൽ ആളുകൾ ഉണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നു.
by Midhun HP News | Jun 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: നടൻ സി വി ദേവ് (83) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു. നൂറിലേറെ സിനിമകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
സന്ദേശം, മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ, ഇംഗ്ലീഷ് മീഡിയം, ചന്ദ്രോത്സവം, സദയം, പട്ടാഭിഷേകം, മനസ്സിനക്കരെ, കഥ തുടരുന്നു, മിഴി രണ്ടിലും, നേർക്ക് നേരെ, ഞാന്‍, ഉറുമ്പുകൾ ഉറങ്ങാറില്ല തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
by Midhun HP News | Jun 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മാഗസ്സിന്റെ അറുപതാമത് ഷോറൂം ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റേഷൻ എതിർവശത്തായി പ്രവർത്തനമാരംഭിയ്ക്കുന്നു. വർക്കല എംഎൽഎ അഡ്വക്കേറ്റ് വി. ജോയ് ഉദ്ഘാടനം നിർവഹിയ്കുന്നു. ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക ദീപം കൊളുത്തും. സുപ്രസിദ്ധ ചലചിത്രതാരങ്ങളായ ജഗദീഷും ജയരാജ് വാര്യരും മാഗ്നസ് ഇൻസ്റ്റിറ്റ്യൂഷന്റെ ഉദ്ഘാടനം നിർവഹിയ്ക്കും. കേരള സംസ്ഥാന ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ആർ. രാമു ആദ്യ വിൽപ്പന നടത്തും.
ലോഗോ പ്രകാശനം ആറ്റിങ്ങൽ നഗരസഭ അധ്യക്ഷ അഡ്വക്കേറ്റ് കുമാരിയും സർവീസ് ലാബ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗവും നിർവഹിയ്ക്കും.
ചടങ്ങിൽ രാഷ്ട്രീയ സാംസ്കാരിക ചലച്ചിത്ര രംഗത്തെ പ്രമുഖർ പങ്കെടുക്കും.
Recent Comments