കെ മാറ്റ് 2026: സെഷൻ I അന്തിമ ഫലം പ്രസിദ്ധീകരിച്ചു, സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാം

കെ മാറ്റ് 2026: സെഷൻ I അന്തിമ ഫലം പ്രസിദ്ധീകരിച്ചു, സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാം

കേരളത്തിലുടനീളമുള്ള വിവിധ മാനേജ്‌മെന്റ് സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനായുള്ള കെ- കെ മാറ്റ് സെഷൻ I പരീക്ഷയുടെ അന്തിമ ഫലം പ്രസിദ്ധീകരിച്ചു.

2026-27 വർഷത്തെ എം ബി എ കോഴ്സ് പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തിയ കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെ (കെ മാറ്റ് 2026) സെഷൻ I പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് ഫെബ്രുവരി 22-ന് നടന്ന എം ബി എ പ്രവേശന പരീക്ഷയായ KMAT-2026 സെഷൻ ഒന്ന്, ഫലമാണ് പ്രസിദ്ധീകരിച്ചത്.

പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഫലം ലഭിക്കുന്നത്. അപേക്ഷകർക്ക് വെബ്‌സൈറ്റിലെ ‘Candidate Portal’ ൽ നിന്ന് അവരവരുടെ സ്‌കോർ കാർഡ് ഡൗൺലോഡ് ചെയ്യാം.

പ്രവേശന ലിങ്കിൽ കയറി പരീക്ഷാർത്ഥിയുടെ ആപ്ലിക്കേഷൻ നമ്പർ, പാസ് വേഡ്, അകസസ്സ് കോഡ് എന്നിവ നൽകി വേണം സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യേണ്ടത്. ഇതിനായുള്ള ലിങ്ക് ഇവിടെ ക്ലിക്ക് ചെയ്താൽ ലഭിക്കും.

കേരളത്തിലുടനീളമുള്ള വിവിധ മാനേജ്‌മെന്റ് സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിനുള്ള പരീക്ഷയാണ് കെമാറ്റ് (KMAT). നിലവിൽ എം ബി എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുള്ള കേരളത്തിലെ നിരവധി മാനേജ്‌മെന്റ് സ്ഥാപനങ്ങളിൽ അപേക്ഷിക്കാൻ ഇതിലെ സ്കോർ മതിയാകും.

പ്രവേശന പരീക്ഷാ കമ്മീഷണർ (സിഇഇ കേരള) ആണ് പരീക്ഷ നടത്തുന്നത്. വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT) ആണ് കെ മാറ്റ്. അടുത്ത കെ മാറ്റ് സെഷൻ പരീക്ഷ സംബന്ധിച്ച വിവരങ്ങൾ അധികം വൈകാതെ പരീക്ഷ കമ്മീഷണർ പ്രസിദ്ധീകരിക്കും.

സംസ്ഥാനത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക; ഇടുക്കിയില്‍ ഓറഞ്ച്, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക; ഇടുക്കിയില്‍ ഓറഞ്ച്, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചികയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് സംസ്ഥാനത്ത് കാസര്‍കോട്, കണ്ണൂര്‍, തിരുവന്തപുരം, ജില്ലകള്‍ ഒഴികെ ബാക്കിയെല്ലായിടത്തും യെല്ലോ മുന്നറിയിപ്പാണ്.

തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാമെന്നും പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നാണ് അധികൃതരുടെ നിര്‍ദേശം.

പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. പുറംജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മത്സ്യബന്ധനത്തിലും ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, കാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.

പകല്‍ സമയത്ത് പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. യാത്രകളിലും മറ്റും ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാന്‍ ശ്രമിക്കുക.

മലമ്പ്രദേശങ്ങള്‍ ഉഷ്ണമേഖല പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പൊതുവെ അള്‍ട്രാവയലറ്റ് സൂചിക ഉയര്‍ന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണല്‍ തുടങ്ങിയ പ്രതലങ്ങള്‍ അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാല്‍ ഇത്തരം മേഖലകളിലും അള്‍ട്രാവയലറ്റ് സൂചിക ഉയര്‍ന്നതായിരിക്കും. അതിനാല്‍ പ്രത്യേകശ്രദ്ധ വേണമെന്നും മുന്നറിയിപ്പിലുണ്ട്.

ആറ്റിങ്ങലിൽ കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

ആറ്റിങ്ങലിൽ കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

ആറ്റിങ്ങലിൽ കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. സുഹൃത്തിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയ്ക്കാവൂർ പെരുങ്കുളം കുഴിവിള വീട്ടിൽ സുജിത്ത് എന്ന 32 വയസ്സുകാരനാണ് ദാരുണമായി മരണപ്പെട്ടത്.

സുജിത്തും സുഹൃത്തും കൂടി ബൈക്കിൽ ചിറയിൻകീഴിൽ നിന്നും ആറ്റിങ്ങലിലേക്ക് വരുന്ന വഴിക്ക്
ബൈപ്പാസ് നിർമ്മാണം നടക്കുന്ന മേഖലയിൽ ബൈക്ക് നിയന്ത്രണം വിട്ട് ബൈപ്പാസിന്റെ ഭിത്തിയിൽ ഇടിച്ചുകയറുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും സുജിത്തിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സുജിത്തിനോടൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ദയവായി ഇരുചക്രവാഹനങ്ങൾ വേഗത കുറച്ച് വളരെ സൂക്ഷിച്ച് മാത്രം ഓടിക്കുക.

കാര്‍ പാര്‍ക്കിങ്ങിന് 400 രൂപ, ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ ‘കൊള്ള’, രണ്ട് പേര്‍ പിടിയില്‍

കാര്‍ പാര്‍ക്കിങ്ങിന് 400 രൂപ, ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ ‘കൊള്ള’, രണ്ട് പേര്‍ പിടിയില്‍

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല അര്‍പ്പിക്കാന്‍ എത്തിയ ഭക്തരില്‍ നിന്ന് പാര്‍ക്കിങ്ങിന്റെ പേരില്‍ അനധികൃത പിരിവ് നടത്തിയ രണ്ട് പേര്‍ പിടിയില്‍. എസ് എം വി ഗവണ്‍മെന്റ് സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ഉള്‍പ്പടെ രണ്ട് പേരാണ് പിടിയിലായത്. ഒരു കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി 400 രൂപയാണ് ഇവര്‍ ഭക്തരില്‍ നിന്ന് വാങ്ങിയത്. പി ടി എ വികസന ഫണ്ടിന്റെ റസീത് ആണ് വാഹന ഉടമകള്‍ക്ക് നല്‍കിയത്.

സംഭവത്തില്‍ പിടിഎ പ്രസിഡന്റ് കര്‍ണന്‍, ഭാരവാഹി ഹാഷിം എന്നിവര്‍ക്കെതിരെ കേസെടുത്തു. തമ്പാനൂര്‍ പൊലീസ് ആണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ കരുതല്‍ അറസ്റ്റിലാക്കി. പൊങ്കാലയോടനുബന്ധിച്ച് പല സ്വകാര്യ സ്ഥാപനങ്ങളും പിരിവ് നടത്തുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. അനധികൃത പിരിവിന്റെ പേരില്‍ നിരവധി പരാതികള്‍ കിട്ടിയെന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരം കോര്‍പറേഷനും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.ഐരാണിമുട്ടത്ത് താല്‍ക്കാലികമായി തട്ടിക്കൂട്ടിയ സ്വകാര്യ പാര്‍ക്കിങ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം മേയര്‍ വി വി രാജേഷ് ഇടപെട്ട് നിര്‍ത്തിവെപ്പിച്ചിരുന്നു. തുടര്‍ന്ന് അനുവദനീയ നിരക്ക് മാത്രമേ ഈടാക്കൂ എന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനാനുമതി നല്‍കി. സ്വകാര്യ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ലൈസന്‍സ് നേടണം എന്നാണ് കോര്‍പറേഷന്‍ കൗണ്‍സില്‍ പാസാക്കിയ നിയമാവലിയിലെ പ്രധാന നിര്‍ദേശം. ഓരോ തരം വാഹനങ്ങളില്‍ നിന്ന് ഈടാക്കേണ്ട നിരക്കും നിയമാവലിയിലുണ്ട്.

ഡോ. ജെ. സി.ഡാനിയൽ നാഷണൽ അവാർഡ് കവലയൂർ എസ്. താണുവൻ ആചാരിക്ക്

ഡോ. ജെ. സി.ഡാനിയൽ നാഷണൽ അവാർഡ് കവലയൂർ എസ്. താണുവൻ ആചാരിക്ക്

തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ ഡോ. ജെ.സി.ഡാനിയലിന്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ വച്ച് സുപ്രസിദ്ധ സിനിമാ നടൻ പ്രേംകുമാറിൽ നിന്നും ജെ.സി. ഡാനിയേൽ ‘ഗുരുരത്ന’ നാഷണൽ അവാർഡ് കവിയും അധ്യാപകനുമായ കവലയൂർ എസ് താണുവാൻ ആചാരി ഏറ്റുവാങ്ങി. ഗാന്ധി സ്മാരക വൈസ് ചെയർമാൻ വി.കെ.മോഹൻ അധ്യക്ഷനായ സമ്മേളനം ഹൈക്കോടതി ജഡ്ജി ഹരിഹരൻ നായർ ഉദ്ഘാടനം ചെയ്തു. ഡോ. ജെ.സി. ഡാനിയലിന്റെ മകൻ ഹാരിസ് ഡാനിയൽ ഉൾപ്പെട്ട ഡാനിയൽ കുടുംബത്തിന്റെ സാന്നിധ്യം സമ്മേളനത്തിന് മാറ്റുകൂട്ടി.

സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെടും; നഴ്‌സുമാരുടെ സമരം ഇന്ന് മുതല്‍

സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെടും; നഴ്‌സുമാരുടെ സമരം ഇന്ന് മുതല്‍

തിരുവനന്തപുരം: മിനിമം വേതനം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന് മുതല്‍ പണിമുടക്കിലേക്ക്. അത്യാഹിത വിഭാഗങ്ങളില്‍ മാത്രമാകും സേവനം നല്‍കുക. അത്യാഹിത വിഭാഗങ്ങളില്‍ മൂന്നിലൊന്ന് നഴ്സുമാര്‍ മാത്രമേ ജോലിയില്‍ പ്രവേശിക്കൂ. വാര്‍ഡ് ഡ്യൂട്ടികളില്‍ നിന്ന് നഴ്സുമാര്‍ വിട്ടു നില്‍ക്കും. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് സമരക്കാര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.

മിനിമം വേതനം പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി സമരത്തിലേക്ക് നീങ്ങുന്നത്. അടിസ്ഥാന ശമ്പളം 40,000 രൂപ ആക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.

കേരളത്തിലെ ഏകദേശം 490 സ്വകാര്യ ആശുപത്രികളിലെ ആയിരക്കണക്കിന് നഴ്‌സുമാര്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സംഘടന അറിയിച്ചു. ചെറുകിട ക്ലിനിക്കുകള്‍ മുതല്‍ വന്‍കിട മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ വരെയുള്ള 490 ഓളം സ്ഥാപനങ്ങളിലെ നഴ്‌സുമാര്‍ ഡ്യൂട്ടി ബഹിഷ്‌കരിക്കും.

ഇതോടെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെടാനുള്ള സാധ്യത കൂടുതലാണ്. നഴ്‌സുമാര്‍ കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ സര്‍ക്കാര്‍ മെല്ലെപ്പോക്ക് നയം തുടരുകയാണെന്നും അനിശ്ചിതകാല സമരമല്ലാതെ മറ്റ് വഴികളില്ലെന്നും യുഎന്‍എ നേതൃത്വം വ്യക്തമാക്കി.