ശബരിമലയിലെ കുത്തക കരാറുകള്‍: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

ശബരിമലയിലെ കുത്തക കരാറുകള്‍: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: ശബരിമലയിലെ കുത്തക കരാറുകളില്‍ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. ശബരിമലയിലെ പാര്‍ക്കിങ്, നാളികേരം, കച്ചവട സ്ഥാപനങ്ങളുടെ ലേലം തുടങ്ങിയ കരാറുകളിലാണ് അന്വേഷണം. കഴിഞ്ഞ വര്‍ഷം നല്‍കിയ കരാര്‍ ഇടപാടുകളിലാണ് അന്വേഷണം. വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥ തല വീഴ്ച കണ്ടെത്തിയാല്‍ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ദേവസ്വം ബോര്‍ഡിന് ക്ഷേത്രത്തിന്റെ സ്വത്തുവകകള്‍ സംരക്ഷിക്കാനുള്ള ബാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.

എല്ലാ കുത്തക കരാറുകളിലും അന്വേഷണം നടത്താനാണ് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ളത്. കഴിഞ്ഞ മണ്ഡല കാലത്ത് ഈ കരാറുകളില്‍ ക്രമക്കേട് നടന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്. വ്യവസ്ഥ പ്രകാരമുള്ള ഈടു വെയ്ക്കാതെയും ബാങ്ക് ബാലന്‍സ് കാണിക്കാതെയും കരാറുകാര്‍ വീഴ്ച വരുത്തുന്നുവെന്നാണ് ആക്ഷേപം ഉയര്‍ന്നത്.

പിക്കപ്പ് ഡ്രൈവറെ മർദിച്ച് പണം തട്ടിയെടുത്തു

പിക്കപ്പ് ഡ്രൈവറെ മർദിച്ച് പണം തട്ടിയെടുത്തു

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിഭാഗത്ത് അർധരാത്രി നിർത്തിയിട്ടിരുന്ന പിക്കപ്പ് വാഹനം കവർച്ച. വാഹനത്തിൽ ഉണ്ടായിരുന്ന പണം തട്ടിയെടുത്ത് റോഡരികിൽ ഉപേക്ഷിച്ചു. വയനാട്ടിൽ നിന്നും വാഴക്കുല കയറ്റാനായി പോയി തിരികെ വരുമ്പോൾ വെസ്റ്റ് കൈതപ്പൊയിലിൽ വെച്ച് പിക്കപ്പ് തട്ടിയെടുപ്പ് നടന്നത്. ഇന്നോവയിൽ എത്തിയ സംഘമാണ് ഡ്രൈവർ ഷാഹിദിനെ മർദ്ദിച്ച് പിക്കപ്പുമായി കടന്നത്. വാഹനത്തിലെ ഡാഷ് ബോർഡിൽ സൂക്ഷിച്ച 65000 ത്തോളം രൂപ കവർന്ന സംഘം വാവാടിന് സമീപം പിക്കപ്പ് ഉപേക്ഷിച്ചു. സംഭവത്തിൽ താമരശ്ശേരി പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.

സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി; ഏപ്രില്‍ 30ന് കൊല്ലുമെന്ന് ‘റോക്കി ഭായ്’, അന്വേഷണം

സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി; ഏപ്രില്‍ 30ന് കൊല്ലുമെന്ന് ‘റോക്കി ഭായ്’, അന്വേഷണം

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ഖാന് വീണ്ടും വധഭീഷണി. ഏപ്രില്‍ 30ന് സല്‍മാന്‍ ഖാനെ കൊല്ലുമെന്ന് ഫോണിലൂടെയാണ് ഭീഷണി മുഴക്കിയത്. മുംബൈ പൊലീസിനാണ് ഭീഷണി കോള്‍ ലഭിച്ചത്. റോക്കി ഭായ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് സല്‍മാന്‍ ഖാനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. പൊലീസ് കണ്‍ട്രോള്‍ റൂമിന് ഇന്നലെയാണ് കോള്‍ ലഭിച്ചത്. രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്നാണ് വിളിക്കുന്നതെന്നാണ് റോക്കി ഭായ് എന്ന് സ്വയം പരിചയപ്പെടുത്തിയയാള്‍ പറഞ്ഞതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മുംബൈ പൊലീസ് അറിയിച്ചു. കഴിഞ്ഞമാസവും സമാനമായ നിലയില്‍ സല്‍മാന്‍ ഖാന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.

ഇ-മെയില്‍ മുഖേനയാണ് അന്ന് ഭീഷണി സന്ദേശം ലഭിച്ചത്. ഇതിന് പിന്നാലെ സല്‍മാന്‍ഖാന്റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. അടുത്തിടെ സുരക്ഷയുടെ ഭാഗമായി സല്‍മാന്‍ ഖാന്‍ ബുളറ്റ്പ്രൂഫ് എസ് യുവി വാങ്ങിയിരുന്നു. ലോറന്‍സ് ബിഷ്‌നോയി അടക്കമുള്ളവരുടെ ഭീഷണി സന്ദേശത്തെ തുടര്‍ന്നാണ് വാഹനം മാറ്റിയത്.

‘അരിക്കൊമ്പനെ ഇവിടെ വേണ്ട’; വനംവകുപ്പിന്റെ ട്രയല്‍ റണ്‍ തടഞ്ഞ് നാട്ടുകാര്‍

‘അരിക്കൊമ്പനെ ഇവിടെ വേണ്ട’; വനംവകുപ്പിന്റെ ട്രയല്‍ റണ്‍ തടഞ്ഞ് നാട്ടുകാര്‍

തൃശൂര്‍: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനായുള്ള വനംവകുപ്പിന്റെ ട്രയല്‍ റണ്‍ നാട്ടുകാര്‍ തടഞ്ഞു. വാഴച്ചാലില്‍ ലോറി തടഞ്ഞാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. ആദിവാസികളും ജനപ്രതിനിധികളും അടക്കം റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇപ്പോള്‍ തന്നെ വന്യമൃഗങ്ങളുടെ ശല്യം മൂലം ദുരിതത്തിലാണ് തങ്ങളെന്നും നാട്ടുകാര്‍ പറഞ്ഞു. ആനയെയും പുലിയെയും പാമ്പിനെയും എല്ലാം പിടിച്ചാലും ഇവിടെ കൊണ്ടുവന്നാണ് ഇടുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. അരിക്കൊമ്പനെ ഇവിടെ വേണ്ട. ഞങ്ങളും മനുഷ്യരാണ്.

ഇവിടെ ജീവിക്കാന്‍ ഞങ്ങള്‍ക്കും അവകാശമില്ലേ. ആനയെ കൊണ്ടുവരാന്‍ സമ്മതിക്കില്ലെന്നും, അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കയറ്റിവിടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. ചാലക്കുടി, അതിരപ്പിള്ളി വനമേഖലയിലൂടെ പറമ്പിക്കുളത്തേക്ക് എത്തിക്കാനാണ് വനംവകുപ്പ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് വനംവകുപ്പ് രാവിലെ ഏഴുമണിയോടെ ട്രയല്‍ റണ്‍ നടത്തിയത്.

വാഴച്ചാല്‍ ചെക്‌പോസ്റ്റ് കഴിഞ്ഞ് മുന്നോട്ടുപോയപ്പോഴാണ് നാട്ടുകാര്‍ സംഘടിച്ചെത്തി ട്രയല്‍ റണ്‍ തടഞ്ഞത്. അരിക്കൊമ്പനെ കാടു മാറ്റുന്നതിനെതിരെ പറമ്പിക്കുളത്തും പ്രതിഷേധം തുടരുകയാണ്. അതേസമയം, അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതില്‍ പ്രതിഷേധിച്ച് മുതലമട പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍. പഞ്ചായത്തു പരിധിയില്‍ രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുള്ളത്.

അരിക്കൊമ്പന്‍ വിഷയം ഹൈക്കോടതി നാളെ പരിഗണിക്കും. ആനയെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി അടക്കം കോടതി പരിഗണിക്കും. നെന്മാറ എംഎല്‍എ കെ ബാബുവാണ് റിവ്യൂ ഹര്‍ജി ഫയല്‍ ഹര്‍ജി ചെയ്തത്. ഇടുക്കിയില്‍ ജനജീവിതത്തിന് ഭീഷണിയായ കാട്ടാനയെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരരുതെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ഇന്ധനം തീർന്ന് വഴിയ്ക്കായാലും പെട്രോൾ കുപ്പിയിൽ കിട്ടില്ല; പാചകവാതകം കൊണ്ടുപോകുന്നതിനും നിയന്ത്രണം

ഇന്ധനം തീർന്ന് വഴിയ്ക്കായാലും പെട്രോൾ കുപ്പിയിൽ കിട്ടില്ല; പാചകവാതകം കൊണ്ടുപോകുന്നതിനും നിയന്ത്രണം

ഷോര്‍ണൂര്‍: പാചകവാതകം ഉള്‍പ്പടെയുള്ള പെട്രോളിയം ഉത്പന്നങ്ങള്‍ ഇനി ഓട്ടോറിക്ഷ ഉള്‍പ്പടെയുള്ള ടാസ്‌കി വാഹനങ്ങളിലോ സ്വകാര്യ വാഹനങ്ങളിലോ കൊണ്ടു പോകാന്‍ അനുവദിക്കില്ല. ഇതുമായി ബന്ധപ്പെട്ട് 2002ലെ പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ നിയമം കര്‍ശനമാക്കാന്‍ തീരുമാനം. ഈ നിയമം ശക്തമാക്കുന്നതോടെ വീടുകളിലേക്ക് എല്‍ പി ജി സിലിണ്ടറുകള്‍ സ്വന്തം വാഹനത്തില്‍ കൊണ്ടു പോയാലും കടുത്ത നടപടികള്‍ നേരിടേണ്ടിവരും.

ഇനി വാഹനങ്ങളില്‍ ഇന്ധനം തീര്‍ന്ന് വഴിയില്‍ കിടന്നാല്‍ കുപ്പിയുമായി പമ്പില്‍ ചെന്നാല്‍ പോലും ഇന്ധനം ലഭിക്കില്ല. കൂടാതെ ബസുകളില്‍ യാത്രക്കാരുമായി പമ്പില്‍ ചെന്ന് ഡീസലടിക്കുന്നതും നിര്‍ത്തലാക്കും. എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ രണ്ട് കുപ്പി പെട്രോളുമായി എത്തിയാണ് പ്രതി തീയിട്ടത്.

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഒരു പവന് സ്വർണത്തിന്റെ വില 240 രൂപ വർധിച്ച് 44560 രൂപയായി ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന്റെ വില 5570 രൂപയായി. കഴിഞ്ഞ ദിവസം കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് രേഖപ്പെടുത്തിയത് 5540 രൂപയായിരുന്നു. ഒരു പവനാകട്ടെ 44320 രൂപയും. ഏപ്രിൽ അഞ്ചാം തിയതിയാണ് കേരളത്തിൽ സ്വാര്തന വില ലോക റെക്കോർഡിലേക്ക് കുതിച്ചുയരുന്നത്. അന്ന് സ്വർണ വില തലേ ദിവസത്തേക്കാൾ ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വർധിച്ച് ഗ്രാമിന് 5625 രൂപയും പവന് 45000 രൂപയുമായി. ചെറിയ ചാച്ചാട്ടങ്ങൾ ഒഴിവാക്കിയാൽ ഈ മാസം സ്വർണവില കുതിപ്പിൽ തന്നെയാണ് തുടരുന്നത്.