കാട് പിടിച്ച് കിടന്ന മുമ്മൂലി തോടും പരിസരവും  ബി.ജെ.പി.പ്രവർത്തകർ വൃത്തിയാക്കി

കാട് പിടിച്ച് കിടന്ന മുമ്മൂലി തോടും പരിസരവും ബി.ജെ.പി.പ്രവർത്തകർ വൃത്തിയാക്കി

ഏപ്രിൽ 6 മുതൽ ഏപ്രിൽ 14 വരെ നടക്കുന്ന ബി.ജെ.പി പതിനാലാം ജൻമദിനത്തിൻ്റെ ഭാഗമായി നടക്കുന്ന വിവിധ പരിപാടിയുടെ ഭാഗമായി ബി.ജെ.പി. ഇരുപത്തിയെട്ടാംമൈൽ വാർഡ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കാട് പിടിച്ച് ജനങ്ങൾക്ക് കാൽനടയാത്ര പോലും ബുദ്ധിമുട്ടായി മാറിയ മുമ്മൂലി തോടും പരിസരവും വൃത്തിയാക്കി.

ബി.ജെ.പി. നാവായിക്കുളം മണ്ഡലം പ്രസിഡൻ്റ് സജി.പി.മുല്ലനല്ലൂർ ഉദ്ഘാടനം ചെയ്തു. ഇരുപത്തിയെട്ടാംമൈൽ വാർഡ് മെമ്പർ പൈവേലിക്കോണം ബിജു, വാർഡ് കൺവീനർ അനിൽ കുമാർ, ബി.ജെപി.നേതാക്കളായ സുദേവൻ ജി,അശോകൻ, അജയൻ ആലുംകുന്ന്, ഗോപിനാഥൻ, മുരുകൻ.ജി എന്നിവർ ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകി. ഏകദേശം അൻപതോളം മദ്യകുപ്പികളാണ് റോഡ് സൈഡിൽ നിന്ന് ലഭിച്ചത്.

കല്ലിൻ മൂട് ജംഗ്ഷനിൽ സുരക്ഷ ക്യാമറകളുടെ ഉദ്ഘാടനം ഇന്ന്

കല്ലിൻ മൂട് ജംഗ്ഷനിൽ സുരക്ഷ ക്യാമറകളുടെ ഉദ്ഘാടനം ഇന്ന്

മുദാക്കൽ പഞ്ചായത്തിൽ കല്ലിൻമൂട് വാർഡിന്റെ ആസ്ഥാന ജംഗ്ഷനായ കല്ലിൻ മൂട്ടിൽ, വാർഡ് സമിതിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ പോലീസുമായി സംയുക്തമായി സ്ഥാപിച്ച സുരക്ഷ ക്യാമറകളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് കല്ലിൻമൂട് ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ ആറ്റിങ്ങൽ സർക്കിൾ ഇൻസ്പെക്ടർ തൻസീം അബ്ദുൾ സമദ് നിർവഹിക്കും.

വാർഡ് മെമ്പർ പൂവണത്തുംമൂട് മണികണ്ഠൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വാർഡു മെമ്പർ ബാദുഷ, പുലരി സെക്രട്ടറി അജി, വയോജന ക്ലബ് ഭാരവാഹികൾ, കല്ലിൻമൂട് പൗരസമിതി ഭാരവാഹികൾ, വാർഡു സമിതി ഭാരവാഹികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. കല്ലിൻമൂട് നിവാസികളിൽ നിന്ന് സാമ്പത്തികം കണ്ടെത്തിയാണ് നിരീക്ഷണ ക്യാമറ സ്ഥാപിച്ചത്.

യുവാവിനെ നഗ്നനാക്കി മർദ്ദിച്ച സംഭവം: മുഖ്യപ്രതി ലക്ഷ്മിപ്രിയ പിടിയിൽ

യുവാവിനെ നഗ്നനാക്കി മർദ്ദിച്ച സംഭവം: മുഖ്യപ്രതി ലക്ഷ്മിപ്രിയ പിടിയിൽ

തിരുവനന്തപുരം: വര്‍ക്കല അയിരൂരിൽ പ്രണയത്തിൽ നിന്ന് പിന്മാറാത്തതിന് യുവാവിനെ കോളേജ് വിദ്യാര്‍ത്ഥിനിയും ഗുണ്ടകളും നഗ്‍നനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. വര്‍ക്കല സ്വദേശിയും ബിസിഎ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയുമായ ലക്ഷ്മിപ്രിയയാണ് അറസ്റ്റിലായത്. ഇവരടക്കം ഏഴ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഘത്തിലുണ്ടായിരുന്ന എറണാകുളം മഞ്ഞുമ്മൽ സ്വദേശി അമലിനെ അയിരൂര്‍ പൊലീസ് ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.

ഏപ്രിൽ അഞ്ചിനായിരുന്നു സംഭവം. വര്‍ക്കല സ്വദേശിയായ ലക്ഷ്മി പ്രിയയും അയിരൂര്‍ സ്വദേശിയായ യുവാവും പ്രണയത്തിലായിരുന്നു. ലക്ഷ്മിപ്രിയ എറണാകുളത്ത് ബിസിഎയ്ക്ക് പഠിക്കാൻ പോയ ശേഷം മറ്റൊരാളുമായി പ്രണയത്തിലായി. പലതവണ പറഞ്ഞിട്ടും യുവാവ് പ്രണയത്തിൽ നിന്ന് പിന്മാറായില്ല. ഒടുവിൽ ഫോണിലൂടെ സന്ദേശങ്ങൾ അയച്ച് ലക്ഷ്മി പ്രിയ തന്ത്രപൂര്‍വ്വം യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി. പിന്നീട് കാറിൽ വച്ച് ഗുണ്ടകളുടെ സഹായത്തോടെ മര്‍ദ്ദിച്ചു. സ്വര്‍ണ മാലയും കൈവശമുണ്ടായിരുന്ന 5500 രൂപയും ഐ ഫോൺ വാച്ചും കവര്‍ന്നു. കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി, മര്‍ദ്ദിച്ചു.

എറണാകുളത്തെ ആളൊഴിഞ്ഞ വീട്ടിൽ യുവാവിനെ എത്തിച്ച ലക്ഷ്മിപ്രിയയും പുതിയ കാമുകനുൾപ്പെട്ട സംഘവും കെട്ടിയിട്ട് നഗ്‍നനാക്കി മര്‍ദ്ദിച്ചു. യുവാവിന്‍റെ ഐഫോണിൽ ലക്ഷ്മിപ്രിയയാണ് ദൃശ്യങ്ങൾ പകര്‍ത്തിയത്. ദൃശ്യങ്ങൾ പ്രതികൾക്ക് അയച്ച ശേഷം നീക്കം ചെയ്തു. പ്രണയത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.

മൊബൈൽ ഫോണിന്‍റെ ചാര്‍ജര്‍ നാക്കിൽ വച്ച് ഷോക്കടിപ്പിച്ചെന്നും കഞ്ചാവ് വലിപ്പിച്ചെന്നും പരാതിയിലുണ്ട്. മര്‍ദ്ദനത്തിന് ശേഷം യുവാവിനെ വൈറ്റിലയിൽ ഉപേക്ഷിച്ചാണ് സംഘം കടന്നുകളഞ്ഞത്. എറണാകുളത്തെ ബന്ധുക്കളെത്തി യുവാവിനെ കളമശ്ശേരി മെഡിക്കൽ കോളേജിലെത്തിച്ചു. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടി ക്വട്ടേഷൻ നൽകിയതാണോ അതോ സുഹൃത്തുക്കളാണോ സംഘത്തിലുണ്ടായിരുന്നത് എന്നതിലും അന്വേഷണമുണ്ടാകും.

പത്തു വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ച സംഭവത്തിൽ മദ്ധ്യവയസ്കൻ  അറസ്റ്റിൽ

പത്തു വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ച സംഭവത്തിൽ മദ്ധ്യവയസ്കൻ അറസ്റ്റിൽ

വെഞ്ഞാറമൂട്: പത്ത് വയസ്സുള്ള ആൺക്കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ച സംഭവത്തിൽ മദ്ധ്യവയസ്കനെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തു. മാണിക്കൽ മൺവിളമുകൾ ജയശ്രീ ഭവനിൽ രാജനാണ് [59] അറസ്റ്റിലായത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്. പകൽ പറമ്പിൽ കളിച്ചുകൊണ്ട് നിൽക്കുകയാരുന്ന കുട്ടിയെ ഇയാൾ ലൈംഗികമായി പീഡിപ്പിയ്ക്കുക എന്ന ഉദ്ദേശത്തോട് കൂടി കടന്ന് പിടിക്കുകയും കുട്ടി കുതറി ഓടി രക്ഷപ്പെടുകയും ചെയ്തു. പരിഭ്രാന്തിയിൽ ഓടി വീട്ടിലെത്തിയ കുട്ടിയോട് രക്ഷകർത്താക്കാൾ കര്യം തിരക്കുകയും തുടർന്ന് അവർ വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകുകയുമായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടയിൽ പ്രതി വീട്ടിന് സമീപത്ത് എത്തിയതായി അറിഞ്ഞ പോലീസ് സ്ഥലത്ത് എത്തി പിടികൂടുകയായിരുന്നു. തിരുവനന്തപുരം റൂറൽ ജില്ല പോലീസ് മേധാവി ശിൽപയുടെ നിർദ്ദേശ അനുസരണം വെഞ്ഞാറമൂട് ഇൻസ്പെക്ടർ അനൂപ് കൃഷ്ണ, എസ് ഐ മാരായ ഷാൻ. ഷാജി, ഗ്രേഡ് എ എസ് ഐ സനിത, സിപിഒ മാരായ സ്റ്റെഫി സാമുവൽ ,അനൂപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

ബാലസാഹിത്യകാരന്‍ കെ വി രാമനാഥന്‍ അന്തരിച്ചു

ബാലസാഹിത്യകാരന്‍ കെ വി രാമനാഥന്‍ അന്തരിച്ചു

തൃശ്ശൂര്‍: പ്രശസ്ത ബാലസാഹിത്യകാരന്‍ കെ വി രാമനാഥന്‍ അന്തരിച്ചു. 91 വയസ്സായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് അന്ത്യം സംഭവിച്ചത്. ബാലസാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2014-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. അദ്ഭുതവാനരന്മാര്‍, അദ്ഭുതനീരാളി, ആമയും മുയലും ഒരിക്കല്‍ക്കൂടി, കമാന്‍ഡര്‍ ഗോപി, മാന്ത്രികപ്പൂച്ച തുടങ്ങി ഇരുപതോളം ബാലസാഹിത്യകൃതികളുടെ രചയിതാവാണ്.

ഇരിങ്ങാലക്കുട നാഷണല്‍ ഹൈസ്‌കൂളില്‍ 36 വര്‍ഷം അധ്യാപകനായിരുന്നു. 1949-ല്‍ ദീനബന്ധു പത്രത്തില്‍ കഥയെഴുതിയാണ് അദ്ദേഹം സാഹിത്യരംഗത്തേക്കെത്തുന്നത്. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം, കൈരളി ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റിന്റെ ഓണററി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ട്രെയിനിലെ അപായച്ചങ്ങല വലിച്ചത് അഞ്ചുപേര്‍; ഷാറൂഖ് സെയ്ഫി ടിക്കറ്റെടുത്തത് കോഴിക്കോട്ടേക്ക്

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി ഡല്‍ഹിയില്‍ നിന്നും ട്രെയിന്‍ ടിക്കറ്റ് എടുത്തത് കേഴിക്കോട്ടേക്ക്. സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ് ട്രെയിനില്‍ എത്തിയ ഷാറൂഖ് എന്നാല്‍ ഷൊര്‍ണൂരാണ് ഇറങ്ങിയത്. എന്നാല്‍ ഇറങ്ങിയ സ്ഥലം അറിയില്ലെന്നാണ് ഷാറൂഖ് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഈ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ് ഷാറൂഖിന്റെ നീക്കമെന്നാണ് പൊലീസ് വിലയിരുത്തല്‍. ഷൊര്‍ണൂര്‍ പുലര്‍ച്ചെ 4.45 നാണ് ഷൊര്‍ണൂരില്‍ ഇറങ്ങുന്നത്. തീവെപ്പുണ്ടായ എക്‌സിക്യൂട്ടീവ് ട്രെയിനില്‍ കയറുന്നത് വൈകീട്ട് 7. 19 നാണ്.

ഇതിനിടെയുള്ള സമയങ്ങളില്‍ ഷാറൂഖ് എവിടെയായിരുന്നു, ആരൊക്കെയായി കൂടിക്കാഴ്ച നടത്തി, എവിടെയെല്ലാം പോയി തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. ഷൊര്‍ണൂരിന്റെ സമീപപ്രദേശത്ത് ചില സ്ഥലങ്ങളില്‍ ഷാറൂഖ് സെയ്ഫി പോയിട്ടുണ്ടെന്നും, ചിലരെ കണ്ടതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ട്രെയിനിലെ തീവെപ്പിന് പ്രതിക്ക് പുറത്തു നിന്നും സഹായം ലഭിച്ചു എന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഷാറൂഖിന്റെ ബാഗില്‍ കണ്ടെത്തിയ ടിഫിന്‍ ബോക്‌സിലെ ഭക്ഷണം ഡല്‍ഹിയില്‍ നിന്നും വാങ്ങിയതാണെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഭക്ഷണം അത്രയ്ക്ക് പഴകിയതല്ലെന്ന് പൊലീസ് കണ്ടെത്തി. അതുപോലെ, ട്രെയിനില്‍ തീവെച്ച സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളല്ല, പിടിയിലാകുമ്പോള്‍ ഷാറൂഖ് ധരിച്ചിരുന്നത്.

ആക്രമണം നടന്ന രാത്രി പ്രതിയുടെ വസ്ത്രങ്ങളടങ്ങിയ ബാഗ് പാളത്തില്‍ നഷ്ടപ്പെട്ട ശേഷവും കണ്ണൂരിലെത്തിയപ്പോള്‍ മാറിധരിക്കാന്‍ ഷര്‍ട്ട് ലഭിച്ചത് എങ്ങനെയെന്നും അന്വേഷിക്കുന്നു. ചോദ്യം ചെയ്യലില്‍ തീവെപ്പ് താന്‍ ഒറ്റയ്ക്ക് നടത്തിയതാണെന്ന മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ് ഷാറൂഖ് ചെയ്യുന്നത്. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതി ഷാറുഖ് സെയ്ഫി ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ലെന്നും പൊലീസ് പറയുന്നു.

ട്രെയിനിലെ ഡി1 കോച്ചില്‍ തീവെപ്പ് ഉണ്ടായ സമയത്ത് സമീപത്തെ 5 കോച്ചുകളിലെ അപായച്ചങ്ങല വലിച്ചിട്ടുണ്ട്. ലോക്കോ പൈലറ്റ് എത്തി 5 കോച്ചുകളിലെയും അപായച്ചങ്ങല ശരിയാക്കിയ ശേഷമാണു യാത്ര പുനരാരംഭിച്ചത്. തീവെപ്പുണ്ടായപ്പോള്‍ ഭയന്ന യാത്രക്കാര്‍ മറ്റു കോച്ചുകളിലേക്ക് ഓടിയിരുന്നു. ഇവരാകാം അപായച്ചങ്ങല വലിച്ചതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം രക്ഷപ്പെടാന്‍ ഷാറൂഖിന്റെ കൂട്ടാളികളാണോ ഇതു ചെയ്തതെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ട്രെയിന്‍ നിര്‍ത്തുമ്പോള്‍ ഡി1 കോച്ച് കോരപ്പുഴ പാലത്തിനു മുകളിലായിരുന്നു.