കാട്ടാനയുടെ മുന്നില്‍പ്പെട്ട ദമ്പതികള്‍ക്ക് ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റു

കാട്ടാനയുടെ മുന്നില്‍പ്പെട്ട ദമ്പതികള്‍ക്ക് ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റു

തൃശൂര്‍: കാട്ടാനയുടെ മുന്നില്‍പ്പെട്ട ദമ്പതികള്‍ക്ക് ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റു. റബര്‍ ടാപ്പിങ്ങിന് പോയ ദമ്പതികള്‍ക്കാണ് പരിക്കേറ്റത്. കാരിക്കുളം സ്വദേശികളായ അഷ്‌റഫ്, നസിയ എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ അഞ്ചരയോടെ പാലപ്പിള്ളിയിലാണ് സംഭവം. റോഡ് മുറിച്ചുകടക്കുന്ന കാട്ടാനയുടെ മുന്നില്‍ ദമ്പതികള്‍ അകപ്പെടുകയായിരുന്നു. നിയന്ത്രണംവിട്ട ബൈക്കില്‍ നിന്ന് വീണാണ് ഇരുവര്‍ക്കും പരിക്കേറ്റത്. ഈസമയം അതുവഴി വന്ന മറ്റു യാത്രക്കാര്‍ ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വേനല്‍ കടുത്തതോടെ പാലപ്പിള്ളിയിലെ ജനവാസകേന്ദ്രത്തില്‍ കാട്ടാന ഇറങ്ങുന്നത് പതിവായിരിക്കുകയാണ്.

കാട്ടുപന്നി കാറിനു കുറുകെ ചാടി; മൂന്ന് പേർക്ക് പരിക്ക്; പന്നി ചത്തു

കാട്ടുപന്നി കാറിനു കുറുകെ ചാടി; മൂന്ന് പേർക്ക് പരിക്ക്; പന്നി ചത്തു

വടക്കഞ്ചേരി: ദേശീയപാതയിൽ വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്ത് കാട്ടുപന്നി കാറിന് കുറുകെ ചാടി മൂന്ന് പേർക്ക് പരിക്ക്. തൃശൂർ ഗുരുവായൂർ സ്വദേശി സിൽബികുമാർ, ഭാര്യ സഞ്ജു, ഇവരുടെ മകനുമാണ് പരിക്കേറ്റത്. ഇന്നലെ രാത്രി എട്ടരയോടു കൂടിയാണ് സംഭവം. കോയമ്പത്തൂരിൽ ആശുപത്രിയിൽ പോയി ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിൽ പന്നി ഇടിക്കുകയായിരുന്നു.

പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാട്ടുപന്നി ചത്തു. ചത്ത പന്നിയെ വനം വകുപ്പ് അധികൃതർ എത്തി സംസ്ക്കരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ആയക്കാട് സ്കൂളിന് സമീപം ഓട്ടോയ്‌ക്ക് കുറുകെ കാട്ടുപന്നി കുറുകെ ചാടി ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി; കേസ് റദ്ദാക്കില്ല

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി; കേസ് റദ്ദാക്കില്ല

കൊച്ചി: സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കര്‍ദിനാള്‍ തുടര്‍നടപടി നേരിടണമെന്ന ഹൈക്കോടതി വിധി നിലനില്‍ക്കും. ഈ സാഹചര്യത്തില്‍ കര്‍ദിനാള്‍ വിചാരണയുള്‍പ്പെടെ നേരിടേണ്ടി വരും. ഏഴ് കേസുകളാണ് കര്‍ദിനാളിനെതിരെയുള്ളത്.

സിറോ മലബാര്‍ സഭ ഭൂമി കച്ചവടത്തില്‍ ആധാരം വില കുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്ന പരാതിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കേസെടുത്തത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകള്‍ നടന്നതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കര്‍ദിനാളിനെതിരായ പരാതിയില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഭൂമിയാണ് വിറ്റതെന്ന ആരോപണം അന്വേഷണത്തില്‍ കണ്ടെത്തി. നിയമ വിരുദ്ധമായി ഒന്നും തന്നെ കണ്ടെത്തിയിരുന്നില്ല. കോടതി ആവശ്യപ്പെടുകയാണെങ്കില്‍ കേസ് തുടര്‍ന്നും അന്വേഷിക്കാമെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു.

ബെവ്കോ ജീവനക്കാരുടെ ആരോ​ഗ്യം പ്രധാനം; ഡോക്ടർമാരുടെ സേവനം ഉറപ്പാക്കും

ബെവ്കോ ജീവനക്കാരുടെ ആരോ​ഗ്യം പ്രധാനം; ഡോക്ടർമാരുടെ സേവനം ഉറപ്പാക്കും

തിരുവനന്തപുരം; ബിവറേജസ് കോർപ്പറേഷനിലെ ജീവനക്കാരുടെ ആരോ​ഗ്യം പരിപാലിക്കാൻ ഡോക്ടർമാരുടെ സേവനം ഏർപ്പെടുത്താൻ തീരുമാനം. ജീവനക്കാരുടെ മാനസിക സമ്മർദം കുറയ്ക്കാനും ആരോഗ്യം പരിശോധിക്കാനുമായി ബെവ്കോ ആസ്ഥാനത്താണ് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുന്നത്.

എല്ലാ ആഴ്ചയിലും ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒന്നു മുതൽ രണ്ടു വരെയാണു ഡോക്ടറുടെ സേവനം ലഭിക്കുക. ബെവ്കോ ആസ്ഥാനത്തും ജില്ലയിലെ ഔട്‌ലെറ്റിലുമുള്ളവർക്ക് പ്രയോജനപ്പെടുത്താം. മറ്റു ജില്ലകളിൽനിന്ന് ആസ്ഥാനത്ത് എത്തുന്ന ജീവനക്കാരെയും പരിശോധിക്കും. കൺസൽറ്റേഷൻ സൗജന്യമാണെന്നു ബവ്കോ സിഎംഡി യോഗേഷ് ഗുപ്ത പറഞ്ഞു. അടുത്ത ആഴ്ച ഒപി പ്രവർത്തനം തുടങ്ങും.

വിഴിഞ്ഞത്ത് ഓണത്തിന് ആദ്യ കപ്പൽ എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ

വിഴിഞ്ഞത്ത് ഓണത്തിന് ആദ്യ കപ്പൽ എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഓണത്തിന് ആദ്യ കപ്പൽ എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ ഗേറ്റ് കോംപ്ലക്‌സ് ഉദ്ഘാടനം അടുത്ത മാസം നടക്കുമെന്നും മന്ത്രി അറിയിച്ചു. ഗേറ്റ് കോംപ്ലക്‌സ് ഉദ്ഘാടനം ഏപ്രിലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ആകെ 2241 മീറ്റർ നീളം വരുന്ന പുലിമുട്ടിന്‍റെ 2235 മീറ്റർ നിർമാണം പൂർത്തീകരിച്ചു. തുറമുഖത്തിന്‍റെ നിർമാണ പ്രവൃത്തി പ്രതീക്ഷിച്ച വേഗതയിൽ തന്നെ മുന്നോട്ടു പോകുന്നുണ്ട്. തുറമുഖ നിർമാണ കമ്പനിയുമായുള്ള കരാർ പ്രകാരം പുലിമുട്ട് നിർമാണത്തിന്‍റെ 30 ശതമാനം പൂർത്തിയായാൽ തുകയുടെ 25 ശതമാനം ആയ 346 കോടി രൂപ കൈമാറണം. ഈ തുക മാർച്ചിൽ തന്നെ കൈമാറും. മുഖ്യമന്ത്രിയുമായും സംസ്ഥാന സഹകരണ മന്ത്രിയുമായും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ അടിയന്തരമായി സഹകരണ വകുപ്പിൽ നിന്ന് ആവും തുക ലഭ്യമാക്കുകയെന്ന് മന്ത്രി ദേവർകോവിൽ വ്യക്തമാക്കി.

ചരിത്ര പ്രസിദ്ധമായ പള്ളിയറ കാളിയൂട്ടിന്റെ തത്സമയ ദൃശ്യങ്ങൾ ഇന്ന് ഹൃദയപൂർവം ന്യൂസിലൂടെ

ചരിത്ര പ്രസിദ്ധമായ പള്ളിയറ കാളിയൂട്ടിന്റെ തത്സമയ ദൃശ്യങ്ങൾ ഇന്ന് ഹൃദയപൂർവം ന്യൂസിലൂടെ

ആറ്റിങ്ങൽ ഇളമ്പ ഏറത്ത്‌ പള്ളിയറ ദേവീക്ഷേത്രത്തിൽ 3 വര്ഷത്തിലൊരിയ്ക്കൽ നടക്കുന്ന കാളിയൂട്ട് മഹോത്സവം ഇന്ന്. 6 വര്ഷങ്ങള്ക്കു ശേഷമാണ് ഇന്ന് പള്ളിയറ ഭഗവതി ക്ഷേത്രത്തിൽ കാളിയൂട്ട് നടക്കുന്നത്. ചരിത്ര പ്രസിദ്ധമായ കാളിയൂട്ടിന്റെ തത്സമയ ദൃശ്യങ്ങൾ ഹൃദയപൂർവം ന്യൂസിലൂടെ കാണാം. വൈകുന്നേരം 4 മണിയോടെ കാളിയൂട്ട് മഹോത്സവത്തിന്റെ ചടങ്ങുകൾ ആരംഭിയ്ക്കുമെന്നു ക്ഷേത്ര ഭാരവാഹികൾ അറിയിച്ചിട്ടുണ്ട് .