നഗരൂർ പഞ്ചായത്ത് ഓഫീസിൽ വൻ തീ പിടിത്തം

നഗരൂർ പഞ്ചായത്ത് ഓഫീസിൽ വൻ തീ പിടിത്തം

കിളിമാനൂർ: നഗരൂർ പഞ്ചായത്ത് ഓഫീസിൽ വൻ തീ പിടിത്തം. പ്രധാന ഓഫീസ് മുറിയിലെ ഫയലുകളും, കമ്പ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങളടക്കം കത്തി നശിച്ചു . വ്യാഴാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. സമീപത്തെ വീട്ടിലുള്ളവരാണ് പഞ്ചായത്ത് ഓഫീസിൽ നിന്നും തീയും പുകയും ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇവർ സമീപ ജംഗ്ഷനായ ചെമ്പരത്തു മുക്കിൽ എത്തി അവിടെ നിന്നവരോട് വിവരം പറയുകയായിരുന്നു.

തുടർന്ന് അനന്ദു, അൻസാരി, ചന്ദു, ഹിജാസ്, ഡാർവിഷ് എന്നിവർ ഗേറ്റ് ചാടിക്കടന്ന് പഞ്ചായത്തിലെ പുറകിലെ ജനലിന്റെ ചില്ല് തകർത്ത് ടോയ് ലറ്റിൽ നിന്നും വെള്ളം തളിച്ച് തീ അണക്കാൻ ശ്രമിച്ചു. അപ്പോഴേക്കും ആറ്റിങ്ങലിൽ നിന്നും അസി: സ്റ്റേഷൻ ഓഫീസർ ഹരീഷ് കുമാറിന്റെ നേതൃത്വത്തിൽ ആറ്റിങ്ങലിൽ നിന്നും അഗ്നി രക്ഷാ സേനയും എത്തിയിരുന്നു. തുടർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഓഫീസിലെ A 3 സെക്ഷൻ പൂർണമായും കത്തി നശിച്ചു. ഐജി എൽ എം എസ് ആയതിനാൽ സെർവ റിൽ നിന്നും ഫയൽ വീണ്ടെടുക്കാമെന്ന് കരുതുന്നു. ഷോർട്ട് സർക്യൂട്ട് ആകാം തീ പിടുത്തത്തിന് കാരണമെന്ന് അഗ്നി രക്ഷാ സംഘം അറിയിച്ചു.

കേസുകൾ വേഗത്തിൽ തീര്‍പ്പാക്കാൻ കൂടുതൽ വിജിലൻസ് കോടതികൾ

കേസുകൾ വേഗത്തിൽ തീര്‍പ്പാക്കാൻ കൂടുതൽ വിജിലൻസ് കോടതികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് വിജിലന്‍സ് കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് കൂടുതല്‍ വിജിലന്‍സ് കോടതികള്‍ അനുവദിക്കുവാന്‍ നടപടി സ്വീകരിക്കും. വിജിലന്‍സ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. വിജിലന്‍സ് കേസുകളുടെ അന്വേഷണത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ ഫോറന്‍സിക് ലാബിന്‍റെ ഹെഡ് ഓഫീസിലും മേഖലാ ഓഫീസുകളിലും ലഭ്യമാകുന്ന സാംപിളുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് സൈബര്‍ ഫോറന്‍സിക് ഡോക്യുമെന്‍റ് ഡിവിഷന്‍ വിജിലന്‍സിന് മാത്രമായി അനുവദിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാനാണ് തീരുമാനം.

ആഭ്യന്തര വിജിലന്‍സ് ഉദ്യോഗസ്ഥര്‍ മൂന്ന് മാസം കൂടുമ്പോള്‍ അവരുടെ പ്രവര്‍ത്തന അവലോകന റിപ്പോര്‍ട്ടുകള്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. മൂന്ന് മാസത്തിലൊരിക്കല്‍ അവരുടെ വിശകലന യോഗം വിജിലന്‍സ് ഡയറക്ടറേറ്റില്‍ നടത്തും. വിവിധ വകുപ്പുകളുടെ ആഭ്യന്തര വിജിലൻസ് ഓഫീസർമാര്‍ക്കും പരിശീലനം നൽകാനും തീരുമാനമായി. ആഭ്യന്തര വിജിലൻസ് സെല്ലില്‍ ഓഫീസർമാരെ നിയമിക്കുന്നതിന് മുമ്പ് രഹസ്യാന്വേഷണം നടത്തി റിപ്പോർട്ട് വാങ്ങും. കേസുകള്‍ക്കും അന്വേഷണങ്ങള്‍ക്കും സമയപരിധി നിശ്ചയിക്കും. കൂടുതല്‍ സമയം ആവശ്യമായാല്‍ ഡയറക്ടറുടെ അനുമതി വാങ്ങണം. കോടതി വെറുതെ വിടുന്ന കേസുകളില്‍ സമയബന്ധിതമായി അപ്പീല്‍ ഫയല്‍ ചെയ്യണം. രണ്ട് മാസത്തിനുള്ളില്‍ അപ്പീല്‍ ഫയല്‍ ചെയ്തെന്ന് ഉറപ്പാക്കണം.

ഹൈക്കോടതിയില്‍ വിജിലന്‍സ് കാര്യങ്ങള്‍ നോക്കുന്നതിന് ലെയ്സണ്‍ ഓഫീസറെ നിയമിക്കും. പൊലീസ് വകുപ്പിലെ ഉദ്യോഗസ്ഥരെ വിജിലന്‍സില്‍ നിയമിക്കുന്നതിന് മുമ്പ് പരീക്ഷ നടത്തി യോഗ്യരായവരുടെ ലിസ്റ്റ് തയ്യാറാക്കും. അവര്‍ക്ക് വിജിലന്‍സ് ജോലി സംബന്ധിച്ച് പരിശീലനം നല്‍കും. ഇത്തരം ഉദ്യോഗസ്ഥരുടെ ഡാറ്റാ ബേസ് തയ്യാറാക്കി അതില്‍ നിന്ന് വിജിലന്‍സില്‍ നിയമിക്കും. നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരെ കുറഞ്ഞത് മൂന്ന് വര്‍ഷം തുടരാന്‍ അനുവദിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍ ആഭ്യന്തര, വിജിലന്‍സ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു, വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം, ഐ ജി ഹര്‍ഷിത അട്ടല്ലൂരി, എസ് പിമാരായ ഇ എസ് ബിജുമോന്‍, റെജി ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.

കാളിയൂട്ട്: ശാർക്കരയിൽ ഇന്ന് ഗതാഗത നിയന്ത്രണം

കാളിയൂട്ട്: ശാർക്കരയിൽ ഇന്ന് ഗതാഗത നിയന്ത്രണം

ശാർക്കര കാളിയൂട്ട് ഉത്സവത്തോടനുബന്ധിച്ച് ഇന്ന് (03/03/2023) ശാർക്കര യിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ഉച്ചക്ക് 2.00 മണി മുതൽ രാത്രി 9.00 മണിവരെ ശാർക്കര ക്ഷേത്രം ചുറ്റിയുളള റോഡിൽ പൂർണമായും വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നു. ഉച്ചമുതൽ ശാർക്കര ക്ഷേത്രത്തിലേയ്ക്കു വലിയകട, അഴൂർ എന്നിവിടങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ മഞ്ചാടിമൂട്, കോളിച്ചിറ ഭാഗത്തു പാർക്ക് ചെയ്യണം. കടയ്ക്കാവൂർ നിന്ന് വരുന്ന വാഹനങ്ങൾ പണ്ടകശാല, പുളിമൂട് പാലം, ബീച്ച് റോഡ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്. ചിറയിൻകീഴ് നിന്ന് കടയ്ക്കാവൂർ പോകേണ്ട വാഹനങ്ങൾ ആറ്റിങ്ങൽ ഗേൾസ് ഹൈസ്കൂൾ ജംഗ്ഷൻ വഴിയോ, അഴൂർ പാലം, പെരുമാതുറ വഴിയോ പോകേണ്ടതാണ്.

ചരിത്രപ്രസിദ്ധമായ ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവം ഇന്ന്

ചരിത്രപ്രസിദ്ധമായ ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവം ഇന്ന്

നൂറ്റാണ്ടുകൾ പഴക്കമുള്ള കാളിയൂട്ട് മഹോത്സവം 250 വർഷങ്ങൾക്ക് മുൻപ് തിരുവിതാംകൂർ ഭരിച്ച മാർത്താണ്ഡവർമ്മ മഹാരാജാവ് തുടങ്ങി വച്ചതാണ്. തുടരെത്തുടരെ പരാജയപ്പെട്ട കായംകുളം യുദ്ധം വിജയിക്കാൻ ശാർക്കര ദേവിക്ക് കാളിയൂട്ട് നേരുകയും തുടർന്നു യുദ്ധം വിജയിച്ചപ്പോൾ രാജാവ് നേരിട്ടെത്തി കാളിയൂട്ട് നടത്തുകയുമായിരുന്നു. അന്ന് തുടങ്ങിയ ആചാരാനുഷ്ടാനങ്ങൾ ഇന്നും മുറതെറ്റാതെ നടന്നു വരുന്നു.കാളിയൂട്ട് മഹോത്സവത്തിനായി ചിറയിൻകീഴാകെ ഒരുങ്ങിക്കഴിഞ്ഞു

9 ദിവസം നീണ്ടു നിൽക്കുന്ന കാളിയൂട്ട് ചടങ്ങിലെ അവസാന ദിവസം ആണ് നിലത്തിൽ പോര്. തിന്മക്കു മേൽ നന്മയുടെ വിജയം, മതസൗഹാർദ്ദത്തിന്റെ പ്രതീകം എന്നിവയാണ് കാളിയൂട്ടിന്റെ പ്രസക്തി ഇപ്പോഴും വിളിച്ചോതുന്നത്. നൂറ്റാണ്ടുകൾക്കു മുൻപുള്ള ആചാരാനുസ്ടാനങ്ങളോടെ നടക്കുന്ന കാളിയൂട്ടു വീക്ഷിക്കാൻ നാടിന്റെ നാനാഭാഗത്തു നിന്നും ആയിരങ്ങൾ എത്താറുണ്ട്.

ത്രിപുരയില്‍ താമരത്തിളക്കം, നാഗാലാന്‍ഡിലും തുടര്‍ഭരണം ഉറപ്പിച്ച് ബിജെപി

ത്രിപുരയില്‍ താമരത്തിളക്കം, നാഗാലാന്‍ഡിലും തുടര്‍ഭരണം ഉറപ്പിച്ച് ബിജെപി

ഡല്‍ഹി: ലീഡ് നില മാറിമറിഞ്ഞ ത്രിപുരയില്‍ തുടര്‍ഭരണം ഉറപ്പിച്ച് ബിജെപി. ത്രിപുര നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കേവല ഭൂരിപക്ഷവും കടന്ന് ബിജെപി ലീഡ് ഉയര്‍ത്തുകയാണ്. നിലവില്‍ 34 സീറ്റുകളിലാണ് ബിജെപി മുന്നിട്ടുനില്‍ക്കുന്നത്. തുടര്‍ഭരണം ലഭിക്കുമെന്ന് ഉറപ്പിച്ച് അഗര്‍ത്തലയിലെ ബിജെപി ആസ്ഥാനത്തിന് പുറത്ത് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം തുടങ്ങി.

തെരഞ്ഞെടുപ്പില്‍ മുഖ്യ പ്രതിപക്ഷമായ ഇടതുമുന്നണി 12 സീറ്റിലും ഇടതുമുന്നണിയുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് നാലിടത്തും മാത്രമാണ് ലീഡ് ചെയ്യുന്നത്. ബിജെപിയെ മുള്‍മുനയില്‍ നിര്‍ത്തി ആദിവാസി മേഖലയില്‍ തിപ്ര മോത്ത തേരോട്ടം നടത്തി. 12 ഇടത്താണ് തിപ്ര മോത്ത ലീഡ് ഉയര്‍ത്തുന്നത്.

വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ ബിജെപി ലീഡ് ഉയര്‍ത്തുന്നതാണ് കണ്ടത്. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ, ഒരു ഘട്ടത്തില്‍ ഇടതുമുന്നണി- കോണ്‍ഗ്രസ് സഖ്യം ബിജെപിയെ മറികടന്ന് മുന്നേറിയത് ഇടതുകേന്ദ്രങ്ങള്‍ക്ക് പ്രതീക്ഷ നല്‍കി. 25 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന തരത്തിലാണ് ഇടതുമുന്നണി- കോണ്‍ഗ്രസ് സഖ്യം മുന്നേറിയത്. എന്നാല്‍ ഇതിന് അല്‍പ്പായുസ് മാത്രമാണ് ഉണ്ടായത്.

ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഉണ്ടാവില്ലെന്ന് പ്രവചിച്ച മേഘാലയയില്‍ എന്‍പിപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറും. 60 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 26 ഇടത്താണ് എന്‍പിപി മുന്നിട്ട് നില്‍ക്കുന്നത്. എന്‍പിപിയുടെ മുന്‍ സഖ്യകക്ഷിയായ ബിജെപി അഞ്ചിടത്താണ് ലീഡ് ഉയര്‍ത്തുന്നത്. കോണ്‍ഗ്രസ് അഞ്ച്, ത്രിണമൂല്‍ കോണ്‍ഗ്രസ് അഞ്ച് എന്നിങ്ങനെയാണ് മറ്റു പാര്‍ട്ടികളുടെ ലീഡ് നില.
നാഗാലാന്‍ഡിലും ബിജെപി ഭരണത്തുടര്‍ച്ച ഉറപ്പാക്കി. 60 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 40 ഇടത്താണ് ബിജെപി സഖ്യം മുന്നിട്ടുനില്‍ക്കുന്നത്. ഇതില്‍ ബിജെപി മാത്രം 14 ഇടത്താണ് ലീഡ് ചെയ്യുന്നത്. എന്‍പിഎഫ് മൂന്നിടത്ത് മാത്രമാണ് മുന്നേറുന്നത്. കോണ്‍ഗ്രസിന് എവിടെയും ലീഡ് ഉയര്‍ത്താന്‍ സാധിച്ചില്ല.

ഉപതെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടം; തമിഴ്‌നാട്ടില്‍ വിജയം ഉറപ്പിച്ചു;   മഹാരാഷ്ട്രയിലും ബംഗാളിലും ലീഡ്

ഉപതെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടം; തമിഴ്‌നാട്ടില്‍ വിജയം ഉറപ്പിച്ചു; മഹാരാഷ്ട്രയിലും ബംഗാളിലും ലീഡ്

ചെന്നൈ: നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലെ ഇറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ വിജയം ഉറപ്പിച്ച് ഡിഎംകെ-കോണ്‍ഗ്രസ് സഖ്യ സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇവികെഎസ് ഇളങ്കോവന്റെ ലീഡ് 15,000ത്തിലധികമായി. ചെന്നൈയിലടക്കം കോണ്‍ഗ്രസ്, ഡിഎംകെ പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. എഐഡിഎംകെ സ്ഥാനാര്‍ഥി കെഎസ് തെന്നരസുവാണ് രണ്ടാം സ്ഥാനത്ത്.

മഹാരാഷ്ട്ര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് മണ്ഡലങ്ങളില്‍ ഒന്നില്‍ കോണ്‍ഗ്രസും ഒന്നില്‍ ബിജെപിയും ലീഡ് ചെയ്യുകയാണ്. കസ്ബ പോട്ടില്‍ നിയമസഭാ മണ്ഡലത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലീഡ് ചെയ്യുന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രവിന്ദ്ര ധങ്കേക്കര്‍ 7000 വോട്ടിന് മുന്നിലാണ്. ബിജെപി സ്ഥാനാര്‍ഥി ഹേമന്ത് രസാനെയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ അത് കോണ്‍ഗ്രസിന് വലിയ നേട്ടമാകും. ആര്‍എസ്എസ്- ബിജെപി ശക്തികേന്ദ്രമാണ് കസ്ബ. കഴിഞ്ഞ മുപ്പത് വര്‍ഷമായി ബിജെപി സ്ഥാനാര്‍ഥിയാണ് ഈ മണ്ഡലത്തില്‍ നിന്ന് വിജയം നേടിയത്.

ചിഞ്ച് വാഡ് നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയാണ് മുന്നില്‍. ബിജെപി സ്ഥാനാര്‍ഥി അശ്വനി ജഗ്താപിന്റെ ലീഡ് പതിനായിത്തിലധികമാണ് . ബിജെപി എംഎല്‍എമാരുടെ മരണത്തെ തുടര്‍ന്നാണ് രണ്ടിടത്തും ഉപതെരഞ്ഞടുപ്പ് നടന്നത്.
ബംഗാളിലെ മുര്‍ഷിദാബാദിലെ സാഗര്‍ദിഖി മണ്ഡലത്തില്‍ ഇടത് – കോണ്‍ഗ്രസ് സഖ്യസ്ഥാനാര്‍ഥിയാണ് ലീഡ് ചെയ്യുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായി ജയിക്കുന്ന മണ്ഡലമാണ് സാഗര്‍ദിറി. അയ്യായിരത്തിലധികമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ലീഡ്. നിലവില്‍ ബംഗാള്‍ നിയമസഭയില്‍ കോണ്‍ഗ്രസിന് അംഗങ്ങളില്ല.