നിയന്ത്രണംവിട്ട കാര്‍ പാടത്തെ വെള്ളക്കെട്ടില്‍; ദമ്പതികളെ നാട്ടുകാര്‍ രക്ഷിച്ചു

നിയന്ത്രണംവിട്ട കാര്‍ പാടത്തെ വെള്ളക്കെട്ടില്‍; ദമ്പതികളെ നാട്ടുകാര്‍ രക്ഷിച്ചു

കോട്ടയം: കോട്ടയം- കുമരകം റൂട്ടില്‍ നിയന്ത്രണം വിട്ട കാര്‍ പാടശേഖരത്തെ വെള്ളക്കെട്ടില്‍ വീണു. കാറിലുണ്ടായിരുന്ന കാരാപ്പുഴ നന്ദനം മനോഹരനെയും ഭാര്യയെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇവര്‍ക്കു പരിക്കില്ല. കോട്ടയം- കുമരകം റൂട്ടില്‍ രണ്ടാം കലുങ്കിനു കിഴക്ക് ഭാഗത്ത് ഇന്നലെ രാവിലെ 7.50നായിരുന്നു സംഭവം. കൊച്ചിയിലെ ആശുപത്രിയില്‍ നിന്നു കാരാപ്പുഴയിലെ വീട്ടിലേക്കു മടങ്ങുകയായിരുന്നു ഇരുവരും. കാര്‍ എവിടെയും ഇടിക്കാതെ നേരെ പാടശേഖരത്തില്‍ വീഴുകയായിരുന്നു. അപകടം നടന്ന സ്ഥലത്തിനടുത്തു വനിതാ ഹോട്ടല്‍ നടത്തുന്ന രാജമ്മയാണ് സംഭവം കണ്ടത്. തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ വെള്ളത്തില്‍ ഇറങ്ങി കാറിന്റെ വാതില്‍ തുറന്ന് ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. പാടത്ത് വെള്ളം കുറവായതിനാല്‍ കാര്‍ താഴ്ന്ന് പോയില്ല. കാറിന്റെ മുകള്‍ ഭാഗം കാണാവുന്ന നിലയിലായിരുന്നു.

കിളിമാനൂർ പനപ്പാം കുന്നിൽ മകൻ അച്ഛനെ കൊലപ്പെടുത്തി

കിളിമാനൂർ പനപ്പാം കുന്നിൽ മകൻ അച്ഛനെ കൊലപ്പെടുത്തി

കിളിമാനൂർ: പനപ്പാം കുന്നിൽ മകൻ അച്ഛനെ കൊലപ്പെടുത്തി. പനപ്പാംകുന്ന് ഈന്തന്നൂർ കോളനിയിൽ രാജൻ (60) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. കൊല നടത്തിയ ശേഷം സുരാജ് എന്ന് വിളിക്കുന്ന രാജേഷ് (28) ഒളിവിൽ പോയി. കഴുത്തിൽ തോർത്തുകൊണ്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടത്. സംഭവം നടക്കുമ്പോൾ അച്ഛനും മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

കൊല്ലപ്പെട്ട രാജന്റെ ഭാര്യ ചിറയിൻകീഴിലുള്ള ഒരു ബന്ധുവീട്ടിൽ പോയിരുന്നു. മദ്യപിച്ചെത്തി വഴക്കിട്ട രാജേഷ് അച്ഛനെ കൊലപ്പെടുത്തിയ ശേഷം വിവരം അയൽവാസികളോട് വിളിച്ചറിയിച്ച് കടന്നു കളയുകയായിരുന്നുവത്രെ. രാജേഷ് മദ്യലഹരിയിലായതിനാൽ അയൽവാസികൾ ഇത് കാര്യമായി എടുത്തില്ല.

ബഹളം കേട്ടിരുന്നെങ്കിലും വഴക്ക് പതിവായതിനാല്‍ മദ്യലഹരിയില്‍ പറഞ്ഞതാകാമെന്നാണ് അയല്‍വാസികള്‍ കരുതിയിരുന്നത്. രാജേഷ് ടാറിങ് തൊഴിലാളിയാണ്

വർക്കലയിൽ കൊവിഡ് ബാധിച്ച് 57-കാരൻ മരിച്ചു

വർക്കലയിൽ കൊവിഡ് ബാധിച്ച് 57-കാരൻ മരിച്ചു

വർക്കലയിൽ കൊവിഡ് മരണം. വർക്കല പനയറ സ്വദേശിയായ അരവിന്ദാക്ഷൻ നായർ (57) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ന് രാവിലെ എട്ടു മണിയോടെ പാരിപ്പള്ളി മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. അരവിന്ദാക്ഷൻ നായർ അർബുദ ബാധിതനായിരുന്നു. ചികിത്സയ്ക്കായി ആർസിസിയിൽ അഡ്മിറ്റ് ചെയ്യുന്നതിന് മുന്നേ നടത്തിയ കൊവിഡ് പരിശോധനയിലാണ് പോസീറ്റീവ് ആയത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

സ്പീഡ് ബോട്ട് നാടിന് സമർപ്പിച്ച് ടൂറിസം വകുപ്പ്

സ്പീഡ് ബോട്ട് നാടിന് സമർപ്പിച്ച് ടൂറിസം വകുപ്പ്

കാപ്പിൽ വിനോദ കേന്ദ്രത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് വർക്കല എംഎൽഎയുടെ നിരന്തരമായ ശ്രമഫലമായി ടൂറിസം വകുപ്പ് കാപ്പിൽ പ്രിയദർശിനി ബോട്ട് ക്ലബ്ബിന് അനുവദിച്ച രണ്ട് ബോട്ടുകളിൽ (സ്പീഡ് ബോട്ട്, സഫാരി) ഒരു സ്പീഡ് ബോട്ടിന്റെ ഉദ്ഘാടനം അഡ്വ. വി ജോയ് എംഎൽഎ നിർവഹിച്ചു. കാപ്പിൽ വിനോദസഞ്ചാര കേന്ദ്രത്തിന്റെ വികസനത്തിനായി ഡിറ്റിപിസി പുതുതായി ആരംഭിക്കാൻ പോകുന്ന ജല കായിക വിനോദത്തിന്റെ ഭാഗമായി പാര സെയിലിംഗ്, ജെറ്റ് സ്കീം, ബംബർ റൈഡ്, ഹൗസ് ബോട്ട് റൈഡ് എന്നിവ അടുത്ത ടൂറിസം സീസണ് മുന്നോടിയായി ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്ന് എംഎൽഎ അറിയിച്ചു.

വർക്കല, കാപ്പിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ജല കായിക വിനോദങ്ങളുടെ ഹബ്ബാക്കുന്നതിന്റെ തുടക്കം എന്നോളം ഡിറ്റിപിസി ജല കായിക പ്രവർത്തനങ്ങളുടെ നടപടികൾ അവസാന ഘട്ടത്തിൽ ആണെന്നും എംഎൽഎ കൂട്ടിച്ചേർത്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബാലിക്, വൈസ് പ്രസിഡൻറ് ശുഭ എസ്. കുമാർ, സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ ഹർഷാദ് സാബു തുടങ്ങിയവർ പങ്കെടുത്തു.

എൻഇഎസ് ബ്ലോക്ക് ജംഗ്ഷനിൽ വെയിറ്റിംഗ് ഷെഡിന്റെ കല്ലിടൽ ചടങ്ങ് നടന്നു

എൻഇഎസ് ബ്ലോക്ക് ജംഗ്ഷനിൽ വെയിറ്റിംഗ് ഷെഡിന്റെ കല്ലിടൽ ചടങ്ങ് നടന്നു

എൻ ഇ എസ് ബ്ലോക്ക് ജംഗ്ഷനിൽ അടൂർ പ്രകാശ് എം പി യുടെ ഫണ്ടിൽനിന്നും ജംഗ്ഷനിൽ അനുവദിച്ച വെയിറ്റിംഗ് ഷെഡിന്റെ കല്ലിടൽ ചടങ്ങ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് വിശ്വനാഥൻ നായർ നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങൾ പാർട്ടി പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ആറ്റിങ്ങൽ കെയർ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ആറ്റിങ്ങൽ കെയർ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ദുബായ്: ആറ്റിങ്ങൽ കെയർ പ്രവാസി അസോസിയേഷനും, അലി മെഡിക്കൽ സെന്ററും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ദുബായ് -ദേര നൈഫ് സൂഖിലാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ഡോക്ടർ പ്രേംകുമാറിന്റെ നേതൃത്വത്തിൽ നൂറോളം പേരെ പരിശോധന നടത്തുകയും ചെയ്തു. അദ്ദേഹത്തിനൊപ്പം ഡോക്ടർമാരായ ബാബു ഇമ്മാനുവൽ, ജോഷ്‌ന ജോസഫ് എന്നിവരും പങ്കെടുത്തു. മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം കെപിസിസി സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് നിർവ്വഹിച്ചു. ആറ്റിങ്ങൽ കെയർ നടത്തികൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും തുടർന്നും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിന്റെ പരിപൂർണ്ണ പിന്തുണയുണ്ടാകുമെന്ന് വാഗ്ദാനവും നൽകി.

ദുബായ് മുനിസിപ്പാലിറ്റി ദെയ്‌റ സൂഖ് മാനേജർ ഖാലിദ് അബ്ദുള്ള മർഹൂൻ മുഖ്യ അഥിതിയായി പങ്കെടുത്ത ചടങ്ങിൽ ആറ്റിങ്ങൽ കെയർ ചെയർമാൻ ഷാജി ഷംസുദ്ധീൻ, പ്രസിഡന്റ്‌ ബിനു പിള്ള, ട്രെഷറർ സജീർ ഹക്കിം, കൺവീനർമാരായ നൗഷാദ് അഴൂർ, കുഞ്ഞുമോൻ, നിസ്സാം കിളിമാനൂർ, സഹദ് ഇല്യാസ് എന്നിവർ പങ്കെടുത്തു.