സമയത്തിന് ജിഎസ്ടി നഷ്ടപരിഹാരത്തുക നല്‍കുന്നില്ലെന്ന പരാതിയില്‍ വിമര്‍ശനവുമായി നിര്‍മലാ സീതാരാമന്‍

സമയത്തിന് ജിഎസ്ടി നഷ്ടപരിഹാരത്തുക നല്‍കുന്നില്ലെന്ന പരാതിയില്‍ വിമര്‍ശനവുമായി നിര്‍മലാ സീതാരാമന്‍

ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സമയത്തിന് ജിഎസ്ടി നഷ്ടപരിഹാരത്തുക നല്‍കുന്നില്ലെന്ന പരാതിയില്‍ വിമര്‍ശനവുമായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍. കേരളം കൃത്യസമയത്ത് രേഖകള്‍ ഹാജരാക്കാറില്ലെന്ന് ധനമന്ത്രി പറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരമായി 5,000 കോടിയോളം രൂപ ലഭിക്കാനുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. ഇതിന്റെ വാസ്തവം എന്താണെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി ലോക്‌സഭയില്‍ ചോദിച്ച പ്പോഴായിരുന്നു ധനമന്ത്രിയുടെ വിശദീകരണം. ഓഡിറ്റ് ചെയ്ത കണക്കുകള്‍ നല്‍കുമ്പോഴാണ് സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം അനുവദിക്കുന്നത്.

എന്നാല്‍ കേരളം അഞ്ചു വര്‍ഷമായിട്ട് ഇത് നല്‍കിയിട്ടില്ലെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.’2018 മുതല്‍ ഒരു വര്‍ഷം പോലും അക്കൗണ്ടന്റ് ജനറലിന്റെ അംഗീകാരമുള്ള ജിഎസ്ടി നഷ്ടപരിഹാരത്തിനുള്ള രേഖ കേരളം ഹാജരാക്കിയിട്ടില്ല. ഫണ്ട് അനുവദിക്കാത്തതിന് പിന്നെങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തും’, ധനമന്ത്രി ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട് ആദ്യം കേരള സര്‍ക്കാരിനോട് ചോദിക്കാനും എന്‍കെ പ്രേമചന്ദ്രനോട് നിര്‍മല നിര്‍ദേശിച്ചു.

15ാം ധനകാര്യ കമ്മിഷന്റെ ശുപാര്‍ശ പ്രകാരം കേരളത്തിന് ലഭിക്കേണ്ട വിഹിതം കൃത്യമായി വര്‍ഷാവര്‍ഷം നല്‍കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പതിനേഴുകാരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കി; ബന്ധുവിന് 25,000 രൂപ പിഴ

പതിനേഴുകാരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കി; ബന്ധുവിന് 25,000 രൂപ പിഴ

മലപ്പുറം: പൊതുറോഡില്‍ പതിനേഴുകാരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയതിന് കുട്ടിയുടെ ബന്ധുവിന് 25,000 രൂപ പിഴയും കോടതി പിരിയും വരെ തടവുശിക്ഷയും വിധിച്ചു. കൂട്ടിലങ്ങാടി കൂരി വീട്ടില്‍ റിഫാക്ക് റഹ്മാനെയാണ് (33) മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്.

2022 ഒക്ടോബര്‍ 19നാണ് സംഭവം. ഇയാള്‍ പ്രായപൂര്‍ത്തിയാവാത്ത പിതൃസഹോദരപുത്രന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കുകയായിരുന്നു. മലപ്പുറത്തുനിന്ന് രാമപുരത്തേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്ന കുട്ടിയെ വാഹനപരിശോധന നടത്തുകയായിരുന്ന മങ്കട എസ്‌ഐ സി കെ നൗഷാദ് ആണ് പിടികൂടിയത്. പരിശോധനയില്‍ സ്‌കൂട്ടര്‍ ഓടിച്ചിരുന്ന കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും ഡ്രൈവിങ് ലൈസന്‍സില്ലെന്നും കണ്ടെത്തി. സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്ത പൊലീസ്, കുട്ടിയെ ഓട്ടോറിക്ഷയില്‍ വീട്ടിലെത്തിക്കുകയായിരുന്നു.

രണ്ടര വയസിൽ റെക്കോർഡ് നേട്ടവുമായി ആദിലക്ഷ്മി

രണ്ടര വയസിൽ റെക്കോർഡ് നേട്ടവുമായി ആദിലക്ഷ്മി

ആറ്റിങ്ങൽ: രണ്ടര വയസിൽ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചിരിക്കുകയാണ് വേങ്ങോട് സ്വദേശിയായ ആദിലക്ഷ്മി വി എസ്. ശരീരത്തിന്റെ 12 ഭാഗങ്ങൾ, 15 മൃഗങ്ങൾ, 11 പക്ഷികൾ, 7 പ്രാണികൾ, 9 വാഹനങ്ങൾ, 9 പച്ചക്കറികൾ, 12 പഴങ്ങൾ തുടങ്ങിയവയൊക്കെ ഓർത്തു പറഞ്ഞാണ് ഈ കൊച്ചുമിടുക്കി റെക്കോർഡ് നേട്ടം കരസ്ഥമാക്കിയത്. ഇതിന് പുറമെ കുഞ്ഞുണ്ണി മാഷിന്റെ കവിതകൾ ഉൾപ്പെടെ 14 റൈമുകൾ, 9 പ്രശസ്ത വ്യക്തികളെ തിരിച്ചറിയുകയും, ആഴ്ചയിലെ ദിവസങ്ങൾ, 14 മലയാളം അക്ഷരമാല വാക്കുകളും, A – Z എന്നിവ 26 വാക്കുകൾക്കൊപ്പം ചേർത്ത് പറയുകയും 1 മുതൽ 10 വരെയുള്ള സംഖ്യകൾ എണ്ണുകയും 30 ജി കെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു ഈ രണ്ടര വയസുകാരി.

വേങ്ങോട് കുടവൂർ എൽ വി ഭവനിൽ പ്രവാസിയായ സിനോദിന്റെയും ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ സൈക്കോസോഷ്യൽ കൗൺസിലർ വിദ്യയുടെയും മകളാണ് ആദിലക്ഷ്മി. ആറാം ക്ലാസുകാരനായ അദ്വൈത് വി എസ് സഹോദരനാണ്.

കോട്ടയം മെ‍ഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപം വന്‍ തീപിടിത്തം; മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി

കോട്ടയം മെ‍ഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപം വന്‍ തീപിടിത്തം; മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപം തീപിടിത്തം. മെഡിക്കല്‍ കോളജിന് സമീപം നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.
തീപിടിത്തമുണ്ടായതിന് ഏകദേശം പത്ത് മിനുറ്റുകള്‍ക്ക് ശേഷം കെട്ടിടത്തിനുള്ളില്‍ നിന്ന് പൊട്ടിത്തെറി ഉണ്ടായിരുന്നു. നിലവില്‍ ജില്ലയുടെ വിവിധ ഭാഗത്ത് നിന്ന് അഗ്നിശമനസേനയെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.

സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കിയതിന് ശേഷം ഉദ്യോഗസ്ഥര്‍ കെട്ടിടത്തിനുള്ളില്‍ കയറി പരിശോധന ആരംഭിച്ചു കഴിഞ്ഞു. ആറ് ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കായി കെട്ടിടത്തിനകത്തേക്ക് പ്രവേശിച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഉച്ചതിരിഞ്ഞ് ഒന്നേകാലോടെയായിരുന്നു തീപിടിത്തം ഉണ്ടായതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

മെഡിക്കല്‍ കോളജിലെ ക്യാന്‍സര്‍ വാര്‍ഡ് ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്നത് തീപിടിത്തമുണ്ടായ കെട്ടിടത്തിന്റെ സമീപത്താണ്. അടുത്തുള്ള കെട്ടിടങ്ങളിലെ രോഗികളെ പൂര്‍ണമായും മാറ്റിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയായണ് രോഗിക

നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടപടികള്‍ നീണ്ടുപോകുന്നത് എന്തുകൊണ്ടെന്ന് സുപ്രീംകോടതി

നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടപടികള്‍ നീണ്ടുപോകുന്നത് എന്തുകൊണ്ടെന്ന് സുപ്രീംകോടതി

ഡൽഹി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടപടികള്‍ നീണ്ടുപോകുന്നത് എന്തുകൊണ്ടെന്ന് സുപ്രീംകോടതി. കേസില്‍ പുതുതായി സാക്ഷികളെ കൊണ്ടുവരുന്നതിന്‍റെ ലക്ഷ്യമെന്താണെന്നും കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ദിനേഷ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. പുതുതായി 41 സാക്ഷികളെ കൂടി വിസ്‍തരിക്കുന്നതിന്‍റെ കാരണം വ്യക്തമാക്കണമെന്നും സംസ്ഥാനത്തോട് കോടതി നിർദ്ദേശിച്ചു. ഇത് ചൂണ്ടിക്കാട്ടി സത്യവാങ്മൂലം നല്‍കാനും കോടതി നിർദ്ദേശം നൽകി.

അതേസമയം ആറ് മാസം കൊണ്ട് വിചാരണ പൂർത്തിയാക്കണമെന്ന് ഉത്തരവുള്ള കേസിൽ പക്ഷേ 24 മാസമായി വിചാരണ നീണ്ടുപോകുകയാണെന്ന് ദീലിപിന്‍റെ അഭിഭാഷകൻ വാദിച്ചു. വിസ്തരിച്ച 10 പേരെ വീണ്ടും വിളിച്ചുവരുത്തി, വിചാരണ നീട്ടിക്കൊണ്ട് പോകാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അഭിഭാഷകൻ വാദിച്ചു. സാക്ഷികളെ വിസ്തരിക്കുന്നതിലുള്ള എതിര്‍പ്പ് നാളെ സമര്‍പ്പിക്കാമെന്ന് ദിലീപിന്‍റ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വാദങ്ങൾ എഴുതി നൽകാൻ കോടതി നിർദ്ദേശം നൽകി. ഈ മാസം പതിനേഴിന് കേസ് വീണ്ടും പരിഗണിക്കും.

എയറോ ഷോ ഇന്ത്യയുടെ കരുത്തിന്റെ പ്രതീകമെന്ന് മോദി

എയറോ ഷോ ഇന്ത്യയുടെ കരുത്തിന്റെ പ്രതീകമെന്ന് മോദി

ബാംഗ്ലൂർ: ലോകം ഇന്ത്യയെ കേവലം ഒരു വിപണി മാത്രമായല്ല കാണുന്നതെന്നും പ്രബലമായ പ്രതിരോധ പങ്കാളിയായി കൂടിയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഏഷ്യയിലെ ഏറ്റവും വലിയ എയറോ ഷോയായ എയറോ ഇന്ത്യ 2023 ബംഗളൂരുവില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. പുതിയ ഇന്ത്യയുടെ സമീപനവും വികസിക്കാനുള്ള കഴിവുകളെയും പ്രതിഫലിക്കുന്നതാണ് എയറോ ഇന്ത്യ. ബംഗളൂരുവിന്റെ ആകാശത്ത് പുതിയ ഇന്ത്യയുടെ കരുത്താണ് ദൃശ്യമാകുന്നത്. പുതിയ ഉയരങ്ങള്‍ കീഴടക്കി ഇന്ത്യ മുന്നേറുന്നു എന്ന വ്യക്തമായ സന്ദേശമാണ് ഇത് നല്‍കുന്നതെന്നും മോദി പറഞ്ഞു.

നൂറ് രാജ്യങ്ങളാണ് എയറോ ഷോയില്‍ പങ്കെടുക്കുന്നത്. ഇതില്‍ നിന്ന് ലോകരാജ്യങ്ങള്‍ക്ക് ഇന്ത്യയിലുള്ള വിശ്വാസം വര്‍ധിച്ചതായാണ് തെളിയുന്നത്. ഇന്ത്യയില്‍ നിന്ന് തന്നെ 700 പ്രതിനിധികള്‍ ആണ് ഉള്ളത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതിനെ ഒരു ഷോ മാത്രമായാണ് കണ്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സമീപനത്തില്‍ ഏറെ മാറ്റം വന്നതായും മോദി പറഞ്ഞു.

ഇന്ത്യ വന്‍ശക്തിയായി മാറുന്നതിന്റെ തെളിവായി എയറോ ഷോ മാറി കഴിഞ്ഞു. ഇന്ത്യന്‍ പ്രതിരോധ വ്യവസായത്തിന്റെ സാധ്യതകളാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നിലവില്‍ കേവലം ഒരു വിപണിയില്‍ നിന്ന് മാറി, പ്രബലമായ പ്രതിരോധ പങ്കാളിയായി ഇന്ത്യ മാറിയതായും മോദി പറഞ്ഞു. 98 രാജ്യങ്ങളില്‍ നിന്നായി 809 കമ്പനികളാണ് എയറോ ഷോയില്‍ പങ്കെടുക്കുന്നത്. 251 കരാറുകളിലായി 75,000 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിന് എയറോ ഷോ വേദിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എയര്‍ബസ്, ബോയിങ്, ബ്രഹ്മോസ് എയറോസ്‌പേസ്, എച്ച്എഎല്‍, ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് അടക്കം നിരവധി പ്രതിനിധികളാണ് എയറോ ഷോയുടെ ഭാഗമായി പങ്കെടുക്കുന്നത്. എയറോ ഷോയുടെ ഭാഗമായുള്ള അഭ്യാസ പ്രകടനം കാണാന്‍ ആയിരങ്ങളാണ് വേദിയിലേക്ക് ഒഴുകുന്നത്.