സംസ്ഥാനത്ത് ഇന്ന്‌ സ്വർണവില ഉയർന്നു

സംസ്ഥാനത്ത് ഇന്ന്‌ സ്വർണവില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുറഞ്ഞ സ്വര്ണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്നലെ 400 രൂപ കുറഞ്ഞിരുന്നു. ഇന്ന് 160 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇതോടെ 42000 ത്തിന് മുകളിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ് സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 42,080 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 20 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 5260 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇന്ന് ഉയര്ന്നു. 10 രൂപയാണ് ഇന്ന് ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4335 രൂപയാണ്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി. ശേഖരന്‍ നായര്‍ അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി. ശേഖരന്‍ നായര്‍ അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി. ശേഖരന്‍ നായര്‍ (75) അന്തരിച്ചു. മാതൃഭൂമി ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്നു. തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആകാശവാണി വാര്‍ത്താവിഭാഗത്തില്‍ പ്രവര്‍ത്തിച്ച ശേഷം 1980-ല്‍ മാതൃഭൂമിയുടെ തിരുവനന്തപുരം ബ്യൂറോയില്‍ റിപ്പോര്‍ട്ടറായി.

മൂന്നുതവണ സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. പൊന്നറ ശ്രീധര്‍ മൊമ്മോറിയല്‍ അവാര്‍ഡ്, പട്ടംതാണുപിള്ള ട്രസ്റ്റ് അവാര്‍ഡ്, പി. ഭാസ്‌കരന്‍ മെേമ്മാറിയല്‍ അവാര്‍ഡ്, ചട്ടമ്പിസ്വാമി സ്മാരക അവാര്‍ഡ്, മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് അവാര്‍ഡ്, വി.കെ. കൃഷ്ണമേനോന്‍ സ്മാരകസമിതി അവാര്‍ഡ്, ചലഞ്ച് മെമ്മോറിയല്‍ അവാര്‍ഡ്, അടൂര്‍ഭാസി കള്‍ച്ചറല്‍ സൊസൈറ്റി അവാര്‍ഡ്, ഷാര്‍ജ മലയാളി അസോസിയേഷന്‍ അവാര്‍ഡ്, റോട്ടറിക്ലബ് അവാര്‍ഡ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

ഫ്രാന്‍സ്, ചൈന, യു.എസ്, റഷ്യ, ബ്രിട്ടന്‍, ജര്‍മനി തുടങ്ങി 30-ഓളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 1999-ല്‍ കൊളംബോയില്‍ നടന്ന സാര്‍ക്ക് ഉച്ചകോടി റിപ്പോര്‍ട്ട് ചെയ്യാന്‍ അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയോടൊപ്പം പോയ മാധ്യമസംഘത്തില്‍ അംഗമായിരുന്നു. രണ്ടുതവണ ശ്രീലങ്ക സന്ദര്‍ശിച്ച് ആഭ്യന്തരയുദ്ധം റിപ്പോര്‍ട്ട് ചെയ്തു.

ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ നാല് റെയിൽവേ മേൽപാലങ്ങൾക്ക് കേന്ദ്രാനുമതി ലഭിച്ചതായി എംപി അടൂർ പ്രകാശ്

ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ നാല് റെയിൽവേ മേൽപാലങ്ങൾക്ക് കേന്ദ്രാനുമതി ലഭിച്ചതായി എംപി അടൂർ പ്രകാശ്

ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ നാല് റെയിൽവേ മേൽപാലങ്ങൾക്ക് കേന്ദ്രാനുമതി ലഭിച്ചതായി എംപി അടൂർ പ്രകാശ് റ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ ചിറയിൻകീഴ് – മുരുക്കുമ്പുഴ, വർക്കല – ഇടവ, ഇടവ -കാപ്പിൽ, കണിയാപുരം – മുരുക്കുമ്പുഴ എന്നീ സ്ഥലങ്ങളിലെ നാല് മേൽപ്പാലങ്ങൾക്ക് കേന്ദ്രാനുമതി ലഭിക്കുകയും പണികൾ തുടങ്ങുന്നതിനു ഫണ്ട്‌ വകയിരുത്തുകയും ചെയ്തു. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ പതിറ്റാണ്ടുകൾ ആയുള്ള ആവശ്യമാണ് ഇതിലൂടെ നിറവേറ്റാൻ പോകുന്നത്. നിരവധി തവണ കേന്ദ്ര റെയിൽവേ മന്ത്രിയെയും റയിൽവേ അധികൃതരേയും നേരിൽ കണ്ടും കത്തുകൾ മുഖേനനയും നിരന്തരം ആവശ്യപെട്ടത് മൂലമാണ് ഇത് നേടിയെടുക്കുവാൻ കഴിഞ്ഞത്. ഇനിയും റെയിൽവേയുമായി ബന്ധപെട്ട നിരവധി കാര്യങ്ങൾ നടപ്പിലാക്കുവാനുള്ള ശ്രമം തുടരുന്നു.

‘ടീച്ചർ 25000 രൂപ പിഴ ആവശ്യപ്പെട്ടു’: വെളിപ്പെടുത്തലുമായി കണ്ണൂരിൽ ആത്മഹത്യ ചെയ്ത എട്ടാം ക്ലാസുകാരിയുടെ സഹപാഠി

‘ടീച്ചർ 25000 രൂപ പിഴ ആവശ്യപ്പെട്ടു’: വെളിപ്പെടുത്തലുമായി കണ്ണൂരിൽ ആത്മഹത്യ ചെയ്ത എട്ടാം ക്ലാസുകാരിയുടെ സഹപാഠി

കണ്ണൂർ: കണ്ണൂരിൽ എട്ടാംക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി മരിച്ച റിയയുടെ സഹപാഠി. മഷി ഡെസ്കിലും ചുമരിലും ആയതിനാൽ അധ്യാപിക ശകാരിച്ചുവെന്നും പിഴയായി 25000 രൂപ ആവശ്യപ്പെട്ടെന്നും പെൺകുട്ടി പറയുന്നു. റിയയുടെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് അംഗത്വം റദ്ദാക്കുമെന്ന് പറഞ്ഞുവെന്നും ഇതിൽ മനം നൊന്ത് കരഞ്ഞുകൊണ്ടാണ് റിയ വീട്ടിലേക്ക് പോയതെന്നും സഹപാഠി മാധ്യമങ്ങളോട് വെളിപ്പെടുത്തി. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ പ്രതികരിച്ചില്ല. കേസിൽ റിയയുടെ ആത്മഹത്യാ കുറിപ്പിൽ പേരുള്ള അധ്യാപികയുടെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് പെരളശ്ശേരി എ കെ ജി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ എട്ടാംക്ലാസുകാരി റിയ പ്രവീണിനെ അധ്യാപിക ശകാരിച്ചത്. പെന്നിലെ മഷി ഡെസ്കിലും ചുരവിലും തേച്ചതായിരുന്നു കാരണം. പെന്നിൽ നിന്നും കയ്യിലേക്ക് പടർന്നപ്പോൾ അറിയാതെ പറ്റിയതാണെന്ന് കുട്ടി പറഞ്ഞുവെങ്കിലും അധ്യാപിക ശകാരം നിർത്തിയില്ല. രക്ഷിതാക്കളെ വിളിച്ചാൽ മാത്രമേ ക്ലാസിൽ കയറ്റൂവെന്ന് അധ്യാപിക പറഞ്ഞതോടെ കുട്ടി സമ്മർദ്ദത്തിലായി.

വൈകീട്ട് വീട്ടിലെത്തിയ എട്ടാം ക്ലാസുകാരി അധ്യാപികയുടെയും സഹപാഠിയുടെയും പേരെഴുതി വെച്ച് കിടപ്പുമുറിയിലെ ജനലിൽ ഷാൾ കുരുക്കി ആത്മഹ്യ ചെയ്യുകയായിരുന്നു. ഐവർമഠം സ്വപ്നക്കൂട് വീട്ടിൽ പ്രവീണിന്റെ മകളായ പതിമൂന്ന് കാരി പഠനത്തിൽ മിടുക്കിയായിരുന്നു. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് കൂടിയായ കുട്ടിയുടെ ആത്മഹത്യയുടെ നടുക്കത്തിലാണ് കുടുംബവും നാട്ടുകാരും. അധ്യാപികയുടെ മൊഴിയെടുത്ത ശേഷം കേസ് വിശദമായി അന്വേഷിക്കുമെന്ന് ചക്കരക്കൽ പൊലീസ് അറിയിച്ചു.

40,000 അടി ഉയരത്തിൽ അജ്ഞാത പേടകം; വെടിവെച്ച് വീഴ്ത്തി അമേരിക്ക

40,000 അടി ഉയരത്തിൽ അജ്ഞാത പേടകം; വെടിവെച്ച് വീഴ്ത്തി അമേരിക്ക

വാഷിങ്ടൺ: വ്യോമാതിർത്തിക്കുള്ളിൽ കണ്ടെത്തിയ അജ്ഞാത പേടകത്തെ വെടിവെച്ച് വീഴ്ത്തി അമേരിക്ക. അലാസ്കയിൽ നാൽപതിനായിരം അടി ഉയരത്തിൽ പറക്കുകയായിരുന്ന പേടകത്തെയാണ് അമേരിക്ക തകർത്തത്. 24 മണിക്കൂറോളം നിരീക്ഷിച്ച ശേഷം പേടകത്തെ യുദ്ധവിമാനത്തിൽ നിന്ന് വെടിവെച്ച് വീഴ്ത്തുകയായിരുന്നു.

വിമാന സർവീസുകൾക്ക് അപകടമുണ്ടാകുമെന്ന് കരുതിയാണ് പേടകം വെടിവെച്ച് വീഴ്ത്താൻ പ്രസിഡന്റ് ജോ ബൈഡൻ നിർദ്ദേശം നൽകിയത്. വ്യാഴാഴ്ച പ്രാദേശിക സമയം 1.45 ഓടെയാണ് സൗത്ത് കരോലിനയ്ക്ക് മുകളിലായിരുന്ന പേടകത്തെ വെടിവെച്ച് വീഴ്ത്തിയത്. എഫ് 22 യുദ്ധ വിമാനത്തിൽ നിന്ന് തൊടുത്ത മിസൈലാണ് പേടകത്തെ തകർത്തത്. എന്ത് തരം പേടകമായിരുന്നു ഇതെന്ന് പെന്റഗൺ വ്യക്തമാക്കിയിട്ടില്ല. ഹൈ ആൾട്ടിറ്റ്യൂഡ് ഒബ്ജെക്ട് എന്ന് മാത്രമാണ് പെന്റഗൺ ഇതേക്കുറിച്ച് പറഞ്ഞത്.

കൂട്ട അവധിയിൽ ഉല്ലാസ യാത്ര സംഘടിപ്പിച്ചത് സ്റ്റാഫ് കൗൺസിൽ; കലക്ടർ അന്വേഷണം തുടങ്ങി

കൂട്ട അവധിയിൽ ഉല്ലാസ യാത്ര സംഘടിപ്പിച്ചത് സ്റ്റാഫ് കൗൺസിൽ; കലക്ടർ അന്വേഷണം തുടങ്ങി

പത്തനംതിട്ട: കൂട്ട അവധിയെടുത്തു മൂന്നാറിൽ ഉല്ലാസയാത്ര പോയ കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ സംഘത്തിൽ തഹസിൽദാരും ഡെപ്യൂട്ടി തഹസിൽദാർമാരും. ഓഫീസ് സ്റ്റാഫ്‌ കൗൺസിൽ സംഘടിപ്പിച്ച യാത്രയിൽ 3000 രൂപ വീതം യാത്രാ ചിലവിന് ഓരോരുത്തരും നൽകിയിരുന്നു. അവധി അപേക്ഷ നൽകിയവരും നൽകാത്തവരും ഉല്ലാസയാത്രാ സംഘത്തിൽ ഉണ്ടായിരുന്നു. 63 ജീവനക്കാരുള്ള താലൂക്ക് ഓഫീസിൽ ഇന്നലെ 42 ജീവനക്കാരാണ് ഇല്ലാതിരുന്നത്. രണ്ടാം ശനി, ഞായർ അവധികൾ ചേർത്ത് ഇന്നലെ കൂടി അവധിയെടുത്ത് മൂന്ന് ദിവസം ഉല്ലാസയാത്ര പോവുകയായിരുന്നു ഇവർ. ഇതിൽ 20 പേർ മാത്രമാണ് അവധി അപേക്ഷ നൽകിയത്.

22 ജീവനക്കാർ അനധികൃതമായിട്ടാണ് അവധിയെടുത്തത്. തഹസിൽദാർ എൽ കുഞ്ഞച്ചനടക്കമുള്ളവർ ദേവികുളം, മൂന്നാർ എന്നിവിടങ്ങളിലേക്കാണ് യാത്ര പോയത്. താലൂക്ക് ഓഫീസിലെ ഹാജർ രേഖകൾ എഡിഎം പരിശോധിച്ചു. ജീവനക്കാരുടെ യാത്രക്ക് സ്പോൺസർ ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ കളക്ടർ അന്വേഷിക്കും. കോന്നി താലൂക്ക് ഓഫീസിലെത്തിയ ജനം വലഞ്ഞതിനെത്തുടർന്ന്, എംഎൽഎ ജനീഷ് കുമാർ താലൂക്ക് ഓഫീസിലെത്തിയിരുന്നു.

സംഭവത്തിൽ അന്വേഷണം നടത്തി അഞ്ചു ദിവസത്തിനകം വിശദമായ റിപ്പോർട്ട് നൽകാൻ ജില്ലാ കലക്ടറോട് നിർദേശിച്ചതായി റവന്യൂമന്ത്രി കെ രാജൻ പറഞ്ഞു. സർക്കാർ ജീവനക്കാർക്ക് നിശ്ചിത അവധി അനുവദിച്ചിട്ടുള്ളതാണ്. എന്നാൽ കൂട്ട അവധി ഏതു വിധത്തിലും പ്രോത്സാഹിപ്പിക്കാനാകുന്നതല്ല. അവധി അപേക്ഷ ഒരുമിച്ച് ഉദ്യോഗസ്ഥന്റെ കയ്യിൽ കിട്ടിയിട്ടുണ്ടെങ്കിൽ മേലധികാരി അതിന് ഉത്തരം പറയേണ്ടി വരും, മന്ത്രി പറഞ്ഞു.